ച്ചപ്പടര്‍പ്പുകളില്‍ പേടി കുടുങ്ങിയിരിക്കുന്നു. കണ്ണിന് ചോടെ പുഴയെ പേടി. കണ്ണിന് മേലെ മലയേയും പേടി. ഒരു രാത്രി പെയ്ത്ത് അത്രയേറെ ചെയ്തു ഇവരോട്. പക്ഷേ ഈ പേടിയെ കാടിന്റെ മക്കള്‍ മറക്കും കുറച്ചുകഴിയുമ്പോള്‍. അവര്‍ക്ക് മറക്കാതിരിക്കാനാകില്ല, കാടിനെ അവര്‍ അത്രയേറെ സ്നേഹിക്കുന്നുണ്ട്.

ആള്‍ത്തിരക്കില്ലാത്ത അതിരപ്പിള്ളി

5
വാഴച്ചാല്‍  ആദിവാസി കോളനിയില്‍നിന്നുള്ളവരെ പാര്‍പ്പിച്ചിരിക്കുന്ന  അങ്കണവാടി ദുരിതാശ്വാസ ക്യാമ്പ്. ഊരുമൂപ്പത്തി ഗീതയാണ് ഇടതുവശത്ത് ആദ്യം  

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി അടഞ്ഞിരിക്കുന്നു. വാഹനങ്ങള്‍ക്ക് ചെക്ക് പോസ്റ്റിനപ്പുറത്തേക്ക് പ്രവേശനമില്ല. വ്യൂ പോയിന്റില്‍നിന്ന് വെള്ളച്ചാട്ടത്തിന്റെ ദൂരക്കാഴ്ചയും കണ്ട് ആളുകള്‍ മടങ്ങുന്നു. ആള്‍ത്തിരക്കില്‍ അകം കാണാനാവാത്ത വഴിയോരക്കടകള്‍ തുറന്നിട്ട് ദിവസങ്ങളായി. നീല ടാര്‍പ്പോളിന്‍ ഷീറ്റിന്റെ പൊതിക്കെട്ട് മാത്രമാണിപ്പോഴവ. വഴിയില്‍ കാത്തിരിക്കുന്ന കുരങ്ങന്‍മാരുടെ എണ്ണവും കുറഞ്ഞിരിക്കുന്നു. ആളില്ലാത്തതിനാല്‍ അവരും പട്ടിണിയിലാണ്. കാട്ടില്‍പോയി ഭക്ഷണം തേടുന്നത് അവര്‍ എന്നേ മറന്നു.

തകര്‍ത്തൊഴുകിയ ചാര്‍പ്പ

അവിടന്നങ്ങോട്ട് വഴി ഏറെക്കുറെ വിജനമാണ്. ഷോളയാര്‍ വരെ മാത്രം സര്‍വീസ് നടത്തുന്ന ബസുകള്‍ വല്ലപ്പോഴും. കാട് നനഞ്ഞുതോര്‍ന്ന് കിടക്കുന്നു. ചാര്‍പ്പ വെള്ളച്ചാട്ടം കറുത്ത വെറ്റിലയില്‍ ചുണ്ണാമ്പ് തേച്ചപോലെ വെളുത്തു ചാടുന്നു. താഴെയുള്ള പഴയ പാലം തകര്‍ന്നിട്ടുണ്ട്. ഇരുമ്പുകൈവരികളൊക്കെ ഒഴുക്കുമായുള്ള ബലംപിടിത്തത്തില്‍ വളഞ്ഞിട്ടുണ്ട്. പാലത്തിന്റെ ഇരുവശങ്ങളും ഇടിഞ്ഞിരിക്കുന്നു. പുതിയ പാലത്തിന് മീതെയും വെള്ളമൊഴുകിയിരുന്നു. റോഡിന്റെ ഇങ്ങേത്തലയ്ക്കല്‍ വശങ്ങളിലെ ഇരുമ്പുകൈവരിയും റോഡ് തന്നെയും ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. വാഹനങ്ങള്‍ കടത്തിവിടാത്തതിന്റെ പ്രധാന കാരണങ്ങളൊന്ന് ഇതാണ്.

വാഴച്ചാലിലെ കല്യാണ ഒരുക്കങ്ങള്‍ 

flood
വാഴച്ചാല്‍ ആദിവാസി കോളനിയിലെ ലോനപ്പന്‍ തന്റെ പേരക്കുട്ടിയുടെ കല്ല്യാണപ്പന്തലില്‍ 

പിന്നെയുള്ള വഴികളില്‍ കാര്യമായ പ്രശ്നം തോന്നിയില്ല. വാഴച്ചാലിലെ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ് കഴിഞ്ഞതും പരന്നൊഴുകുന്ന ചാലക്കുടിപ്പുഴ തെളിഞ്ഞു. പുഴയില്‍ മുമ്പുണ്ടായിരുന്ന പാറക്കൂട്ടങ്ങളുടെ തുരുത്ത് കാണാനില്ല. വന്‍മരങ്ങളും ഈറ്റക്കാടുകളും കാണാനില്ല. പുഴയുടെ കലിപ്പുറപ്പാടില്‍ അവയെല്ലാം ഒലിച്ചുപോയിരിക്കുന്നു.

വാഴച്ചാല്‍ ആദിവാസി കോളനിയിലെ വീടുകളെല്ലാം വിജനം. പുഴയോരം ഇടിഞ്ഞു താണിരിക്കുന്നു. കല്ലുകെട്ടിയുയര്‍ത്തിയ നടവഴിയുടെ നടുവൊടിഞ്ഞ് കിടക്കുന്നു. ഒരു വീടിന്റെ അടുക്കളതന്നെ ഒലിച്ചുപോയിരിക്കുന്നു.

ഒടുവില്‍ ഒരാളെ കണ്ടു-കോളനിയിലെ ചന്ദ്രന്‍. പുഴയിലൂടെ ഒഴുകിവന്നടിഞ്ഞ വന്‍മരം വെട്ടിക്കീറുകയാണയാള്‍. വിറകുണ്ടാക്കുകയാണ്. ചന്ദ്രനോട് സംസാരിച്ച് നില്‍ക്കെ ഓരോരുത്തരായി വരാന്‍ തുടങ്ങി. എഴുപത് പിന്നിട്ട ലോനപ്പനെത്തി. ഒരു കാതില്‍ കടുക്കനൊക്കെയുണ്ട്. സംസാരം അത്ര വ്യക്തമല്ല.

ചൊവ്വാഴ്ച ഈ കുടിയില്‍ ഒരു കല്യാണമുണ്ട്. ലോനപ്പന്റെ പേരക്കുട്ടി പ്രസീദയുടേതാണ് കല്യാണം. വരന്‍ അജീഷ് പൊകലപ്പാറ കാടര്‍ കോളനിയില്‍ നിന്നാണ്. കല്യാണത്തിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങുന്നതേയുള്ളു. വീടുകളുടെ പിന്‍വശം മുഴുവന്‍ പോയി. എല്ലാവരും തൊട്ടടുത്തുള്ള അങ്കണവാടിയിലും വനംവകുപ്പിന്റെ ഡോര്‍മിറ്ററിയിലുമൊക്കെയാണ് താമസം. ലോനപ്പന്റെ വീടിന് മുന്നില്‍ ഒരു കുഞ്ഞുപന്തല്‍ കെട്ടിയിട്ടുണ്ട്. 'വേറെ വഴിയില്ല, വീടിന് മുന്നില്‍ തന്നെ കല്യാണം നടത്തും. വരുന്നവര്‍ക്കൊക്കെ ചെറുതായിട്ടെന്തെങ്കിലുമൊക്കെ കഴിക്കാന്‍ കൊടുക്കണം' ആത്മഗതം പോലെ ലോനപ്പന്റെ ചിലമ്പിച്ച ശബ്ദം.

19 വീടുകളിലായി 22 കുടുംബങ്ങളാണിവിടെയുള്ളത്. കുട്ടികളുള്‍പ്പെടെ 64 പേര്‍. സ്വാതന്ത്ര്യദിനത്തിന്റെ രാത്രിയില്‍ ഇവര്‍ക്ക് വീടുവിട്ട് ഓടേണ്ടിവന്നതാണ്. എല്ലാം പുഴയെടുത്തുപോകുമെന്ന് തോന്നിപ്പോയ ദിവസങ്ങളായിരുന്നു പിന്നെയുള്ളത്. കോളനിയിലെ രവിയുടെ വീടാണ് പൂര്‍ണമായി ഒലിച്ചുപോയത്. ബാക്കിയുള്ളവരുടെ വീടുകളുടെ തറയുടെ ആരോഗ്യം പുഴ തോണ്ടിയെടുത്തു പോയിരിക്കുന്നു.

കോളനിയിലെ ജോബിയുടെ ഒരു ചെറിയ ഹോട്ടല്‍ ഉണ്ടായിരുന്നതിന് ഇപ്പോഴുള്ള അടയാളം ഇരുമ്പിന്റെ ചെറിയ ഗ്രില്‍ മാത്രമാണ്. ബാക്കിയെല്ലാം പുഴ കൊണ്ടുപോയി. പണ്ടത്തെ ഹോട്ടല്‍ കുറച്ചുനാള്‍ മുമ്പ് ഒന്നരലക്ഷം രൂപ വായ്പയെടുത്ത് പുതുക്കിപ്പണിതതാണ്. ഇനിയെന്തു ചെയ്യുമെന്ന ആശങ്ക ജോബിയുടെ കണ്ണുകളിലുണ്ട്.

അങ്കണവാടിയിലായിരുന്നു ഊരുമൂപ്പത്തി ഗീത. 'ഞങ്ങള്‍ കണ്ടുവളര്‍ന്ന പുഴയല്ലിത്. ആകെ മാറിയിരിക്കുന്നു. ഒരുതരി മണല്‍ ഇല്ല. പുഴയില്‍നിന്ന് മണലെടുത്താണ് ഞങ്ങള്‍ വീടുകള്‍ പണിതത്. മരങ്ങളില്ല, തുരുത്തുകളില്ല, വെള്ളം പൊങ്ങിയാല്‍ എവിടെ കയറിനില്‍ക്കും...' ഗീത ആരോടെന്നില്ലാതെ ചോദിക്കുന്നു.

കോളനിയിലെ വീടുകളില്‍ താമസിക്കാനിവര്‍ക്കിപ്പോള്‍ പേടിയാണ്. പുഴയില്‍ നിന്ന് മാറി കുറേക്കൂടി ഉയര്‍ന്ന സ്ഥലം കിട്ടിയാല്‍ മാറാമെന്നാണ് ഊരുകൂട്ടം ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മുന്നോട്ടുള്ള യാത്രയില്‍ കാടിനുള്ളിലെ ഉറവകളില്‍നിന്നും കുടിവെള്ളം കന്നാസുകളില്‍ ശേഖരിച്ചു വരുന്നവരെ കണ്ടു. കല്യാണവീട്ടിലേക്കാണ്.

നടുവൊടിഞ്ഞ വൈദ്യുതിത്തൂണുകള്‍

പിന്നെയുള്ള വഴികളില്‍ വൈദ്യുതിത്തൂണുകള്‍ നടുവൊടിഞ്ഞുകിടക്കുന്നു. വൈദ്യുതിക്കമ്പികള്‍ വഴിക്ക് കുറുകെയും നെടുകെയും കിടക്കുന്നു. അതിരപ്പിള്ളി വരെ മാത്രമേ വൈദ്യുതി എത്തിയിട്ടുള്ളു. വഴിയില്‍ ഇടയ്ക്കിടെ കാണുന്നത് മുഴുവന്‍ വൈദ്യുതി വകുപ്പിന്റെ വണ്ടികളാണ്. വൈദ്യുതിത്തൂണുകളുമായി ഒരു വണ്ടി കടന്നുപോയി. വഴികളില്‍ അങ്ങിങ്ങായി വൈദ്യുതിത്തൂണുകളില്‍ പണിയെടുക്കുന്ന കെ.എസ്.ഇ.ബി. ജീവനക്കാര്‍.

ഒന്നരയാള്‍ പൊക്കത്തില്‍ വഴിക്ക് ഇരുവശവുമുള്ള ഈറ്റക്കാടുകളുടെ മറവില്‍ നിന്ന് വഴിയിലേക്ക് വീണ മരങ്ങളെല്ലാം മുറിച്ചുമാറ്റിയിരിക്കുന്നു. പലതും വന്‍മരങ്ങളാണ്. റോഡിലെ ഇരുമ്പുകൈവരികളില്‍ പലതും തകര്‍ത്തുകളഞ്ഞു ഈ മരങ്ങള്‍.

ആരുമില്ലാതെ ആനക്കയം

3

ആനക്കയത്ത് മലക്കപ്പാറയ്ക്കുള്ള വഴിയില്‍നിന്ന് അല്‍പ്പം തെറ്റി കുത്തനെ താഴേയ്ക്കിറങ്ങിയാല്‍ ആനക്കയം ആദിവാസി കോളനിയായി. ആ പോക്കില്‍ കണ്ടു, ഉരുള്‍പൊട്ടലിന്റെ ഭീകരത.

മലയുടെ പച്ചനിറമുള്ള നെഞ്ചിനെ നെടുനീളത്തില്‍ കീറിയപോലെ ഉരുള്‍പൊട്ടി കാടിന്റെ അഗാധതയിലേക്ക് പതിച്ചിരിക്കുന്നു. മണ്ണുമാന്തി ഉപയോഗിച്ച് റോഡ് ഏതാണ്ട് കടന്നുപോകാവുന്ന പരുവത്തിലാക്കിയിട്ടുണ്ട്.

ആനക്കയം കോളനിയിലെത്തിയപ്പോള്‍ ആരുമില്ല. വഴിയിലൊരു തൂക്കുപാത്രം വാതുറന്ന് കിടക്കുന്നു. ഉച്ചത്തില്‍ കൂവിനോക്കി. ആരും മറുപടി തന്നില്ല. ചീവീടുകളുടെ ശബ്ദം മാത്രം പ്രതിധ്വനിച്ചു.

തിരികെ റോഡിലേക്ക് കയറി. വൈദ്യുതിത്തൂണുകള്‍ ശരിയാക്കിക്കൊണ്ടിരുന്നവരാണ് പറഞ്ഞത് അവരെല്ലാം വനംവകുപ്പിന്റെ േഷാളയാര്‍ റേഞ്ച് ഓഫീസ് പരിസരത്താണിപ്പോള്‍ താമസിക്കുന്നതെന്ന്.

റേഞ്ച് ഓഫീസ് ഹാളില്‍ അവരെ ആരെയും കണ്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പറഞ്ഞത് അവരെല്ലാം ഓഫീസിന് പിന്നിലെ പാറപ്പുറത്താണ് താമസിക്കുന്നതെന്ന്. വനംവകുപ്പ് അവര്‍ക്കെല്ലാ സൗകര്യവും ഹാളില്‍ ഒരുക്കിയിരുന്നു. ആദ്യ മൂന്നുദിവസം അവരവിടെ കിടന്നു. പക്ഷേ ടൈല്‍സും കട്ടിലുമൊന്നും കാടര്‍ക്ക് പിടിക്കാതായി. അങ്ങനെയാണ് അവര്‍ പാറപ്പുറത്തേക്ക് പോയത്.

2
ആനക്കയത്ത് ഉരുള്‍പ്പൊട്ടലുണ്ടായ ഭാഗത്ത് മരങ്ങളും റോഡും  മണ്ണിനടിയിലായ നിലയില്‍ 

വിശാലമായ പാറപ്പുറത്ത് ടാര്‍പോളിന്‍ ടെന്റുകള്‍ക്ക് താഴെ പായവിരിച്ച് അതില്‍ സാധനങ്ങളൊക്കെ നിരത്തി, നാടോടികളെ പോലെ ആനക്കയം കോളനിയില്‍ ഉള്ളവര്‍.

കുട്ടികള്‍ ചെരിപ്പുകൊണ്ട് ടെന്നീസ് കളിക്കുന്നു. ചെറിയ പ്ലാസ്റ്റിക് മരുന്നു കുപ്പിയാണ് പന്ത്. അത് പാറയിലടിച്ച് പൊന്തിവരുന്നു. തൊട്ടിപ്പുറത്ത് അടുപ്പു കൂട്ടിയിരിക്കുന്നു. ടെന്റുകള്‍ക്ക് മുന്നിലെല്ലാം കഞ്ഞിക്കലങ്ങള്‍...

മൂപ്പന്‍ രാമന്‍ ഒരു കസേരയിട്ട് പാറപ്പുറത്തിരിക്കുന്നു. നടക്കാന്‍ വയ്യ, ഒരു വടി കുത്തിപ്പിടിച്ചിരിക്കുന്നു. കുഞ്ഞുകുട്ടികള്‍ മൂപ്പന് ചുറ്റും ഓടിക്കളിക്കുന്നു. 'സംഭവമൊന്നുമറിഞ്ഞില്ല, എല്ലാരും ഉറക്കത്തിലായിരുന്നു. സബ്ദമൊന്നും കേട്ടില്ല.'

തിരുവനന്തപുരത്തുനിന്നുള്ള വീടുപണിക്കാരുണ്ടായിരുന്നു കോളനിയില്‍. അവര്‍ 16-ന് രാവിലെ പുറത്തിറങ്ങിയപ്പോഴാണ് ഉരുള്‍പൊട്ടിയതിന്റെ ഭീകരകാഴ്ച കാണുന്നത്. ഈ ഭൂമിയും ഒലിച്ചുപോകുമെന്ന് അവര്‍ പറഞ്ഞതോടെ മൂപ്പനടക്കമുള്ള 18 കുടുംബങ്ങളിലെ 88 പേര്‍ കാടിന്റെ താഴ്ചയിലേക്കിറങ്ങി നടന്നു. മയിലാടുംപാറയെന്ന സ്ഥലത്ത് ടെന്റടിച്ചു കൂടി. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തുകാരുമെത്തിയാണ് ഇവരെ മാറ്റിയത്.

'ഇനി കോളനിയിലേക്ക് പോകാന്‍ കഴിയൂല്ല, ഞാങ്ങള്‍ക്ക് പേടിയാണ്...' മൂപ്പന്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കുമ്പോള്‍ മക്കളെ ചാലക്കുടിയിലും പരിയാരത്തും നായരങ്ങാടിയിലുമൊക്കെയുള്ള സ്‌കൂളുകളില്‍ കൊണ്ടുപോയി ആക്കാനുള്ള ഒരുക്കത്തിലാണ് കോളനിക്കാര്‍.

'എല്ലാരും പേടിച്ചുപോയി, പതുക്കെ ശരിയാകും. ഇവര്‍ക്ക് കൗണ്‍സിലിങ് കൊടുക്കേണ്ടിവരും. എത്രയും പെട്ടെന്ന് മാറ്റണം...' വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റൊന്നുകൂടി പറഞ്ഞു, അവരിപ്പോള്‍ ടെന്റടിച്ച പാറപ്പുറത്ത് ആനയിറങ്ങാറുണ്ടെന്ന്.

മലക്കപ്പാറയിലേക്കുള്ള വഴിയിലൂടെ മുന്നോട്ടുപോകാന്‍ ശ്രമിച്ചു. പക്ഷേ ഉരുള്‍പൊട്ടി വഴിയടഞ്ഞിരിക്കുന്നു. മലക്കപ്പാറയെ ഇനി കേരളത്തില്‍ നിന്ന് തൊടാനാവില്ല. പൊള്ളാച്ചി വഴി വാല്‍പ്പാറ ചുരം കയറിയെത്തണം മലക്കപ്പാറയ്ക്ക്.

 content Highlight: flood affected  Adivasi settlements in vazhachal