ആ നായ ഇപ്പോള്‍ എന്തു ചെയ്യുകയായിരിക്കും? കഴിഞ്ഞ കുറെ ദിവസങ്ങളായി എന്റെ മനസ്സിനെ അലട്ടുന്ന ചോദ്യമാണിത്. നിറഞ്ഞുപരന്നൊഴുകുന്ന വെള്ളം,  ഒഴുകി നടക്കുന്ന ഗൃഹോപകരണങ്ങള്‍,  കര എവിടെയെന്ന് വ്യക്തമല്ല. തെങ്ങിന്‍ തലപ്പുകള്‍ കാണാമെന്നതുകൊണ്ട് അത് പാടവരമ്പാണെന്ന് ഊഹിക്കാം. അതിലൂടെ ഏകദേശം മുങ്ങി നടന്നുവരികയായിരുന്നു അവന്‍. ബോട്ടിന്റെ ഒച്ചകേട്ട് തലയുയര്‍ത്തി ഒന്നു നോക്കി, വളരെ പ്രതീക്ഷയോടെ. മറൈന്‍ സര്‍വേ വിഭാഗം രക്ഷാപ്രവര്‍ത്തനത്തിനായി കൊണ്ടുവന്ന ചെറിയ ബോട്ടില്‍ കയറിപ്പറ്റിയതായിരുന്നു ഞാന്‍. പത്തുപേര്‍ക്ക് കയറാവുന്ന ബോട്ടില്‍ അപ്പോള്‍ തന്നെ ആളുകൂടുതലാണ്. നായയുടെ കാര്യം സൂചിപ്പിച്ചപ്പോള്‍ ബോട്ടിലുണ്ടായിരുന്നവര്‍ എതിര്‍ത്തു. അതെങ്ങാനും കടിച്ചാലോ? പിന്നൊന്നും പറയാന്‍ കഴിഞ്ഞില്ല. ബോട്ട് ആ നായയെ കടന്നുപോകുമ്പോള്‍ അവന്‍ ദയനീയമായി വീണ്ടും ഒന്നുകൂടി നോക്കി. പിന്നീടുള്ള ദിവസങ്ങളെല്ലാം ആ നായയുടെ മുഖമായിരുന്നു മനസ്സില്‍. അവന്‍ നീന്തി കരപറ്റിയിട്ടുണ്ടാകുമോ? അതോ എല്ലാംകവര്‍ന്ന പ്രളയജലത്തില്‍പ്പെട്ടിട്ടുണ്ടാകുമോ?

തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന കഥ കുട്ടിക്കാലത്ത് വായിച്ചവരാണ് നമ്മളെല്ലാം. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട ആ നായയുടെ ദയനീയ കഥ എത്ര രാത്രികളിൽ നമ്മുടെയെല്ലാം ഉറക്കം കെടിത്തിയിട്ടുണ്ട്. എന്നിട്ടും അതുപോലൊരു പ്രളയം വന്നപ്പോൾ അത്തരത്തിൽ ഒറ്റപ്പെട്ടു പോയ ഒരു നായയെ രക്ഷിക്കാൻ അവസരം ലഭിച്ചിട്ടും അതിന് സാധിക്കാതെ പോയതിന്റെ കുറ്റബോധം തെല്ലൊന്നുമല്ല എന്റെ മനസ്സിനെ അലട്ടുന്നത്.

പ്രളയത്തിന്റെ മൂന്നാം ദിനമാണ് ഞാന്‍ കുട്ടനാടിന്റെ ഉള്‍ഭാഗത്ത് എത്തുന്നത്. ഒരു പകലും രാത്രിയും വെള്ളത്തില്‍പ്പെട്ടുപോയ അച്ഛന്റെയും അമ്മയുടെയും മുഖവും വെള്ളം കയറി വന്നപ്പോള്‍ ഫോണ്‍ വിളിച്ച് കരഞ്ഞ ചേട്ടന്റെ ശബ്ദവും മനസിലുണ്ടായിരുന്നു. ആദ്യദിനങ്ങളില്‍ അപ്പര്‍ കുട്ടനാട്ടിലും പ്രളയം താണ്ഡവമാടിയ ചെങ്ങന്നൂരുമായിരുന്നു. ഇത്തരം പ്രളയം ഒരിക്കലും കണ്ടിട്ടേ ഇല്ലാത്ത ചെങ്ങന്നൂരുകാര്‍ എല്ലാം ഇട്ടെറിഞ്ഞ് പ്രാണന്‍ മാത്രം കൈയ്യില്‍ പിടിച്ച് രക്ഷപ്പെടുകയായിരുന്നു. തകര്‍ന്നടിഞ്ഞ വീടുകളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കൊണ്ടുവരുന്ന മനുഷ്യരുടെ മുഖത്ത് ഭീതിയും സങ്കടവും നിഴലിച്ചു. എല്ലാം നശിച്ചാലും രക്ഷപ്പെട്ടതിന്റെ ആശ്വാസം അവര്‍ പങ്കുവെയ്ക്കുകയായിരുന്നു. വെള്ളപ്പാച്ചിലില്‍ ഒരായുസ്സ് കൊണ്ട് സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ടവരുടെ വേദന. 

കുട്ടനാടിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നു. വെള്ളപ്പൊക്കം കണ്ടുശീലിച്ച കുട്ടനാട്ടുകാര്‍ ആദ്യം ഭയന്നിരുന്നില്ല. പിന്നെ, വെള്ളം ഉയരാന്‍ തുടങ്ങിയതോടെ, ഇത് തങ്ങള്‍ കണ്ട വെള്ളപ്പൊക്കമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇനി നിന്നാല്‍ ജീവനുംകൂടി നഷ്ടമാകുമെന്ന് ബോധ്യമായപ്പോള്‍ അവര്‍ മനസില്ലാ മനസ്സോടെ ആലപ്പുഴയ്ക്ക് പലായനം ചെയ്തു തുടങ്ങി. എന്നിട്ടും ഇപ്പോഴും പല വീടുകളിലും ആളുകളുണ്ട്. രണ്ടാം നിലയിലും വീടിനുമുകളിലുമൊക്കെയായി തങ്ങള്‍ക്ക് സ്വന്തമായത് ഉപേക്ഷിക്കാതെ പിടിച്ചുനില്‍ക്കുന്നു. 

flood kuttanad
കുട്ടനാട് ചതുര്‍ത്ഥ്യാകരിയിലെ മോഹനനും രത്നമ്മയും

ബോട്ടിന്റെ താഴെയിരിക്കുന്ന രത്നമ്മ അപ്പോഴും തേങ്ങിക്കരയുകയായരുന്നു. മങ്കൊമ്പ് ചതുര്‍ത്ഥ്യാകരി എന്ന സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് ബോട്ടില്‍ കയറ്റിയതാണ്. ചുറ്റുമുള്ളവരെല്ലാം ഒഴിഞ്ഞുപോയപ്പോള്‍ രത്നമ്മയും ഭര്‍ത്താവ് മോഹനനും തങ്ങളുടെ  ജീവിതമാര്‍ഗ്ഗമായ അഞ്ചു പശുക്കളെ ഉപേക്ഷിച്ച്  പോകാന്‍ തയ്യാറായില്ല. പ്രളയം കനത്തപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്തി ഇനി ഒറ്റയ്ക്ക് നില്‍ക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. മനസില്ലാ മനസ്സോടെ രത്നമ്മ പോകാന്‍ തയ്യാറായെങ്കിലും മോഹനന്‍ താന്‍ ചത്താലും പശുക്കളെ ഉപേക്ഷിച്ച് വരാന്‍ തയ്യാറല്ലെന്ന് ഉറപ്പിച്ചു. രത്നമ്മയെ രക്ഷാപ്രവര്‍ത്തകര്‍ ബോട്ടില്‍ കയറ്റുമ്പോള്‍ വാവിട്ടുകരയുകയായിരുന്നു. ഞാന്‍ മാത്രം എന്തിന് രക്ഷപ്പെടണമെന്ന് ഉറക്കെ കരഞ്ഞുകൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു അവര്‍. കരയില്‍ മോഹനനും കരച്ചില്‍ അടക്കാന്‍ പാടുപെടുന്നത് കണ്ടു. ബോട്ടു മെല്ലെ നീങ്ങുമ്പോള്‍ മോഹനന്‍ പൊട്ടിക്കരഞ്ഞു. തന്റെ കൈയ്യില്‍ ഒന്നുമില്ല, എന്തെങ്കിലും തന്നിട്ടുപോ എന്നുറക്കെ വിളിച്ചു പറഞ്ഞു. ബോട്ട് വീണ്ടും അടുപ്പിച്ചു. രത്നമ്മ കൈയ്യിലുണ്ടായിരുന്ന കുറെ കാശ് മോഹനന് കൊടുത്തു. ബോട്ട് ആലപ്പുഴയില്‍ എത്തുന്നതുവരെ ആ സ്ത്രീ കരഞ്ഞ് തീര്‍ക്കുകയായിരുന്നു, വേര്‍പെടലിന്റെ വേദന.

വീണ്ടും ചെങ്ങന്നൂരിലേക്ക്. റോഡൊക്കെ വെള്ളം കയറി കിടക്കുന്നതിനാല്‍ കായംകുളം -അടൂര്‍-പന്തളം വഴിയായിരുന്നു യാത്ര. പന്തളം മുതല്‍ പ്രളയബാക്കിയുടെ കാഴ്ചകള്‍. എല്ലാം തകര്‍ത്തെറിഞ്ഞ് കടന്നുപോയത് അവശേഷിപ്പിച്ച മാലിന്യക്കൂമ്പാരം. തകര്‍ന്നടിഞ്ഞ മതിലുകളും വീട്ടുപകരണങ്ങളും എല്ലായിടത്തും കൂട്ടിയിട്ടിരിക്കുന്നു. ചെളികൊണ്ട് മൂടിയ വീടുകളിലൊക്കെയും നഷ്ടപ്പെടുമായിരുന്ന ജീവന്‍ തിരികെ കിട്ടിയ ആശ്വാസത്തില്‍ ഇനി എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്ന മനുഷ്യര്‍. വൃത്തിയാക്കി ഉപയോഗിക്കാന്‍ പറ്റാത്തവിധം തകര്‍ന്നുപോയ വീടുകള്‍ക്ക് മുന്നില്‍ ജീവിതം എങ്ങനെ തിരിച്ചുപിടിക്കണമെന്നറിയാതെ ഇറ്റുകണ്ണീര്‍പോലും ബാക്കിയില്ലാത്തവര്‍. 2004ലെ സുനാമി നാളുകള്‍ പകര്‍ത്തിയ പോലുള്ള അനുഭവം. ഇത്തരം കാഴ്ചകള്‍ക്കിടയിലും തങ്ങളാലാവും വിധം മറ്റുള്ളവരെ സഹായിക്കാനെത്തുന്ന മനുഷ്യ സ്നേഹികളുടെ കാഴ്ചയാണ് മനം നിറച്ചത്. എന്തു ചെയ്യാനും ആളുകള്‍ വിവിധ ദേശങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്നുണ്ടായിരുന്നു. 

chengannur venmani thuruth flood cattle
ചെങ്ങന്നൂര്‍ വെണ്‍മണി പടിഞ്ഞാറെ തുരുത്തിയിലെ രക്ഷാപ്രവര്‍ത്തകര്‍


പ്രളയം ഒരാഴ്ച പിന്നിടുമ്പോഴാണ് ചെങ്ങന്നൂര്‍ വെണ്‍മണിയിലെത്തുന്നത്. വെറ്ററിനറി ഡോക്ടര്‍ ഫാത്തിമ റഹീമിനെ പരിചയപ്പെട്ടു. അവര്‍ പറഞ്ഞാണ് പടിഞ്ഞാറെ തുരുത്തി എന്ന സ്ഥലത്തെ ചെറുപ്പക്കാരെ കുറിച്ച് അറിഞ്ഞത്. റോഡ് അരയറ്റം വെള്ളത്തില്‍ നീന്തിയാണ് ഞാനും ഡോക്ടറും വഴികാട്ടിയായ സേനനും തുരുത്തിലേക്ക് എത്തുന്നത്. മഹാപ്രളയത്തില്‍ മനുഷ്യരെ രക്ഷിക്കാനുള്ള പരിശ്രമത്തിനിടയില്‍ ഒഴുക്കില്‍പ്പെട്ടത് ആയിരക്കണക്കിന് കന്നുകാലികളാണ്. ഇവിടെ പടിഞ്ഞാറെ തുരുത്തിയിലെ ചെറുപ്പക്കാര്‍ ഒഴുക്കില്‍പ്പെട്ട നിരവധി കന്നുകാലികളെയാണ് രക്ഷിച്ചെടുത്തത്. അവയെ എല്ലാം കഴിഞ്ഞ ഒരാഴ്ചയായി ദുരെനിന്ന് കൊണ്ടുവന്ന് പുല്ലുംതീറ്റയും നല്‍കി സംരക്ഷിക്കുന്നു. ജീവന്‍ പണയപ്പെടുത്തിയുള്ള കന്നുകാലികളെ രക്ഷിച്ചത് ആളുകളെ രക്ഷിക്കുന്നതിലും ദുഷ്‌കരമായിരുന്നു. പ്രളയം കനത്തപ്പോള്‍ തുരുത്തുകളിലെല്ലാം വെള്ളം കയറി. വീടിന് മുകളില്‍ വെള്ളമെത്തിയതോടെ തങ്ങളുടെ ജീവനോപാധിയായ കന്നുകാലികളെ കെട്ടഴിച്ച് വിട്ട് ആള്‍ക്കാര്‍ രക്ഷതേടി. കന്നുകാലികള്‍ കൂട്ടത്തോടെ ഒഴുകി വരുന്നതുകണ്ട് വെള്ളം കയറാത്ത പടിഞ്ഞാറെ തുരുത്ത് നിവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. ഒഴുകിയെത്തിയ പശുക്കളെ വള്ളത്തിന്റെ തലയ്ക്കല്‍ കെട്ടി നീന്തിച്ച് തുരുത്തിലെത്തിച്ചു. ഒരു രാവുംപകലും രക്ഷാദൗത്യം നീണ്ടു. ഇടവേളകളില്‍ അകലങ്ങളില്‍ നിന്ന് കാലികള്‍ ഒഴുകിയെത്തിക്കൊണ്ടിരുന്നു. പലതിന്റെയും കഴുത്ത് മാത്രമാണ് വെള്ളത്തിന് മുകളിലുണ്ടായിരുന്നത്. നീണ്ട നേരം കഴുത്ത് പൊക്കിപ്പിടിച്ചിരുന്നതിനാല്‍ പിന്നെ മണല്‍ കിഴി പിടിച്ച് പരിചരിക്കേണ്ടിവന്നു. എഴുപതോളം പശുക്കളെയാണ് ഇവര്‍ കരയ്ക്ക് കയറ്റി സംരക്ഷിച്ചത്. മഹാപ്രളയത്തില്‍ ഗോരക്ഷാ തുരുത്തായി മാറി ചെങ്ങന്നൂര്‍ വെണ്‍മണി പടിഞ്ഞാറെ തുരുത്ത്. അവിടെ നിന്ന് മടങ്ങുമ്പോള്‍ ഡോ. ഫാത്തിമയുടെ വാക്കുകള്‍ മനസ്സില്‍ തറച്ചുകയറി. മരണഭീതിയില്‍ ജീവന് ജീവനെ തിരിച്ചറിയാം, അവര്‍ ആരെയും ഉപദ്രവിക്കില്ല. എന്റെ മനസ്സില്‍ അപ്പോഴും തെളിഞ്ഞത് ദയനീയമായി നോക്കുന്ന രണ്ടുകണ്ണുകളാണ്. കുട്ടനാട്ടിലെ കായിപ്പുറം ഭാഗത്ത് പ്രളയ ജലത്തില്‍ നീന്തി നടക്കുന്ന ആ നായുടെ കണ്ണുകള്‍.