''പ്രളയംകഴിഞ്ഞ കേരളത്തോട് ഞങ്ങള്‍ക്ക് പറയാനായി, ഓര്‍മ്മിപ്പിക്കാനായുള്ളത് ഒരുകാര്യം മാത്രമാണ്. എല്ലാ വീടുകളിലും നിങ്ങള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റേഡിയോ നിര്‍ബന്ധമായും കരുതണം. കാരണം മറ്റേത് മാധ്യമങ്ങള്‍ നിങ്ങളിലെത്തിയില്ലെങ്കിലും, മൊബൈല്‍ഫോണ്‍ പോലും പ്രവര്‍ത്തിച്ചില്ലെങ്കിലും റേഡിയോ ആയിരിക്കും നിങ്ങളുടെ കൂടെ ഉണ്ടാവുക, രക്ഷകനാകുക.''

ത്ത് വര്‍ഷത്തെ റേഡിയോ ജീവിതത്തില്‍ പ്രകൃതിദുരന്തങ്ങള്‍ കാണേണ്ടി വന്നിരുന്നില്ല. പക്ഷേ ആഗസ്റ്റ് മാസം 15-ാം തീയതി ഞങ്ങളെ സംബന്ധിച്ച് വ്യത്യസ്തമായിരുന്നു. ഒരാഴ്ച, ഇരുപത്തിനാലു മണിക്കൂര്‍ പരിപൂര്‍ണ്ണമായും ഞങ്ങള്‍ ഓണ്‍ എയറില്‍ ജീവിച്ചു. വിഷമങ്ങളില്‍ നിന്നുയരുന്ന ഓരോ വിളികള്‍ക്ക് പരിഹാരം, രക്ഷപ്പെടാനുള്ള വിളികള്‍ക്ക് അപ്പപ്പോള്‍ പരിഹാരം, ഭക്ഷണത്തിനായി വിളിക്കുന്നവര്‍ക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങി ഒരു മനുഷ്യന് വേണ്ട എല്ലാമെത്തിക്കാനുള്ള ഓട്ടത്തില്‍ ഞങ്ങളും കൂടെയെത്തി. ഞങ്ങള്‍ ഉറങ്ങിയില്ലെങ്കിലും ഭക്ഷണം കഴിച്ചില്ലെങ്കിലും വീട്ടുകാരുടെയും സുഹൃത്തുക്കളുടേയും സുരക്ഷിതത്വം വിളിച്ചന്വേഷിക്കാന്‍ പോലും കഴിഞ്ഞില്ലെങ്കിലും, പേരറിയാത്ത ആയിരക്കണക്കിനാളുകളെ സഹായിക്കാന്‍ ഞങ്ങള്‍ക്കായി.

വെള്ളമുയര്‍ന്നു കൊണ്ടിരിക്കുന്ന ആഗസ്റ്റ് പതിനാറാം തീയതി ഉച്ചയോടെ ഞങ്ങള്‍ ആ വലിയ തീരുമാനമെടുത്തു. പാട്ടുകള്‍ പോലും നിര്‍ത്തി വെച്ച് ഒരു ഫുള്‍ ടൈം ടോകി റേഡിയോ ആവുക എന്ന ഏറെ വെല്ലുവിളികള്‍ നിറഞ്ഞ തീരുമാനം. ഒരു പാട്ടു പോലും കൊടുക്കാതെ പ്രളയത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ ഞങ്ങള്‍ ഓരോ നിമിഷവും ജനങ്ങള്‍ക്കായി കൈമാറി. തമാശകള്‍ പറയാനും പാട്ടു കേള്‍ക്കാനുമുള്ള ക്ലബ്ബ് എഫ് എം ഒരുദിവസം കൊണ്ട് ജനങ്ങളുടെ രക്ഷകനായിറങ്ങി. ക്ലബ്ബ് എഫ് എമ്മിലെ ആര്‍ജെസ് ആയ ജീനയും, നമീനയും, വിന്‍സിയും, അനുരൂപും, ജോഷ്‌നിയും, പ്രിയയും എല്ലാം ഓരോ രക്ഷാപ്രവര്‍ത്തകരായി മാറി. 

പിന്നീട് ചെയ്തത് ക്ലബ്ബ് എഫ് എമ്മിന്റെ അഞ്ച് സ്റ്റേഷനുകളിലും ഓരോ എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ തുടങ്ങുകയായിരുന്നു. അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ ക്ലബ്ബ് എഫ് എമ്മിന്റെ അഞ്ച് സ്റ്റേഷനുകളിലും പത്ത് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ തുടങ്ങി. റേഡിയോയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ആ നമ്പറുകള്‍ കേരളം മുഴുവനെത്തി. ആ സമയം തുടങ്ങി അഞ്ച് ദിവസത്തോളം തുടര്‍ച്ചയായി ആ നമ്പറുകളില്‍ കോളുകള്‍ ഒഴുകുകയായിരുന്നു. ഓരോ വിളിക്കും ഞങ്ങള്‍ മറുപടി പറയും. ആവശ്യക്കാരുടെ നമ്പര്‍ അപ്പപ്പോള്‍ തന്നെ നേവി, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ക്കും വെരിഫൈഡ് ആയ സന്നദ്ധപ്രവര്‍ത്തകര്‍ക്കും എത്തിച്ചു. 

clubfm1
ക്ലബ് എഫ്.എം ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വരുന്ന കോളുകള്‍ സ്വീകരിച്ച് വിവരം ശേഖരിക്കുന്നവര്‍

കൂടാതെ ക്ലബ്ബ് എഫ് എം കൊച്ചി സ്റ്റേഷനില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു എമര്‍ജന്‍സി സെല്‍ തുടങ്ങി. മറ്റു സ്റ്റേഷനുകളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന വെരിഫൈഡ് ആയ വിവരങ്ങള്‍ അപ്പപ്പോള്‍ അധികാരികളിലെത്തിക്കുന്നതും ആവശ്യക്കാരെ രക്ഷപ്പെടുത്തുന്നത് വരെയും ഭക്ഷണം ലഭിക്കാത്തവര്‍ക്ക് അത് കിട്ടുന്നത് വരെയും ഫോളോ അപ്പ് ചെയ്തിരുന്നതും ഈ എമര്‍ജന്‍സി സെല്‍ വഴിയായിരുന്നു. 

അതേസമയം മിക്ക ക്യാമ്പുകളിലും മാതൃഭൂമി ജീവനക്കാരില്‍ പലരും ജീവന്‍ പണയംവെച്ച് എത്തിയിരുന്നു. അതോടെ കാര്യങ്ങള്‍ ദ്രുതഗതിയിലായി. ഓരോ ക്യാമ്പിലെയും ആവശ്യങ്ങള്‍ എത്തിക്കൊണ്ടിരുന്നു. അവ അപ്പപ്പോള്‍ തന്നെ ഞങ്ങള്‍  ക്ലബ്ബ് എഫ് എമ്മിലൂടെ പറഞ്ഞ് കൊണ്ടിരുന്നു. അപ്പോഴാണ് കണ്ണൂരിലെ ജനങ്ങളുടെ സ്‌നേഹത്തിന്റെ ആഴം ഞങ്ങള്‍ നേരിട്ടറിഞ്ഞത്. ഓരോ ആവശ്യങ്ങളും അറിഞ്ഞ് മണിക്കൂറുകള്‍ക്കകം അവ ഞങ്ങളുടെ ഓഫീസിനകത്തെത്തി.

കണ്ണ് കാണാത്ത ഒരാള്‍ വന്നത് ഭാര്യയുടെ കൈ പിടിച്ചായിരുന്നു. വയസ്സും പ്രായവും ജാതിയും മതവുമില്ലാതെ ജനങ്ങള്‍ ക്ലബ്ബ് എഫ് എമ്മിന്റേയും മാതൃഭൂമിയുടേയും ഓഫീസിലേക്ക് ഒഴുകിയെത്തി. വെള്ളവും ബിസ്‌ക്കറ്റും ഡ്രസ്സും നാപ്കിനും  എന്ന് വേണ്ട പേസ്റ്റും ബ്രഷുമടക്കം കെട്ടുകണക്കിന് സാധനങ്ങള്‍ ഞങ്ങളുടെ ഓഫീസില്‍ നിറഞ്ഞു. പലരും ഏറ്റവും കുറവ് കിട്ടിയ സാധനങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ഓഫീസിലെത്തി. എന്നിട്ട് അത് കൂടുതല്‍വാങ്ങി നല്‍കി. ഒരു പ്രാവശ്യം വന്നവര്‍ പിന്നെയും പിന്നെയും സാധനങ്ങളുമായി എത്തി.

clubfm8
പ്രളയബാധിത മേഖലകളിലേക്കുള്ള അവശ്യസാധനങ്ങള്‍ തയ്യാറാക്കുന്നു

സഹായത്തിനായി  വന്ന വിളികള്‍ക്ക് മറുപടി പറഞ്ഞ് കൊണ്ടു വാഹനങ്ങളില്‍ നിന്ന് ഞങ്ങള്‍ സാധനങ്ങള്‍ ഇറക്കുകയും കയറ്റുകയും ചെയ്തു. പലരും ആരോഗ്യപ്രശ്‌നങ്ങള്‍ പോലും നോക്കാതെയാണ് കിലോക്കണക്കിന് സാധനങ്ങള്‍ വാഹനങ്ങളിലേക്ക് കയറ്റുകയും ഇറക്കുകയും ചെയ്തത്. പ്രോഗ്രാം, മാര്‍ക്കറ്റിങ്ങ്, ടെക്‌നിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്ന വേര്‍തിരിവുകളൊന്നുമില്ലാതെ ഓരോരുത്തരും ഓടി നടക്കുകയായിരുന്നു. പുതിയ വിവരങ്ങള്‍ കണ്ടെത്താനും ദുരിതാശ്വാസ ക്യാമ്പുകളില്‍ പോകാനും സാധനങ്ങള്‍ വാഹനങ്ങളില്‍ കയറ്റാനും ഇറക്കാനും എല്ലാവരും ഒരുമിച്ചായിരുന്നു.

ഇരുപത്തി നാല് മണിക്കൂര്‍ സംസാരംമാത്രം നില നിര്‍ത്തുന്ന റേഡിയോ എന്നാല്‍ വലിയ ഒരു വെല്ലുവിളി തന്നെയായിരുന്നു. ആറും ഏഴും മണിക്കൂര്‍ തുടര്‍ച്ചയായി ഞങ്ങളുടെ ആര്‍ജെസ് സംസാരിച്ചു. പലരും വെള്ളം മാത്രം കുടിച്ച് ഉണ്ണാതെ, ഉറങ്ങാതെ അടുത്ത ലൈവിനായി കയറി. ഓരോ സ്ഥലത്തും എന്ത് സംഭവിക്കുന്നു എന്നറിയാന്‍ മറ്റു സ്‌റ്റേഷനുകളിലെ ആര്‍ജെസ് ലൈവില്‍ വന്ന് സംസാരിച്ചു. ഓരോ ജില്ലയുടേയും കളക്ടര്‍മാര്‍, രാഷ്ട്രീയക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, സിനിമാക്കാര്‍ എന്നിങ്ങനെ നിരവധി ആളുകള്‍ ഓരോ മിനിറ്റിലും ക്ലബ്ബ് എഫ് എമ്മില്‍ ലൈവില്‍ വന്നു. അത് കൊണ്ട് തന്നെ ഓരോ നിമിഷവും നടക്കുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ ഞങ്ങള്‍ക്ക് ജനങ്ങളിലേക്കെത്തിക്കാനായി. കൂടാതെ മാതൃഭൂമി ന്യൂസിലെ റിപ്പോര്‍ട്ടര്‍മാരും മാതൃഭൂമി ലേഖകരും ക്ലബ്ബ് എഫ് എമ്മില്‍ ലൈവായി അപ്‌ഡേറ്റുകള്‍ തന്നു കൊണ്ടിരുന്നു. ട്രെയിനും ബസ്സും വിമാനവും മുടങ്ങിയതോടെ പിന്നീട് വിളിച്ച കൂടുതലാളുകള്‍ക്കും ഇത്തരം വിവരങ്ങളായിരുന്നു അറിയേണ്ടിയിരുന്നത്. ഓരോ സംശയവും അടുത്ത 2 മിനിറ്റിനുള്ളില്‍ ഞങ്ങള്‍ ഓണ്‍ എയറില്‍ പറഞ്ഞു.

clubfm4

പിന്നീട് തിരുവനന്തപുരത്തും പത്തനംതിട്ടയിലും ചെങ്ങന്നൂരിലും കുടുങ്ങിക്കിടന്ന കുട്ടികളെ ഹോസ്റ്റലില്‍ നിന്ന് രക്ഷിക്കാനും വഴി പറഞ്ഞു കൊടുക്കാനും ആവശ്യപ്പെട്ടു കൊണ്ട് നിരവധി കോളുകളാണ് വന്നു കൊണ്ടിരുന്നത്. കേരളത്തിലെ മിക്ക പോലീസ് സ്‌റ്റേഷന്‍, കെ എസ് ആര്‍ ടി സി ബസ്സ്‌റ്റേഷന്‍, റെയില്‍വേസ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ നിമിഷവും പുതിയ വിവരങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. അതിനായി ലൈവില്‍ നിന്നിറങ്ങുന്ന ആര്‍ജെസും പ്രൊഡ്യൂസര്‍മാരും മ്യൂസിക് മാനേജരും കോപ്പി റൈറ്ററും സൗണ്ട് എഞ്ചിനീയറും ടെക്‌നിക്കല്‍ വിങ്ങും ഒരുമിച്ചു പ്രവര്‍ത്തിച്ചു.

വഴി ക്ലിയറാണോ എന്നറിയാനായി  മലപ്പുറത്തു നിന്നും കോയമ്പത്തൂര്‍ നിന്നുപോലുംആളുകള്‍ ഞങ്ങളെ വിളിച്ചു കൊണ്ടിരുന്നു. വന്ന മിസ്‌കോളുകള്‍ പോലും തിരിച്ച് വിളിച്ച് ഞങ്ങള്‍ മറുപടി നല്‍കി. ശ്രീനഗറില്‍ നിന്ന് ഒരു ജവാന്‍ അദ്ദേഹത്തിന്റെ ബന്ധുക്കളെക്കുറിച്ചറിയാന്‍ ഞങ്ങളെ വിളിച്ചു കൊണ്ടിരുന്നു. ആ വിവരം ഞങ്ങള്‍ കൈമാറുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം സുരക്ഷിതരായി രക്ഷപ്പെട്ടു എന്നദ്ദേഹം വിളിച്ചറിയിക്കുകയും ചെയ്തു. ഗള്‍ഫ് നാടുകളില്‍ നിന്ന് പരിഭ്രമത്തോടെ വിളിച്ച നിരവധി കോളുകള്‍ക്കും സഹായമെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.

ഇത്രയുംതിരക്കുകള്‍ക്കിടയിലും അറിയുന്ന ഓരോ പുതിയ വിവരങ്ങളും ഞങ്ങളുടെ ആര്‍ജെസ് അപ്പപ്പോള്‍ ക്ലബ്ബ് എഫ്എം ട്വീറ്റ്‌സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെയും ഷെയര്‍ ചെയ്തു. ഓരോ അപ്‌ഡേറ്റിനും ആയിരക്കണക്കിന് ഷെയറുകളാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ക്ലബ്ബ് എഫ് എം ദുബായ് സ്റ്റേഷനും ഏറ്റവും പുതിയ വിവരങ്ങള്‍ ലോകത്തെ അറിയിച്ചു കൊണ്ടിരുന്നു.

clubfm0
പ്രളയബാധിതര്‍ക്ക് സഹായം നല്‍കാനെത്തിയ കുടുംബം ക്ലബ് എഫ്.എം സ്റ്റുഡിയോയില്‍ എത്തി അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു

ഇതേസമയം മാതൃഭൂമിയുടെ ഓരോ യൂണിറ്റിലും ജീവനക്കാര്‍ എല്ലാവരും ചേര്‍ന്ന് കിറ്റുകള്‍ തയ്യാറാക്കിത്തുടങ്ങിയിരുന്നു. ശാരീരികാവശതകള്‍ പോലും വകവെക്കാതെ  മാതൃഭൂമി എംഡി വീരേന്ദ്രകുമാര്‍ സാറും ഭാര്യയും കോഴിക്കോട് മാതൃഭൂമിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കാഴ്ച ഞങ്ങള്‍ക്കോരോരുത്തര്‍ക്കും അളവറ്റ അവേശം നല്‍കി. 

അപ്പോഴാണ്  നാലു ചുരവുമിടിഞ്ഞ് ഒറ്റപ്പെട്ട വയനാട് ജില്ലയുടെ ദയനീയ അവസ്ഥ പുറം ലോകമറിഞ്ഞത്. അതോടെ എല്ലാവരും ഓടി നടന്ന് വയനാടിനായുള്ള സഹായമെത്തിച്ചു. ഓരോ വീടുകളിലും നേരിട്ടാണ്  ഭക്ഷണവും വസ്ത്രവും മരുന്നും മറ്റുമെത്തിച്ചത്.  ജനങ്ങള്‍ സ്‌നേഹത്തോടെ, കരുതലോടെ, വിശ്വാസത്തോടെ എത്തിച്ച ഓരോ സാധനങ്ങളും യഥാര്‍ത്ഥ ആവശ്യക്കാരിലേക്ക് നേരിട്ടെത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഞങ്ങളഭിമാനിക്കുന്നു. 

clubfm
ക്ലബ് എഫ്.എം പ്രതിനിധികള്‍ ദുരിതാശ്വാസക്യാമ്പില്‍ സഹായം വിതരണം ചെയ്യുന്നു

അടുത്ത ഘട്ടത്തില്‍ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി പണമായിരുന്നു ആവശ്യം. ക്ലബ്ബ് എഫ് എമ്മിന്റെ ടാഗ് ലൈന്‍ തന്നെ മാറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ ഓണ്‍ എയര്‍ ക്യാമ്പയിന്‍ തുടങ്ങി. ഓരോ പ്രാവശ്യം ആര്‍ ജെ സംസാരിക്കുമ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും ട്രാന്‍സ്ഫര്‍ ചെയ്യേണ്ട വിധവുമെല്ലാം പറഞ്ഞ് നമുക്കിനി ടണ്‍ കണക്കിന് ഫണ്ട് വേണം എന്ന് ഓരോ ശ്രോതാക്കളെയും ഓര്‍മ്മിപ്പിച്ചു.

clubfm99
ദുരിതാശ്വാസക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ വാഹനത്തില്‍ കയറ്റുന്നു

പ്രളയത്തിന്റെ വിവരങ്ങള്‍ അറിയാനായി ബാംഗ്ലൂരിലെയും ചെന്നൈയിലെയും എഫ് എം സ്റ്റേഷനുകള്‍ വരെ ക്ലബ്ബ് എഫ് എമ്മിന്റെ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിച്ചു. പ്രളയംകഴിഞ്ഞ കേരളത്തോട് ഞങ്ങള്‍ക്ക് പറയാനായി, ഓര്‍മ്മിപ്പിക്കാനായുള്ളത് ഇനി ഒറ്റ കാര്യം മാത്രമാണ്. എല്ലാ വീടുകളിലും നിങ്ങള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റേഡിയോ നിര്‍ബന്ധമായും കരുതണം. കാരണം മറ്റേത് മാധ്യമങ്ങള്‍ നിങ്ങളിലെത്തിയില്ലെങ്കിലും, മൊബൈല്‍ഫോണ്‍ പോലും പ്രവര്‍ത്തിച്ചില്ലെങ്കിലും റേഡിയോ ആയിരിക്കും നിങ്ങളുടെ കൂടെ ഉണ്ടാവുക, രക്ഷകനാകുക. എത്ര തന്നെ പ്രശ്‌നങ്ങള്‍ വന്നാലുംആദ്യം പ്രവര്‍ത്തനം തുടങ്ങുന്നതും റേഡിയോ ആയിരിക്കും. എന്നും എപ്പോഴും ഏറ്റവും ആധികാരികമായ വിവരങ്ങളോടെ സഹായത്തിന് നിങ്ങളുടെ തൊട്ടടുത്ത് ഞങ്ങള്‍, മാതൃഭൂമി കുടുംബാംഗങ്ങളും ക്ലബ്ബ് എഫ് എമ്മും ഉണ്ടാകും.