ഓഗസ്റ്റ് 16. പുനലൂരിലായിരുന്നു ഞാനും ക്യാമറാമാന്‍ ഷാനവാസ് പരീദും ഡ്രൈവര്‍ ശ്രീകാന്തും. ഏതൊരു മഴയിലും ഉണ്ടാകാവുന്ന കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് കൊല്ലത്തുനിന്ന് പുനലൂരില്‍ എത്തിയത്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് നില്‍ക്കെ ഓഫീസില്‍ നിന്ന് ഒരു ഫോണ്‍ കോള്‍. 'ചെങ്ങന്നൂരില്‍ സ്ഥിതി ഗുരുതരമാണ്. ഉടന്‍ എത്തണം. ഇപ്പോള്‍ തന്നെ ഇറങ്ങിക്കോളു.'
 
രാത്രിയാണ്. നല്ല മഴയുണ്ട്. ഹോട്ടലില്‍ തിരിച്ചെത്തി റൂം വെക്കേറ്റ് ചെയ്ത് അപ്പോള്‍ത്തന്നെ ഇറങ്ങി. അപ്പോഴും അറിയില്ലായിരുന്നു ചെങ്ങന്നൂരിലെ സ്ഥിതി. കേരളം ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒരു ദുരന്തമുഖത്തേക്കാണ് യാത്രയെന്ന് അപ്പോള്‍ അറിഞ്ഞിരുന്നില്ല. 

ഓഗസ്റ്റ് 17. കാര്‍ മാവേലിക്കരയിലെ തട്ടാരമ്പലത്ത് എത്തി. നേരം പുലരുന്നതേയുള്ളൂ. വഴിയിലുടനീളം നനഞ്ഞൊട്ടി, ഉള്ളതെല്ലാം വാരിയെടുത്ത്, ആശങ്കാകുലരായി തിടുക്കപ്പെട്ടു പോവുന്ന നാട്ടുകാര്‍. പലരും പൂര്‍ണമായും വെള്ളത്തില്‍ കുതിര്‍ന്നിട്ടുണ്ട്. ചിലര്‍ അലമുറയിട്ട് കരഞ്ഞ് കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച് ഓടുകയാണ്. 

കാര്‍ അല്‍പദൂരം കൂടിയേ മുന്നോട്ടു പോയുള്ളൂ. നദി കരകവിഞ്ഞൊഴുകുന്നു. കുത്തിയൊലിച്ചെത്തിയ വെള്ളം വീടുകളിലൂടെ കുതിച്ചു കയറിയിറങ്ങി പോകുന്നു. കുത്തൊഴുക്കില്‍ ജീവനു വേണ്ടി ആര്‍ത്തു കരയുന്ന ഒരു നായയെ കണ്ടു. വലിയ വായില്‍ നായ ഓരിയിടുന്നുണ്ട്. 

വലിയ വാഹനങ്ങള്‍ പോയിരുന്ന തട്ടാരമ്പലം മാന്നാര്‍ റോഡില്‍ അരയ്ക്കു മുകളില്‍ വരെ വെള്ളം. എന്നേക്കാള്‍ മുന്നേ ദൃശ്യങ്ങള്‍ പകര്‍ത്താനായി ഷാനവാസ് വെള്ളത്തിലൂടെ മുന്നോട്ട് നീങ്ങി. അവിടെനിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴും അറിയില്ലായിരുന്നു, വരാനിരിക്കുന്നത് ഹൃദയം തകര്‍ക്കുന്ന കാഴ്ച്ചകളാണെന്ന്.

chengannur flood4

ദുരന്തഭൂമിയായ പാണ്ടനാട് 

ചെങ്ങന്നൂര്‍ നഗരത്തിലെത്തി അവിടത്തെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യാമെന്ന് കരുതി യാത്ര തുടര്‍ന്നു. അപ്രതീക്ഷിതമായി ഒരു ഫോണ്‍ കോള്‍. ചെങ്ങന്നൂരിന്റെ പടിഞ്ഞാറന്‍ മേഖലയായ പാണ്ടനാട്ടുനിന്നാണ്. 'ആയിരക്കണക്കിന് കുടുംബങ്ങള്‍ മൂന്നു ദിവസമായി ഇവിടെ കുടുങ്ങി കിടക്കുകയാണ്. ഭക്ഷണവും വെള്ളവുമില്ലാതെ പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ളവരുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല. രക്ഷിക്കണം.'
കരച്ചിലിനു സമമായിരുന്നു ആ ശബ്ദം. 

മാന്നാര്‍ പരുമല ജംഗ്ഷനില്‍നിന്ന് പാണ്ടനാട്ടേക്ക് തിരിഞ്ഞപ്പോള്‍ ഭീതിദമായ ജനക്കൂട്ടത്തെ കണ്ടു. പരുമല കടവില്‍ പാലത്തിനു താഴെയായി ഒട്ടേറെപ്പേര്‍ നില്‍ക്കുന്നുണ്ട്. വെള്ളത്തില്‍ കുതിര്‍ന്ന ഉടുവസ്ത്രം മാത്രമാണ് പലരുടെയും ദേഹത്ത്. അപൂര്‍വ്വം ചിലരുടെ കയ്യില്‍ പ്ലാസ്റ്റിക് കൂടുകളുണ്ട്. 

റോഡില്‍ നിറയെ വെള്ളമാണ്. പാണ്ടനാടിന്റെ ഉള്‍പ്രദേശത്തേക്ക് എത്തണമെങ്കില്‍ മൂന്നു കിലോമീറ്റര്‍ കൂടി യാത്ര ചെയ്യണം. വെള്ളം നിറഞ്ഞ റോഡിലൂടെ മുന്നോട്ടു പോകാന്‍ സാധിക്കുമോ എന്ന ആശങ്കയില്‍ നില്‍ക്കെ ആളുകളുമായി ഒരു ജീപ്പ് കടന്നുവന്നു. ശ്രീകാന്ത് സംശയിച്ചില്ല. അസാധാരണമായ വഴക്കത്തോടെ കാര്‍ വെള്ളക്കെട്ടിലൂടെ മുന്നോട്ടെടുത്തി. 

ചുറ്റിലും വെള്ളം. കാര്‍ നിന്നു പോവുകയാണെങ്കില്‍ യാത്ര ഇവിടെ അവസാനിപ്പിക്കേണ്ടി വരും. വണ്ടി നിന്നില്ല. ഞങ്ങള്‍ ആ വെള്ളക്കെട്ട് കടന്നു. 

കണ്ടതൊന്നുമായിരുന്നില്ല ദുരന്തം. മാന്നാറില്‍ നിന്ന് ചെങ്ങന്നൂരിലേക്കുള്ള വഴിയിലെ പ്രധാന പാലമായ ഇല്ലിമല പാലത്തിനു മുകളില്‍ അഞ്ഞൂറിലധികം ആളുകളുണ്ട്. കുഞ്ഞുങ്ങള്‍ മുതല്‍ തൊണ്ണൂറു കഴിഞ്ഞവര്‍ വരെ. അത്രത്തോളം വളര്‍ത്തുമൃഗങ്ങള്‍. ഇടവിട്ടു പെയ്യുന്ന മഴയില്‍ നിന്ന് രക്ഷ നേടാനാകാതെ അവര്‍ ആ ദുരിതപ്പെയ്ത്ത് ഏറ്റുവാങ്ങി.

'എല്ലാം വീട്ടിലുണ്ട്. പക്ഷേ, രണ്ട് ദിവസമായി പട്ടിണിയാണ്. ഒരു തുള്ളി വെള്ളം കുടിച്ചത് ഇവിടെയെത്തിയപ്പോഴാണ്. ഇങ്ങനെയൊരു ദുരിതം നേരിടേണ്ടി വരുമെന്ന് കരുതിയില്ല.' പാണ്ടനാട്ടു നിന്ന് ജീവനും കയ്യില്‍പ്പിടിച്ച് ഇവിടെയെത്തിയ സരസ്വതിയമ്മയ്ക്ക് ഒന്നും പൂര്‍ണമായും പറയാനാവുന്നില്ല. പൊട്ടിക്കരച്ചില്‍ മാത്രമാണ് ഞാന്‍ കേട്ടത്. 

സമസ്തലോകവും വെള്ളത്തില്‍ മുങ്ങുന്നത് കണ്ടു നില്‍ക്കാനേ പാണ്ടനാട്ടുകാര്‍ക്ക് കഴിഞ്ഞുള്ളൂ. അവര്‍ക്ക് ആരോടും ഒന്നും പറയാന്‍ കഴിഞ്ഞിരുന്നില്ല. ഇരുട്ടാണ് ചുറ്റിലും. വെളിച്ചം പൂര്‍ണമായും കെട്ടുപോയിരുന്നു. മൊബൈല്‍ ഫോണുകളില്‍ ചാര്‍ജില്ല. ബി.എസ്.എന്‍.എല്ലിനു മാത്രമാണ് റേഞ്ച് ഉണ്ടായിരുന്നത്. അതും വന്നും പോയും ഇരുന്നു.

പൊലീസോ ഫയര്‍ഫോഴ്‌സോ റവന്യൂ ഉദ്യോഗസ്ഥരോ എത്തിയിരുന്നില്ല. തിരുവനന്തപുരത്ത് ഓഫീസില്‍ വിളിച്ച് കാര്യങ്ങളുടെ ഗുരുതരാവസ്ഥ അറിയിച്ചു. ഞങ്ങള്‍ ഉള്ളിലേക്ക് പോവുകയാണെന്ന് അറിയിച്ചു. 

വെള്ളത്തിലിറങ്ങി ഷാനവാസ് ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴാണ് പത്തുപേരുമായി രക്ഷാപ്രവര്‍ത്തകരുടെ റബര്‍ ബോട്ട് വരുന്നത്. പ്രായമേറെയായ ഒരാളെ താങ്ങിയെടുത്ത് രണ്ട് ചെറുപ്പക്കാര്‍ പുറത്തേക്ക് എത്തിച്ചു. രണ്ട് ദിവസത്തിലധികം വെള്ളത്തില്‍ കിടന്ന അദ്ദേഹത്തിന്റെ തൊലി ചുക്കിച്ചുളിഞ്ഞു പോയിരിക്കുന്നു. സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്ന അദ്ദേഹത്തേയും പാലത്തിനു മുകളിലേക്ക് കൊണ്ടുപോയി. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം, ഞാനും ഷാനവാസും റബര്‍ ബോട്ടില്‍ കയറി. അല്‍പദൂരം പിന്നിട്ടപ്പോള്‍ ചെറുവള്ളത്തില്‍ പത്തിലധികം പേര്‍ വരുന്നു. വള്ളത്തിന് പുറത്തായി രണ്ട് പശുക്കളേയും കെട്ടിവലിച്ചുകൊണ്ടാണ് യാത്ര. 

റോഡിലൂടെയായിരുന്നു അപ്പോഴും ഞങ്ങളുടെ യാത്ര. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്ത് പലകുറി വന്ന വഴിയാണ്. പക്ഷെ, ഓര്‍മ്മയിലെ വഴികളെല്ലാം വെള്ളത്തില്‍ മുങ്ങിക്കിടന്നു. സ്ഥലം മനസ്സിലാവുന്ന ഒരു സൂചന പോലും കാണുന്നില്ല. എവിടെയും കലങ്ങി മറിയുന്ന കലക്കവെള്ളം മാത്രം. 

വീടുകളുടെ ഒന്നാം നിലവരെ വെള്ളം. അതിനു മുകളില്‍ രക്ഷ തേടി വീട്ടുകാര്‍. കാറുകളും ബൈക്കുകളും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നു. മതിലുകളെല്ലാം അപ്രത്യക്ഷമായി. വെള്ളത്തിലൂടെ പാമ്പുകള്‍ ഒഴുകി വരുന്നു. ഇരുനിലയില്‍ നിര്‍മിച്ച ആഡംബരവീടിന്റെ മുകളില്‍നിന്ന് ഗൃഹനാഥന്‍ ഞങ്ങളോടു ചോദിച്ചു. 'ഒരു കുപ്പി വെള്ളം തരുമോ? വെള്ളം കുടിച്ചിട്ട് രണ്ട് ദിവസമായി.' 

ബോട്ടിലുണ്ടായിരുന്ന രണ്ട് കുപ്പി വെള്ളവും രണ്ട് പായ്ക്കറ്റ് ബ്രഡും രക്ഷാപ്രവര്‍ത്തകര്‍ എറിഞ്ഞുകൊടുത്തു. വെള്ളക്കുപ്പി തുറന്ന് ഒപ്പമുണ്ടായിരുന്ന കുഞ്ഞിന് നല്‍കുമ്പോള്‍ അയാള്‍ കരയുകയായിരുന്നു. 

ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങള്‍ അടക്കം ഇരുപതിലധികം പേര്‍ ഒരു വീടിനു മുകളില്‍ കുടുങ്ങി കിടക്കുന്നുവെന്നറിഞ്ഞതോടെ രക്ഷാപ്രവര്‍ത്തകര്‍ ബോട്ട് അങ്ങോട്ട് തിരിച്ചു. റോഡില്‍നിന്ന് ഉള്‍പ്രദേശത്തേക്ക് കയറുകയാണ്. യാത്ര ദുഷ്‌കരമാണ്. സ്വന്തം ജീവന്‍ സ്വയം സംരക്ഷിക്കണം. രക്ഷാപ്രവര്‍ത്തകര്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

ഇടവഴിയിലേക്ക് ബോട്ട് തിരിച്ചു. കുത്തിയൊലിച്ച് ഒഴുകുകയാണ് പുഴ. വളരെ പണിപ്പെട്ട് കുത്തൊഴുക്കിനെ വകഞ്ഞുമാറ്റി ബോട്ട് മുന്നോട്ടു പോയി. ബോട്ട് ഓടിച്ചിരുന്നയാളുടെ മുഖത്ത് ഭീതിയുണ്ട്. എങ്കിലും മുന്നോട്ട് നീങ്ങി. വഴിയുടെ സമീപത്തെ വീടുകള്‍ക്ക് മുകളിലെല്ലാം ജനങ്ങള്‍ ഉണ്ട്. അവര്‍ക്കെല്ലാം വേണ്ടത് ഒരു നേരത്തെ ഭക്ഷണമാണ്. ഒരു കുപ്പി വെള്ളമാണ്. കൈയില്‍ കരുതിയിരുന്ന വെള്ളവും ബ്രഡും രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. 

സമീപത്തായി ഒരു ക്ഷേത്രം. ക്ഷേത്രത്തിന്റെ മുകള്‍ തട്ടുവരെ വെള്ളമുണ്ട്. അതായത് രണ്ടാള്‍ പൊക്കത്തിലധികം വെള്ളം നിറഞ്ഞിരിക്കുന്നു. അകലെയല്ലാതെ ഒരു വീട്. ഞങ്ങളെ കണ്ടതോടെ ആളുകള്‍ കുടിവെള്ളം ആവശ്യപ്പെട്ട് നിലവിളിച്ചു തുടങ്ങി. ബോട്ടില്‍ കരുതിയിരുന്ന വെള്ളം അവര്‍ക്ക് നല്‍കി. കുറച്ചു പേരെയെങ്കിലും രക്ഷപ്പെടുത്താനായി രക്ഷാപ്രവര്‍ത്തകര്‍ അവിടേക്ക് നീങ്ങി. 

chengannur flood3

അവര്‍ ബോട്ടിലേക്ക് കയറാന്‍ തയാറായില്ല. താണുകേണ് അപേക്ഷിച്ചിട്ടും അവര്‍ ഉറച്ചുനിന്നു. 'ഞങ്ങള്‍ സുരക്ഷിതരാണ്. അപ്പുറത്തെ വീട്ടില്‍ പ്രായമായ ഓരാളുണ്ട് അവരെ രക്ഷിക്കണം.' സ്വന്തം ജീവനേക്കാള്‍ വലുതാണ് അയല്‍വാസിയുടെ ജീവന്‍ എന്ന് പറയാതെ പറയുകയായിരുന്നു അവര്‍. ഒരു പ്രളയത്തിലും മുങ്ങിപ്പോവാത്ത നന്മയുടെ കര എത്ര വലുതാണ്.

രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ഞങ്ങളും അയല്‍വീട്ടിലേക്ക് പോയി. അവിടെ ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞും അമ്മയുമുണ്ട്. ആ വീട്ടിലേയും അടുത്ത വീട്ടിലേയും ആളുകള്‍ അടക്കം ഇരുപതോളം പേര്‍ ഉണ്ട്. വീടിന്റെ ഒന്നാം നിലവരെ വെള്ളംകയറി. എല്ലാവരും വീടിനു മുകളില്‍ കഴിയുന്നു. അടുത്ത ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിനായി എത്തിയ യജ്ഞാചാര്യനും അദ്ദേഹത്തിന്റെ രണ്ട് ശിക്ഷ്യന്മാരും ആ വീടിനു മുകളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ആ മൂന്നു പേരെ രക്ഷിച്ച് പുറം ലോകത്ത് എത്തിക്കണമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം. 

വീടിന്റെ ഒന്നാം നിലയില്‍നിന്ന് വളരെ പണിപ്പെട്ട് യജ്ഞാചാര്യനേയും മറ്റു രണ്ടു പേരെയും പുറത്തെത്തിച്ച് ബോട്ടില്‍ കയറ്റി. അവിടെ നിന്ന് വെള്ളത്തെ ഭേദിച്ച് ബോട്ട് തിരിച്ചു യാത്ര ഒരുങ്ങി. ബോട്ടിലുണ്ടായിരുന്ന ഭക്ഷണവും വെള്ളവും ഏകദേശം തീരാറായിരുന്നു. വീടുകള്‍ക്ക് മുകളില്‍ നിന്ന് വെള്ളത്തിനായി നാട്ടുകാര്‍ യാചിക്കുന്നു. ബാക്കിയുണ്ടായിരുന്ന വെള്ളവും അവര്‍ക്ക് നല്‍കി മടങ്ങുകയായിരുന്നു. രക്ഷപ്പെട്ട് പുറത്തേക്ക് വന്നവര്‍ അപ്പോള്‍ മാത്രമാണ് ഈ നാട് നേരിട്ട ദുരന്തം നേരില്‍ കാണുന്നത്. അവരുടെ കണ്ണുകളില്‍ ഭീതിയുടെ തേരോട്ടം. 

രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിലവിളികള്‍ കേള്‍ക്കാം. പക്ഷേ നിര്‍വാഹമില്ല. ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നത്ര ആളുകള്‍ ഇപ്പോള്‍ തന്നെയുണ്ട്. അല്‍പം മുന്നോട്ട് പോകവെ ഒരു വയസില്‍ താഴെ മാത്രം പ്രായമായ കുഞ്ഞുമായി അമ്മയും ബന്ധുക്കളും രക്ഷാമാര്‍ഗം തേടി കരയുന്നു. സ്ഥല പരിമിധി ഉണ്ടായിട്ടും അവരെ കൂടി രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഒന്നാം നിലയില്‍ കഴിഞ്ഞിരുന്ന അമ്മയേയും കുഞ്ഞിനേയും ഏകദേശം അര മണിക്കൂറോളം പണിപ്പെട്ട് ബോട്ടിലേക്ക് കയറ്റി. ആ കുഞ്ഞിനെ ഞാനാണ് ഏറ്റു വാങ്ങിയത്. ഒന്നും അറിയാത്ത ആ കുഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് എന്റെ നെഞ്ചോട് ചേര്‍ന്നു കിടന്നു. 

ഒടുവില്‍ ഞങ്ങള്‍ മറുകരയെത്തി. വാര്‍ത്ത പുറംലോകത്തെ അറിയിക്കുകയാണ് അടുത്ത ലക്ഷ്യം. കാറില്‍ കയറാന്‍ ഒരുങ്ങുമ്പോള്‍ യജ്ഞാചാര്യന്‍ അടുത്തേക്കു വന്നു. അവര്‍ക്ക് സ്വന്തം നാട്ടിലേക്ക് പോകാന്‍ യാത്രാമാര്‍ഗങ്ങള്‍ ഇല്ല. അവരേയും കാറില്‍ കയറ്റി ഞങ്ങള്‍ തിരിച്ചു. മൊബൈലിന് റേഞ്ച് കിട്ടിയത് മാവേലിക്കരയില്‍ എത്തിയപ്പോള്‍. പാണ്ടനാട്ട് നിന്ന് ഞങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തിരുവനന്തപുരത്തെ ഓഫീസിലേക്ക് അയച്ചു. വാര്‍ത്തയും നല്‍കി. 

വൈകിട്ട് ആറു മണിക്ക് മാതൃഭൂമി ന്യൂസ് ചാനലില്‍ പാണ്ടനാട്ടെ ദുരിതം ബ്രേക്കിങ് ന്യൂസായി. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതോടെ അധികാരികള്‍ വിവരം അറിഞ്ഞു. അപ്പോഴേക്കും സന്ധ്യമയങ്ങിയിരുന്നു. അടുത്ത ദിവസം പുലര്‍ച്ചെ മുതല്‍ പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്ന ഉറപ്പ് അധികാരികളിൽ നിന്നു ലഭിച്ചു. ആ വാര്‍ത്തയിലൂടെ കുറേയേറെ കുടുംബങ്ങളെ രക്ഷിക്കാന്‍ സാധിക്കുമെന്ന സന്തോഷത്തില്‍ ഞങ്ങള്‍ മടങ്ങി. 

ഇനി പോകേണ്ടത് ചെങ്ങന്നൂര്‍ നഗരത്തിലേക്കാണ്. ചെങ്ങന്നൂരിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങിയിട്ട് ഒരു രാത്രിയും ഒരു പകലും പിന്നിട്ടിരുന്നു. രാത്രി തന്നെ പോകാന്‍ തയാറെടുത്തു. പക്ഷേ, രാത്രിയാത്ര ദുഷ്‌കരമാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ യാത്ര പിറ്റേന്ന് പുലര്‍ച്ചയിലേക്ക് മാറ്റി.

chengannur flood

കണ്ണീരണിഞ്ഞ ചെങ്ങന്നൂര്‍ 

ഓഗസ്റ്റ് 18. ചെങ്ങന്നൂര്‍ ഒറ്റപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മന്ത്രി പി.തിലോത്തമന്‍ അടക്കമുള്ളവര്‍ ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്ന വിവരം പുലര്‍ച്ച നാലു മണിയോടെ അറിഞ്ഞു. ഞങ്ങളുടെ മൂവര്‍ സംഘം വീണ്ടും യാത്ര തുടങ്ങി.   യാത്രയ്ക്കിടെ പലരേയും ഫോണില്‍ ബന്ധപ്പെട്ടു. ചെങ്ങന്നൂരിലേക്ക് എത്താന്‍ യാതൊരു മാര്‍ഗവുമില്ലെന്നായിരുന്നു മറുപടി. മാവേലിക്കരയിലൂടെ കൊല്ലക്കടവിലേക്ക് പോകാന്‍ തീരുമാനിച്ചു. അഞ്ചു മണിയോടെ അവിടെ എത്തി. 

കൊല്ലക്കടവ് പാലത്തിലേക്ക് കടക്കാനുള്ള റോഡില്‍ നിറയെ വെള്ളം. ഷാനവാസിന്റെ ദൃശ്യങ്ങളോടെ ആറു മണി വാര്‍ത്തയില്‍ ലോകം അതു കണ്ടറിഞ്ഞു. അല്‍പസമയത്തിനുള്ളില്‍ റവന്യൂ വകുപ്പിന്റെ ജീപ്പ് വന്നു. അവരോട് മറുകര എത്താനുള്ള മാര്‍ഗം ഞങ്ങള്‍ തേടി. പ്രതീക്ഷ നിറഞ്ഞതായിരുന്നു മറുപടി. രക്ഷാപ്രവര്‍ത്തനത്തിനുള്ള നേവി ഉദ്യോഗസ്ഥര്‍ ലോറിയില്‍ ചെങ്ങന്നൂരിലേക്ക് പോകുന്നുണ്ട്. അവരുടെ ലോറിയില്‍ കയറിയാല്‍ ചെങ്ങന്നൂരിലെത്താം.  തിരിച്ചുവരവ് ഉടനെ നടക്കില്ല. വെള്ളംപൂര്‍ണമായും ഇറങ്ങിയ ശേഷമേ തിരിച്ചുവരാന്‍ സാധിച്ചു. 

തിരിച്ചു വരുന്നതിനെ കുറിച്ചൊന്നും അപ്പോള്‍ മനസില്‍ ചിന്ത ഉണ്ടായിരുന്നില്ല. എങ്ങനേയും ചെങ്ങന്നൂരില്‍ എത്തുക മാത്രമായിരുന്നു ലക്ഷ്യം. വലിയ ടോറസ് ലോറിയില്‍ രണ്ട് റബര്‍ ബോട്ടുകളുമായി നേവി ഉദ്യോഗസ്ഥര്‍ എത്തി. ലോറി നിര്‍ത്തിച്ച് ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. ലോറിക്ക് പിന്നില്‍ കയറാന്‍ അവര്‍ അനുമതി തന്നു. വൈദ്യുതിയോ ഇന്റര്‍നെറ്റോ, എന്തിന് ഫോണ്‍വിളിക്കാന്‍ പോലും സംവിധാനമില്ലാത്ത സ്ഥലത്തേക്കാണ് യാത്രയെന്ന് അറിയില്ലായിരുന്നു. ലോറി വെള്ളത്തിലൂടെ മുന്നോട്ട് നീങ്ങി. 

ആര്‍ത്തിരമ്പി എത്തുകയാണ് അച്ചന്‍കോവില്‍ ആറ്. റോഡിന് സമീപത്തെ ഒറ്റ നില വീടുകള്‍ കാണാനേയില്ല. രണ്ട് നില വീടുകളുടെ മുകള്‍ നിലവരെ വെള്ളം കയറിയിരിക്കുന്നു. ആറ് കിലോമീറ്ററോളം വെള്ളത്തിലൂടെ നീങ്ങിയ ലോറി അവസാനം വെള്ളക്കെട്ട് ഒഴിഞ്ഞ റോഡിലൂടെ വേഗത്തില്‍ കുതിച്ചു. കോരിച്ചൊരിയുന്ന മഴയില്‍ നനഞ്ഞായിരുന്നു ലോറിയിലൂടെ ഉള്ള യാത്ര. 

എട്ടു മണിയോടെ ചെങ്ങന്നൂര്‍ നഗരത്തിലെത്തി. ബി.എസ്.എന്‍.എല്‍ ഒഴികെ എല്ലാ മൊബൈല്‍ ദാതാക്കളുടേയും നെറ്റ് വര്‍ക്ക് നഷ്ടമായിരിക്കുന്നു. എട്ടു മണി വാര്‍ത്തയില്‍ ചെങ്ങന്നൂര്‍ നഗരത്തിലെ യഥാര്‍ത്ഥ ചിത്രം പ്രേക്ഷകരെ അറിയിച്ചു. ഷാനവാസ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിക്കൊണ്ടേയിരുന്നു. പക്ഷേ അവ അയക്കാന്‍ മാര്‍ഗമില്ല. ഞങ്ങള്‍ നേരെ ബി.എസ്.എന്‍.എല്‍ ഓഫീസ് ലക്ഷ്യമാക്കി നീങ്ങി. അവിടെ എത്തിയാല്‍ മൊബൈല്‍ ഫോണിന് കൂടുതല്‍ റേഞ്ച് ലഭിക്കാന്‍ സാധ്യതയുണ്ട്. 

അവിടെവെച്ച് സുഹൃത്ത് അഡ്വ. കെ.ആര്‍. സജീവനെ കണ്ടു. അദ്ദേഹത്തിനൊപ്പമായിരുന്നു പിന്നീട് യാത്ര. തിരുവന്‍വണ്ടൂരില്‍ ബന്ധുക്കള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് ഗള്‍ഫില്‍നിന്നു വരെ ഫോണ്‍ കോളുകള്‍ ലഭിച്ചു. ആ വിവരങ്ങളെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും മാതൃഭൂമി ന്യൂസിന്റെ ഹെല്‍പ് ഡസ്‌കിനേയും അറിയിച്ചുകൊണ്ടിരുന്നു. 

തിരുവന്‍വണ്ടൂരിലേക്ക് പോകാനായി കല്ലിശ്ശേരി ജംഗ്ഷനില്‍ എത്തിയപ്പോള്‍ റോഡില്‍ നിറയെ മത്സ്യതൊഴിലാളികളുടെ വള്ളങ്ങള്‍. നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകര്‍ അവിടെയുണ്ട്. ബോട്ടുകളില്‍ ജനങ്ങളെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നു. ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ കഴിഞ്ഞവര്‍ക്ക് ബ്രഡും വെള്ളവും നല്‍കുന്നു. 

അതിനിടെ ഒരു മറ്റൊരു വള്ളം രക്ഷാപ്രവര്‍ത്തനത്തിനു പോകാന്‍ തയാറായി. ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്ന ആ നാടിന്റെ ഉള്ളറയിലേക്ക് മത്സ്യത്തൊഴിലാളികള്‍ കുതിച്ചു. രക്ഷപ്പെട്ട് എത്തിയവരുടെ പ്രതികരണങ്ങള്‍ പകര്‍ത്തി ഞങ്ങള്‍ വീണ്ടും ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് പോയി. അവിടത്തെ വൈഫൈയുടെ സഹായത്തോടെ വാര്‍ത്തയും ദൃശ്യങ്ങളും ഓഫീസില്‍ എത്തിച്ചു. അപ്പോഴേക്കും സമയം ഒരു മണി പിന്നിട്ടിരുന്നു. 

അപ്പോഴാണോര്‍ത്തത്. ഈ ദിവസം ഇതുവരെ ഒന്നും കഴിച്ചിട്ടില്ല. ഒരു കുപ്പി വെള്ളത്തിനായി തിരക്കി. കടകളെല്ലാം അടഞ്ഞു കിടക്കുന്നു. അപ്പോഴും രക്ഷകനായി എത്തിയത് അഡ്വ. സജീവനായിരുന്നു. ഞങ്ങള്‍ക്ക് ബ്രഡും വെള്ളവും അദ്ദേഹം നല്‍കി. തിരുവന്‍വണ്ടൂരിലെ ദുരിതങ്ങള്‍ രാത്രി 11 മണിവരെ നേരിട്ടു കണ്ടു. വാര്‍ത്തകള്‍ നല്‍കി. അപ്പോഴേക്കും സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങി.

ഓഗസ്റ്റ് 19. പുലര്‍ച്ചെ തന്നെ പ്രധാന ക്യാംപായ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ എത്തി. ആയിരത്തിലധികം പേര്‍ ഉടുതുണി ഒഴിച്ച് എല്ലാം നഷ്ടമായി അവിടെയുണ്ട്. രക്ഷാപ്രവര്‍ത്തന ദൗത്യം സൈന്യവും വ്യോമസേനയും നാവികസേനയും ഏറ്റെടുത്തിരുന്നു. എയര്‍ ലിഫ്റ്റിങ്ങിലൂടെ ആയിരങ്ങളെ സൈന്യവും വ്യോമസേനയും രക്ഷപ്പെടുത്തി ഇവിടേക്ക് എത്തിക്കുകയാണ്. 

കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവുമായി ഹെലികോപ്റ്ററുകള്‍ പറന്നുയര്‍ന്നു കൊണ്ടിരുന്നു. വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി യുവ ഓഫീസര്‍ അഷിത വി തോമസുണ്ട്. ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന മേജര്‍ റാങ്കില്‍ ഉള്ള ഓഫീസറെ കണ്ടു. ജോലിത്തിരക്ക് ഒഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ പരിചയപ്പെട്ടു. മേജര്‍ ഹേമന്ദ് രാജ്. ഏറ്റുമാനൂര്‍ സ്വദേശിയാണ്. 

ജോലി സ്ഥലത്തുനിന്ന് അവധിക്ക് എത്തിയതായിരുന്നു അദ്ദേഹം. പ്രളയം വന്ന് തൊട്ടപ്പോള്‍ അവധി ഉപേക്ഷിച്ച് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടയിലെ ഒരു ദുരനുഭവം അദ്ദേഹം പങ്കുവെച്ചു.  'പാണ്ടനാട് മേഖലയില്‍ ഹെലികോപ്പ്റ്റില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന ഞങ്ങള്‍. ഒരു യുവാവ് വെള്ളത്തിന് നടുവില്‍വെച്ച് ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നിലവിളിച്ചു. ഹെലികോപ്റ്റര്‍ യുവാവിന് അടുത്തേക്ക് നീങ്ങി. കൈയില്‍ കരുതിയിരുന്ന മൊബൈലില്‍ ഒരു സെല്‍ഫി പകര്‍ത്തിയ ശേഷം തിരിച്ചു പൊയ്‌ക്കൊള്ളാന്‍ യുവാവ് പറഞ്ഞു. മറ്റൊരാളെ രക്ഷിക്കാനുള്ള സമയമാണ് യുവാവ് നഷ്ടപ്പെടുത്തിയത്.' 

chengannur flood3

ഓഗസ്റ്റ് 20. യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു ചെങ്ങന്നൂരില്‍. രാവിലെ സൈന്യത്തിന്റെ കമാന്‍ഡോ ടീം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. പാക്കിസ്താന്‍ അതിര്‍ത്തിയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് നേതൃത്വം നല്‍കിയ കമാൻഡോ സംഘത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ചെങ്ങന്നൂരിലും ഇറങ്ങിയത്. മന്ത്രിമാരുടെയും എം.എല്‍.എ സജി ചെറിയാന്റെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആയിരത്തിലധികം പോലീസുകാര്‍ ദുരിതബാധിത മേഖലയില്‍ ഇറങ്ങി. 

ദിവസങ്ങള്‍ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ഉത്രാടത്തലേന്ന് ലൈവായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യവേ ഒരു ക്യാംപിന്റെ ദുരവസ്ഥ നാട്ടുകാരന്‍ അറിയിച്ചു. ചെങ്ങന്നൂര്‍ നഗരസഭ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപില്‍ വെള്ളമോ ഭക്ഷണമോ കിട്ടുന്നില്ലെന്നായിരുന്നു പരാതി. ഞങ്ങള്‍ ആ ക്യാംപിലേക്ക് പോയി. ഹൃദയഭേദകമായിരുന്നു ആ കാഴ്ച്ച. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ, മാരകരോഗത്തിന് അടിമകളായവര്‍ മുതല്‍ വികലാംഗര്‍ വരെ ആ ക്യാംപില്‍ ഉണ്ടായിരുന്നു. ഭക്ഷണമോ വെള്ളമോ ഇല്ല. ക്യാംപില്‍നിന്നു തല്‍സമയം റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ ക്യാംപിലേക്ക് ഭക്ഷണമെത്തി. തിരുവോണനാളില്‍ വിഭവസമൃദ്ധമായ സദ്യയും ലഭിച്ചു.

എല്ലാമുണ്ടായിട്ടും അഭയാര്‍ത്ഥികളാകേണ്ടി വന്നവരുടെ മുഖങ്ങള്‍ മനസ്സില്‍ നിന്നു മായില്ല. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവരായി മാറിയവര്‍ ഒരിറ്റു വെള്ളത്തിനും ഒരു കഷ്ണം റൊട്ടിക്കും വേണ്ടി കൈനീട്ടി. ഹൃദയം നടുക്കുന്ന കാഴ്ച്ചകളും അനുഭവങ്ങളും ബാക്കിയാണ്. തുടര്‍ച്ചയായ പതിനഞ്ചു ദിവസം ചെങ്ങന്നൂരില്‍ ഞാന്‍ കണ്ട കാഴ്ച്ചകള്‍ ഇനിയെനിക്കു മറക്കാനാവില്ല. എല്ലാമെല്ലാം ഇപ്പോഴും കണ്‍മുന്നില്‍ തെളിയുകയാണ്.