ബാണാസുരന്‍ പാര്‍ത്ത മല എന്ന് തന്നെയാണ് വിശ്വാസം. പക്ഷേ ഉഷയും അനിരുദ്ധനുമായുള്ള പുരാണപ്രണയം കഴിഞ്ഞ ആഴ്ച ഈ നാട് ഓര്‍ത്തതേയില്ല. അനുഭവിച്ചത് വെറും ദുരന്തം മാത്രം. 
വയനാട്ടിലെ പടിഞ്ഞാറത്തറയിലാണ് ബാണാസുര സാഗര്‍ ഡാം. ഈ ഡാം നിറഞ്ഞ ചരിത്രമില്ല വൈദ്യുതി വകുപ്പിന്. ഇത്തവണയും ആരും അത് പ്രതീക്ഷിച്ചില്ല. മണ്ണു കൊണ്ടുള്ള അണക്കെട്ടാണിത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മണ്ണണക്കെട്ട്. കുന്നുകള്‍ക്ക് നടുവിലെ ജലസംഭരണി.

panamaram

വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്ന പ്രകാരമാണെങ്കില്‍ ആവശ്യത്തിന് വെള്ളം സംഭരിക്കുന്നില്ല എന്ന പരാതിയാണ് പൊതുവേ ബാണാസുരയെ പറ്റി ഉള്ളത്. ഇപ്രാവശ്യം അത് മാറി. ജൂലൈയില്‍ അണക്കെട്ട് തുറന്നു. വേഗം ഷട്ടര്‍ അടച്ചു. ജലം  സംഭരിക്കാന്‍ തുടങ്ങി. പെയ്തിറങ്ങിയ മഴയില്‍ അതിവേഗം അണക്കെട്ട് നിറഞ്ഞു. അപ്പോഴേക്കും പക്ഷേ അടച്ചുകഴിഞ്ഞ അണക്കെട്ട് അപകടനിലയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. ഡാം നിറഞ്ഞൊഴുകിയതിന് ദൃക്‌സാക്ഷികളുണ്ട് പടിഞ്ഞാറത്തറയില്‍. ആ സാഹചര്യത്തിലാണ് തിരക്കിട്ട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. 290 സെന്റീ മീറ്റര്‍ ഷട്ടര്‍ തുറന്നെന്നാണ് ഔദ്യോഗികമായ സ്ഥരീകരണം.

banasura sagar waterflow

പുറത്തും മഴ നിറഞ്ഞ് പെയ്തിരുന്നു. അതിവര്‍ഷത്തിന്റെ ആഘാതത്തില്‍ വയലുകളും പുഴകളും തോടുകളും നിറഞ്ഞ നേരം. അതിന് മീതേ പുതിയൊരു പുഴയായി ബാണാസുരസാഗറിലെ വെള്ളം ഇരമ്പിയൊഴുകി. 
പണ്ടൊരു ആഗസ്റ്റ് ഒമ്പതിനാണ് നാഗസാക്കിയില്‍ അമേരിക്ക അണുബോംബിട്ടത്. അതിലും മുമ്പൊരു ആഗസ്റ്റ് ഒമ്പതിനാണ് ബ്രിട്ടീഷുകാരോട് ഇന്ത്യ വിടാന്‍ ഗാന്ധിജി ആവശ്യപ്പെട്ടത്. രണ്ടും ഓര്‍മ്മിപ്പിക്കുന്നു ഇക്കഴിഞ്ഞ ആഗസ്റ്റ് 9. അണുബോംബിന് പകരം ജലബോംബ്. പാവപ്പെട്ട വയനാട്ടുകാരോട് വൈദ്യുതിബോര്‍ഡിന്റെ ക്വിറ്റ് ഇന്ത്യാ കല്‍പന. 

panamaram

പിറ്റേന്ന് ഞങ്ങള്‍ ചെന്നപ്പോള്‍ കണ്ടത് അത്രയും കരളു പിടയുന്ന കാഴ്ചകളാണ്. മല കയറി ചെന്നത് അക്ഷരാര്‍ത്ഥത്തില്‍ സങ്കടങ്ങളിലേക്കാണ്. പടിഞ്ഞാറത്തറയും പനമരവും വെള്ളമുണ്ടയുടെ ഒരു ഭാഗവും മുങ്ങി. കൃത്യമായി പറഞ്ഞാല്‍ പന്തിപ്പൊയിലും പുതുശ്ശേരിക്കടവും ചേര്യംകൊല്ലിയും പനമരവും. വെള്ളം നിറഞ്ഞ് കോട്ടത്തറ മുങ്ങി. മാനന്തവാടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. വള്ളിയൂര്‍ക്കാവും പൊയിലേരിയും ആറാട്ടുതറയും പാണ്ടിക്കടവും മുങ്ങി. കോട്ടത്തറയിലും വെണ്ണിയോടും നീരൊഴുക്കു മുട്ടി ശ്വാസം മുട്ടി നിന്നു. കുപ്പാടിത്തറയും നീരട്ടാടിയും മുണ്ടക്കുറ്റിയും നീര്‍വാരവുമൊക്കെ വെള്ളത്തിലായി. പേരു പറഞ്ഞാല്‍ തീരാത്തത്ര ഗ്രാമങ്ങള്‍. ആയിരക്കണക്കിനാളുകള്‍. സര്‍വവും മുങ്ങി നിന്നു. വിറങ്ങലിച്ച്, മിണ്ടാനാവാതെ.

panamaram

കണ്‍ ചിമ്മിത്തുറക്കുന്ന വേഗത്തിലായിരുന്നു എല്ലാം. പനമരത്ത് എംഎല്‍എ ഒആര്‍ കേളുവിനെ കണ്ടു. അദ്ദേഹം പറഞ്ഞു.'' ഈ ദുരിതാശ്വാസ ക്യാമ്പ് നിര്‍ത്തിയാല്‍ തിരിച്ചു പോകാന്‍ ഇടമില്ലാത്തവരാണ് ഒരു പാട് പേര്‍. രാത്രി വെള്ളം കയറി. ആരും ആരേയും അറിയിച്ചിരുന്നില്ല. പെട്ടെന്നാണ് ഡാം തുറന്നത്. വെള്ളത്തില്‍ നിന്ന് വലിച്ചെടുക്കുകയായിരുന്നു ഒരുപാട് പേരെ. ഭാഗ്യത്തിന് മരണം സംഭവിച്ചില്ല. മരിച്ചതിന് തുല്യമാണ് പലരും ഇനി ജീവിക്കുന്നത്. കെഎസ്ഇബി ഇടുക്കിയില്‍ ചെയ്ത പോലുള്ള റെഡ് അലര്‍ട്ടോ ഓറഞ്ച് അലര്‍ട്ടോ തന്നിരുന്നെങ്കില്‍ നാശനഷ്ടത്തിന്റെ അളവ് വളരെ കുറയുമായിരുന്നു'' 

wayanad

വയനാട് ജില്ലാ കളക്ടര്‍ അജയ കുമാര്‍ ഐഎഎസിനാണ് ജില്ലാ ദുരന്തനിവാരണ സംവിധാനത്തിന്റെ ചുമതല. അദ്ദേഹം പറഞ്ഞു. ' വിവാദത്തിന് ഇല്ല. പക്ഷേ എന്നെ ആരും അറിയിച്ചില്ല ഡാം തുറക്കുന്ന കാര്യം. ഇനി ഇങ്ങനെ അനുവദിക്കില്ല.'' 

വാട്‌സ് ആപ് സന്ദേശങ്ങളിലൂടെ ഔദ്യോഗിക ഗ്രൂപ്പുകളെ വിവരം അറിയിച്ചെന്നായിരുന്നു ബാണാസുര ഡാമിന്റെ ചുമതലയുള്ള കെഎസ്ഇബി എഞ്ചിനീയര്‍ മനോഹരന്റെ മറുപടി. സന്ദേശങ്ങള്‍ അയക്കുന്നതിന്റെ സംവിധാനത്തെ ചൊല്ലി മുകളില്‍ കലഹം തുടര്‍ന്നു. അതിനിടെ ഞങ്ങള്‍ പനമരത്തെത്തി. വീടുകളില്‍ കുടുങ്ങിപ്പോയവര്‍. കൃഷി നശിച്ചവര്‍, അരുമയായ ആടുമാടുകള്‍ നഷ്ടപ്പെട്ടവര്‍. വീടു തന്നെ പൊയ്‌പ്പോയവര്‍, കിടപ്പുരോഗികള്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍. ഹൃദയം ഉള്ളവനെ തന്നെ വേവലാതിപ്പെടുത്തുന്ന കാഴ്ചകള്‍. 

panamaram

മേരിച്ചേച്ചി പറഞ്ഞു'' നാലു പശുക്കളും ഒലിച്ചുപോയി മോനേ. കര്‍ത്താവ് എന്റെ ജീവനെടുത്തിരുന്നേല്‍ ഇത്ര വിഷമം ഇല്ലായിരുന്നു'' രാവും പകലും കാത്തു നിന്ന ശേഷമാണ് പനമരത്തെ സിബി കാലക്കയര്‍ പ്രളയത്തിന് എറിഞ്ഞുകൊടുത്ത് കര പറ്റിയത്. എല്ലായിടത്തും ഒരേ സങ്കടങ്ങള്‍. കലങ്ങിമറിയാതെ നിറഞ്ഞൊഴുകിയത് കണ്ണീരു മാത്രം. 

വെട്ടാറായ വാഴക്കുലകള്‍ പാടത്തെമ്പാടും മുങ്ങിക്കിടപ്പുണ്ട്. നട്ടതും വിതച്ചതും പുഴയെടുത്തു. പറമ്പിലെല്ലാം ഇടവിളകള്‍ ഒടിഞ്ഞുകിടപ്പുണ്ട്. തുടര്‍ന്നുള്ള മഴ ദിവസങ്ങളില്‍ പലവട്ടം ബാണാസുര ഡാം തുറന്നു. എല്ലായ്‌പോഴും ബീച്ചനഹള്ളിയെ വിവരം അറിയിച്ച ശേഷം. ഓരോ വട്ടവും ആ നാട് മുങ്ങിക്കൊണ്ടേയിരുന്നു. ഇരുട്ടിന്റെ കടലില്‍ നിസ്സഹായമായ മണ്‍കുടം പോലെ നാട്. 

panamaram

വൈദ്യുതി വകുപ്പ് ന്യായീകരിക്കുന്നുണ്ട് അന്നത്തെപ്പോലെ ഇന്നും. ''മുമ്പേ പറഞ്ഞില്ലേ, നിങ്ങള്‍ക്ക് മാറിപ്പോകാമായിരുന്നില്ലേ?'' എന്നാണ് വാദം. ദഹിക്കില്ല വയനാടിന് . കക്ഷിഭേദമില്ലാതെ തള്ളിക്കളയുന്നു നാട്ടുകാര്‍ ഈ വാദത്തെ. വയനാട്ടുകാരോട് തെല്ലെങ്കിലും അനുകമ്പ ഉണ്ടെങ്കില്‍ വൈദ്യുതി വകുപ്പ് ഒന്നു ചെയ്യണം. ദയവോടെ ബാണാസുരയിലെ അനധികൃത ഖനനം നിര്‍ത്താനെങ്കിലും നടപടിയെടുക്കണം. ഇക്കഴിഞ്ഞ മഴയില്‍ നാല്‍പതു ഉരുള്‍പൊട്ടലുകള്‍ അവിടെ ഉണ്ടായി എന്നാണ് കെഎസ്ഇബിയുടെ കണക്ക്. മണ്ണണക്കെട്ട് ദുര്‍ബലമാവുന്നുണ്ട്. മരിച്ചുപോയിട്ട് ജാതകം എഴുതേണ്ടി വരില്ലല്ലോ.