അന്നമനടയിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കുന്നു

ന്നമനട എന്ന പേരില്‍ തന്നെ ഒരു താളമുണ്ട്. പരമേശ്വര മാരാരെ പോലുള്ളവരെ ഓര്‍മ്മയിലെത്തിക്കുന്ന നാട്. എന്നാല്‍ താളം തെറ്റിക്കിടപ്പാണ് അന്നമനട.

പലവഴി ശ്രമിച്ചു അന്നമനടയിലെത്താന്‍. ദേശീയ പാതയില്‍നിന്നുള്ള വഴികളെല്ലാം അടഞ്ഞു കിടപ്പാണ്. എളവൂരില്‍ ചന്തക്കവല തന്നെ മുങ്ങി. മുരിങ്ങൂരിലും കൊരട്ടിയിലും മാമ്പ്രയിലും ഒക്കെ വെള്ളമാണ്. അവസാനം ചാലക്കുടിയില്‍ വെള്ളം ഇറങ്ങി. ആളൂരില്‍നിന്ന് തിരിഞ്ഞ് അഷ്ടമിച്ചിറ വഴി അന്നമനടയിലെത്തി.

ദുരിതബാധിതരെ ആശ്വസിപ്പിച്ച് ഇന്നസെന്റ്

വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി അപ്പോഴേക്കും കേട്ടിരുന്നു. വിളിച്ചവരെല്ലാം ദുരന്തത്തിന്റെ കഥകള്‍ പറഞ്ഞു. അമ്പഴക്കാട് എത്തിയപ്പോള്‍ എം.പി. ഇന്നസെന്റിനേയും എം.എല്‍.എ. ബി.ഡി. ദേവസ്സിയേയും കണ്ടു. ഇന്നസെന്റ് പറഞ്ഞു 'പോവാന്‍ പറ്റിയിട്ടില്ല. എം.എല്‍.എയെ തന്നെ ഇന്നാണ് കിട്ടിയത്. മുങ്ങിക്കിടപ്പാണ് പ്രദേശം. എത്തിപ്പെടാന്‍ നോക്കുകയാണ് എല്ലാവരും. തകര്‍ന്നടിഞ്ഞ് കിടപ്പാണ് മേഖല.'' 

ദുരന്തം മനുഷ്യനെ ഒന്നിപ്പിക്കാന്‍ ദൈവം ചെയ്തതോ: ഇന്നസെന്റ്

ആ വാക്കുകള്‍ കാണുകയായിരുന്നു പിന്നീട്. അവിടെവച്ചു തന്നെ ഞങ്ങളുടെ വാഹനം വെള്ളം കയറി തകരാറിലായി. പിന്നീട് നടന്നു. വഴിയോരമെമ്പാടും കണ്ടു. വൈന്തല തൊട്ടേ കാണാറായി. ഇരുവശവും  വീണുകിടക്കുന്ന മതിലുകള്‍. ഉള്ളില്‍ നട്ടതെല്ലാം നശിച്ചു പോയിരിക്കുന്നു.

തെങ്ങുകളും വലിയ മരങ്ങളും മാത്രമേ പറമ്പുകളില്‍ ബാക്കിയുള്ളൂ. ഒടിഞ്ഞുവീണ വാഴയും ജാതിയും കപ്പയും ഇടവിളകളും. മിക്കതും ഒലിച്ചുപോയി. ചളി കയറിയ പറമ്പുകള്‍. വീടുകളിലും. കാലു വയ്ക്കാന്‍ പറ്റാത്തത്ര ചേടി നിറഞ്ഞിട്ടുണ്ട് ചിലയിടങ്ങളില്‍.

പശുക്കളും എരുമകളും ആടുകളും കോഴികളും ചത്തു കിടക്കുന്നുണ്ട് . നടക്കുമ്പോള്‍ പലയിടത്തും മൂക്കു പൊത്തണം. അത്രയേറെയാണ് ചീഞ്ഞ മൃഗങ്ങളുടെ ദുര്‍ഗന്ധം. അന്നമനട കവലയിലെത്താന്‍ പലവട്ടം റോഡിലെ കുത്തൊഴുക്ക് കടക്കണം. പലയിടത്തും നാട്ടുകാര്‍ സഹായിച്ചു. ഇടവേളകളില്‍ പലരും ഇരു ചക്രവാഹനങ്ങളുമായി  വന്നു. 
എന്നിട്ടും പാതിവഴിയില്‍ യാത്ര മുടങ്ങി. 

വെള്ളത്തില്‍ മുങ്ങിയ അന്നമനട മാമ്പ്ര റോഡ്

അന്നമനട അമ്പലനടയില്‍നിന്ന് പൂവത്തുശ്ശേരിക്കുള്ള വഴിയില്‍ നാട്ടുകാര്‍ പറഞ്ഞു, ഇനി പോകാനാവില്ല. ദുരന്തനിവാരണ സേനയുടെ ഓറഞ്ചു കുപ്പായക്കാര്‍ കയര്‍ കെട്ടിയിട്ടുണ്ട്. മുന്നിലെ റോഡില്‍ അവരുടെ വഞ്ചി കണ്ടു. ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്‌സിലെ സജീവിനെ കണ്ടു. കാറളം സ്‌കൂളിലെ സഹപാഠി. 'തിരിച്ചു പോകാന്‍ നോക്കൂ. മുന്നോട്ട് പോകുന്നത് അപകടമാണ്. ഇന്നലെ ഇവിടെ എത്താന്‍ കഴിയുമായിരുന്നില്ല. ഞങ്ങള്‍ രാവിലെ വന്നത്തേതിനേക്കാള്‍ വെള്ളം കുറഞ്ഞിട്ടുണ്ട്. പക്ഷേ ഉള്ളില്‍ എന്താണ് അവസ്ഥ എന്ന് പറയാന്‍ പറ്റില്ല. ആദ്യം നാട്ടുകാര്‍ പോയി പറഞ്ഞതാണ് ഇവിടെ വീടുകളില്‍. എന്നിട്ടും വീടൊഴിയാത്തവര്‍ക്ക് അപകടം പറ്റിയിട്ടുണ്ടാകും എന്നാണ് പേടി.' 

നില്‍ക്കാന്‍ നേരമില്ല. നനഞ്ഞൊട്ടിയ സജീവ് തോളില്‍ കയറുമായി വീണ്ടും ഒഴുക്കിലേക്കിറങ്ങി.
ദുരന്തനിവാരണ സേന ഒപ്പമുണ്ട്. ഹിമാചലില്‍നിന്നുള്ള കശ്മീര്‍ സിംഗിനാണ് ചുമതല. അരയ്‌ക്കൊപ്പം വെള്ളത്തില്‍ നിന്ന് അദ്ദേഹം പറഞ്ഞു. ' ഇടവഴികള്‍ വരെ പോയി. പലയിടത്തും കുടുങ്ങിക്കിടന്നവരെ തിരിച്ചെത്തിച്ചു. വീടുകളില്‍ വെള്ളമാണ്. അതിലേറെ കടുത്തതാണ് ഒഴുക്ക്. ഞങ്ങള്‍ മുന്നോട്ട് പോവുകയാണ്. ചിലര്‍ വീട്ടില്‍ ചെന്നു വിളിച്ചാലും പോരുന്നില്ല. അതാണ് വിഷമമുണ്ടാക്കുന്നത്. അത്ര നേരം അവര്‍ക്കു വേണ്ടി ചെലവിട്ടത് വെറുതെയാവും. മരണം മുന്നിലുണ്ടായിട്ടും ഇങ്ങനെ ശാഠ്യം പിടിക്കുന്നവരെ മറ്റെവിടേയും കാണാനാവില്ല.''

മഴയില്‍ ഒറ്റപ്പെട്ട് തൃശ്ശൂര്‍ എളവൂര്‍ ചന്ത

തോളത്തിട്ട കുഞ്ഞുങ്ങളുമായാണ് പലരും വരുന്നത്. കരയാന്‍ കണ്ണീരില്ലാത്ത അമ്മമാരും പ്രായം ചെന്നവരും ഒപ്പമുണ്ട്. തിരിച്ചുവരവില്ല എന്ന് ഉറപ്പിച്ച രാത്രികള്‍ പിന്നിട്ട് വരുന്നവര്‍. അവര്‍ ചുവടുവയ്ക്കുന്നത്  ജീവിതത്തിന്റെ നട്ടുച്ചകളിലേക്കാണ്. കാരണം ഇന്നോളം ഉണ്ടാക്കിയെതെല്ലാം പോയിക്കഴിഞ്ഞു. ഓരോന്നോരോന്നായി ആരംഭിക്കണം ഇനി. 

പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ടൈറ്റസുണ്ടവിടെ. പ്രവര്‍ത്തന മേല്‍നോട്ടത്തിന്. ഭക്ഷണമുണ്ടാക്കുന്ന വീട്ടില്‍ നിന്നിറങ്ങി പ്രസിഡണ്ട് ദുരന്തനിവാരണ സേനയുടെ അടുത്തേക്ക് എത്തി. 'ഇവര്‍ ഇന്നലെ വന്നിരുന്നെങ്കില്‍ കുറേക്കൂടി ആശ്വാസം കിട്ടിയേനേ. പറഞ്ഞിട്ടെന്താ കാര്യം. ഇനി പറഞ്ഞുവിടാതെ മുഴുവന്‍ സ്ഥലത്തേക്കും എത്തിക്കണം. പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ മാത്രമാണ് ചെറിയ ആശ്വാസമുള്ളത്. മറ്റെല്ലാം ഒഴുകിപ്പോയ അവസ്ഥയിലാണ്. പുനരധിവാസം വലിയ പ്രശ്‌നമാവും.' 

പ്രളയം: ബി.ഡി. ദേവസി പ്രതികരിക്കുന്നു

അമ്പലനടയില്‍ സുരേന്ദന്റെ വീട്ടില്‍ ആളുണ്ട്. ജോമിയും ജിതിനുമൊക്കെ നിരാശരായി തിരിച്ചുവരുന്നു 'എത്ര പറഞ്ഞിട്ടും അവര്‍ വരുന്നില്ല.' വെള്ളത്തിലിറങ്ങി ഞങ്ങള്‍ ഒപ്പം ചെന്നു. സുരേന്ദ്രനും ഭാര്യയും രണ്ടു മക്കളുമുണ്ട്.
'പുതിയ വീടാണ്. കുഴപ്പം പറ്റില്ല. ഇതിലും വലിയ വെള്ളത്തില്‍ പോയില്ലല്ലോ. ഇനി ഒന്നും വരാനില്ല.' 

നിര്‍ബന്ധിച്ചപ്പോള്‍ സുരേന്ദ്രന്‍ പറഞ്ഞു. വൈകീട്ട് മാറാം. സഹോദരിയുടെ വീട്ടില്‍ വെള്ളം കയറിയിട്ടില്ല. ഞങ്ങള്‍ തിരിച്ചിറങ്ങി. വീട്ടില്‍ കണങ്കാലു മൂടുന്നത്രയുണ്ട് ചേറും ചെളിയും.

അന്നമനട പാലത്തില്‍ നിന്നാല്‍ ഒലിച്ചെത്തുന്ന കന്നുകാലികളുടെ ജഡങ്ങള്‍ കാണാം.  പുളിക്കക്കടവില്‍ പുഴയില്‍ നിന്ന് അടിയുന്ന കന്നുകാലികളെ നാട്ടുകാര്‍ ഒഴുക്കിവിടുന്നത് കണ്ടു. പകര്‍ച്ചവ്യാധികളുടെ പരമ്പര വരാനിരിക്കുന്നുണ്ടോ എന്ന ആശങ്കയുണ്ട് എല്ലായിടത്തും. 

തൃശ്ശൂര്‍ അന്നമനടയില്‍ വീടു വിട്ടിറങ്ങാന്‍ പേടി

പുഴകള്‍ സമൃദ്ധമാക്കിയ കാര്‍ഷിക ഗ്രാമമമാണിത്. ചാലക്കുടിപ്പുഴയും പെരിയാറുമൊക്കെ ചേര്‍ന്ന് രൂപപ്പെടുത്തിയ വിശാലമായ തുരുത്ത്. കുണ്ടൂരും കുഴൂരും പൊയ്യയും തുടങ്ങി കണക്കന്‍ കടവോളം നീളുന്നത്. സമാധാനത്തോടെ നീങ്ങിയ നാട്. വല്ലാത്ത ഒരു സുരക്ഷിതത്വം അനുഭവിച്ച പ്രദേശങ്ങള്‍. ഗ്രാമീണമായ എല്ലാം ബാക്കിവച്ച സ്ഥലങ്ങള്‍. എല്ലാം ഒലിച്ചുപോവുകയാണ്. 

പറമ്പുകളെ കീറി മുറിച്ച് ചാലക്കുടി പുഴ ഒഴുകി. അണക്കെട്ടുകളിലെ വെള്ളം വെള്ളപ്പൊക്കമായി. പൂവത്തുംശ്ശേരിയില്‍ ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. വീടുകളില്‍നിന്ന് ചെളി നീക്കം ചെയ്യുകയാണ് എല്ലാവരും. 

ഇനി ഓര്‍മ്മകളില്‍ ആശങ്കകളാണ്. ഓരോ മഴയും കാറ്റും പേടിപ്പിക്കുന്നതാണ്. ഒരുപാട് നാളെടുക്കും ഇവിടങ്ങളില്‍ മുഖം തെളിയാന്‍. ജീവിതം താളം പിഴയ്ക്കുകയാണ് അന്നമനടയില്‍.

tcr