'ഇത്രയും കാലം നിങ്ങള്‍ എല്ലാവരും എവിടെയായിരുന്നു, ആര്‍ക്കും ഞങ്ങളെ വേണ്ട, മനുഷ്യരായി പോലും ആരും ഞങ്ങളെ കണക്കാക്കുന്നില്ല.'

പരിഭവത്തോടു കൂടിയായിരുന്നു ആനാപുഴക്കാര്‍ സ്വീകരിച്ചത്. മാളയിലെയും ചാലക്കുടിയിലെയും പ്രളയ ബാധിത പ്രദേശങ്ങള്‍ കാണാന്‍ വേണ്ടി തുടങ്ങിയ യാത്രയായിരുന്നു. പക്ഷേ എങ്ങിനെയോ വഴിമാറി ആനാപുഴയില്‍ എത്തി. ഫര്‍ണീച്ചറുകളും ഇലക്ടോണിക് ഉപകരണങ്ങളും മറ്റും പുറത്ത് കൂട്ടിയിട്ടിരിക്കുന്ന വീടുകള്‍ പാതയുടെ ഇരുവശത്തുമുണ്ട്. പലയിടത്തും മതിലുകള്‍ ഇടിഞ്ഞു കിടക്കുന്നുണ്ട്. വെള്ളം കയറിയതിനാല്‍ പെട്രോള്‍ പമ്പുകള്‍ പോലും അടച്ചിട്ടിരിക്കുകയാണ്. ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് അവര്‍. എല്ലാവരും പറഞ്ഞത് ഒരേ വാചകം, 'ഇനിയെല്ലാം ഒന്നില്‍ നിന്ന് തുടങ്ങണം.'

ജീവന്‍ തിരിച്ചു കിട്ടിയതിന്റെ സന്തോഷം ചിലരുടെ മുഖത്ത് കാണാനുണ്ട്. മറ്റു ചിലരുടെ മുഖത്ത് നിഴലിക്കുന്നത് എല്ലാം നഷ്ടപ്പെട്ടതിന്റെ കടുത്ത നിരാശയും. പ്രളയം ഏറ്റവും കുടുതല്‍ ബാധിച്ചത് ആനാപുഴയില്‍ വിവിധ കോളനികളില്‍ കഴിയുന്നവരെയാണെന്ന് നാട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കക്കമാടന്‍ തുരുത്തിലേക്ക് യാത്ര തിരിച്ചു. വഴിനീളെ കുടങ്ങളും പാത്രങ്ങളും നിരത്തി വച്ചിരുന്നു. അതിന് കാവലായി ഒരുപാട് സ്ത്രീകളും കുട്ടികളുമുണ്ട്.  കാര്യം എന്തെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. 'കുടിക്കാനുള്ള വെള്ളത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. ഇന്നു രാവിലെ മുതല്‍ തുടങ്ങിയതാണ്. പൈപ്പ് വെള്ളത്തെ ആശ്രയിച്ചായിരുന്നു ഇത്രയും കാലത്തെ ജീവിതം. ഇപ്പോള്‍ അതു നിന്നിട്ടു കാലങ്ങളായി.' വെള്ളം ഇറങ്ങിയപ്പോള്‍ വീടു വൃത്തിയാക്കിയോ എന്ന ചോദ്യത്തിന് അവര്‍ പറഞ്ഞ മറുപടിയിങ്ങനെ, 'വീട് വൃത്തിയാക്കുകയോ? കുടിക്കാന്‍ പോലും വെള്ളമില്ല. ഭക്ഷണം പാകം ചെയ്യാനും നിവൃത്തിയില്ല. പിന്നെ എന്തു ചെയ്യും? ഞങ്ങളുടെ അവസ്ഥ പറഞ്ഞു വിവരിക്കാനാകില്ല. വീട്ടിലേക്ക് വരൂ, കാണിച്ചു തരാം'- അവര്‍ പറഞ്ഞു.
 anapuzha
ഓലകൊണ്ടു കെട്ടിമറച്ചുണ്ടാക്കിയ വീടുകള്‍ എല്ലാം പ്രളയമെടുത്തു കഴിഞ്ഞു. ശേഷിക്കുന്നത് കുറച്ച് ഓടു വീടുകളും ടെറസുവീടുകളുമാണ്. ആനപുഴയില്‍ തുണിക്കച്ചവടം ചെയ്യുന്ന സൈമണിന്റെയും സിനിയുടെയും വീട്ടിലാണ് ആദ്യം എത്തിയത്. വീടിന്റെ ഉമ്മറത്ത് വെച്ചിരിക്കുന്ന കട്ടിലില്‍ തുണികള്‍ വിരിച്ച് ഇട്ടിരിക്കുന്നു. ടെറസിന് മുകളിലും തുണികളുണ്ട്. അവയില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുണ്ട്. 

'എന്റേത് ഒരു കൊച്ചു കടയായിരുന്നു. വെള്ളം കേറി എല്ലാം നശിച്ചു. കടയില്‍ ബാക്കിയുണ്ടായിരുന്ന തുണികളെല്ലാം വാരിക്കെട്ടി വീട്ടിലേക്ക് പോന്നു. ഓണത്തിനും പെരുന്നാളിനും വേണ്ടി വാങ്ങിവച്ചിരുന്ന സ്‌റ്റോക്കായിരുന്നു. എല്ലാം നശിച്ചു. ഇതൊന്നും വൃത്തിയായി കഴുകാനോ ഉണക്കാനോ പറ്റില്ല. കാരണം കുടിക്കാന്‍ പോലും വെള്ളം കിട്ടാനില്ല. ഞങ്ങള്‍ ഇവിടെ താമസിക്കുന്നവരെല്ലാം ശക്തമായ ദുര്‍ഗന്ധം സഹിച്ചാണ് കഴിയുന്നത്. കാന നിറഞ്ഞൊഴുകിയിരിക്കുകയാണ്. കക്കൂസ് മാലിന്യങ്ങളും പ്രദേശം മുഴുവന്‍ പരന്നിട്ടുണ്ട്.  എല്ലാം പഴയപടിയാകുന്നത് എന്നാണെന്ന് അറിഞ്ഞു കൂടാ'- സൈമണ്‍ പറയുന്നു.

anapuzha

'ദുരിതാശ്വാസ ക്യാമ്പുകളില്‍ സ്ഥലമില്ലെന്ന് പറഞ്ഞതിനാല്‍ ബന്ധു വീടുകളിലായിരുന്നു ഞങ്ങളില്‍ പലരും താമസിച്ചത്. പേര് രജിസ്റ്റര്‍ ചെയ്താണ് പോയത്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് ക്യാമ്പില്‍ നിന്നവര്‍ക്ക് മാത്രമേ നഷ്ടപരിഹാരം കിട്ടൂവെന്നാണ്. അതിലൊരു വ്യക്തതയുമില്ല. ഞങ്ങളാരും സുഖവാസത്തിന് വേണ്ടിയല്ല പോയത്. രോഗമുള്ളവരും വയസ്സായി കിടപ്പിലായവരുമൊക്കെയുണ്ട്. സഹായം കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ എന്തു ചെയ്യും. ഞങ്ങളുടെ കയ്യില്‍ ഒന്നുമില്ല'- സിനി പറഞ്ഞു.

anapuzha

സേവാഭാരതിയുടെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ഒരു ലോറിയെ പിന്തുടര്‍ന്ന് മറ്റൊരു കോളനിയില്‍ എത്തി. ലോറി കാണുമ്പോള്‍ എല്ലാവരുടെയും കണ്ണുകളില്‍ പ്രതീക്ഷയുടെ വെട്ടം നിഴലിക്കുന്നത് കാണാം. അവര്‍ നിറഞ്ഞ കുടങ്ങളുമായി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുന്നുണ്ട്. എന്നാല്‍ കോളനിയുടെ ഒരറ്റത്ത് വെച്ച് വെള്ളം തീര്‍ന്നു. നിരാശയോടെ പലരും പാത്രങ്ങളുമായി വീടുകളിലേക്ക് മടങ്ങുകയാണ്. ഒരു വൃദ്ധയായ സ്ത്രീ തേങ്ങികരയുകയാണ്. 'രാവിലെ മുതല്‍ നില്‍ക്കുകയാണ്. വീട്ടില്‍ എനിക്ക് മാത്രമേ തത്ക്കാലം ആരോഗ്യമുള്ളൂ. ഭക്ഷണം ഉണ്ടാക്കാന്‍ പോലും വെള്ളമില്ല'- അവര്‍ പറഞ്ഞു. 

പ്രളയം സമ്മാനിച്ച രോഗങ്ങളുമായി പല വീടുകളിലെയും ചെറുപ്പക്കാര്‍ പോലും കിടപ്പിലാണ്. കൊച്ചുകുട്ടികളെ പനിയും ഛര്‍ദ്ദിയും വയറിളക്കവുമെല്ലാം പിടികൂടിയിട്ടുണ്ട്. പലരുടെയും കൈയ്യില്‍ ചികിത്സിക്കാന്‍ പണമില്ല. ഭക്ഷണം പാകം ചെയ്യാന്‍ നിവൃത്തി ഇല്ലാത്തതിനാല്‍ ഒരുഘട്ടം വരെ ഹോട്ടല്‍ ഭക്ഷണം കഴിച്ചു. ഇപ്പോള്‍ അതിനും പണമില്ലാത്ത അവസ്ഥയാണ്. 

സമയം സന്ധ്യയായി. ഒഴിഞ്ഞ കുടങ്ങളുമായി പലരും വീട്ടിലേക്ക് മടങ്ങി. മറ്റു ചിലര്‍ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നുണ്ട്. എല്ലാവര്‍ക്കും വെള്ളം തന്നെയാണ് പ്രശ്‌നം. 

'ആരും തിരിഞ്ഞു നോക്കിയിട്ടില്ല. അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മാളയിലും ചാലക്കുടിയിലും മാത്രമല്ല വെള്ളം കയറിയിട്ടുള്ളത്. എല്ലാവരും അതേക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. ഞങ്ങളുടെ വീടുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. വോട്ട് ചോദിക്കാന്‍ മാത്രമേ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ശുഷ്‌കാന്തിയുള്ളൂ. അതുകഴിഞ്ഞാല്‍ മനുഷ്യരാണെന്ന പരിഗണന പോലുമില്ല. എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ ഇതുവരെ ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല'- കോളനി നിവാസിയായ അഗസ്റ്റില്‍ വാഴക്കുളം പറയുന്നു. 

anapuzha

ദുരിതാശ്വാസ ക്യാമ്പുകളില്‍ പലരും രാഷ്ട്രീയം കളിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ഒരു വീട്ടമ്മ പറഞ്ഞതിങ്ങനെ...

'വെള്ളം കയറി ആദ്യത്തെ ഒന്നു രണ്ട് ദിവസങ്ങളില്‍ പ്രശ്‌നം ഉണ്ടായില്ല. എന്നാല്‍ ക്രമേണ സ്വജനപക്ഷാപാതം കാണിക്കാന്‍ തുടങ്ങി. സാധനങ്ങള്‍ കൃത്യമായി വിതരണം ചെയ്യുന്നില്ല എന്ന് തോന്നിയപ്പോള്‍ ചോദ്യം ചെയ്തു. മിണ്ടാതിരുന്നാല്‍ വെള്ളം ഇറങ്ങിയാല്‍ വീട്ടില്‍ പലചരക്ക് സാധനങ്ങളെത്തിക്കാം എന്ന് പറഞ്ഞു. എനിക്കുള്ള കൈക്കൂലിയാണത്രേ.'

anapuzha

പ്രളയജലം മലിനമാണെങ്കിലും മനുഷ്യരുടെ മനസ്സില്‍ അതിന് ചില നല്ല മാറ്റങ്ങളുണ്ടാക്കാന്‍  കഴിഞ്ഞുവെന്നും ഇവര്‍ പറയുന്നു. 'ജാതിയും മതവും തിരിച്ചുള്ള വേര്‍തിരിവായിരുന്നു നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പിലെ ജീവിതം പലരെയും യഥാര്‍ത്ഥ മനുഷ്യരാക്കി. പാവപ്പെട്ടവനും പണക്കാരനും ഒരുമിച്ച് ഭക്ഷണത്തിനായി വരി നില്‍ക്കുന്നു. വസ്ത്രങ്ങള്‍ പരസ്പരം കൈമാറുന്നു. ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്താന്‍ പഠിച്ചു'- സങ്കടത്തില്‍ പൊതിഞ്ഞ ചിരിയോടെ അവര്‍ പറഞ്ഞു തീര്‍ത്തു.