പ്രളയജലം മലക്കപ്പാറയിലെ ആദിവാസികളുടെ മനസ്സിലേക്കൊഴിച്ചത് തീയായിരുന്നു. ലാവ ഒഴുകിപ്പരക്കുന്നതുപോലെ അവരുടെ ഉള്ളിലാകെ അത് പേടി നിറച്ചു. മലക്കപ്പാറയില്‍ നിന്നും കാട്ടിലൂടെ അമ്പത്തിമൂന്ന് കിലോമീറ്റര്‍ അവര്‍ നടന്നു, ചാലക്കുടിയിലെ പ്രളയത്തില്‍ മുങ്ങും മുമ്പ് അവരുടെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍. നാല് പകലും മൂന്ന് രാത്രിയും നീണ്ട അവരുടെ യാത്ര ഇതാ...

പതിവുപോലെ വാല്‍പ്പാറ ടൗണിലേക്കിറങ്ങിയതായിരുന്നു മലക്കപ്പാറ പെരുമ്പാറ ഗിരിജന്‍ കോളനിയിലെ മോഹനന്‍. അടുപ്പക്കാരോട് സംസാരിച്ചു നില്‍ക്കുന്നതിനിടെ കൂട്ടുകാരിലൊരാള്‍ വാട്‌സ് ആപ്പില്‍ വന്ന ഒരു വീഡിയോ കാണിച്ചു, പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞുകവിഞ്ഞൊഴുകുന്നു. മോഹനന്റെ ഉള്ളിലൊരു അണപൊട്ടി, 'യ്യോ പിള്ളേര്...' ആര്‍ത്തലച്ചു വന്ന വാക്കുകള്‍ പുറത്തുവരാതെ ഏതൊക്കെയോ ഉള്‍ച്ചുവരുകളില്‍ തട്ടിച്ചിതറി.

പിന്നെ അയാള്‍ ഓടുകയായിരുന്നു കാടര്‍ കോളനിയിലേക്ക്... ഊരുകൂട്ടത്തിന് മുന്നില്‍ അയാള്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ നിലവിളിച്ചു, 'പിള്ളേരെ രക്ഷിക്കണം... ഇല്ലേല്‍ വെള്ളം കൊണ്ടുപോകും, അവര്‍ മുങ്ങിപ്പോകും...'

Malakkappara 2
വഴിയില്‍ മരങ്ങള്‍ വീണുകിടക്കുന്ന നിലയില്‍

അതിരപ്പിള്ളിക്കപ്പുറമുള്ള അതിര്‍ത്തിഗ്രാമമായ മലക്കപ്പാറയില്‍ കാര്യമായ വിദ്യാഭ്യാസ സൗകര്യങ്ങളൊന്നുമില്ല. ആദിവാസികളുടെ കുട്ടികളില്‍ നല്ലൊരുപങ്കും പഠിക്കുന്നത് ചാലക്കുടിയിലും വാഴച്ചാലിലുമൊക്കെയാണ്. കുട്ടികളെ കൊണ്ടുവിട്ടാല്‍ പിന്നെ അവധിക്കാലത്തൊക്കെ മാത്രമേ അവര്‍ കുടികളിലേക്ക് തിരിച്ചെത്തൂ.

മോഹനന്റെ വാക്കുകള്‍ കേട്ട് അമ്മമാര്‍ നെഞ്ചത്തടിച്ച് നിലവിളിക്കാന്‍ തുടങ്ങി. ആണുങ്ങളൊക്കെ തലകുമ്പിട്ടിരുന്നു. ഏഴു വയസ്സുകാര്‍ മുതല്‍ പന്ത്രണ്ട് വയസ്സുകാര്‍ വരെയുണ്ട് ഊരുവിട്ട് പഠിക്കാന്‍ പോയിരിക്കുന്നതില്‍. ഊരുമൂപ്പന്‍ മയിലാമണി ഓരോരുത്തരോടും സംസാരിക്കാന്‍ തുടങ്ങി. പെട്ടെന്ന് കൂട്ടത്തിലാരോ പറഞ്ഞു 'നമുക്ക് പോയി വിളിച്ചോണ്ട് വരാം പിള്ളേരെ...'

അപ്പോഴേക്കും അടുത്ത വാര്‍ത്തയെത്തി, അതിരപ്പിള്ളിമലക്കപ്പാറ പാതയില്‍ പലേയിടത്തുമായി ഉരുള്‍പൊട്ടി റോഡെല്ലാം ഒലിച്ചുപോയെന്ന്. പക്ഷെ കാടിന്റെ ഉള്ളറിയുന്നവരുടെ മനസ്സില്‍ ഉരുള്‍പൊട്ടിയില്ല. അവര്‍ പോകാനുറപ്പിച്ചു. ഊരുമൂപ്പന്‍ തന്നെ ആദ്യമിറങ്ങി. സന്തോഷും സൗന്ദര്‍രാജും സതീഷ് കുമാറും മോഹനനും അറുപത് പിന്നിട്ട ശിങ്കാരവേലുവും മൂപ്പന്റെ പിന്നാലെയെത്തി. മല്ലിക, ഉഷ, സുനിത, ജയന്തി... പിള്ളേരെ കൊണ്ടുവരാന്‍ പെണ്ണുങ്ങളുമിറങ്ങി. പലരും അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ അവരുടെ മുന്നില്‍ കുഞ്ഞുങ്ങളുടെ മുഖം മാത്രമായിരുന്നു.

എത്രനാളെടുക്കുമെന്നറിയില്ല, യാത്രയില്‍ എവിടെയൊക്കെ കിടന്നുറങ്ങുമെന്നറിയില്ല, അപകടങ്ങളെന്തൊക്കെ കാത്തിരിക്കുന്നുവെന്നറിയില്ല... കുഞ്ഞുങ്ങളുടെ അടുത്തെത്തണമെങ്കില്‍ 53 കിലോമീറ്ററാണ് കാട്ടിലൂടെ നടക്കേണ്ടത്. ഭക്ഷണസാധനങ്ങള്‍ പൊതിഞ്ഞെടുത്തു. വഴിയില്‍ തങ്ങണമെങ്കില്‍ കൂടാരമുണ്ടാക്കാന്‍ ടാര്‍പോളിന്‍ ഷീറ്റും എടുത്തു. ഭാണ്ഡങ്ങള്‍ ചുമലുകളിലേറ്റി.

യാത്ര തുടങ്ങുന്നു

Malakkappara 3
കുട്ടികളെ ചാലക്കുടിയില്‍ നിന്ന് കൊണ്ടുവരാന്‍
പോയ ആദിവാസികള്‍ യാത്രയ്ക്കിടയില്‍

ആലുവപ്പുഴയും ചാലക്കുടിപ്പുഴയും പുതിയ അതിരുകള്‍ തേടിത്തുടങ്ങിയിരുന്നു. ഓളങ്ങള്‍ തിരമാലകളുടെ രൂപത്തിലേക്ക് കൂടുവിട്ട് കൂടുമാറിയിരുന്നു. പ്രളയത്തിന്റെ രണ്ടാംപക്കം, അതായത് ഓഗസ്റ്റ് 17ന് അവര്‍ അച്ഛനമ്മമാരടക്കം 11 പേര്‍ മലക്കപ്പാറയില്‍നിന്ന് പുറപ്പെട്ടു. ഊരുമൂപ്പന്‍ മയിലാമണി മുമ്പേ നടന്നു. റോഡിലൂടെയുള്ള നടപ്പ് പെരുമ്പാറ അറ്റമെത്തിയപ്പോഴേക്കും കഴിഞ്ഞു. ഉരുള്‍ പൊട്ടിയൊലിച്ച് റോഡിന്റെ അടയാളംപോലും ബാക്കിവെച്ചിട്ടില്ല. അവിടെനിന്നിറങ്ങി കാട്ടിലൂടെയായി പിന്നെയുള്ള നടപ്പ്.

പത്തടിപ്പാലവും കരടിച്ചോലയും ചണ്ടന്‍തോടുമെല്ലാം കടക്കുമ്പോള്‍ ഉരുളുപൊട്ടിയതിന്റെ അടയാളങ്ങള്‍. ഉച്ചയ്ക്ക് രണ്ടുമണിയോടെ കാടിനുള്ളിലെ തോട്ടാപ്പുരയിലെത്തി. പണ്ട് ഡാം പണിയുമ്പോള്‍ പാറപൊട്ടിക്കാനായി കൊണ്ടുവന്നിരുന്ന തോട്ട സൂക്ഷിക്കാനായി ഉണ്ടാക്കിയ രണ്ടുമുറി കെട്ടിടം. അവിടെയിരുന്ന് കുറച്ച് ഭക്ഷണം കഴിച്ചു.

വീണ്ടും നടപ്പ്. അമ്പലപ്പാറ ഗേറ്റിന് താഴെ ഉരുളുപൊട്ടി റോഡുതന്നെ കാണാതായിരിക്കുന്നു. ഒരു കൂട്ട ദീര്‍ഘനിശ്വാസമവരില്‍ നിന്നുയര്‍ന്നു. പലരേയും പേടി പിടികൂടിയിരുന്നു. പവര്‍ഹൗസ് മുപ്പത്തിയേഴും കുമ്മാട്ടിയും കടന്ന് ആനക്കയമെത്തിയപ്പോള്‍ രാത്രി ഏഴരയോടടുത്തു.

കാട് കയറി വരുന്ന ആദിവാസികളെ കണ്ട് ആനക്കയത്തുണ്ടായിരുന്ന വനംവകുപ്പുദ്യോഗസ്ഥര്‍ ഞെട്ടി. കാരണം ആ യാത്രയുടെ അപകടം വനംവകുപ്പുകാര്‍ക്ക് ഊഹിക്കാന്‍ കഴിയുമായിരുന്നു. അന്നത്തെ രാത്രി ആനക്കയത്തെ ഫോറസ്റ്റ് ക്യാമ്പില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ ആദിവാസികള്‍ക്ക് ഭക്ഷണം വിളമ്പി, കിടന്നുറങ്ങാനുള്ള സൗകര്യമൊരുക്കി.

അവരില്‍ പലര്‍ക്കും ഉറക്കം വരുന്നുണ്ടായിരുന്നില്ല. തെല്ലൊന്ന് മയങ്ങിപ്പോയവര്‍ രാത്രിയുടെ ഏതൊക്കെയോ യാമങ്ങളില്‍ ദുഃസ്വപ്‌നങ്ങള്‍ കണ്ട് ഞെട്ടിയുണര്‍ന്നു. പകലിന്റെ ആദ്യവെളിച്ചം വീണതും പോകാന്‍ ധൃതികൂട്ടിയ അവരെ വനംവകുപ്പുകാര്‍ കഞ്ഞിയും വെച്ചുകൊടുത്താണ് വിട്ടത്.

വാഴച്ചാലില്‍ സംഭവിച്ചത്

ഇതിനിടയില്‍ വാഴച്ചാലില്‍ മറ്റൊന്ന് നടന്നിരുന്നു. മോഹനന്റെ മകന്‍ മിഥുനും കുറച്ചു കുട്ടികളും അവിടത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന് താഴെ താമസിക്കുന്ന അനിയന്‍ കുഞ്ഞിപ്പൈലിയെ വിളിച്ച് മിഥുനെ കൂട്ടാന്‍ മോഹനന്‍ പറഞ്ഞു. വാഴച്ചാലില്‍ ഇരുമ്പുപാലത്തിന് മുകളിലേക്ക് നനവ് പടരാന്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. സ്‌കൂളിലെത്തി മിഥുനെയും കൂട്ടി നടന്ന കുഞ്ഞിപ്പൈലി ഇരുമ്പുപാലത്തിന് മുകളിലൂടെ വെള്ളമൊഴുകുന്നതു കണ്ട് ഒന്നു സംശയിച്ചുനിന്നു.

പിന്നെ കുഞ്ഞിനോട് കണ്ണടച്ചിരിക്കാന്‍ പറഞ്ഞു. അവനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് കുഞ്ഞിപ്പൈലി പാലത്തിന് മുകളിലൂടെ ഓടി. അവര്‍ പാലം കടന്നതും വെള്ളം വന്ന് പാലം മൂടി. പിന്നാലെയുള്ളവര്‍ക്ക് കടക്കാനായില്ല. ഏറെ നേരം കാത്തുനിന്ന് വെള്ളം കുറഞ്ഞ് പാലം കാണാനായതോടെയാണ് മറ്റുള്ളവര്‍ക്ക് കടക്കാനായത്.

പെരിങ്ങല്‍ക്കുത്ത് ഡാമിന് താഴെയായിരുന്നു കുഞ്ഞിപ്പൈലിയുടെ വീട്. അവിടെ വെള്ളം കയറുമെന്നുറപ്പായതോടെ അവിടത്തെ കോളനിക്കാരെയെല്ലാം അടുത്തുള്ള സ്‌കൂളിലേക്ക് മാറ്റിയിരുന്നു. നായരങ്ങാടിയിലേക്കുള്ള യാത്രയില്‍ ഭാര്യ ഉഷയെ ആ സ്‌കൂളിലേക്ക് വിട്ടിട്ടാണ് മോഹനനും സംഘവും യാത്ര തുടര്‍ന്നത്. മലക്കപ്പാറയിലേക്കുള്ള മടക്കയാത്രയിലാണ് പിന്നെ ഇവരെ ഒപ്പം കൂട്ടിയത്.

വെള്ളിമൂങ്ങയിലെ യാത്രക്കാര്‍

കിലോമീറ്ററുകള്‍ക്കപ്പുറം പ്രളയം നാക്കുനീട്ടി ഒന്നൊന്നായി വിഴുങ്ങാന്‍ തുടങ്ങുമ്പോള്‍ അവര്‍ കുഞ്ഞുങ്ങളുടെ ഓര്‍മയില്‍ നടപ്പ് തുടങ്ങി. വാച്ചുമരമെത്തിയപ്പോള്‍ ആശ്വാസംപോലെയൊരു 'വെള്ളിമൂങ്ങ' പ്രത്യക്ഷപ്പെട്ടു, മുതുവാ കോളനിയില്‍നിന്നും പോകുന്ന ഒരു ഓട്ടോറിക്ഷ. വെള്ളിമൂങ്ങയില്‍ പതിനൊന്നുപേര്‍ തിങ്ങിനിറഞ്ഞു. സിദ്ധന്‍പോക്കറ്റും സൂരിമേട് പാലവും കടന്ന് പന്ത്രണ്ട് കിലോമീറ്റര്‍ അപ്പുറമുള്ള പൊകലപ്പാറ ഗേറ്റില്‍ അവരെ വിട്ടു.

അവിടെനിന്നും കുട്ടികള്‍ പഠിക്കുന്ന നായരങ്ങാടിയിലേക്ക് ഒരു ജീപ്പ് കിട്ടണമായിരുന്നു. സ്വകാര്യവ്യക്തികള്‍ക്ക് ഇന്ധനം നല്‍കുന്നതിന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. ആരുടെയൊക്കെയോ കാലുപിടിച്ചു. ഒടുവില്‍ ഒരു ജീപ്പുകാരന്‍ വരാന്‍ തയ്യാറായി. 

പിന്നെ ജീപ്പില്‍ നായരങ്ങാടിയിലേക്ക്. അവിടെയെത്തിയപ്പോള്‍ സ്‌കൂളുകാരുമായി ചെറിയ തര്‍ക്കം. അപകടാവസ്ഥയില്‍ എങ്ങനെ കുട്ടികളെ വിടുമെന്ന് സ്‌കൂളുകാര്‍. കുട്ടികളെ കുടിയിലേക്ക് കൊണ്ടുപോയെ തീരൂയെന്ന് ആദിവാസികള്‍. അച്ഛനമ്മമാരെ കണ്ടതോടെ കുട്ടികള്‍ അവരിലേക്കൊട്ടിച്ചേര്‍ന്നു. അച്ഛനമ്മമാരുടെ സ്‌നേഹത്തിനും ആശങ്കയ്ക്കും മുന്നില്‍ സ്‌കൂളുകാര്‍ക്ക് അണകെട്ടാനായില്ല.

പറമ്പിക്കുളം ആദിവാസി കോളനിയിലെ പിള്ളേരുമുണ്ടായിരുന്നു അവിടെ. മലക്കപ്പാറയില്‍ നിന്ന് കാടുവഴി അവര്‍ക്ക് കുടികളിലെത്താമായിരുന്നു. അവരും ഒപ്പം കൂടി.

മടക്കയാത്ര

തിരികെ യാത്ര തുടങ്ങി. പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞൊഴുകി ആനക്കയത്തിലെ പാലത്തില്‍ വെള്ളവും ചെളിയും നിറഞ്ഞിരുന്നു. ജീപ്പ് പാലം കടക്കാന്‍ ശ്രമിക്കവേ പെട്ടെന്ന് തെന്നിമാറി. കാടിന്റെ അഗാധതയിലേക്ക് മറിയാന്‍ ഒന്നോ രണ്ടോ അടി ബാക്കി. ജീപ്പിനുള്ളിലിരുന്നവരില്‍ പലര്‍ക്കും കാര്യം മനസ്സിലായില്ല. മനസ്സിലായവരൊട്ടു മിണ്ടിയതുമില്ല. ജീപ്പിലെ യാത്ര അധികം നീണ്ടില്ല. റോഡ് കാണാത്തവിധം മണ്ണും മരങ്ങളും മൂടിയിരിക്കുന്നു. പിന്നെ വീണ്ടും നടപ്പ് തന്നെ ശരണം. കുറച്ച് കഴിഞ്ഞപ്പോള്‍ കാട്ടിലൂടെയുള്ള നടപ്പില്‍ കുട്ടികള്‍ കരയാന്‍ തുടങ്ങി. പലര്‍ക്കും കാലുകള്‍ വേദനിക്കുന്നു, ചിലര്‍ക്ക് പേടി.

Malakkappara 1

അച്ഛനമ്മമാര്‍ കൈയില്‍ കരുതിയിരുന്ന കൈലിമുണ്ടെടുത്ത് മുതുകത്തൊരു മുതുവാന്‍കെട്ടു കെട്ടി. സാധനങ്ങളുമായി പോകുമ്പോള്‍ മുതുകില്‍ ഭദ്രമായി കെട്ടിവെച്ചാണ് ആദിവാസികള്‍ യാത്ര ചെയ്യുക. ചില കുട്ടികളെ മുതുകത്തെ മുതുവാന്‍കെട്ടിലൊതുക്കി. മറ്റു ചിലരെ തോളിലെടുത്തിരുത്തിയായി അവരുടെ യാത്ര. ഇതിനെല്ലാം പുറമേ കുട്ടികളുടെ ബാഗുകളും ചുമക്കണമായിരുന്നു.

ഇരുട്ട് കണ്ണില്‍ കുത്താന്‍ തുടങ്ങി. പന്തം കാട്ടിയ കാട്ടുപാതയിലൂടെ അവര്‍ നടന്നു. മഴയൊഴിഞ്ഞുനിന്നതായിരുന്നു ഏക ആശ്വാസം. കണ്ണുകളില്‍ പന്തത്തിന്റെ വെളിച്ചം മാത്രം തിളങ്ങി. ഇതിനിടയില്‍ അവരെയന്വേഷിച്ച് മലക്കപ്പാറയില്‍നിന്ന് ചെറുപ്പക്കാരുടെയൊരു സംഘം പുറപ്പെട്ടിരുന്നു. അമ്പലപ്പാറയെത്തുന്നതിനു മുമ്പേ ഇരുസംഘങ്ങളും മുഖാമുഖം വന്നു. പിന്നെ ഒരുമിച്ചായി യാത്ര.

അമ്പലപ്പാറയിലെ രാത്രി

ഒടുവില്‍ എങ്ങനെയോ അന്നു രാത്രി പത്തുമണിയോടെ അമ്പലപ്പാറയിലെ കെ.എസ്.ഇ.ബി. ഐ.ബി.യിലെത്തി. ചുറ്റുമുള്ള ക്വാര്‍ട്ടേഴ്‌സുകളൊക്കെ ആനക്കൂട്ടം ചവിട്ടിപ്പൊളിച്ചു കളഞ്ഞിരിക്കുന്നു. രാത്രി ഉറങ്ങാനുള്ള വട്ടംകൂട്ടി. മലക്കപ്പാറയില്‍നിന്നു ചുമന്നുകൊണ്ടുവന്ന ഭാണ്ഡങ്ങളഴിച്ചു. കഞ്ഞിവെച്ചു കുടിച്ചു. അന്ന് രാത്രി അവരെല്ലാം നന്നായുറങ്ങി, കുട്ടികളെ കെട്ടിപ്പിടിച്ച്.

 

രാവിലെ കാപ്പിയും കുടിച്ച് വീണ്ടും നടപ്പ് തുടങ്ങി. വന്നവഴികളുടെ രൂപവും ഭാവവും മാറിയിരുന്നു. തലേന്നു കരഞ്ഞ കുട്ടികള്‍ അന്ന് കരഞ്ഞില്ല. റോഡുകള്‍ തകര്‍ന്നതും ഉരുളുപൊട്ടി മരങ്ങള്‍ വീണുകിടക്കുന്നതൊന്നും അവര്‍ക്ക് പുതുമയല്ലാതായി. ഇതിനിടെ എപ്പോഴോ മൊബൈലിന് സിഗ്‌നല്‍ കിട്ടിയപ്പോള്‍ വനംവകുപ്പിന്റെ ഷോളയാര്‍ റേഞ്ച് ഓഫീസില്‍ വിളിച്ച് ജീപ്പ് വേണമെന്നവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യാത്രയവസാനം വരെ ആ ജീപ്പ് വന്നില്ല.

ഒടുവില്‍ മലക്കപ്പാറയില്‍

ഇനിയൊരു രാത്രികൂടി കാടിനുള്ളില്‍ തങ്ങാനാവുമായിരുന്നില്ല അവര്‍ക്ക്. ഭക്ഷണ സാധനങ്ങള്‍ തീര്‍ന്നിരുന്നു. ബാക്കിയുണ്ടായിരുന്ന അരി, അമ്പലപ്പാറയിലെ കെ.എസ്.ഇ.ബി. വാച്ചര്‍ക്ക് കൊടുത്തിരുന്നു. റോഡടഞ്ഞതോടെ ഭക്ഷണസാധനങ്ങള്‍ കിട്ടാതെ വിഷമിക്കുകയായിരുന്നു അയാള്‍.

ഇനി അധികം നടക്കാനില്ല എന്ന കണക്കില്‍ അവര്‍ നടപ്പിന് ആക്കം കൂട്ടി. ഒടുവില്‍ രാത്രി ഏഴുമണിയോടെ മലക്കപ്പറയിലെ കോളനിയിലെത്തി. പിള്ളേരെ തേടി അവര്‍ പുറപ്പെട്ടതിന്റെ നാലാം പക്കമായിരുന്നു അത്. ഊരുമുഴുവന്‍ അവിടെ കാത്തിരിക്കുകയായിരുന്നു. കുഞ്ഞുങ്ങളെ ഉമ്മകള്‍ കൊണ്ടു മൂടി ഊരുകൂട്ടം സ്വീകരിച്ചു. വൈദ്യുതിയില്ലെങ്കിലും ആ രാത്രി ആദിവാസി ഊരില്‍ സന്തോഷത്തിന്റെ വെളിച്ചം നിറഞ്ഞു. അപ്പോഴേക്കും കേരളക്കരയെ മൂടിയ പ്രളയജലം ഒഴിഞ്ഞുതുടങ്ങിയിരുന്നു.