ലുവയിലെ ഹോട്ടല്‍ മുറിയില്‍നിന്ന് പുലര്‍ച്ചെ നാലരയ്ക്ക് പുറത്തിറങ്ങുമ്പോള്‍ കാണുന്നത് റോഡ് തോടായി ഒഴുകുന്നതാണ്. പെരിയാറിന്റെ തീരത്തുള്ള ആലുവ പാലസും അദ്വൈത ആശ്രമവും അടക്കം സര്‍വതും പ്രളയജലത്തില്‍ മുങ്ങി.

റോഡിന്റെ ഇക്കരെ കോസ്റ്റല്‍ പോലീസിന്റെ ജീപ്പ് കിടപ്പുണ്ട്. യൂണിഫോം നിറയെ ചെളിയുമായി സി.ഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ജീപ്പില്‍ കിടന്നുറങ്ങുന്നു. അവരെത്തിച്ച വള്ളവും കരയിലുണ്ട്. സി.ഐ ഉണര്‍ന്നപ്പോള്‍ കാര്യങ്ങള്‍ തിരക്കി. പേര് ബിജോയ്. രാത്രി വൈകി സന്ദേശം കിട്ടിയപ്പോള്‍ തന്നെ തൃശൂരിലെ ഓഫീസില്‍നിന്ന് ഒരു ബോട്ടും വണ്ടിയില്‍ കയറ്റി പുറപ്പെട്ടതാണ്. ഇട്ടിരിക്കുന്ന യൂണിഫോമല്ലാതെ മറ്റൊന്നും കൈയില്‍ ഇല്ല. ലഭിക്കുന്ന വിവരങ്ങള്‍വെച്ച് സംഗതി വഷളാവാന്‍ സാധ്യതയുണ്ടെന്ന് ആദ്യം തന്നെ ബിജോയ് സാര്‍ മുന്നറിയിപ്പും നല്‍കി.

പിന്നീട് അദ്ദേഹത്തെ കാണുന്നത് തോട്ടക്കാട്ടുകരയിലാണ്. തീരദേശവാസികളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നതിനാല്‍ ബിജോയ് സാര്‍ പരിചയക്കാരായ മത്സ്യത്തൊഴിലാളികളിലേക്ക് വിവരം കൈമാറി. ഷൂ ഇട്ട് വെള്ളത്തിലേക്കിറങ്ങിയ ആ മനുഷ്യന്‍ പിന്നീട് നഗ്‌നപാദനായി. മഴയില്‍ കുതിര്‍ന്ന് യൂണിഫോം നനച്ച് മണിക്കൂറുകളോളം ഒരു സി.ഐ...!

അങ്ങനെ ഒരാളില്‍ മാത്രം ഒതുങ്ങുന്നില്ല. അദ്ദേഹം പലപ്പോഴും പറഞ്ഞു, 'കട്ടക്ക് കൂടെ നില്‍ക്കുന്ന സഹപ്രവര്‍ത്തകരും ഈ നാട്ടുകാരും പിന്നെ മത്സ്യത്തൊഴിലാളികളും.. അവരാണ് ഞങ്ങളെപ്പോലെയുള്ളവരുടെ ഊര്‍ജം.'

ഒരുഘട്ടത്തിലും അവര്‍ തളര്‍ന്നില്ല. വെള്ളം കുത്തിയൊഴുകുകയാണ്. പ്രളയജലം സംഹാരതാണ്ഡവമാടി ആര്‍ത്തലച്ച് വരുന്നു. പുലര്‍ച്ചെ ആലുവ ബാങ്ക് ജംഗ്ഷനില്‍ വെള്ളത്തിന്റെ അളവ് മുട്ടറ്റം മാത്രമായിരുന്നെങ്കില്‍ പിന്നീടത് നെഞ്ചളവും കഴിഞ്ഞ് ഉയരാന്‍ അധിക സമയം വേണ്ടിവന്നില്ല.

ബാങ്ക് കവലയിലെ മൂന്ന് ആശുപത്രികളില്‍നിന്നുള്ള നവജാത ശിശുക്കള്‍, കിടപ്പ് രോഗികള്‍... എന്തിനേറെ ഐ.സി.യുവില്‍ കിടന്നവരെപ്പോലും പുറത്തേക്ക് എടുക്കുന്ന കാഴ്ച്ച. കൈക്കുഞ്ഞുങ്ങള്‍ ആദ്യം കയറിയ വണ്ടി നമ്മുടെ സ്വന്തം സൈനികരായ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളാണ്. ഒരു തുള്ളി വെള്ളം ആ കുരുന്നുകളുടെ മേല്‍ പതിക്കാതെ ഒരായിരം സ്‌നേഹക്കുടകള്‍ മാനത്തേക്കുയര്‍ത്തി വൈപ്പിനിലെയും മുനമ്പത്തെയും നമ്മുടെ ചേട്ടന്‍മാര്‍.

വൈപ്പിന്‍ മാനാശേരിയിലെ ജോയിച്ചേട്ടന്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മുഖങ്ങളെ നോക്കി വള്ളത്തിന്റെ അമരത്ത് നിന്ന് ഇങ്ങനെ വിളിച്ച് പറഞ്ഞു, ' ഇതിനേക്കാള്‍ വലിയ തിരമാലകളെ വകഞ്ഞു മാറ്റുന്നവരാണ് ഞങ്ങള്‍. നിങ്ങളാരും ഭയക്കേണ്ട.. ഞങ്ങളില്‍ ഒരു തുള്ളി ജീവന്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ നിങ്ങളെ ഞങ്ങള്‍ രക്ഷിച്ചിരിക്കും.. ഇത് ഞങ്ങളുടെ വാക്കാണ്.'

ഹൃദയത്തില്‍ കൈവെച്ച് ഞാന്‍ പറയട്ടെ. ഇതിനേക്കാള്‍ ശക്തമായ, ആത്മവിശ്വാസം പകരുന്ന വാക്കുകള്‍ ഇതിന് മുമ്പ് ഞാന്‍ ആരില്‍ നിന്നും കേട്ടിട്ടില്ല.. വേദപുസ്തകത്തില്‍ യേശു ക്രിസ്തു തന്റെ മീന്‍പിടുത്തക്കാരായിരുന്ന ശിഷ്യന്‍മാരോട് പറയുന്നുണ്ട് 'നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവരാക്കും!'  ശരിക്കും ഞാന്‍ കണ്ടത് മത്സ്യത്തൊഴിലാളികളെയല്ല, ദൈവത്തെത്തന്നെയാണ്. ആ ദൈവങ്ങളാണല്ലോ  തുഴയെറിഞ്ഞ്, കരങ്ങള്‍ നീട്ടി പതിനായിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്.

flood kerala

വെള്ളത്തില്‍ എന്തോ പറന്ന് വീഴുന്നുണ്ട്. ഒരു കുഞ്ഞിക്കിളിയാണ്. വെള്ളത്തില്‍നിന്ന് പറന്നുയരാന്‍ ശ്രമിച്ച് അവള്‍ വെള്ളത്തിലേക്ക് തന്നെ വീണ്ടും വീണു. പക്ഷേ, അവിടെയും രക്ഷകര്‍ അവതരിച്ചു.കൈക്കുമ്പിളില്‍ അഭയമേകാന്‍ ഒരു പയ്യനെത്തി. അവന്‍ കിളിയെ നെഞ്ചോട് ചേര്‍ത്തു. അവളെ തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു. ആ കുഞ്ഞിക്കിളിയെ അവന്‍ ഞങ്ങളെ ഏല്‍പ്പിച്ചു. ഇത്രമാത്രം പറഞ്ഞു. ചേട്ടാ ആശുപത്രിയില്‍ കുറേപ്പേര്‍ കുടങ്ങിക്കിടപ്പുണ്ട്. ഞങ്ങള്‍ അവരെ പുറത്തെത്തിക്കാന്‍ പോകുകയാണ്. കിളിയെ നിങ്ങളെ ഏല്‍പ്പിക്കുന്നു. തിരികെ എത്തുമ്പോള്‍ വാങ്ങിയേക്കാം. അവന്‍ കൂട്ടുകാരുമൊത്ത് വീണ്ടും വെള്ളത്തിലേക്ക് പോയി. ഞങ്ങള്‍ കാറിനുള്ളില്‍ ഹീറ്റ് ഓണാക്കിയിട്ട് അവള്‍ക്ക് ചൂട് പകര്‍ന്നു. അവള്‍ ഉഷാറായി. ഇപ്പോള്‍  സുഖമായിരിക്കുന്നു.

flood kerala

ഇനിയുമുണ്ട് പ്രളയക്കാഴ്ച്ചകള്‍. കിടാവിനെ നഷ്ടമായ കറുമ്പി പശു. അകിടില്‍ പാല്‍ നിറഞ്ഞു. കുടിച്ച് തീര്‍ക്കാന്‍ കിടാവില്ല, കാക്കാന്‍ ഉടമയില്ല, അനാഥയായി അവള്‍ റോഡിലൂടെ നടക്കുകയാണ്. വല്ലാണ്ട് കരയുന്നുണ്ട്. പിന്‍കാലുകള്‍ കുത്തി നടക്കാന്‍ കഴിയുന്നില്ല. അകിട് വീക്കത്തിന് ഇനി അധികം സമയം വേണ്ട.

ഞങ്ങളുടെ സാരഥി ഉദയന്റെ വീട്ടില്‍ പശുക്കളുണ്ട്. ആ ധൈര്യത്തില്‍ ഉദയന്‍ ചോദിച്ചു: നമുക്ക് കറന്ന് കളഞ്ഞാലോ? കുട്ടിക്കാലത്ത് വീട്ടില്‍ പപ്പ പശുവിനെ കറക്കുന്നത് കണ്ടിട്ടുള്ള പരിചയം മാത്രമുള്ള ഞാന്‍ ഉത്തരമായി പറഞ്ഞു: 'നമുക്ക് കറക്കാം ' പശു നിന്ന് തന്നു. അകിട് കല്ലിച്ച് തുടങ്ങിയിരുന്നു. അടഞ്ഞ് പോയ മുലക്കണ്ണുകളില്‍നിന്ന് അവള്‍ പയ്യെ പാല്‍ ചുരത്തി.അര മണിക്കൂര്‍ നേരം കൊണ്ട് ഒരു വിധം പിഴിഞ്ഞ് കളഞ്ഞു. കറുമ്പി പശുവിന്റെ കണ്ണുകളില്‍ ഞങ്ങള്‍ അവളുടെ സ്‌നേഹം കണ്ടു. കുറേ നേരം അവള്‍ ഞങ്ങളെ മുട്ടിയുരുമ്മി.പിന്നീട് ആശ്വാസത്തോടെ നടന്ന് നീങ്ങി.

പ്രളയമൊടുങ്ങി, വെള്ളമിറങ്ങിത്തുടങ്ങി. പ്രതീക്ഷയുടെ കിരണങ്ങളെ തന്നെയാണ് വീണ്ടും കണ്ടുമുട്ടിയത്.

നെടുമ്പാശ്ശേരിയില്‍ കുറുമശേരി എന്ന ഗ്രാമത്തില്‍ സാബു എന്നൊരു മനുഷ്യന്‍. വെള്ളത്തില്‍ സര്‍വതും മുങ്ങിപ്പോയ നാട്ടിലെ ഇരുന്നൂറോളം ജനങ്ങള്‍ക്ക് പാര്‍ക്കാന്‍ സ്വന്തം വീട് തുറന്ന് നല്‍കിയിരിക്കുകയാണ് സാബുച്ചേട്ടന്‍. രണ്ട് ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ അവര്‍ വീട്ടില്‍ കഴിഞ്ഞു. ക്യാമ്പിലെ ചേട്ടന്‍മാര്‍ തോണിയില്‍പോയി കപ്പയും മറ്റും പിഴുതെടുത്തു. വാഴക്കുലകള്‍ വെട്ടി. ക്യാമ്പിലെ ചേച്ചിമാര്‍ നല്ല ഉഗ്രന്‍ വിഭവങ്ങളുണ്ടാക്കി. കറന്റില്ലാത്തതിനാല്‍ പന്തം കൊളുത്തി അവര്‍ വെളിച്ചമുണ്ടാക്കി. അവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഒരു വീട് എല്ലാവരുടെയും സ്‌നേഹവീടായി മാറുന്നത് ഞങ്ങള്‍ നേരില്‍ കാണുകയായിരുന്നു.

തന്റെ നാട്ടുകാര്‍ക്കായി വീട് വിട്ട് നല്‍കിയ സാബുച്ചേട്ടന് പറയാനുള്ളത് ഇത്രമാത്രം: 'എല്ലായിടത്തും വെള്ളം കയറി,കെട്ടിപ്പൊക്കിയ മതിലുകളെല്ലാം മുങ്ങി. മുങ്ങിയെന്ന് പറഞ്ഞാല്‍ മാത്രം പോര. മതിലുകളില്ലാതായെന്ന് പറയണം. മതിലുകളില്ലാതായാല്‍ പിന്നെ നാം ഒന്നല്ലേ? ഇവിടെ ഇപ്പോള്‍ എന്റെ മകന് പുതിയ കൂട്ടുകാരെ കിട്ടി. അവര്‍ ഒരുമിച്ച് കഴിക്കുന്നു, കളിക്കുന്നു.' 

വാല്‍ക്കഷണം: ഈ മനുഷ്യരൊക്കെ ഇങ്ങനെ വിശാല ഹൃദയരായി നെഞ്ചും വിരിച്ച് നില്‍ക്കുമ്പോള്‍ ഇനി വരാനിരിക്കുന്ന പ്രളയങ്ങളെയും നാം അതിജീവിക്കും.. തീര്‍ച്ച!