കൊച്ചി: പ്രളയാനന്തരം വീട് നഷ്ടപ്പെട്ട ചേന്ദമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിലെ രമ ശ്രീനിവാസന് ഇനി പുതിയവീട്ടിൽ അന്തിയുറങ്ങാം. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന രമ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുണ്ടാക്കിയ ഒരു ഷെഡിലായിരുന്നു താമസം. പ്രളയത്തിൽ അതും നഷ്ടമായി. രമയുടെ കഷ്ടപ്പാട് മനസിലാക്കി ഒരു പറ്റം യുവാക്കളുടെ "സൗഹൃദക്കൂട്ടായ്മ" രമയമ്മയ്ക്ക് ഒരു വീട് എന്ന പദ്ധതിയുമായി മുന്നോട്ടു വന്നു. പരസ്പരം കാണാത്തവരും ,ഫോണിലൂടെയും ഫേസ് ബുക്കിലൂടെയും മാത്രം പരിചയമുള്ളവരും ചേർന്ന് 2,48,830 രൂപ കണ്ടെത്തുകയും സെപ്റ്റം. 6-ന് തറക്കല്ലിട്ട് 16 ദിവസം കൊണ്ട് വീട് പണി പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നു.

സുതാര്യമായ ഇത്തരം കൂട്ടായ്മകൾ ഇനിയും ഉണ്ടാകണം എന്ന് ചിന്തിക്കുന്ന സൗഹൃദക്കൂട്ടം പ്രവർത്തകരുടെ പേരു പോലും പുറത്ത് പറയാനാഗ്രഹിക്കാതെ തികച്ചും സേവന മനോഭാവത്തിലാണ് ഒത്തുകൂടിയിരിക്കുന്നത്. സെപ്റ്റംബർ 23 രാവിലെ 10-ന് നടക്കുന്ന ഗൃഹപ്രവേശന ചടങ്ങിലെത്തുന്ന ആരെങ്കിലും ഇതൊരു ചലഞ്ചായി ഏറ്റെടുത്ത് "ഹോം ചലഞ്ച് " എന്ന ആശയത്തിലൂടെ പ്രളയത്തിൽ തകർന്ന വീടുകളുടെ പുനരുദ്ധാരണമാണ് 23-ന് പിരിച്ചു വിടുന്ന സൗഹൃദക്കൂട്ടത്തിന്റെ ലക്ഷ്യം. രമയുടെ ഗൃഹപ്രവേശനം സെപ്റ്റം. 23 ഞായർ രാവിലെ 10-ന് നടക്കും.

Content Highlights: Kerala after floods good news