തൃശ്ശൂര്‍: നൂറ്റാണ്ടിന്റെ പ്രളയം തകര്‍ത്തുകളഞ്ഞ കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിയില്‍ 250 വീടുകളുമായി ജോയ് ആലുക്കാസ് ഗ്രൂപ്പും കൈകോര്‍ക്കുന്നു. 15 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. ജോയ്ആലുക്കാസ് ഗ്രൂപ്പിലെ ജീവനക്കാരും മറ്റ് അഭുദയകാംക്ഷികളും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. 

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഭാഗമായ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ മുഖേന ഓരോ വീടിനും ആറ് ലക്ഷം രൂപ ചെലവഴിച്ച് 250 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസും ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസും പറഞ്ഞു. സന്തോഷം നിറയുന്ന വീടുകള്‍ അതാണ് ഞങ്ങളുടെ ലക്ഷ്യം. 600 ചതുരശ്ര അടി വലിപ്പത്തില്‍ 2 കിടപ്പു മുറികളും ഡൈനിങ് - ലിവിങ് സൗകര്യവും അടുക്കളയും സിറ്റൗട്ടും ഉള്ള കോണ്‍ക്രീറ്റ് വീടുകളാണ് നിര്‍മിച്ച് നല്‍കുക. 

കേരളത്തിലെ ഏറ്റവും പ്രളയ ബാധിതമായ സ്ഥലങ്ങളില്‍ പരിസ്ഥിതിക്ക് ഇണങ്ങുന്നതും അതാതു പ്ലോട്ടുകള്‍ക്ക് അനുയോജ്യമായ വീടുകളാണ് വിദഗ്ധരായ ആര്‍കിടെക്ടുകളെ കൊണ്ട് രൂപകല്‍പന ചെയ്തു നിര്‍മ്മിച്ച് നല്‍കുകയെന്ന് ചെയര്‍മാന്‍ ശ്രീ. ജോയ് ആലുക്കാസ് പറഞ്ഞു. റീബില്‍ഡിങ് കേരള എന്ന സര്‍ക്കാര്‍ പദ്ധതിക്കും പ്രളയത്തെ അതിജീവിക്കുന്ന കേരള ജനതയ്ക്ക് കരുത്തേകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ വിവരങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്നും ജോയ് ആലുക്കാസ് പറഞ്ഞു.

പ്രളയത്തിലും മണ്ണിടിച്ചിലിലും പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കാവുന്നതാണ്. ഈ അപേക്ഷകള്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ നിയോഗിച്ച കമ്മിറ്റി പഠിച്ചതിനുശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അര്‍ഹരെ കണ്ടെത്തി നിര്‍മാണാനുമതി ലഭിച്ചയുടന്‍ വീടുകളുടെ നിര്‍മാണ നടപടികള്‍ തുടങ്ങി ഉടന്‍ പൂര്‍ത്തീകരിച്ചു കൈമാറാനാണ് ലക്ഷ്യമിടുന്നത്.

അതിജീവനത്തിന്റെ വൈഷമ്യങ്ങള്‍ നിറഞ്ഞ ആ നാളുകളില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ വളണ്ടിയര്‍മാര്‍ പ്രളയ മേഖലകളില്‍ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മരുന്നും മറ്റുമായി ഒറ്റപ്പെട്ട വീടുകളിലും അഭയ കേന്ദ്രങ്ങളിലും അശരണരായി കഴിഞ്ഞവര്‍ക്ക് ആശ്വാസമേകിയിരുന്നു. സാമൂഹ്യക്ഷേമം ലക്ഷ്യമാക്കി ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ നേത്യത്വം നല്‍കിവരുന്നു.

വിശദ വിവരങ്ങള്‍ക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ തൃശ്ശൂര്‍ ഓഫീസുമായി ബന്ധപ്പെടുക : 0487 2329222