കൊച്ചി: കേരളത്തിലെ തിരഞ്ഞെടുത്ത പ്രളയബാധിത മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സുസ്ഥിര വികസന പദ്ധതിയും നടപ്പാക്കുമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍. കേരള സര്‍ക്കാരിന്റെ 'കേരളത്തെ പുനര്‍നിര്‍മ്മിക്കാം' എന്ന പ്രചാരണ പരിപാടിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.

ഇടുക്കിയിലെ കോഴീലാക്കുടി, ശബരിമലയിലെ അട്ടത്തോട്, മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി എന്നീ ആദിവാസി മേഖലകളിലാണ് സേവനമെത്തിക്കുക. ചെങ്ങന്നൂര്‍ പാണ്ടനാട് മേഖലയില്‍ സുസ്ഥിര നഗര ക്ഷേമ പദ്ധതി പ്രകാരം സഹായം നല്‍കും.  'ശ്രീ അഭയം ' എന്ന പേരിലാണ് പദ്ധതികള്‍ നടപ്പാക്കുക.

ശ്രീ ശ്രീ രവിശങ്കര്‍ നേതൃത്വം നല്‍കുന്ന ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ  യുവാചാര്യന്‍മാരാകും പദ്ധതികള്‍ ഏകോപിപ്പിക്കുക.  ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന രീതിയിലാണ് ശ്രീ അഭയം പദ്ധതി നടപ്പാക്കുക. ട്രോമാ വിഭാഗത്തിന് പ്രത്യേക പരിഗണ നല്‍കുന്ന മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. അവശ്യ സാധനങ്ങളടങ്ങിയ ദുരിതാശ്വാസ കിറ്റുകളും വിതരണം ചെയ്യും. 

പദ്ധതിയുടെ ഭാഗമായി ആദിവാസി മേഖലകളിലെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ്  പദ്ധതി നടപ്പാക്കും. രണ്ടാം ഘട്ടത്തില്‍ തൊഴില്‍ പരിശീലന, നൈപുണ്യ വികസന പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തില്‍ കേരളത്തിലെല്ലായിടത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇത് വരെ 750 വീടുകള്‍ വൃത്തിയാക്കി. സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സംഘടന ശുചീകരിച്ചു. 45 മെഡിക്കല്‍ ക്യാമ്പുകളും നൂറ്റി അന്‍പതിലധികം ട്രോമ റിലീഫ് ക്യാമ്പുകളും സംഘടിപ്പിച്ചു. 25000 ദുരിതാശ്വാസ കിറ്റുകളും സംഘടന വിതരണം ചെയ്തു. 9.5 കോടി രൂപ വില വരുന്ന 520 മെട്രിക്ക് ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് സംഘടന ദുരിത ബാധിതര്‍ക്ക് നല്‍കിയത്.