കേരളം കരകയറുമ്പോള്‍ കയ്യടി നേടുന്നത് ഒരുമിച്ച് നിന്ന് പ്രളയത്തെ നേരിട്ട് ഒരു ജനതകൂടിയാണ്. കൂടെപ്പിറന്നവരായി കണ്ട് ദുരന്തമുഖത്തേക്കിറങ്ങിയ സന്നദ്ധപ്രവര്‍ത്തകര്‍, സൈനികര്‍, മത്സ്യത്തൊഴിലാളികള്‍...വെള്ളമൊഴിഞ്ഞതോടു കൂടി ദുരിതബാധിതര്‍ തിരികെപ്പോവുകയാണ്. വാസയോഗ്യമല്ലാത്ത വീടുകളിലേക്ക്. ഇവിടം മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയാണ്.

ദുരന്തകാലത്തെ സന്നദ്ധ പ്രവര്‍ത്തനം എന്ന തലക്കെട്ടില്‍ മുരളി തുമ്മാരുകുടി ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം

ദുരന്തകാലത്തെ സന്നദ്ധ പ്രവര്‍ത്തനം.

രണ്ടു ദിവസമായി രാത്രി ഉറക്കം കുറച്ച് എഴുത്തും വായനയും ചര്‍ച്ചകളും തന്നെയായിരുന്നു. കേരളത്തിലെ വെള്ളപ്പൊക്കം തന്നെ വിഷയം. അബുധാബിയില്‍ ഇരിക്കുന്ന ഞാന്‍ ഇത്രയും തിരക്കിലാണെങ്കില്‍ കേരളത്തിലുള്ളവര്‍, പ്രത്യേകിച്ചും ദുരന്തത്തില്‍ നേരിട്ട് പെട്ടവരും, അത് മാനേജ് ചെയ്യാന്‍ ശ്രമിക്കുന്നവരും എത്ര മാത്രം കൂടുതലാണ് ജോലി ചെയ്യുന്നത്, എത്ര കുറച്ചാണ് വിശ്രമിക്കുന്നത് എന്ന് ചിന്തിക്കാമല്ലോ. ഇത് മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് മെമ്പര്‍ വരെ, റിലീഫ് കമ്മീഷണര്‍ മുതല്‍ വില്ലേജ് ഓഫിസര്‍ വരെ എല്ലാവരുടെയും കാര്യത്തില്‍ ശരിയാണ്.

എന്നാല്‍ ഇന്നലെ ഞാന്‍ നന്നായി ഉറങ്ങി. അതുകൊണ്ടാണ് ഇന്നത്തെ ലേഖനം വൈകിയത്. ഇത് പ്രധാനമാണ്. ഏത് ദുരന്തത്തിന്റെ നടുവിലും രണ്ടു ദിവസത്തില്‍ കൂടുതല്‍ അമിതമായി ജോലി ചെയ്യരുത്. മനുഷ്യന്റെ ശരീരം അതിനുവേണ്ടി നിര്‍മ്മിക്കപ്പെട്ടതല്ല. മൂന്നാം ദിവസം മുതല്‍ നമ്മള്‍ ഉറക്കം കുറച്ചു കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങളുടെ മൂഡ് മാറും എന്ന് മാത്രമല്ല നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റുകയും ചെയ്യും. പതിനായിരങ്ങള്‍ മരിക്കുന്ന ദുരന്തത്തിന്റെ നടുവിലും രക്ഷാപ്രവത്തകര്‍ വേണ്ടപോലെ സ്വന്തം കാര്യം ശ്രദ്ധിക്കണം എന്നാണ് ഞങ്ങള്‍ പഠിക്കുന്നതും പ്രയോഗികമാക്കുന്നതും.

ഇന്നത്തെ വിഷയം സന്നദ്ധ പ്രവര്‍ത്തനമാണ്. കേരള ജനത ഒട്ടാകെ സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറായി നില്‍ക്കുകയാണ്. എന്താണ് അവര്‍ ചെയ്യേണ്ടത്?

ഏതൊരു ദുരന്ത കാലത്തും ഏറ്റവും ആദ്യം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് ഫയര്‍ഫോഴ്സോ ആര്‍മിയോ അല്ല. കൂടുതല്‍ ആളുകളെ രക്ഷിക്കുന്നതും അന്താരാഷ്ട്ര സംഘങ്ങളോ ഐക്യ രാഷ്ട്ര സഭയോ അല്ല. ആ പ്രദേശത്ത് തന്നെയുള്ള, സമൂഹത്തിന്റെ ചുറ്റുമുള്ള കാര്യങ്ങളില്‍ ഇടപെടുന്ന സാധാരണക്കാര്‍ ആണ്. പതിനെട്ടില പ്രളയകാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

രക്ഷാ പ്രവര്‍ത്തനത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞിരിക്കയാണ്. നൂറു വര്‍ഷത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തിനുമാണ് കഴിഞ്ഞ ആഴ്ച കേരളം സാക്ഷ്യം വഹിച്ചത്. കേരളത്തെ മൊത്തം ബാധിച്ച ദുരന്തം മൂന്നോ നാലോ ദിവസമേ നീണ്ടുനിന്നുള്ളൂ എങ്കിലും ഭൗതികവും മാനസികവുമായ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ നിന്ന് നാടിനെയും ജനങ്ങളെയും പുനരുജ്ജീവിപ്പിക്കാന്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷവും ആയിരക്കണക്കിന് കോടി രൂപയും ആവശ്യമായി വരും.

ഈ പുനര്‍നിര്‍മ്മാണം സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ സാധിക്കുന്ന ഒന്നല്ല. ലോകത്തെവിടെയും സന്നദ്ധ പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ ഇടപെടാറുണ്ട്. കേരളത്തിലെ കാര്യത്തിലും ഇത് വ്യത്യസ്തമാകേണ്ട ഒന്നല്ല. കേരളത്തിനകത്തുനിന്നും പുറത്തു നിന്നും ഏറെ ആളുകള്‍ കേരളത്തില്‍ സന്നദ്ധ സേവനം നടത്താന്‍ തയ്യാറാണ്. കേരളത്തില്‍ എത്താന്‍ പറ്റാത്ത മലയാളികളും വിദേശങ്ങളില്‍ ഇരുന്ന് അവര്‍ക്ക് ആകുന്ന രീതിയില്‍ സന്നദ്ധ സേവനം നടത്താന്‍ റെഡിയാണ്. അടുത്ത ഏതാനും ദിവസങ്ങള്‍ സന്നദ്ധ സേവനത്തിന്റെ കാര്യത്തില്‍ പ്രധാനമാണ്.

എട്ടുലക്ഷത്തോളം ആളുകള്‍ ക്യാംപുകളില്‍ ഉണ്ട്. വെള്ളമിറങ്ങുന്നതോടെ സ്വന്തം വീടുകളിലേക്ക് ഓടിയെത്താനാണ് അവരെല്ലാം ശ്രമിക്കുക. വീടുകള്‍ പലതും വെള്ളത്തിനടിയില്‍ ആയിരുന്നതിനാല്‍ നാശനഷ്ടങ്ങള്‍ അവിടെയുമുണ്ട്. ആ വീടുകള്‍ വീണ്ടും ജീവിതയോഗ്യമാക്കണമെങ്കില്‍ ഒരാഴ്ച വരെ വേണ്ടിവരും. ഈ കാലത്ത് ഇവരെ സഹായിക്കാന്‍ ആയിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകരുടെ ആവശ്യമുണ്ട്. നിലവിലെ സാഹചര്യത്തില്‍ സ്വന്തം താല്പര്യത്തില്‍, സ്ഥലത്തെ ഏതെങ്കിലും ഒരു ചെറിയ ഗ്രൂപ്പിന്റെ കൂടെ, സ്വന്തം സ്‌കില്ലുകള്‍ക്ക് പ്രത്യേക പ്രാധാന്യമില്ലാതെ, ഒരു മാര്‍ഗ്ഗ നിര്‍ദേശവും ഇല്ലാതെയാണ് കേരളത്തിലെ യുവാക്കള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്. ഇതൊരു നല്ല കാര്യം ആണെങ്കിലും വേണ്ടത്ര കാര്യക്ഷമമല്ല. സന്നദ്ധപ്രവര്‍ത്തകര്‍ എന്താണ് ചെയ്യേണ്ടത്? എങ്ങനെയാണ് അവരെ സംയോജിപ്പിക്കേണ്ടത്?

അടുത്ത ദിവസങ്ങളില്‍ തീര്‍ച്ചയായും വേണ്ടിവരുന്ന ചില സേവനങ്ങള്‍ പറയാം.

1. സര്‍വ്വേ അറിയാവുന്നവര്‍ - ഈ വെള്ളപ്പൊക്കം പുഴയില്‍ നിന്നും എത്രമാത്രം ദൂരെ എത്തി എന്ന് ഓരോ പുഴയുടേയും ഇരുകരകളിലും ട്രാന്‍സെക്റ്റ് എടുത്തുവെക്കണം. കുറച്ചു നാള്‍ കഴിഞ്ഞു ഭാഗ്യം ഉണ്ടെങ്കില്‍ ഈ സ്ഥലത്തിന്റെ ഉപഗ്രഹ ചിത്രം കിട്ടി എന്ന് വരാം. അപ്പോള്‍ ഈ വിവരം ഗ്രൗണ്ട് ട്രൂത്തിങ്ങിന് ഉപയോഗിക്കാം. ഉപഗ്രഹ ചിത്രം കിട്ടാതിരിക്കുകയും (ക്ലൗഡ് കവര്‍ കാരണം) സര്‍വ്വേ നടത്താതിരിക്കുകയും ചെയ്താല്‍ - അടുത്ത ആഴ്ച തന്നെ എത്ര ദൂരം വരെ വെള്ളം എത്തി എന്നുള്ള സര്‍വ്വേ എടുത്തില്ലെങ്കില്‍ 1924 - ലെ തലമുറ സുപ്രധാനമായ വിവരങ്ങള്‍ നഷ്ടപ്പെടുത്തിയത് പോലെ നമ്മളും നഷ്ടപ്പെടുത്തും. നമ്മുടെ അടുത്ത തലമുറ വീണ്ടും വെള്ളത്തില്‍ മുങ്ങിമരിക്കും. സര്‍വ്വേ പഠിച്ചിട്ടുള്ള - റിട്ടയര്‍ ചെയ്ത വില്ലേജ് ഉദ്യോഗസ്ഥര്‍ തൊട്ട് സര്‍വ്വേ സ്‌കൂളിലും പോളി ടെക്‌നിക്കുകളിലും എഞ്ചിനീയറിങ്ങ് കോളേജിലും സിവില്‍ എഞ്ചിനീയറിങ്ങ് പഠിച്ചിട്ടുള്ള ആര്‍ക്കും ഈ പഠനം ഏറ്റെടുക്കാം. അവര്‍ തയ്യാറാണോ ?

2. കെട്ടിടങ്ങളുടെ സ്ട്രക്ചറല്‍ സേഫ്റ്റി: പതിനായിരക്കണക്കിന് വീടുകളിലാണ് വെള്ളം കയറിയിട്ടുള്ളത്. അതില്‍ ഓരോന്നും ഒരു സിവില്‍ എന്‍ജിനീയര്‍ സ്റ്റാന്‍ഡേര്‍ഡ് ചെക്ക്ലിസ്റ്റ് അനുസരിച്ച് കെട്ടിടത്തിന്റെ സുരക്ഷ അവലോകനം ചെയ്യണം. വീടുകളെ
(എ) ഒരു കുഴപ്പവും ഇല്ലാതെ കയറി താമയ്ക്കാവുന്നവ (പച്ച സിഗ്‌നല്‍),
(ബി) അത്യാവശ്യം റിപ്പയര്‍ നടത്തി താമസിക്കാവുന്നത് (ഓറഞ്ച് സിഗ്‌നല്‍)
(സി) സുരക്ഷിതം അല്ലാത്തത് (ചുവപ്പ് സിഗ്‌നല്‍)

എന്നിങ്ങനെ മൂന്നായി തിരിക്കണം. കെട്ടിടത്തിന്റെ സുരക്ഷയുടെ മാനദണ്ഡം അനുസരിച്ച് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കുക. പി ഡബ്ല്യൂ ഡി യില്‍ നിന്നും എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്നും റിട്ടയറായ സിവില്‍ എന്‍ജിനീയര്‍മാരും, ഇപ്പോള്‍ കോളേജിലും പോളി ടെക്‌നിക്കിലും പഠിക്കുന്ന കുട്ടികളും ഒരുമിച്ച് ചേര്‍ന്ന് ഒരു മൂവായിരം പേരുടെ സംഘം ഉണ്ടാക്കിയാല്‍ ഓണാവധി കഴിയുമ്പോഴേക്ക് ഈ സര്‍വ്വേ പൂര്‍ത്തിയാക്കാം. ഓണാവധി തുടങ്ങിയ സ്ഥിതിക്ക് ഇനി ഇത് വല്ലതും നടക്കുമോ? കുട്ടികളും അധ്യാപകരും ഒക്കെ കോര്‍ഡിനേറ്റ് ആയി വരുമ്പോഴേക്കും ആളുകള്‍ വീട്ടില്‍ കയറി താമസിച്ചിട്ടുണ്ടാകും. എന്തെങ്കിലുമൊക്കെ കാര്യങ്ങളില്‍ അവര്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടാകും, കെട്ടിടം ഇടിഞ്ഞു വീണിട്ടുണ്ടാകും. ശ്രമിച്ചാല്‍ ഒഴിവാക്കാവുന്ന കാര്യമാണ്.

3. ഇത് തന്നെയാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാരുടെ കാര്യവും. ഓരോ വീട്ടിലെയും വൈദ്യുതി കണക്ഷന്‍, വയറിങ്ങ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഇവയൊക്കെ ഒരു പരിശോധന നടത്തി ഉപയോഗ ശൂന്യമായത്, റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാവുന്നത്, ഉടനെ ഉപയോഗിക്കാവുന്നത് എന്ന് തരംതിരിച്ച് കൊടുത്താല്‍ അത് വലിയ ആശ്വാസമാകും. വീട്ടില്‍ എവിടെയെങ്കിലും വയറിങ്ങ് മോശമായിട്ടുണ്ടോ, ഷോക്ക് അടിക്കാന്‍ സാധ്യത ഉണ്ടോ എന്നൊക്കെയും പരിശോധിക്കണം. നാട്ടിലെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ നിന്നും റിട്ടയര്‍ ചെയ്തവരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ കോളേജിലും പോളി ടെക്‌നിക്കിലും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങ് പഠിക്കുന്ന കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു മൂവായിരം പേരുടെ സംഘം ഉണ്ടാക്കിയാല്‍ ഈ ഓണാവധി കഴിയുമ്പോഴേക്ക് ഈ സര്‍വ്വേയും പൂര്‍ത്തിയാക്കാം. ഇക്കാര്യത്തിലും എവിടെയെങ്കിലും ആരെങ്കിലും ഒക്കെ തെറ്റായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടാകും, ഷോക്ക് അടിച്ചു മരിച്ചിട്ടുണ്ടാകും. ശ്രമിച്ചാല്‍ ഒഴിവാക്കാവുന്ന കാര്യമാണ്.

4. അതിശയകരമായ വിവരങ്ങളാണ് റിമോട്ട് സെന്‍സിംഗ് വഴി നമുക്ക് ഇപ്പോള്‍ ലഭ്യമാകുന്നത്. വെള്ളപ്പൊക്കത്തിനും ഉരുള്‍ പൊട്ടലിനും മുന്‍പുള്ള കേരളം, വെള്ളപ്പൊക്ക സമയത്തെ കേരളം, വെള്ളം ഇറങ്ങിയതിന് ശേഷമുള്ള കേരളം, വെള്ളത്തില്‍ നിന്ന വിളകളും കളകളും ചീഞ്ഞുണങ്ങിയ കേരളം എന്നിങ്ങനെ പല ദിവസങ്ങളിലെ വിവിധ വ്യാപ്തിയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ നമുക്ക് ലഭ്യമാക്കാന്‍ ശ്രമിക്കണം. അവ അനുസരിച്ച് മൊത്തം വെള്ളത്തിനടിയിലായ ഏരിയ, വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം, വിള നഷ്ടം, ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ പ്രദേശങ്ങള്‍ എന്നിങ്ങനെ പലതും കണ്ടുപിടിക്കാം. ഇത് കേരളത്തില്‍ നിന്നുകൊണ്ട് വേണമെന്നില്ല. കേരളത്തില്‍ നിന്നുമുള്ള റിമോട്ട് സെന്‍സിങ്ങില്‍ പരിചയമുള്ള അനവധി ആളുകളുണ്ട്. അവരും നമ്മുടെ കോളേജിലെ അധ്യാപകരും കൂടി ശ്രമിച്ചാല്‍ ഇത് സാധിക്കില്ലേ? (പത്തുവര്‍ഷമായിട്ടും നെല്‍വയലുകളുടെ ഒരു ഉപഗ്രഹ ചിത്ര ഡേറ്റ ബേസ് ഉണ്ടാക്കാന്‍ സാധിക്കാത്ത ആളുകളാണ് കേരളത്തിലുള്ളത്, എനിക്ക് ഒരു പ്രതീക്ഷയും ഇല്ല). ആശയം പറഞ്ഞു എന്നേ ഉള്ളൂ.

5. കുടിവെള്ളത്തിന്റെ ടെസ്റ്റിംഗ്: കേരളത്തിലെ അനവധി വീടുകളിലെ കിണറുകളും, വെള്ളം സംഭരിച്ചു വക്കുന്ന ടാങ്കുകളും, കുടിവെള്ളം വരുന്ന പൈപ്പുകളും മലിനജലം കയറി ഉപയോഗശൂന്യമായിട്ടുണ്ടാകാം. ദുരന്തത്തില്‍ മരിച്ചവരേക്കാള്‍ അധികം ആളുകള്‍ മരിക്കാന്‍ കുടിവെള്ളത്തിലെ മാലിന്യം കാരണമാകും. നമ്മുടെ പരിസ്ഥിതി എന്‍ജിനീയര്‍മാരും നേഴ്സുമാരും (വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ജോലിയില്‍ അല്ലാത്തവരും) നല്ല പൊതുജനാരോഗ്യ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ കേരളത്തിലെ ഓരോ വീട്ടിലെയും സ്ഥാപനത്തിലെയും കുടി വെള്ളം ടെസ്റ്റ് ചെയ്യുന്ന ഒരു രീതി ഉണ്ടാക്കണം. ഇതിനൊക്കെ വേണ്ട പ്രോട്ടോകോള്‍ ഇപ്പോള്‍ തന്നെയുണ്ട്. ടെസ്റ്റിംഗ് കിറ്റുകള്‍ അയക്കാന്‍ മറുനാട്ടിലെ മലയാളികള്‍ ഇപ്പോള്‍ തന്നെ തയ്യാറാണ്. ഇങ്ങനെയൊരു സംഘമുണ്ടാക്കാന്‍ ആരാണ് മുന്‍കൈ എടുക്കുക?

6. കേരളത്തിലെ ഓരോ മഴക്കാലത്തും മൊത്തം നാശനഷ്ടത്തിന്റെ കണക്കെടുക്കുന്ന പരിപാടിയുണ്ട്. ഇതൊരു ട്രാജഡിയും കോമഡിയും ചേര്‍ന്ന ഏര്‍പ്പാടാണ്. യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കണക്കാണ് ഉണ്ടാക്കുന്നത്, ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍. നഷ്ടം അയ്യായിരം കോടി ആണെന്ന് കളക്ടര്‍ പറയും. കേന്ദ്രസംഘത്തില്‍ വരുന്ന ആളും പണ്ട് കളക്ടര്‍ ആയിരുന്നതിനാല്‍ ഈ കണക്കൊക്കെ കോമഡി ആണെന്ന് അവര്‍ക്കറിയാം. അവസാനം രാഷ്ട്രീയം ഒക്കെ നോക്കി അമ്പതു മുതല്‍ അഞ്ഞൂറ് കോടി വരെ കിട്ടും. കിട്ടിയത് കിട്ടി എന്ന് കരുതി നമ്മള്‍ യാത്ര തുടരും. ഈ സ്ഥിതി മാറ്റണം. ദുരന്തത്തിന്റെ കണക്കെടുപ്പ് കൂടുതല്‍ പ്രൊഫഷണല്‍ ആക്കണം. കുറച്ചു സിവില്‍ എന്‍ജിനീയര്‍മാരും, കൊമേഴ്സുകാരും, കൃഷി ശാസ്ത്രജ്ഞരും ഒത്തുകൂടി കൂടുതല്‍ ആധുനികമായ പ്രോട്ടോക്കോള്‍ ഉണ്ടാക്കണം. ഈ വിഷയത്തിലുള്ള വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് കണക്കെടുക്കണം.

7. ഓരോ ദുരന്തശേഷവും ദുരന്തന്തില്‍ അകപ്പെട്ട ഓരോ വ്യക്തിയും സ്വാഭാവികമായും മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. അക്കാര്യം മനസ്സിലാക്കി അവരെ വേണ്ട തരത്തില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ മാസങ്ങള്‍ക്ക് ശേഷം 'പോസ്റ്റ് ട്രോമാറ്റിക്ക് സ്ട്രെസ് ഡിസോര്‍ഡര്‍' എന്ന മാനസിക അവസ്ഥയില്‍ അവരെത്തും, വിഷാദം ബാധിക്കും, ആത്മഹത്യകള്‍ കൂടും. നമ്മുടെ സമൂഹത്തില്‍ ഇങ്ങനെ ഒരു വാക്ക് സമൂഹം കേട്ടിട്ട് കൂടി ഇല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുന്നത് 'ഭ്രാന്തുള്ളവര്‍' മാത്രമാണെന്നാണ് സമൂഹം ചിന്തിക്കുന്നത്. ആണുങ്ങള്‍ കരയില്ല എന്നും അവര്‍ക്ക് ഒരു സപ്പോര്‍ട്ടും വേണ്ട എന്നും സമൂഹം കരുതുന്നു (പൊട്ടത്തെറ്റാണ്). നമ്മുടെ സമൂഹത്തെ മൊത്തം അടുത്ത ആഴ്ചകളിലും മാസങ്ങളിലും കൗണ്‍സല്‍ ചെയ്യാനുള്ള ആയിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ നമുക്കാവശ്യമുണ്ട്. അവര്‍ പുറമേ നിന്ന് വരില്ല. പക്ഷെ അഞ്ചോ പത്തോ പേര്‍ വന്നാല്‍ അവര്‍ കേരളത്തിലുള്ള - ഇപ്പോള്‍ തൊഴില്‍ ഇല്ലാതെ നില്‍ക്കുന്ന ആയിരം നേഴ്സുമാരെ പരിശീലിപ്പിച്ചാല്‍ അവര്‍ക്ക് നമ്മുടെ സമൂഹത്തെ സഹായിക്കാന്‍ പറ്റും.

ഇങ്ങനെ ഞാന്‍ നോക്കുന്ന എവിടെയും ഹൈ സ്‌കില്‍ഡ് ആയിട്ടുള്ളവരുടെ സന്നദ്ധ സേവനത്തിന്റെ ആവശ്യമുണ്ട്. ചെയ്യാന്‍ കഴിവുള്ളവരും. ഇവരെ തമ്മില്‍ തമ്മില്‍ ബന്ധിപ്പിക്കാനുള്ള സംവിധാനമാണ് ഇല്ലാത്തത്. ഇപ്പോള്‍ ഒറ്റക്കൊറ്റക്ക് ആളുകള്‍ക്ക് വേണമെങ്കില്‍ റെസ്‌ക്യൂ ചെയ്യാം. ആയിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ ഒരുമിച്ച് ഒരേ പ്രോട്ടോക്കോള്‍ അനുസരിച്ചു ചെയ്യേണ്ട ജോലി അന്‍പത് പേര്‍ അന്‍പത് തരത്തില്‍ ചെയ്യുന്നത് വ്യക്തിപരമായി സന്തോഷം ഉണ്ടാക്കുന്നതാണെങ്കിലും പ്രായോഗികമായി ഉപയോഗശൂന്യമാണ്. അതുപോലെ തന്നെ ഹൈലി സ്‌കില്‍ഡ് ആയിട്ടുള്ളവര്‍ സന്നദ്ധ സേവനം നടത്തുന്നതിനായി കെട്ടിടത്തിലെ ചെളി മാറ്റാന്‍ പോകുന്നത് ഈച്ചയെ കൊല്ലാന്‍ കലാഷ്‌നിക്കോവും ആയി നടക്കുന്ന മണ്ടന്മാരെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

എന്റെ പുതിയ തലമുറയോട് എനിക്ക് ഇതേ പറയാനുള്ളൂ. നിങ്ങളുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു സംഭവമാണിപ്പോള്‍ നമ്മെ കടന്നു പോകുന്നത്. നിങ്ങള്‍ക്ക് രണ്ടു സാധ്യതകള്‍ ഉണ്ട്. മറ്റുള്ളവര്‍ കാര്യങ്ങള്‍ സംഘടിപ്പിച്ച് നിങ്ങളെ അതില്‍ ഭാഗഭാക്കാക്കും എന്ന് വിചാരിച്ച് ഓണാവധി കഴിക്കുക. അല്ലെങ്കില്‍ നേതൃത്വ ഗുണം കാണിച്ച് മുന്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ നോക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ ജീവിതം വ്യക്തിപരമായി മാറിമറിയും. ഒരു ദുരന്ത നിവാരണ വിദഗ്ദ്ധന്‍ ആകാന്‍ ഏറ്റവും എളുപ്പം ഒരു ദുരന്തത്തിലൂടെ കടന്നു പോവുകയാണ് എന്ന് ഞാന്‍ പറയാറുണ്ടല്ലോ. ദുരന്തത്തിന്റെ കണക്കെടുപ്പ് മുതല്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് വരെ കേരളത്തിലെ ദുരന്തകാലത്ത് ചെയ്തവര്‍ക്ക് പില്‍ക്കാലത്ത് ആ രംഗത്തില്‍ ഏറെ ജോലി സാധ്യത ഉണ്ടാകും.

സാധ്യമായ എല്ലാ സന്നദ്ധ - സേവന അവസരങ്ങളും ഞാന്‍ പറഞ്ഞു തീര്‍ന്നിട്ടില്ല. റെസിഡന്റ് അസോസിയേഷന്റെയും, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെയും, ക്‌ളബ്ബിന്റെയും അടിസ്ഥാനത്തില്‍ 'എന്ത്' ജോലിയും ചെയ്യാനിറങ്ങുന്ന സന്നദ്ധ സേവനം അല്ല, നിങ്ങളുടെ പ്രത്യേക അറിവുകള്‍ ഈ അവസരത്തില്‍ ഉപയോഗിക്കുന്ന സന്നദ്ധ സേവനമാണ് കൂടുതല്‍ പ്രധാനം എന്ന് നിങ്ങള്‍ മനസ്സിലാക്കണം. ആ തരത്തിലാണ് നിങ്ങള്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടത്.