‘‘നാടറിയുന്നവർക്കുമാത്രമേ ഈ ദുരന്തം നേരിടാനാവൂ’’ എന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ കേരളീയസമൂഹത്തിന് പൊതുവേയും മത്സ്യത്തൊഴിലാളികൾക്കു പ്രത്യേകിച്ചും വലിയ അംഗീകാരമാണ്. പ്രളയക്കെടുതിയിൽനിന്ന്‌ കേരളത്തെ പുനഃസൃഷ്ടിക്കുന്ന പദ്ധതികൾ സമഗ്രമാകുന്നത് നാടറിയുന്നവരെയും നാടിനെ രക്ഷിക്കാൻ സദാ സന്നദ്ധരായവരെയും ഉൾക്കൊള്ളിച്ചുകൊണ്ട്‌ ആസൂത്രണം ചെയ്യുമ്പോഴാണ്. അതോടൊപ്പം മൊത്തം സമ്പദ്‌വ്യവസ്ഥയെത്തന്നെ അത് ചലനാത്മകമാക്കുകയും വേണം. അതിന്റെ പണിപ്പുരയിലാണ് സർക്കാർ.

നിർണായക സ്ഥാനം വേണം
 പ്രളയമുഖത്തേക്ക് സ്വന്തം ജീവൻപോലും പണയപ്പെടുത്തി നൂറു കണക്കിന്‌ ജീവനുകളെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികൾക്ക് ആകെയുള്ളത് അധ്വാനത്തിന്റെ ചരിത്രവും ഇച്ഛാശക്തിയുടെ കരുത്തുമാണ്. എന്നാൽ, ഇനി അതു മാത്രം പോരാ. കേരളത്തിന്റെ നിർമാണപ്രക്രിയയിൽ അവർക്ക്‌ നിർണായകസ്ഥാനമുണ്ടാവണം. അവരുടെ ഭൗതിക ജീവിതനിലവാരം ഉയരണം. അത്തരമൊരു ക്രിയാത്മക ചട്ടക്കൂട് ബ്ലൂ ഇക്കോണമിയും ഉൾക്കൊള്ളുന്നുണ്ട് എന്നതാണ് യാഥാർഥ്യം. നവകേരള പുനർനിർമാണപ്രക്രിയയിൽ നിർണായകചേരുവ ബ്ലൂ ഇക്കോണമി ആകണമെന്നർഥം.

ബ്ലൂ ഇക്കോണമി ഒരു സമൂർത്ത ആശയം എന്ന നിലയ്ക്ക് മാത്രമല്ല ഇന്ന് വികസ്വരരാജ്യങ്ങളിൽ നിലനിൽക്കുന്നത്. മറിച്ച് പ്രയോഗത്തിലധിഷ്ഠിതമായ ഒട്ടേറെ വികസനപദ്ധതികൾ എന്ന നിലയിലാണ്.   മൗറീഷ്യസ് ആസ്ഥാനമായ ‘അയോറ’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ‘ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (Indian Ocean Rim Association)’ ബ്ലൂ ഇക്കോണമി വികസിപ്പിക്കുന്നതിനാവശ്യമുള്ള സാങ്കേതിക, സാമ്പത്തിക സഹായം ചെയ്യുന്നുമുണ്ട്. ഇരുപത്തൊന്ന് രാജ്യങ്ങളും ഏഴ് ഡയലോഗ് പങ്കാളികളും ഉള്ള ‘അയോറ’യുടെ സഹായം തേടിക്കൊണ്ടുതന്നെ കേരള ബ്ലൂ ഇക്കോണമി മാസ്റ്റർ പദ്ധതിക്ക് രൂപം നൽകേണ്ടതുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യങ്ങളായി ചേർന്നുനിൽക്കുന്നതും കേരളംതന്നെ നടപ്പിൽ വരുത്തിത്തുടങ്ങിയതുമായ ലൈഫ്, ഹരിതകേരളം തുടങ്ങിയവ ബ്ലൂ ഇക്കോണമിയിൽ ഉൾച്ചേർത്തുകൊണ്ട് ഒരു മാതൃകയായി കേരളത്തിന് അവതരിപ്പിക്കാനാവും.

കേരളത്തിന് അനുയോജ്യം
ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും ബ്ലൂ ഇക്കോണമി പദ്ധതികൾ ആവിഷ്കരിക്കാനും സ്വാംശീകരിക്കാനും കഴിയുന്നത് കേരളത്തിനാണ്. ഒട്ടനവധി കാരണങ്ങളാണ് അത് സാധ്യമാക്കുന്നതും. ഇന്ത്യയിലെ തന്നെ അഞ്ചാമത് വലിയ തീരദേശമുള്ള സംസ്ഥാനമാണ് കേരളം. 580 കിലോമീറ്ററിൽ കുറയാത്ത തീരപ്രദേശം. 10 ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവനോപാധി,  മത്സ്യബന്ധനം, കടൽമത്സ്യസംസ്കരണം, ഷിപ്പിങ്, ടൂറിസം തുടങ്ങിയവയുമായി നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്നു. സമുദ്രവുമായി, തീരദേശവുമായി ബന്ധപ്പെട്ടുള്ള ഏതൊരു വികസനപദ്ധതിയും അവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാക്കാനാകും. അവരുടെ ജീവിതനിലവാരം ആസൂത്രിതപദ്ധതികളുടെ ചട്ടക്കൂടിൽ ഉൾപ്പെടുത്തി ഉയർത്താനാവും.

 ചെറുതും വലുതുമായ തുറമുഖങ്ങൾ നമ്മുടെ സമ്പത്താണ്. എന്നാൽ, അവയുടെ പ്രവർത്തനം ഭാഗികമാണ്. ബെർത്തിങ്ങിനും മറ്റ് ആധുനികീകരണത്തിനും കഴിഞ്ഞ ബജറ്റുകളിൽ പണം നീക്കിവെച്ച്‌ ഫലപ്രദമായി ഇടപെടാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രളയക്കെടുതി നമ്മുടെ പോർട്ടുകളെയും റോഡുകളെയും കനാലുകളെയും മറ്റും കൂടുതൽ മോശമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നത്. ഇവയുടെ പുനരുദ്ധാരണം മൊത്തം പുനർനിർമാണ പ്രക്രിയയുടെ ഭാഗമാകും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ഇതിൽ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അറിവും  സാന്നിധ്യവും പങ്കാളിത്തവും ഉറപ്പുവരുത്തണം.
ഉൾനാടൻ മത്സ്യസ്രോതസ്സുകൾ, കനാലുകൾ, ജലാശയങ്ങൾ, ജലപാതകൾ, പുഴകൾ തുടങ്ങിയവയൊക്കെ ‘ബ്ലൂ

ഇക്കോണമി’ ചട്ടക്കൂടിനകത്ത്‌ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സമഗ്ര രൂപരേഖയാണ് ഉണ്ടാവേണ്ടത്. മത്സ്യമേഖലയിൽ അവരുടെ നാടൻ വള്ളങ്ങൾ നവീകരിക്കുക, മീൻ പിടിക്കാൻ പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കുക, അവരുടെ ക്ഷേമപദ്ധതികൾ പുനരാവിഷ്കരിക്കുക തുടങ്ങിയവ നിർണായക ചേരുവകളായി ബ്ലൂ ഇക്കോണമിയിൽ ഉൾപ്പെടേണ്ടതുണ്ട്. പശ്ചാത്തല വികസനവും ഇതോടൊപ്പം പുനരാവിഷ്കരിക്കണം. മത്സ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംയോജിപ്പിച്ച്‌ ഒരു കുടക്കീഴിൽ കൊണ്ടുവരാം. ഇതിലെ വിവിധ ഘടകങ്ങളുടെ ഉത്‌പാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കാൻ കയറ്റുമതി സാധ്യതകളും തുറന്നിടാം. സുസംഘടിതമായ ഒരു ബ്ളൂ ഇക്കോണമി നയത്തിലൂടെ കേരളത്തിന്റെ മ​േത്സ്യാത്‌പാദനവും കയറ്റുമതിയും വർധിപ്പിക്കാവുന്നതാണ്‌.

സാധ്യതകൾ കടലോളം
 കേരളീയരുടെ ആരോഗ്യംതന്നെ നിലനിർത്തുന്നതിൽ നിർണായകപങ്കാണ് മത്സ്യബന്ധനസമൂഹം നിർവഹിക്കുന്നത്. മലയാളിയുടെ ശരാശരി ജീവിതദൈർഘ്യം തന്നെ ഇത്രയധികം ഉയർത്തുന്നതിൽ പ്രസ്തുതസമൂഹത്തിന് വലിയ പങ്കുണ്ട്. വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയിൽ ഇന്നത് 76 ആണ്.  

കേരളത്തിന്റെ ആരോഗ്യരംഗം തന്നെ എടുക്കാം. പൊതുവേ ഹൃദ്രോഗം കൂടുതലുള്ള സംസ്ഥാനമാണ് കേരളം.  മത്സ്യക്കൊഴുപ്പ് അടങ്ങുന്ന ഭക്ഷണത്തിന്റെ അളവ് ക്രമാതീതമായി വർധിപ്പിക്കേണ്ടതുണ്ട്.  മത്സ്യക്കൊഴുപ്പ് നഷ്ടപ്പെടുത്താത്ത രീതിയിൽ അവ പാകം ചെയ്ത് കഴിക്കുകയും വേണം.  ഇന്ന് മത്സ്യസമ്പത്തിന്റെ 15-20 ശതമാനത്തോളം ആധുനിക സംസ്കരണ സാധ്യത ഇല്ലാത്തത് കൊണ്ട് മാത്രം നഷ്ടപ്പെടുകയാണ്.  കേരളത്തിൽ പോഷകാഹാരക്കുറവ്  പ്രത്യേകിച്ച് സ്ത്രീകളിലും കുട്ടികളിലും  നിലനിൽക്കുമ്പോഴാണ് സംസ്കരണ സാധ്യത ഇല്ലാത്തതുകൊണ്ട് മാത്രം മത്സ്യസമ്പത്ത് നഷ്ടമാകുന്നത്. ഇത് ബ്ലൂ ഇക്കണോമി പദ്ധതിയിലൂടെ പരിഹരിക്കപ്പെടണം. സ്റ്റാർട്ടപ്പുകളെക്കുറിച്ച് ഐ.ടി. വിദഗ്ധരും മാനേജ്‌മെന്റ് എക്സ്‌പേർട്ടുകളും വ്യവസായ പ്രമുഖരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളാണിവ.  

  സമുദ്രവിഭവങ്ങളെയും പോർട്ടുകളെയും ഉൾപ്പെടുത്തിക്കൊണ്ട്‌ ബൃഹത്തായ ബ്ലൂ ഇക്കോണമി പദ്ധതികൾ കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്നുണ്ട്. സമുദ്ര-സമുദ്രയിതര വിഭവങ്ങൾ കുറേക്കൂടി സാമൂഹികമായി ഉപയോഗിക്കാവുന്നത് അപ്പോൾത്തന്നെ പൊതുവേ പിന്നാക്കം നിൽക്കുന്ന തീരദേശജനതയെ വിശ്വാസത്തിലെടുത്ത് വികസനസാധ്യതകൾ ഉറപ്പുവരുത്തുമ്പോഴാണ്.

നീലവിപ്ളവം, സാഗർമാല എന്നീ രണ്ടു പദ്ധതികൾ അക്കൂട്ടത്തിൽപ്പെടും. മത്സ്യബന്ധനത്തെയും മാനേജ്‌മെന്റിനെയും ഒന്നിപ്പിച്ചുകൊണ്ടുള്ള രീതിയാണ് നീലവിപ്ളവത്തിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ, സാഗർമാല പദ്ധതി ലക്ഷ്യം വെക്കുന്നത് വൻകിട പോർട്ടുകളുടെ വികസനവും മറ്റു അനുബന്ധ അടിസ്ഥാനസൗകര്യങ്ങളുടെ വികസനവുമാണ്.

കേരളത്തിന് ഇക്കാര്യത്തിൽ തീർച്ചയായും കേന്ദ്ര സർക്കാരിന്റെ പദ്ധതികളുമായി ഒരു പരിധിവരെ യോജിപ്പിച്ച് പോകാനാകും. പ്രസ്തുത സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതുമാണ്. എന്നാൽ, കേന്ദ്രം മുന്നോട്ടുവെക്കുന്ന ബ്ലൂ ഇക്കോണമി പദ്ധതികൾ കോർപ്പറേറ്റ് താത്പര്യങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്‌. കേരളത്തിന്റെ സ്ഥിതി അതല്ല/ അതാവരുത്. സമുദ്രസമ്പദ് വ്യവസ്ഥയെ ലാഭക്കൊതിയോടെ കാണുന്ന പദ്ധതികൾ കേരള മാതൃകയ്ക്ക് യോജിച്ചതല്ല.

ബ്ലൂ ഇക്കോണമി
ബ്ലൂ ഇക്കോണമി എന്നത്‌ ഒരാശയവും മാതൃകയുമാണ്‌. ഒരു ആശയമെന്നനിലയ്ക്ക്‌ അത്‌ സമുദ്രസമ്പദ്‌വ്യവസ്ഥയെ പ്രദേശത്തിന്റെ മൊത്തം സമ്പദ്‌വ്യവസ്ഥയുമായും ലോകസമ്പദ്‌വ്യവസ്ഥയുമായും കൂട്ടിയിണക്കുന്നു. സുസ്ഥിരത, സാമൂഹികമായ ഉൾക്കൊള്ളൽ എന്നീ അടിസ്ഥാനതത്ത്വങ്ങളിലൂന്നിയ ആശയമാണത്‌

(സംസ്ഥാന ആസൂത്രണബോഡ് അംഗമായ ലേഖകൻ ഓക്സ്‌ഫഡ്, കേംബ്രിജ്‌, മാഞ്ചസ്റ്റർ  സർവകലാശാലകളിൽ വിസിറ്റിങ് ഫെലോ ആയിരുന്നു)