2013-ലെ ഇന്റർഗവണ്മെന്റൽ പാനൽ ഓൺ ​ക്ലൈമറ്റ്‌ ചെയ്‌ഞ്ച്‌ റിപ്പോർട്ട് പ്രകാരം, കാലാവസ്ഥാവ്യതിയാനം മൂലം മഴയുള്ള മേഖലകളിൽ കൂടുതൽ മഴ പെയ്യുകയും വരണ്ട മേഖലകൾ കൂടുതൽ വരളുകയും ചെയ്യും എന്ന് പറഞ്ഞിരിക്കുന്നു. അതിനർഥം, ഇനിയും ഇത്തരത്തിലുള്ള വെള്ളപ്പൊക്കം ഉണ്ടാകും എന്നു തന്നെയാണ്. അതിനെ മറികടക്കണമെങ്കിൽ, കൃത്യമായ മുന്നൊരുക്കം ആവശ്യമാണ്.

എമർജൻസി കിറ്റ്
അവശ്യം വേണ്ട ഭക്ഷണം (ഡ്രൈ ഫുഡ്), വെള്ളം (മൂന്നുലിറ്റർ  ഓരോരുത്തർക്കും), വലിയ ടോയ്‌ലറ്റ് ബാഗ്‌സ്, ടോർച്ച്‌, ഫസ്റ്റ് എയ്‌ഡ്‌ ബോക്സ് തുടങ്ങിയ സാധനങ്ങൾ അടങ്ങിയതാണ് എമർജൻസി കിറ്റ്. ഓരോ വീ ട്ടിലും രണ്ടു എമർജൻസി കിറ്റെങ്കിലും നിർബന്ധമായും വേണം. ഒന്ന് വീട്ടിൽ കുടുങ്ങിപ്പോയാൽ ഉപയോഗിക്കാനും മറ്റേതു വീട് വിടേണ്ടിവന്നാൽ ഉപയോഗിക്കാനും ഉള്ളതാണ്. ഇതിനെ ഗേറ്റ്‌വേ കിറ്റ് എന്നും പറയാം. നീന്തൽ അറിയാത്ത ആളുകൾ ഉണ്ടെങ്കിൽ, പ്രത്യേകിച്ചും കുട്ടികൾ, ലൈഫ് ജാക്കറ്റ്‌ കരുതുന്നതും നല്ലതാണ്‌.

ഫസ്റ്റ്‌ എയ്‌ഡ്‌ പരിശീലനം
ആരോഗ്യമേഖലയിൽ നമ്മൾ പുരോഗതി നേടിയിട്ടുണ്ടെങ്കിലും കേരളത്തിലെ എത്ര പേർക്ക് അതിനെക്കുറിച്ച്‌ ധാരണ ഉണ്ടെന്നു ചോദിച്ചാൽ വിരലിൽ എണ്ണാവുന്ന ശതമാനത്തിനു മാത്രം ആയിരിക്കും. കമ്യൂണിറ്റി ഗ്രൂപ്പ് ശക്തമായി പ്രവർത്തിക്കുന്ന നമ്മുടെ നാട്ടിൽ ഇത് എളുപ്പത്തിൽ ചെയ്യാവുന്നതേയുള്ളൂ.

വീട്ടമ്മമാർക്ക് വാർഡ് അടിസ്ഥാനത്തിൽ കുടുംബശ്രീ വഴിയും വിദ്യാർഥികൾക്ക് സ്കൂളുകളിലും കോളേജുകളിലും മറ്റുള്ളവർക്ക് ജോലി സ്ഥലങ്ങളിലും ക്ലബ്ബുകളിലും പരിശീലനം കൊടുക്കാവുന്നതാണ്‌.

പരിസരധാരണ
ജീവിക്കുന്ന പരിസരത്തെക്കുറിച്ച് ഒരു ധാരണ എല്ലാവർക്കും ഉണ്ടാകണം.
ഉദാഹരണത്തിന്‌ വെള്ളം പൊങ്ങിവരുമ്പോൾ തൊട്ടടുത്തുള്ള ഏറ്റവും ഉയർന്ന സ്ഥലം (High ground ) ഏതാണെന്ന്‌ അറിഞ്ഞുവെക്കണം. ഭൂകമ്പമാണെങ്കിൽ പരന്ന പ്രതലം ഏതാണെന്നും അറിഞ്ഞുവെക്കണം. ഈ ധാരണ രൂപപ്പെടണമെങ്കിൽ ഞാനും നിങ്ങളും എപ്പോൾ വേണമെങ്കിലും ഒരു ദുരന്തത്തിൽ ചെന്നുപെടാം എന്ന തിരിച്ചറിവ് ആവശ്യമാണ്.

ഫ്ലഡ്‌ ഫോർകാസ്റ്റ് മോഡലിങ്‌
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഒരു സംസ്ഥാനം എന്ന നിലയ്ക്ക് വളരെ പ്രാധാന്യത്തോടെ ചെയ്യേണ്ട ഒന്നാണിത്‌. പെയ്യാൻപോകുന്ന മഴയും ഓരോ പ്രദേശത്തിന്റെ പ്രത്യേകതയും മറ്റും
(slopes etc.) കണക്കിലെടുത്തുകൊണ്ട് എത്രത്തോളം വെള്ളം വരും എവിടെ വരും എപ്പോൾ വരും എന്നൊക്കെ പ്രവചിക്കാൻ ഈ മോഡലിങ്‌ വഴി സാധിക്കും. കുസാറ്റും (CUSAT) NCESS പോലുള്ള ദേശീയനിലവാരത്തിലുള്ള ഗവേഷണസ്ഥാപനങ്ങൾ ഉള്ള കേരളത്തിൽ ഇതും നിഷ്‌പ്രയാസം ചെയ്യാം. ഇതുവഴി സേഫ് സോൺ ഏതാണെന്നും അല്ലാത്തത് ഏതാണെന്നും ആളുകളെ മുൻകൂട്ടി അറിയിക്കാൻ സാധിക്കും.

റൺ ഓഫ് മോഡലിങ്‌
വൃഷ്ടിപ്രദേശത്ത്‌ ഉണ്ടായപോലെ ശക്തമായ മഴ പെയ്യുകയാണെകിൽ (etxreme events എന്നും പറയും) എത്ര പെട്ടെന്ന് അണക്കെട്ട് നിറയും എന്നൊക്കെ അറിയാനാണ് റൺ ഓഫ് മോഡലുകൾ ഉപയോഗിക്കുന്നത്. അത്തരത്തിൽ ഒരു മോഡലിന്റെ സഹായം ഉണ്ടെങ്കിൽ ഡാം നിറയാൻ വരെ കാത്തുനിൽക്കാതെ മുൻകൂട്ടിക്കണ്ടുകൊണ്ട് വെള്ളം തുറന്നുവിടാനും മറ്റും സാധിക്കും. അവശ്യംവേണ്ട മുന്നൊരുക്കങ്ങൾക്കു സമയം ഇതുവഴി ലഭിക്കുകയും ചെയ്യും.

കാലാവസ്ഥാ ബുള്ളറ്റിൻ
കാലാവസ്ഥ മാറുകയാണ്. കാലാവസ്ഥാ ബുള്ളറ്റിൻ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. അങ്ങനെ ആളുകൾ ചെയ്യണമെങ്കിൽ, ബുള്ളറ്റിൻ പ്രാധാന്യത്തോടെതന്നെ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കണം.
കാലാവസ്ഥാ ബുള്ളറ്റിന്റെ ഭാഷയും ഒരു പ്രശ്നമാണ്. മഴയാണെങ്കിൽ എത്ര സെന്റീമീറ്റർ പെയ്യും എന്നൊക്കെയാണ്‌ വിശദീകരിക്കേണ്ടത്‌.

  ഓരോ ജില്ലയുടെയും ഭൂപ്രകൃതി വ്യത്യസ്തമാണ്, അതുകൊണ്ട് കാലാവസ്ഥയും വിഭിന്നമായിരിക്കും. ഉദാഹരണത്തിന് ഈർപ്പം കുറഞ്ഞ മേഘങ്ങൾകൊണ്ടുപോലും വയനാട്ടിൽ മഴ ലഭിക്കാം. സമുദ്രനിരപ്പിൽനിന്നുള്ള ഉയരവും പശ്ചിമഘട്ടമലനിരകളുടെ സാന്നിധ്യവും ആണ് ഇതിനു കാരണം. ഇതിനെ മൈക്രോ ക്ലൈമറ്റ്‌ എന്ന് വിശേഷിപ്പിക്കുന്നു. അതുകൊണ്ടുതന്നെ, ജില്ല തിരിച്ചുള്ള കാലാവസ്ഥാ ബുള്ളറ്റിൻ ആണ് പ്രസിദ്ധീകരിക്കേണ്ടത്.

(ന്യൂസീലൻഡിൽ അൻറാർട്ടിക്‌ റിസർച്ച്‌ സെന്ററിൽ റിസർച്ച്‌ ഫെലോയാണ്‌ ലേഖകൻ)