ശക്തമായ മഴ മാത്രമായിരുന്നോ അതോ ഡാം മാനേജ്‌മെന്റിലെ പാളിച്ചകൾ കൂടിയായിരുന്നോ ഇത്രമേൽ ഗുരുതരമായ ഒരു സ്ഥിതിയിലേക്ക് നമ്മെ കൊണ്ടെത്തിച്ചത് എന്നതാണ്‌ വിഷയം. ഈ വിഷയത്തിൽ സാങ്കേതിക വിദഗ്‌ധർ ഇപ്പോഴും രണ്ടുതട്ടിലാണ്. കെ.എസ്‌.ഇ.ബി.യിലെയും ജലവിഭവവകുപ്പിലെയും ഉന്നതർ ടി.എം.സി., എം.എം.സി. കണക്കുകൾ നിരത്തി അവരുടെ ഭാഗം ന്യായീകരിക്കുന്നുണ്ടെങ്കിലും സാധാരണക്കാരന്റെ ചോദ്യങ്ങൾക്ക് ഇവരുടെ കൈയിൽ ഉത്തരമില്ല. ഇനി ഈ വിഷയത്തിൽ അതിവിദഗ്ധ ബുദ്ധിജീവികളോടു ചോദിച്ചാൽ ഡാം മോഡലിങ്ങിനെയും സിമുലേഷനെയും കുറിച്ച് വലിയ വലിയ കാര്യങ്ങൾ അവരിൽനിന്ന് കേൾക്കാം എന്നല്ലാതെ യാതൊരു പ്രായോഗിക നിർദേശങ്ങളും ലഭിക്കാനിടയില്ല.

ജലവിഭവവകുപ്പിൽ ഒരു എൻജിനീയറായി 20 വർഷം പ്രവർത്തിച്ച അനുഭവബലത്തിൽ ഒരു ഡാമിലെ ജലക്രമീകരണം എങ്ങനെ ആയിരിക്കണം എന്ന ഒരു കാഴ്ചപ്പാട് ഒരു സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

ഏതെങ്കിലും ഒരു ഡാമിനെ ഉദാഹരണമായി എടുത്ത് വിശകലനം ചെയ്യുകയാണ് കാര്യങ്ങൾ വിവരിക്കാൻ ഏറ്റവും എളുപ്പമുള്ള വഴി. എന്നാൽ, അങ്ങനെ ചെയ്താൽ ഫലത്തിൽ ആ ഡാമിന്റെ ചാർജുള്ള എൻജിനീയർമാരെ കുറ്റപ്പെടുത്തലായി തോന്നിയേക്കാം. അതിനാൽ ഒരു സാങ്കല്പിക ഡാമിനെ (ഗ്രാഫിക്‌സ്‌ കാണുക) അടിസ്ഥാനമാക്കിയാണ്  കാര്യങ്ങൾ അവതരിപ്പിക്കുന്നത്.

ഇനി വിഷയത്തിലേക്കു വരാം. മാക്സിമം വാട്ടർ ലെവൽ (MWL) 100 mm. 100M മീറ്ററും ഫുൾ റിസർവോയർ ലെവൽ (FRL) 99 മീറ്ററും സ്പിൽവേയുടെ ലെവൽ 95 മീറ്ററും ആയ ഒരു ഡാം സങ്കല്പിക്കുക. മറ്റു ലവലുകൾക്കൊന്നും ഇവിടെ പ്രസക്തി ഇല്ലാത്തതിനാൽ അതൊന്നും പരാമർശിക്കുന്നില്ല. ഡാം ഓപ്പറേഷൻ മാനുവൽ വാണിങ്ങുകൾക്കായി നൽകിയിട്ടുള്ള ലവലുകൾ 98.00m, 98.30m, 98.60m എന്നും സങ്കല്പിക്കുക.

 ഡാമിന്റെ ചുമതലയുള്ള എൻജീനിയർമാർ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, വേനൽക്കാലത്തേക്കു വേണ്ട വെള്ളം സംഭരിക്കുക എന്നതു മാത്രമല്ല ഡാമുകൾകൊണ്ട് ചെയ്യേണ്ടത് വർഷകാലത്ത് ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാനും അവയെ പ്രയോജനപ്പെടുത്തണം എന്നതാണ്. എന്നാൽ, കെ.എസ്‌.ഇ.ബി.യോ ജലവിഭവ വകുപ്പോ ഈ വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല എന്നതാണ് ദുഃഖകരമായ സത്യം.
അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം ഷട്ടർ തുറക്കുമ്പോൾ അത് എത്രവരെ ആകാം അല്ലെങ്കിൽ എത്രയ്ക്ക് ആകരുത് എന്ന കാര്യങ്ങളിൽ വ്യക്തമായ ഒരു ധാരണ നേരത്തേ ഉണ്ടാക്കിവയ്ക്കുക എന്നതാണ്. ഇത് മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ആകുന്നതാണ് ഏറ്റവും ഉത്തമം. എന്നാൽ, ഇന്ന് ലഭ്യമായിട്ടുള്ള വിവിധ കംപ്യൂട്ടർ മോഡലുകളുടെ അടിസ്ഥാനത്തിലും ഏകദേശ നിഗമനങ്ങളിൽ എത്തിച്ചേരാം.
എല്ലാ ഡാമുകൾക്കും മൂന്നു പ്രധാനപ്പെട്ട ഷട്ടർ ഓപ്പണിങ് ലെവലുകളെങ്കിലും (OL) നേരത്തേ തീരുമാനിച്ചുവയ്ക്കണം.

1. OL1: ഈ ലെവലിലോ അതിനു താഴെയോ എല്ലാ ഷട്ടറുകളും തുറന്നുെവച്ചാലും വെള്ളം പുഴയുടെ കര കവിയുകയില്ല. അതിനാൽ താഴെ ഉള്ളവർക്ക് തീരേ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയില്ല. നമ്മൾ പരിഗണിച്ചു കൊണ്ടിരിക്കുന്ന ഡാമിന് ഇത് 30 cm എന്ന് ഇരിക്കട്ടെ

2. OL2: മുമ്പുപറഞ്ഞ OL1-നും ഈ OL2-നും ഇടയിൽ ഷട്ടർ തുറക്കുമ്പോൾ ചെറിയ പ്രശ്നങ്ങൾ ഡൗൺ സ്ട്രീമിൽ ഉണ്ടാകുമെങ്കിലും ആളുകൾ മാറിത്താമസിക്കേണ്ട സ്ഥിതിയൊന്നും ഉണ്ടാകില്ല. നമ്മൾ പരിഗണിക്കുന്ന ഡാമിന് ഈ ലെവൽ 60 cm എന്ന് കരുതുക.

3. OL3: ഈ ലെവലിനു മുകളിൽ ഷട്ടർ തുറക്കുമ്പോൾ അത് ധാരാളം പേരെ ബാധിക്കാനിടയുണ്ട്. അതിനാൽ കഴിയാവുന്നിടത്തോളം ഈ ലെവലിനുതാഴെ മാത്രം ഷട്ടർ തുറക്കാൻ ശ്രമിക്കണം. OL2 മുതൽ OL3 വരെയുള്ള ലെവലിലും കഴിയുമെങ്കിൽ പരമാവധി കുറച്ചുസമയം മാത്രമേ ഷട്ടർ തുറന്നുവയ്ക്കാവൂ. നമ്മുടെ ഡാമിന് ഇത് 100 cm എന്നിരിക്കട്ടെ.

മുന്നറിയിപ്പ്‌ എങ്ങനെയാവണം
ഡാം ഷട്ടർ ഓപ്പറേഷനിൽ ആദ്യമായി വരുത്തേണ്ട മാറ്റം മുന്നറിയിപ്പ്‌ സംവിധാനത്തിലാണ്. ഇന്നത്തെ നിലയിൽ പ്രസ്തുത ഡാമിൽ ഒരു സെന്റിമീറ്റർ മാത്രം ഷട്ടർ തുറക്കണമെങ്കിലും 98.00, 98.30, 98.60 സ്റ്റേജുകളിലെ മൂന്ന്‌  മുന്നറിയിപ്പും കഴിഞ്ഞിരിക്കണം. എന്നാൽ, തുടർന്ന് 100 സെന്റിമീറ്ററിലേക്ക് ഉയർത്തണമെങ്കിലും ഒരു മുന്നറിയിപ്പും പിന്നീട് നൽകേണ്ടതുമില്ല. എത്ര അശാസ്ത്രീയമാണ് ഈ നിയമം എന്ന് മനസ്സിലാക്കാൻ കൂടുതൽ ഒന്നും പറയേണ്ടതില്ല. 98.00, 98.30, 98.60 എന്നീ ലെവലുകൾക്ക് യഥാർഥത്തിൽ ഒരു പ്രാധാന്യവും ഇല്ല, പ്രത്യേകിച്ച് സീസണിന്റെ പകുതിയിൽത്തന്നെ ഡാമുകൾ നിറയാൻ തുടങ്ങുമ്പോൾ. ഇതിനുപകരം ഒന്നാമത്തെ മുന്നറിയിപ്പ്‌ എന്നാൽ, ഷട്ടർ OL1 വരെ തുറന്നേക്കാമെന്നും രണ്ടാം മുന്നറിയിപ്പ്‌  എന്നാൽ, ഷട്ടർ OL2 വരെ തുറന്നേക്കാമെന്നും മൂന്നാം മുന്നറിയിപ്പ്‌ എന്നാൽ OL3 വരെ തുറന്നേക്കാം എന്നും ആക്കി മാറ്റണം. OL3-ക്കു മുകളിൽ തുറക്കുന്നതിനുമുമ്പ് അതിജാഗ്രതാ മുന്നറിയിപ്പ്‌ പ്രത്യേകമായി നൽകേണ്ടതുമാണ്.

ഈ വർഷം സംഭവിച്ചതുപോലെ സീസണിന്റെ മധ്യത്തിൽതന്നെ ഡാമുകൾ നിറയുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ചുരുങ്ങിയത് എഫ്‌.ആർ.എൽ ഒരു മീറ്റർ താഴെ മാത്രമേ വെള്ളം സ്ഥിരമായി പിടിക്കാവൂ. ഈ ഒരുമീറ്ററും എഫ്‌.ആർ.എല്ലിനും എം. ഡബ്ല്യു. എല്ലിനും ഇടയിലുള്ള സ്ഥലത്തിന്റെ ഒരുഭാഗവും പെട്ടെന്ന് ഉണ്ടായേക്കാവുന്ന ശക്തമായ പ്രളയത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കാം, ഉപയോഗിക്കണം.

പ്രസ്തുത ഡാമിൽ ജലനിരപ്പ് എഫ്‌.ആർ.എൽ ഒരുമീറ്റർ താഴെ, അതായത് 98 മീറ്ററിൽ ആണെന്ന് കരുതുക. ശക്തമായ മഴ തുടങ്ങുമ്പോൾതന്നെ OL 1 ലെവലിൽ വെള്ളം പുറത്തേക്കൊഴുക്കാവുന്നതും 2-ാം മുന്നറിയിപ്പ്‌ നൽകാവുന്നതുമാണ്. വെള്ളം ഉയരുന്നതിന്റെ തോത് നോക്കി OL2-വിലേക്ക് ഷട്ടർ ലെവൽ ഉയർത്താവുന്നതും OL3 ക്കുള്ള 3-ാം മുന്നറിയിപ്പ്‌ നൽകാവുന്നതുമാണ്. ഇങ്ങനെ ചെയ്യുമ്പോൾ രണ്ടു ദിവസം ശക്തമായ മഴ പെയ്താൽ പോലും OL3-ക്കു താഴെ മാത്രം ഷട്ടർ തുറന്ന് കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കേണ്ടതാണ്. എഫ്‌.ആർ.എൽ  മുകളിലേക്ക് ജലനിരപ്പ് ഉയരു മ്പോൾ മാത്രമേ OL3 ഷട്ടർ ഉയർത്തേണ്ടതുള്ളൂ. മഴയ്ക്ക് ശമനമുണ്ടാകുമ്പോൾ OL2 അല്ലെങ്കിൽ OL1 ലെവലിൽ ഷട്ടർ തുറന്നുെവച്ച് ഡാമിലെ ജലനിരപ്പ് ക്രമമായി താഴ്ത്തി കൊണ്ടുവരേണ്ടതാണ്.

പ്ലാൻ 'ബി'യും വേണം
 മേൽപ്പറഞ്ഞ കാര്യങ്ങളായിരിക്കണം നമ്മുടെ പ്ലാൻ എ. എന്നാൽ നമുക്ക് ഒരു പ്ലാൻ ബി കൂടി ഉണ്ടായിരിക്കണം. അതായത് നമ്മൾ എഫ്‌.ആർ.എൽ  അടുത്ത ഒരു ജലനിരപ്പ് നിലനിർത്തുമ്പോഴാണ് ശക്തമായ മഴ വരുന്നതെന്നു കരുതുക. മണിക്കൂറു കൾക്കുള്ളിൽ തന്നെ എഫ്‌.ആർ.എലി ലേക്ക് വെള്ളം എത്തുന്നു. അപ്പോൾ പിന്നെ ഏതു വിധേനെയും ജലനിരപ്പ് നിയന്ത്രിച്ചേ പറ്റൂ. സ്വഭാവികമായും OL3-ക്കു മുകളിലേക്ക് നമുക്ക് ഷട്ടർ ഓപ്പണിങ് ഉയർത്തേണ്ടിവരും. ഷട്ടർ എത്ര ഉയർത്തിയിട്ടാണെങ്കിലും, എം. ഡബ്ല്യു. എൽ. എത്തുന്നതിന് മുമ്പ് വെള്ളത്തിന്റെ ലെവൽ കുറച്ചേ പറ്റൂ. നമ്മൾ ഇവിടെ പരിഗണിക്കുന്ന ഡാമിൽ 1.2 m ഷട്ടർ ഉയർത്തിയപ്പോൾ ജിലനിരപ്പ് താഴാൻ തുടങ്ങി എന്നുകരുതുക. ഇത് 99.4 മീറ്ററിൽ ആണ് സംഭവിച്ചത് എന്നും കരുതുക. ജലനിരപ്പ് എഫ്‌.ആർ.എല്ലിലേക്ക് എത്തുന്നതുവരെ നമുക്ക് 1.2 m ഓപ്പണിങ് നിലനിർത്താം, എന്നാൽ, എഫ്‌.ആർ.എല്ലിൽ  എത്തിയാൽ ഉടനെ തന്നെ വീണ്ടും ജലനിരപ്പ് കുറയ്ക്കേണ്ടതില്ല. കൂടാതെ നോക്കിയാൽ മാത്രം മതി. ഇവിടെ കുറയ്ക്കേണ്ടത് ഷട്ടർ ഓപ്പണിങ്ങാണ്. അത് 1.2 മീറ്ററിൽനിന്ന് ക്രമമായി കുറച്ചുകൊണ്ട് വരിക. ഡാമിലെ ജലനിരപ്പ് 99 m (എഫ്‌.ആർ.എൽ ) ൽ നിന്നോട്ടെ. ഇവിടെയാണ് എൻജിനീയർമാർക്ക് ഏറ്റവും വലിയ അബദ്ധം സംഭവിക്കാറ്. നേരത്തേ വെള്ളം കുറഞ്ഞ ലെവലിൽ പിടിക്കാഞ്ഞതിനാലാണ് ഈ പ്രതിസന്ധി എല്ലാം ഉണ്ടായത് എന്ന ബോധം ഉപബോധമനസ്സിൽ ഇതിനകം കയറിയിട്ടുണ്ടാകും. അതിനാൽ പല എൻജിനീയർമാരും ഈ അവസരത്തിൽ OL3-ക്കു മുകളിലുള്ള ഷട്ടർ ഓപ്പണിങ് കുറയ്ക്കാതെ ഡാമിലെ ജലനിരപ്പ് എഫ്‌.ആർ.എല്ലിൽനിന്ന്‌ 50-60 cm വരെ കുറയ്ക്കാൻ ശ്രമിക്കുന്നു. ഒരു വലിയ ഡാമിൽ 50 cm ആഴത്തിലുള്ള വെള്ളം 24 മണിക്കൂറിനുള്ളിൽ പുറത്തേക്കൊഴുക്കിവിട്ടാൽ എന്തു സംഭവിക്കും എന്ന് പറയേണ്ടതില്ലല്ലോ? 99 മീറ്ററിൽ നിന്നും രണ്ടോ മൂന്നോ അടി ജലനിരപ്പ് കുറച്ചു പിടിക്കണം എന്നത് ശരിതന്നെ. പക്ഷേ, OL2-ൽ താഴെയുള്ള ഷട്ടർ ഓപ്പണിങ്‌ െവച്ചു മാത്രമേ ജലനിരപ്പ് കുറയ്ക്കാവൂ.

കെ.എസ്‌.ഇ.ബി.യിലും ജലവിഭവവകുപ്പിലുമുള്ള  എൻജീനിയർ സുഹൃത്തുക്കൾ ഏതാണ്ട് ഇപ്രകാരമാണ് ഡാമുകളിലെ വെള്ളം നിയന്ത്രിച്ചിട്ടുള്ളതെങ്കിൽ പ്രളയത്തിന്റെ കാരണം മഴ മാത്രമാണെന്ന് സമ്മതിക്കാം. എന്റെ വിശ്വാസം പലർക്കും വലിയതെറ്റുകൾ സംഭവിച്ചു എന്നുതന്നെയാണ്. കുറച്ചു കൂടി യുക്തിബോധത്തോടെ നമ്മുടെ ഡാം മാനേജ്‌മെന്റ് വിദഗ്‌ധർ പ്രവർത്തിച്ചിരുന്നെങ്കിൽ, എൻജീനിയർമാർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകിയിരുന്നെങ്കിൽ, നമ്മുടെ സംസ്ഥാനത്തിന് ഇത്ര ഭീമമായ നഷ്ടം സംഭവിക്കുകയില്ലായിരുന്നു; മാത്രമല്ല വിലപ്പെട്ട ജീവനുകളും രക്ഷിക്കാൻ സാധിക്കുമായിരുന്നു.

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഡക്‌വർത്ത്‌ ആൻഡ്‌ ലൂയിസ്‌  സംവിധാനത്തിന്‌ പകരം VJD  (വി. ജയദേവൻ) സിസ്റ്റം കൊണ്ടുവന്ന വ്യക്തിയാണ്‌ ലേഖകൻ.