ഴിഞ്ഞമാസം ഒടുവിൽ ഇടുക്കിയിലാണ്. മണ്ണിടിച്ചിലുണ്ടായി, മഴവെള്ളത്തിൽ ഒരു വീട്ടിൽ കയറിയ മണ്ണ് നീക്കം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു കുറച്ച് ഉദ്യോഗസ്ഥർ. അവർ ഇടുക്കിക്കാരായിരുന്നില്ല. പെട്ടെന്ന് വലിയ ഇരമ്പത്തോടെ മഴയെത്തി. വീട്ടുകാരും അയൽപക്കക്കാരുമൊക്കെ പരിഭ്രാന്തിയോടെ ഓടി വീടിനു പുറത്തിറങ്ങി. ഉദ്യോഗസ്ഥർ അദ്ഭുതപ്പെട്ടുപോയി. മഴ വരുമ്പോൾ സാധാരണ എല്ലാവരും പുറത്തുനിന്ന് വീട്ടിനുള്ളിലേക്കാണ് കയറുക.

ഇവിടെ എന്താണിങ്ങനെ?
 വീട്ടുകാർ പറഞ്ഞു.- ‘‘ഇതാണ് ഞങ്ങളുടെ ദുർവിധി. ദൂരെ മഴയിരമ്പം കൊള്ളുമ്പോൾ ഞങ്ങൾ പേടിച്ച് പുറത്തിറങ്ങും. കുറേക്കാലമായി ഇവിടെ എല്ലാ വീട്ടുകാരുടെയും അവസ്ഥ ഇതാണ്. എപ്പോഴാണ് മഴയോടൊപ്പം ഉരുൾപൊട്ടി വരുന്നതെന്നറിയില്ലല്ലോ. വീട്ടിനുള്ളിലാണെങ്കിൽ മണ്ണിനടിയിലാകും. പുറത്താണെങ്കിൽ എങ്ങോട്ടെങ്കിലും ഓടിമാറാനെങ്കിലും ശ്രമിക്കാമല്ലോ.’’
കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളുടെയും കാലാവസ്ഥയും പരിസ്ഥിതി അന്തരീക്ഷവും നിയന്ത്രിക്കുന്ന പശ്ചിമഘട്ടത്തിന്റെ ദുരവസ്ഥ ഇതാണ്. ഇടുക്കിയിലും വയനാട്ടിലും പത്തനംതിട്ടയിലും മലപ്പുറത്തും പാലക്കാട്ടും എന്നുവേണ്ട മലയുള്ള ദേശങ്ങളിലെല്ലാം ദുർബലമാക്കപ്പെട്ട മലകളുടെ ഭാഗങ്ങൾ പെരുവെള്ളത്തിലൂടെ ഒലിച്ചു വന്നു. പലരും മണ്ണിനടിയിൽപ്പെട്ട് മരിച്ചു. ചിലർക്കാകട്ടെ കൺമുന്നിൽ പ്രിയപ്പെട്ടവർ അപ്രത്യക്ഷരാകുന്നത് വേദനയോടെ കണ്ടുനിൽക്കേണ്ടി വന്നു.

ഇങ്ങനെയാണ് പ്രതിരോധങ്ങൾ
കഴിഞ്ഞ മാസം 27-ാം തീയതി  ഇടുക്കിയിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും വൈദ്യുതി മന്ത്രി എം.എം. മണിയും പങ്കെടുത്ത ഒരു യോഗമുണ്ടായിരുന്നു. പ്രളയത്തിനുശേഷമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗം. പ്രകൃതിയെ ദുരുപയോഗം ചെയ്തതുകൊണ്ടല്ല ഇപ്പോഴത്തെ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതെന്ന് സമർഥിക്കാൻ കച്ചകെട്ടിയിറങ്ങിയ എം.പി.യുടെയും എം.എൽ.എ.മാരുടെയും അഭിപ്രായങ്ങളെ ഖണ്ഡിക്കാൻ അധികമാർക്കും ആ യോഗത്തിൽ കഴിഞ്ഞില്ല. ആശയങ്ങൾ പങ്കുവയ്ക്കേണ്ട ഉദ്യോഗസ്ഥർ മൗനം കുടിച്ചിരുന്നു. അഭിപ്രായം എതിരായാൽ മേൽപ്പറഞ്ഞ ജനപ്രതിനിധികൾ അംഗീകരിക്കില്ല. അല്ലെങ്കിൽ അവരുടെ അഭിപ്രായത്തെ വാഴ്ത്തണം. മറിച്ചുപറയാൻ  ഉദ്യോഗസ്ഥരായതിനാൽ പരിമിതിയുണ്ട്.

പക്ഷേ, മുൻ വനംവകുപ്പു മന്ത്രി ബിനോയ് വിശ്വം സത്യം തുറന്നടിച്ചു. ‘‘ഇടുക്കിയുടെ പരിസ്ഥിതിയെ ബലാത്സംഗം ചെയ്തതിന്റെ ദുരന്തമാണ് ഇപ്പോൾ നാം അനുഭവിക്കുന്നത്.  ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഭൂമി പിളർന്ന് താഴേക്കു പോകലുമെല്ലാം അതിന്റെ ഫലമായി സംഭവിച്ചതാണ്. അതിനാൽ പരിസ്ഥിതി സംരക്ഷണനിയമങ്ങൾ ഇടുക്കിയിൽ കർശനമായി പാലിച്ചേ മതിയാകൂ’’ -അദ്ദേഹം പറഞ്ഞയുടൻ ദേവികുളം എം.എൽ.എ. ആയ എസ്. രാജേന്ദ്രൻ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ‘‘അത് നടക്കുന്ന പ്രശ്നമില്ല.’’ എന്ന്. ഇത് ഒരു തരത്തിലുള്ള പ്രതിരോധമാണ്. വികസനത്തിന്റെ പേരിൽ പരിസ്ഥിതി സംരക്ഷണത്തിനെതിരേയുള്ള പ്രതിരോധം. മറ്റൊരു തരത്തിൽ പ്രതിരോധം തീർക്കുന്നത് പള്ളിയാണ്. ഇടുക്കിയിലെ എം.പി. ആയിരിക്കെ, പി.ടി. തോമസിന്റെ ശവഘോഷയാത്രയും ശവസംസ്കാരവും വൈദികർ പ്രതീകാത്മകമായി നടത്തിയതോർക്കുക. പരിസ്ഥിതി സംരക്ഷിക്കണമെന്നു പറഞ്ഞതായിരുന്നു പി.ടി. തോമസ് ചെയ്ത കുറ്റം. സംസ്കാരം കഴിഞ്ഞ് അന്ന് സദ്യയും ഉണ്ടായിരുന്നു! മലയിൽ മതചിഹ്നം നാട്ടുക. പിന്നീട് അവിടം കൈയേറുക എന്ന കലാപരിപാടി വർഷങ്ങളായി തുടരുന്ന ചില വിഭാഗങ്ങളുണ്ട്. വാഗമൺ ഭാഗത്ത് റെയിൽവേ പാളങ്ങൾ കൊണ്ടുണ്ടാക്കിയ കുരിശ് നാട്ടിയിട്ടുണ്ട്, മലയിൽ. പത്തടിയോളം ഉയരത്തിൽ. ആ പാളം അവിടെ എങ്ങനെ എത്തിച്ചോ ആവോ...

പാറമടകൾ തകർത്ത ജീവിതം
ഉരുൾപൊട്ടലും മലയിടിച്ചിലുമുണ്ടായ പ്രദേശങ്ങളിൽ കഴിയുന്ന സാധാരണക്കാർക്ക് ഇപ്പോഴൊരു വലിയ ആശങ്കയുണ്ട്. തങ്ങൾ കഴിയുന്ന ഭൂമി വാസയോഗ്യമാണോ എന്ന്. മുമ്പെങ്ങും തോന്നാത്തതായിരുന്നു ഇത്. പതിറ്റാണ്ടുകളായി ഇവിടെ കഴിയുന്നു. എത്രയോ മഴയും വെയിലും കണ്ടു. അവയെല്ലാം അതിജീവിച്ചു. പക്ഷേ, ഇപ്പോഴൊരു പേടി. പണ്ടത്തെപ്പോലെയല്ല. പണ്ട് കാടും മരവും വഴിയും കാറ്റും പച്ചപ്പും അതിനിണങ്ങുന്ന വീടും കെട്ടിടങ്ങളും ജീവിതവുമായിരുന്നു. ഇപ്പോൾ ചുറ്റിലും പലയിടങ്ങളിലായി വലിയ പാറമടകൾ. അവയിൽ നിന്ന് കൂടെക്കൂടെ ഉയരുന്ന ഗർജനങ്ങൾ. സ്ഫോടനങ്ങളിൽ കുലുങ്ങുന്ന ഭൂമി. സ്ഥിരമായി കുലുങ്ങി മണ്ണിളക്കമുണ്ടായിട്ടുണ്ട്. പരിസ്ഥിതി പഠനം നടത്തിയ ശേഷമേ പാറമടകൾ തുടങ്ങാവൂ എന്നാണ് നിയമം. എന്നാൽ, ഒരു അപേക്ഷ പോലും എവിടെയും നൽകാതെ അനധികൃതമായി പ്രവർത്തിക്കുന്ന മടകൾക്ക് എന്ത് പാരിസ്ഥിതിക പഠനം? ആര് നോക്കാൻ?, ആര് അന്വേഷിക്കാൻ?

ഖനനം കൂടിയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ
പാറഖനനമാണ് പ്രധാനമായും നമ്മുടെ പശ്ചിമഘട്ടത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. എവിടെയെങ്കിലും ഒരു പാറ കണ്ടാലുടൻ അത്യാർത്തിയോടെ അതു എങ്ങനെയെങ്കിലും പൊട്ടിച്ചുവിൽക്കാൻ തക്കം പാർത്തുനടക്കുന്നവരുണ്ട്.  അനധികൃതഖനനം നടത്തി കോടികളുണ്ടാക്കാമെന്ന് ആരെങ്കിലും മോഹിച്ചാൽ അതിനു പ്രോത്സാഹനം നൽകുന്നതാണ് ഖനനനിയമത്തിലെ ശിക്ഷയുടെ സ്ഥിതി. അനധികൃതഖനനം നടത്തിയാലുള്ള ശിക്ഷ രണ്ടു വർഷം വരെ തടവും അഞ്ചുലക്ഷം രൂപവരെ പിഴയുമാണ്. നാടൊട്ടുക്ക് തോന്നിയപോലെ പാറ ഖനനം ചെയ്യുന്നുണ്ടെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, ഇന്നേവരെ ആർക്കും ഈ ശിക്ഷ കിട്ടിയിട്ടില്ല. കേസു നടത്തിപ്പിനിടെ ശിക്ഷിക്കപ്പെടും എന്നു തോന്നിയാൽ, സർക്കാരിനു പണം നൽകി ഉടമയ്ക്ക് ശിക്ഷയിൽനിന്നു രക്ഷപ്പെടാനാവും. ‘കുറ്റവാളി’ ആവുകയുമില്ല. ഒരാളും ശിക്ഷിക്കപ്പെടാതിരിക്കാനുള്ള കാരണം ഇതാണ്. ഇങ്ങനെ കേസ് തീരുന്നതോടെ ഒരു മേൽനടപടിയും പാടില്ലെന്നാണ് നിയമം. അനധികൃതഖനനം കൂടിയില്ലെങ്കിലല്ലേ അദ്ഭുതപ്പെടേണ്ടതുള്ളൂ.

പാറ പൊട്ടിക്കാൻ കൂടെ നിൽക്കുന്ന നിയമം
എത്ര പാറ പൊട്ടിച്ചെടുക്കുന്നു, എത്ര സൂക്ഷിക്കുന്നു, എത്ര വില്പന നടത്തുന്നു എന്നൊന്നും കൃത്യമായി മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥർക്കു പോലും അറിയില്ല. ഖനനസ്ഥലം പെട്ടെന്നു പരിശോധിക്കാനോ നടപടിയെടുക്കാനോ ഉദ്യോഗസ്ഥർക്ക് നിയമം അധികാരം നൽകുന്നുമില്ല. എന്തെങ്കിലും നിയമവിരുദ്ധപ്രവർത്തനം ക്വാറിയിൽ നടക്കുന്നു എന്ന് ബോധ്യപ്പെട്ടാൽപ്പോലും അത് പെട്ടെന്നു പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പ്രയാസമാണ്. ഖനനത്തിനു അനുമതി കൊടുക്കുന്നതും ഈ ഉദ്യോഗസ്ഥനാണ് എന്നതാണ് തമാശ. പരിശോധനയ്ക്കായി പാറമടയിൽ പ്രവേശിക്കാൻ ഉടമ സമ്മതിക്കുന്നില്ലെങ്കിൽ  ഉദ്യോഗസ്ഥൻ അയാൾക്ക് കാരണംകാണിക്കൽ നോട്ടീസ് കൊടുക്കണമെന്നാണ് നിയമം.  30 ദിവസത്തിനുള്ളിൽ ഇതിനു മറുപടി നൽകിയാൽ മതി.

ഇനി,  ഉടമ മറുപടിയൊന്നും നൽകുന്നില്ലെങ്കിലോ? വേണമെങ്കിൽ ഖനനാനുമതി എടുത്തുകളയാം. നിർബന്ധമില്ല, വേണമെങ്കിൽ മാത്രം. മറുപടി നൽകാത്തയാളുടെ സെക്യൂരിറ്റി നിക്ഷേപം മുഴുവനായോ ഭാഗികമായോ കണ്ടുകെട്ടാമെന്നും ചട്ടത്തിൽ പറയുന്നു. ശതകോടികൾ വിറ്റുവരവുള്ള ഈ കച്ചവടത്തിന്റെ സെക്യൂരിറ്റി നിക്ഷേപത്തുക കേട്ടാൽ ആർക്കും ചിരിവരും; പതിനായിരം രൂപ! ഇനി ഉടമ മറുപടി കൊടുത്തു എന്നിരിക്കട്ടെ. അതു പരിശോധിച്ച് വ്യവസ്ഥകൾ ലംഘിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടാൽ ചുമത്താവുന്ന പിഴ ഇരുപത്തയ്യായിരം രൂപയിൽ കൂടരുതെന്നാണ് നിയമം. ഇത്രയും അനുകൂല സാഹചര്യമുള്ളപ്പോൾ വെറുതേ കിടക്കുന്ന പശ്ചിമഘട്ടത്തെ പൊട്ടിച്ചു വിൽക്കാനല്ലേ കച്ചവടക്കാർക്ക് തോന്നൂ.

ഒരേ നിരയിൽ തകർന്ന വീടുകൾ
ഖനനവും നിർമാണപ്രവർത്തനങ്ങളുമൊന്നും നടക്കാത്ത വനത്തിനുള്ളിൽ ഉരുൾപൊട്ടിയിട്ടില്ലേ എന്നു ചോദിക്കുന്ന പരിസ്ഥിതി വിരുദ്ധരുണ്ട്. വനത്തിനുള്ളിൽ ഉരുൾപൊട്ടിയിട്ടുണ്ട്. പക്ഷേ, അത്തരത്തിലുള്ള ഭൂരിപക്ഷം സ്ഥലങ്ങളും ഏതെങ്കിലും തരത്തിൽ നിർമാണപ്രവർത്തനങ്ങളോ ഖനനമോ നടന്ന പ്രദേശത്തിനടുത്തായിരുന്നു. ഉദാഹരണത്തിന് ഇടുക്കിയിൽ മണിയാറൻകുടി മുതൽ താഴെ, കാളിയാർ വരെയുള്ള സ്ഥലങ്ങളിൽ ഉരുൾപൊട്ടിയത് അരുവിയോട് ചേർന്നുള്ള ആദിവാസികോളനികളുടെ സമീപത്താണ്. പേരിനാണ് ആദിവാസിക്കുടിയെന്നത്. മുപ്പത് ആദിവാസികളുണ്ടെങ്കിൽ അമ്പത് ആദിവാസികളല്ലാത്ത നാട്ടുകാർ ഇത്തരം സ്ഥലങ്ങളിലുണ്ട്. കെട്ടിടമുണ്ടാക്കൽ സജീവം. മണ്ണിനുറപ്പുണ്ടോ എന്നു നോക്കാറില്ല. പിന്നെയൊരു പ്രത്യേകത, ഈസ്ഥലങ്ങളിലെല്ലാം ഗ്രാമീണറോഡുകളെന്ന പേരിൽ ധാരാളം റോഡുകളുണ്ടാക്കിയിട്ടുണ്ട് എന്നതാണ്. െചരിവുള്ള സ്ഥലങ്ങളിൽ റോഡുണ്ടാക്കും. ആ റോഡിലൂടെ വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഓടും.

റോഡിന്റെ  ഇരുവശത്തും വീടുവയ്ക്കും. മണിയാറൻകുടിയിൽ ഇത്തരത്തിലുള്ള അഞ്ചു വീടുകൾ ഒരേ നിരയിൽ സ്കെയിൽെവച്ച് അളന്നു മുറിച്ചതുപോലെ മണ്ണിനടിയിലേക്കു പോയിക്കിടപ്പുണ്ട്. ആളുകളും മരിച്ചു. റോഡിന്റെയും വാഹനങ്ങളുടെയും ഭാരം താങ്ങാനുള്ള ശേഷി മലമുകളിലെ മണ്ണിനുണ്ടോ എന്നു പരിശോധിച്ചിട്ടല്ല, റോഡുണ്ടാക്കുന്നത്. പലയിടത്തെയും മണ്ണ് ലോലമാണ്.

ഇടുക്കി മുഴുവൻ പാറയാണെന്നു കരുതുന്നവർക്ക് അറിയില്ല, ഈ മണ്ണ് പിടിച്ചാൽ കിട്ടാത്തതാണെന്ന്. ചെറുതോണിയിൽനിന്ന് മണിയാറൻകുടിയിലേക്കു പോകുമ്പോൾ കാണാനാവും എത്രയോ സ്ഥലങ്ങളിൽ നിരനിരയായി മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നു. ‘‘ഇവിടെ പണ്ടേപോലെ ഞങ്ങൾക്ക് സമാധാനമായി കഴിയാനാവണം. അതിനായി നിർമാണങ്ങളിൽ നിയന്ത്രണം വേണം.’’ -ഇതാണ് ജനങ്ങളുടെ ആവശ്യം.  മണ്ണിടിച്ചിൽ പ്രദേശങ്ങളിൽ ശാസ്ത്രീയമായ പഠനം കഴിയുന്നതുവരെ ഒരു നിർമാണവും അനുവദിക്കരുതെന്ന സംസ്ഥാനസർക്കാരിന്റെ പുതിയ ഉത്തരവിൽ പ്രതീക്ഷയർപ്പിക്കുകയാണവർ.

(നാളെ- രാഷ്ട്രീയപ്പാർട്ടികൾ ചെയ്യുന്നത്)