തിരുവനന്തപുരം: പ്രളയത്തില്‍ ഒറ്റപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഏകദേശം പൂര്‍ണതയിലേക്കെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കില്ല. അവസാനത്തെ ആളെയും രക്ഷപ്പെടുത്തിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ ടീം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്നുണ്ട്. വൈദ്യസഹായത്തിന് ഐഎംഎയുടെ സഹായവും തേടും. പാമ്പിന്റെ ശല്യമുണ്ടാകും എന്നതുകൊണ്ട് അതിനുള്ള മരുന്ന് സൂക്ഷിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നനഞ്ഞു കേടായ നോട്ടുകള്‍ക്ക് പകരം നോട്ടുകള്‍ നല്‍കണമെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. അധികൃതര്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ 29ന്  ആദരിക്കും 
രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ ഓഗസ്റ്റ് 29ന് തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന ചടങ്ങില്‍ ആദരിക്കും. മറ്റു മത്സ്യത്തൊഴിലാളികളടക്കമുള്ളവര്‍ ആ ചടങ്ങില്‍ പങ്കെടുക്കണം. ജനങ്ങളെ രക്ഷിക്കുന്നതിനായി വെല്ലുവിളികള്‍ നേരിട്ട് സ്വയമേവ മുന്നിട്ടിറങ്ങിയ നിരവധി യുവാക്കളുണ്ട്. ക്യാമ്പുകളിലും നിരവധി യുവജനങ്ങള്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. വാഹനങ്ങള്‍ വിട്ടുനല്‍കി മോട്ടോര്‍ വാഹന ഉടമകളും രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ സംഭാവന ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 3274 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,28,073 പേര്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 2,12,735 പേര്‍ സ്ത്രീകളാണ്. 1,01,491 കുട്ടികളും ക്യാമ്പുകളിലുണ്ട്. വെള്ളമിറങ്ങിയാലും വീടുകളില്‍ താമസിക്കേണ്ട സ്ഥിതി പലര്‍ക്കുമുണ്ട്. പുനരധിവാസം അടിയന്തിരമായി നടത്തേണ്ടതുണ്ട്. കേന്ദ്രത്തില്‍നിന്ന് നാശനഷ്ടത്തിന് അനുസരിച്ച് സഹായം ലഭിക്കുമെന്നാണ് കരുതുന്നത്. കേന്ദ്രസര്‍ക്കാര്‍ 50000 ടണ്‍ ഭക്ഷ്യധാന്യം കൂടുതലായി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീടുകള്‍ ഉടന്‍ വാസയോഗ്യമാക്കും
വെള്ളമിറങ്ങിയ വീടുകള്‍ വാസയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടത്തും. ചില വീടുകള്‍ അപകടത്തിലാണ്. പെട്ടെന്ന് താമസിക്കാന്‍ പറ്റാത്ത വീടുകള്‍ താമസയോഗ്യമാക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്. വീടുകളില്‍ തിരിച്ചെത്തുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. മറ്റുള്ളവരുടെ സഹായത്തോടെ പരിശോധനകള്‍ നടത്തി മാത്രമേ വീടുകളില്‍ പ്രവേശിക്കാവൂ. ഗ്യാസ് സിലിണ്ടറുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കണം. വീടുകളിലേക്ക് മടങ്ങിപ്പോകുന്നവര്‍ക്ക് സാധാരണ രീതിയിലുള്ള ജീവിതം ആരംഭിക്കുന്നതിന് ആവശ്യമായ വസ്തുക്കളടങ്ങിയ കിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്പദ്ഘടനക്ക് ആഘാതം
കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് പ്രളയമുണ്ടാക്കിയത് വമ്പിച്ച ആഘാതമാണ്. സംസ്ഥാനത്തിന്റെ ഒരു വര്‍ഷത്തെ പദ്ധതി തുകയ്ക്ക് വകയിരുത്തിയ അത്രയും തുകതന്നെ ഈ ദുരന്തത്തില്‍നിന്ന് കരകയറാന്‍ ചിലവഴിക്കേണ്ടിവരും. ഒരു വര്‍ഷത്തെ വികസനം പൂര്‍ണമായും നടക്കാത്ത സാഹചര്യമാണുണ്ടാവുക. പ്രളയം ബാധിച്ച ജനങ്ങളുടെ നഷ്ടങ്ങള്‍ നികത്താനും തുക കണ്ടെത്തേണ്ടതുണ്ട്. ഇതിനായാണ് കേന്ദ്ര സഹായവും ഉദാരമായ സാമ്പത്തിക പിന്തുണയും വേണ്ടിരുന്നത്. എത്ര വലിയ സഹായം ലഭിച്ചാലും അത് അധികമാവില്ല. ദുരിതാശ്വാസ നിധിയിലേക്ക് വ്യാപകമായി സംഭാവന എത്തിക്കുക എന്നത് കേരളത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളുടെ സഹായങ്ങള്‍  ഇവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എല്ലാ ക്യാമ്പുകളിലും അടുക്കള സജ്ജീകരിച്ച് ഭക്ഷണം തയ്യാറാക്കണം. ഓരോ ക്യാമ്പിലും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തും. ആശുപത്രിയില്‍ പ്രവേശിപ്പിക്കണ്ടവരെ പ്രവേശിപ്പിക്കും. 11 നഗരസഭകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് വാര്‍ഡില്‍ 25000 രൂപയും നഗരസഭാ വാര്‍ഡില്‍ 50000 രൂപയും അനുവദിച്ചിട്ടുണ്ട്. 26 ലക്ഷം വൈദ്യുതി ഉപയോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങിയിട്ടുണ്ട്. വൈദ്യുതി ബന്ധം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുമെന്ന് വൈദ്യുത വകുപ്പ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.