ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന കേരളത്തിന് സഹായങ്ങളുടെ പ്രവാഹം. കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുമാണ് കേരളത്തിന് സഹായ വാഗ്ദാനങ്ങള്‍ നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നാളെ 50000 മെട്രിക്ക് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിക്കും. 100 മെട്രിക്ക് ടണ്‍ പയറുവര്‍ഗങ്ങളും 22 ലക്ഷം കുടിവെള്ളവും ഉള്‍പ്പടെയാണിത്. 9300 കിലോലിറ്റര്‍ മണ്ണെണ്ണയും 60 ടണ്‍ മരുന്നും നല്‍കും. പുതപ്പുകളും കിടക്കവിരികളും അടങ്ങുന്ന പ്രത്യേക ട്രെയിനും എത്തുമെന്നും അറിയിച്ചിട്ടുണ്ട്. 

ചത്തീസ്ഗഢ്‌ സര്‍ക്കാരിന്റെ സഹായമായ 2500 ടണ്‍ അരിയുമായി റെയില്‍വേയുടെ പ്രത്യേക തീവണ്ടി റായ്പൂരില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. 2100 കിലോമീറ്റര്‍ സഞ്ചരിച്ച് ഈ തീവണ്ടി കഴക്കൂട്ടത്ത് എത്തിച്ചേരും. ഈ അരി കേരളത്തില്‍ എത്തിക്കുന്നതിന് റെയില്‍വേ യാതൊരു ചാര്‍ജും ഈടാക്കുന്നില്ല. 

കേന്ദ്ര ആരോഗ്യ മന്ത്രാലയം 60 ടണ്‍ അവശ്യമരുന്നുകള്‍ നാളെ എത്തിക്കും. 14 ലക്ഷം ലിറ്റര്‍ കുടിവെള്ളവുമായി ഒരു പ്രത്യേക തീവണ്ടി കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 8 ലക്ഷം ലിറ്റര്‍ വെള്ളവുമായി നേവിയുടെ കപ്പലും കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

മഹാരാഷ്ട്ര സര്‍ക്കാരിന്റെ വക 30 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ പുറപ്പെട്ടിട്ടുണ്ട്. 5 ടണ്‍ തിങ്കളാഴ്ച കൊടുത്തുവിടും. 6.5 ടണ്‍ വസ്തുക്കള്‍ മഹാരാഷ്ട്ര നേരത്തെ എത്തിച്ചിരുന്നു. ഭക്ഷ്യ വസ്തുക്കള്‍, ധാന്യങ്ങള്‍, സാനിറ്ററി നാപ്കിന്‍സ്, മറ്റ് ആവശ്യ വസ്തുക്കള്‍ എന്നിവ ഉള്‍പ്പടെയാണ് ഇത്. 

ഉത്തര്‍പ്രദേശ് പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തെ സഹായിക്കാന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. യു.പി ഡി.ജി.പി ഒ.പി സിങാണ് ഇക്കാര്യം അറിയിച്ചത്. കേരളം നേരിടുന്നത് വന്‍ ദുരന്തമാണെന്നും എല്ലാരും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ കേരളത്തെ സഹായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ഐ.എ.എസ് ഉദ്യോഗസ്ഥരും കേരളത്തിനായി സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്.

കേന്ദ്ര ഭക്ഷ്യ, പൊതു വിതരണ മന്ത്രാലയം 50000 മെട്രിക്ക് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ കേരളത്തിലേക്ക് എത്തിക്കും. ഉപഭോക്തൃ കാര്യ മന്ത്രാലയം 100 മെട്രിക്ക് ടണ്‍ ധാന്യങ്ങളും എത്തിക്കും. വിദഗ്ദ പരിശീലനം ലഭിച്ച 244 സുരക്ഷാ സേനാംഗങ്ങളേയും 65 സുരക്ഷാ ബോട്ടുകളും അയച്ചാണ് ഒഡീഷ സര്‍ക്കാര്‍ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്. നേരത്തെ 10 കോടി രൂപയും 500 മില്യണ്‍ ടണ്‍ പോളിത്തീന്‍ ഷീറ്റുകളും നല്‍കിയതിന് പുറമെയാണ് ഒഡീഷയുടെ സഹായം.

തെലുങ്കാനയില്‍ നിന്ന് ആരോഗ്യ മന്ത്രി നൈനി നരസിംഹയുടെ നേതൃത്വത്തില്‍ നേരിട്ട് പ്രതിനിധികള്‍ എത്തി 25കോടിയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായങ്ങള്‍ക്ക് പുറമെയാണിത്. തമിഴ്‌നാടും കര്‍ണാടകയും പശ്ചിമബംഗാളുമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നേരത്തെ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.