• വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസിയില്‍ വെള്ളപ്പൊക്കം ഉള്‍പ്പെടുത്തിയിട്ടുണ്ടാകണം.
 • ഓടിക്കുന്നതിനിടയില്‍ വെള്ളത്തില്‍ നില്‍ക്കുകയോ വെള്ളം കയറിയശേഷം  സ്റ്റാര്‍ട്ടാക്കുകയോ ചെയ്യുന്ന വാഹനങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല. വെള്ളത്തില്‍വെച്ച് സ്റ്റാര്‍ട്ടാക്കിയാല്‍ എന്‍ജിനില്‍ വെള്ളം കയറി കേടാകുന്നതിനാലാണിത്.
 • വെള്ളപ്പൊക്കത്തില്‍പ്പെട്ട കാര്‍ സ്റ്റാര്‍ട്ടാക്കാതെ കെട്ടിവലിച്ച് അംഗീകൃത വര്‍ക്ക് ഷോപ്പിലെത്തിച്ച് ഇന്‍ഷുറന്‍സ് കമ്പനിയെ അറിക്കണം. കമ്പനിയുടെ സര്‍വെയറെത്തി വാഹനം പരിശോധിച്ച് ക്ലെയിം നല്‍കും.
 • സ്റ്റാര്‍ട്ടാക്കാതെ വാഹനത്തിന്റെ ഏതു ഭാഗത്ത് വെള്ളം കയറിയാലും ക്ലെയിം ലഭിക്കും.
 • ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്‍ജിനും പോളിസിയില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇത്തരം വാഹനങ്ങള്‍ക്ക് സ്റ്റാര്‍ട്ടാക്കുന്നതിനിടെ എന്‍ജിനില്‍ വെള്ളം കയറിയാലും ക്ലെയിം ലഭിക്കും.
 • ഇപ്പോഴത്തെ പ്രളയത്തില്‍ തേഡ് പാര്‍ട്ടി പ്രീമിയം മാത്രമുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് നഷ്ടപരിഹാരം കിട്ടില്ല
 • പാക്കേജ് പോളിസിയില്‍ തീപ്പിടിത്തം, പൊട്ടിത്തെറി, വാഹനം സ്വയം കത്തിനശിക്കല്‍, ഇടിമിന്നല്‍, മോഷണം, ആക്രമാസക്തമാകുന്ന സമരങ്ങള്‍, ഭൂമി കുലുക്കം, ബോധപൂര്‍വം നശിപ്പിക്കല്‍, ഉരുള്‍പൊട്ടല്‍, പാറവീഴ്ച, എന്നിവയും പ്രകൃതിക്ഷോഭങ്ങളും ഉള്‍പ്പെടും.
 • പ്രകൃതി ക്ഷോഭങ്ങളില്‍ വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, മഞ്ഞുവീഴ്ച, ഭൂമി കുഴിഞ്ഞ് താഴല്‍ തുടങ്ങി പലവിധമുണ്ട്. ഓരോന്നിനും വാഹനവിലയുടെ നിശ്ചിത ശതമാനം തുക കണക്കാക്കിയാണ് പ്രീമിയം. ചില കമ്പനികള്‍ ഇവയില്‍ ചിലത് ഒഴിവാക്കി പ്രീമിയം കുറയ്ക്കാറുണ്ട്.
 • വെള്ളപ്പൊക്കസാധ്യത കുറവുള്ള സ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തിന്റെ പ്രീമിയം ഒഴിവാക്കുന്ന പതിവുണ്ട്. അങ്ങനെ ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം കിട്ടില്ല
 • ഇരുചക്രവാഹനങ്ങള്‍ക്ക് സര്‍വേയും മറ്റു നടപടികളുമില്ലാതെ 3000 രൂപ വരെ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
 • വെള്ളപ്പൊക്കത്തിനിടെ വാഹനാപകടത്തില്‍പ്പെട്ട് മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാര നടപടികളില്‍ ഇളവു നല്‍കി അതിവേഗം നല്‍കാന്‍ തീരുമാനമായി.
 • ഇന്‍ഷുറന്‍സ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പോളിസി നമ്പര്‍ നല്‍കിയാല്‍ വാഹനത്തിന് ഏതൊക്കെ തരത്തിലെ നാശങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നറിയാം. പോളിസി സര്‍ട്ടിഫിക്കറ്റിനൊപ്പം വ്യവസ്ഥകളും നിബന്ധനകളും ഉള്‍പ്പെടുത്തിയ നോട്ടീസ് കിട്ടും. ഇതു പരിശോധിച്ചാലും മതി.

ശ്രദ്ധിക്കേണ്ടവ

 • വാഹനം സ്റ്റാര്‍ട്ടാക്കരുത്. പുതുതലമുറ വാഹനങ്ങളില്‍ ഇലക്ട്രോണിക്‌സ് ഘടകങ്ങള്‍ കൂടുതലാണ്. ഇത് ഓണ്‍ ചെയ്യാനേ പാടില്ല.
 • വാഹനം നിര്‍ത്തിയിട്ടിരിക്കുമ്പോഴും സെന്‍ട്രല്‍ ലോക്ക് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുടെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ നോക്കരുത്.
 • കാറിന്റെ നമ്പര്‍ പ്ലേറ്റ് കാണാവുന്ന രീതിയില്‍ വെള്ളം മുഴുവന്‍ ഇറങ്ങുന്നതിനുമുമ്പ് ഫോട്ടോയെടുക്കുന്നത് നല്ലതാണ്. ദുരന്തകാലത്ത് ഇത്തരം കാര്യങ്ങളില്‍ കടുംപിടിത്തം പാടില്ലെന്ന് ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റി (ഐ.ആര്‍.ഡി.എ.) കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

എന്‍ജിനില്‍ വെള്ളം കയറുന്നത്

 വാഹനത്തിന്റെ നിര്‍മാണ രീതിയനുസരിച്ചായിരിക്കും എന്‍ജിനില്‍ വെള്ളം കയറുക.  പ്രധാനമായും എയര്‍ ഇന്‍ടേക്കുകളിലൂടെയായിരിക്കും. സ്റ്റാര്‍ട്ട് ചെയ്യാത്തിടത്തോളം എന്‍ജിന് ഗുരതരമായ തകരാറുണ്ടാകാനിടയില്ല.

വെള്ളംകയറിയ വണ്ടികളുടെ പ്രീമിയം പുതുക്കണം

വെള്ളംകയറിക്കിടക്കുന്ന വാഹനങ്ങളുടെ പ്രീമിയം കാലാവധി കഴിയാതെ നോക്കണം. നിശ്ചിതദിവസത്തിന് മുമ്പ് പോളിസി പുതുക്കിയെടുക്കണം.