കീഴ്നദീതടപ്രദേശങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍കാരണം ജലവഹനശേഷി തീരേ കുറഞ്ഞിരിക്കുന്ന നമ്മുടെ നദികള്‍ക്ക് അതിശക്തമായ മഴമൂലമുണ്ടാകുന്ന ജലത്തിന്റെ അളവുതന്നെ താങ്ങാവുന്നതിലും കൂടുതലാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഡാമുകളില്‍നിന്ന് വെള്ളം തുറന്നുവിട്ടത്. ഇതാണ് ദുരന്തത്തിന്റെ തീവ്രത ഇത്ര കൂടാനും വിമാനത്താവളമുള്‍പ്പെടെ റോഡ് റെയില്‍ ഗതാഗതമേഖലയിലേക്കും ആയിരക്കണക്കിന് വീടുകളിലേക്കും വെള്ളം കയറാന്‍ ഇടയാക്കിയത്.

ലഭ്യമായ കണക്കുകളും കാലാവസ്ഥാപ്രവചനവും കണക്കിലെടുത്ത്  മുന്‍കരുതലെടുത്തിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഘാതം എത്രയോ കുറയ്ക്കാമായിരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം മണ്‍സൂണ്‍മഴ കൂടുതല്‍ ലഭിക്കുമെന്ന കാലാവസ്ഥാപ്രവചനമുണ്ടായിരിക്കെയാണ് ഡാമുകളിലെ വെള്ളം ഈ അപകടനിലയിലേക്ക് ശേഖരിച്ചുവെച്ചത്. മാത്രമല്ല, മണ്‍സൂണ്‍ തുടങ്ങുന്നതിനുമുമ്പുതന്നെ ഇടുക്കി ഡാമില്‍ 25 ശതമാനം ജലശേഖരവുമുണ്ടായിരുന്നു.

ലഭ്യമായ കണക്കുകളുടെയും പ്രവചനങ്ങളുടെയും അടിസ്ഥാനത്തില്‍ തുറന്നുവിടേണ്ട ജലത്തിന്റെ തോത് നിര്‍ണയിക്കുന്നതില്‍ വന്ന അപാകമാണ് ഈ ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും ഇത്രയും വര്‍ധിപ്പിച്ചത്. കീഴ്നദീതടപ്രദേശത്തെ നദിയുടെ ജലവഹനശേഷിയും അവിടത്തെ നിര്‍മാണപ്രവര്‍ത്തനങ്ങളും ആഘാതവും കണക്കിലെടുക്കാതെ ഡാം നിറയുന്നതുവരെ കാത്തുനില്‍ക്കുകയും ഉടനെ തുറന്നുവിടുകയും ചെയ്ത ഡാംകേന്ദ്രീകൃത നിലപാടാണ് സ്ഥിതി ഇത്രയും ഗുരുതരമാക്കിയത്.

ജൂലായ് അവസാനംതന്നെ ഡാമിന്റെ പരമാവധിശേഷിയോട് അടുത്തപ്പോള്‍ ട്രയല്‍ റണ്‍ നടത്തുന്നതിനെപ്പറ്റി ചര്‍ച്ചയായെങ്കിലും അത് നടന്നില്ല. ഓഗസ്റ്റ് ഒന്നുമുതല്‍ വെള്ളം തുറന്നുവിട്ടിരുന്നെങ്കില്‍ ഈവിധമുള്ള  പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാമായിരുന്നു.
പെരിയാറിന്റെ മൊത്തം വൃഷ്ടിപ്രദേശത്തിന്റെ ഏകദേശം 12 ശതമാനം മാത്രമാണ് ഇടുക്കി ജലസംഭരണിയിലേക്കെത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കുന്നതോടെ ബാക്കി 88 ശതമാനം പ്രദേശത്തെയും ജലം പെരിയാറിലേക്ക് വന്നെത്തുകയും കനത്ത കുത്തൊഴുക്കായി മാറുകയും ചെയ്യും. ഇതൊന്നും കണക്കിലെടുക്കാതെയാണ് ആ സന്ദര്‍ഭത്തില്‍ത്തന്നെ ഡാം തുറന്നുവിടാന്‍ കാത്തിരുന്നത്. 

പ്രശ്‌നത്തെ വേണ്ടവിധം പഠിക്കുകയോ വിശകലനംചെയ്യുകയോ ഇല്ലാതെയുള്ള ഈ നടപടിക്കുപുറമേയാണ് ജലശേഷി ഏറ്റവും കൂടുതലുള്ള ജൂണ്‍, ജൂലായ് മാസങ്ങളില്‍ ആകെയുള്ള ആറ് ടര്‍ബൈനുകളില്‍ രണ്ടെണ്ണം പ്രവര്‍ത്തിച്ചിരുന്നില്ലെന്ന സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ റിപ്പോര്‍ട്ട് വിലയിരുത്തേണ്ടത്. 

അറ്റകുറ്റപ്പണിയുംമറ്റും ജലശേഷിക്കുറവുള്ള വേനല്‍ക്കാലത്ത്  നടത്താതെ ജൂണ്‍-ജൂലായിയിലേക്ക് മാറ്റിവെച്ചത് എന്തുമാത്രം ബുദ്ധിശൂന്യതയാണ്. ഈ ദുരന്തത്തിലേക്കുനയിച്ച നടപടികളുടെയും തീരുമാനങ്ങളുടെയും വിശകലനവും അതില്‍നിന്ന് പാഠമുള്‍ക്കൊണ്ടുള്ള മുന്‍കരുതലുകളും തീരുമാനങ്ങളും പ്രധാനമാണ്. ഇതിനുവേണ്ടി വിദഗ്ധര്‍ ഉള്‍പ്പെട്ട ഒരു കമ്മിറ്റിയെത്തന്നെ നിയോഗിക്കാവുന്നതാണ്. ഭാവിയില്‍ ഇത്തരം അവസ്ഥ ഉടലെടുക്കാതിരിക്കാന്‍ വേണ്ട എന്തെല്ലാം മുന്‍കരുതലാണ് എടുക്കേണ്ടതെന്ന് പഠനവിധേയമാക്കേണ്ടതുണ്ട്.  

ഡാമിന്റെതാഴെ കീഴ്നദീതടപ്രദേശങ്ങളിലെ ജലവഹനശേഷി നിര്‍ണയിച്ച് ഡാമില്‍നിന്ന് തുറന്നുവിടാവുന്ന ജലത്തിന്റെ തോത് മഴയ്ക്കനുസരിച്ചും മറ്റുഘടകങ്ങളെ അപേക്ഷിച്ചും നിര്‍ണയിക്കേണ്ടതുണ്ട്. നദീതടങ്ങളെ ബന്ധിപ്പിക്കുന്ന തുരങ്കങ്ങള്‍ നിര്‍മിച്ച് ജലവിതാനം ക്രമീകരിക്കുന്നതിനുള്ള സംവിധാനത്തെപ്പറ്റി സാധ്യത വിലയിരുത്തേണ്ടതാണ്. 
പ്രായോഗികമെങ്കില്‍ ഇതുപോലുള്ള നിര്‍ണായകഘട്ടങ്ങളില്‍ തുരങ്കത്തിലൂടെ തമിഴ്നാട്ടിലെ നദീതടപ്രദേശങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്. അങ്ങനെയായാല്‍ ഡാം തുറന്നുവിട്ടും കീഴ്നദീതട പ്രദേശങ്ങളിലുള്ള നാശനഷ്ടങ്ങള്‍ ഒഴിവാക്കാവുന്നതാണ്. 

കീഴ്നദീതടപ്രദേശങ്ങള്‍  അതിന്റെ സ്വതഃസിദ്ധമായ ആവാസവ്യവസ്ഥ തിരിച്ചുകൊണ്ടുവരുന്നതിനും ആവശ്യമായ നീരൊഴുക്ക് നിലനിര്‍ത്തുന്നതിനുവേണ്ട ജലം ഡാമില്‍നിന്ന് വേനല്‍ക്കാലങ്ങളിലും ഒഴുക്കുന്നതിനുവേണ്ട പഠനം നടത്തേണ്ടതാണ്.
വൃഷ്ടിപ്രദേശങ്ങളിലെ മഴയുടെ തോതനുസരിച്ച് റിവര്‍ ഹസാര്‍ഡ് മാപ്പ് നിര്‍മിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. അതുപോലെ ലാന്‍ഡ്സ്ലൈഡ് പ്രോണ്‍ പ്രദേശത്തെ പ്രത്യേകതകള്‍കൂടി അടയാളപ്പെടുത്തേണ്ടതുണ്ട്. സംസ്ഥാന, കേന്ദ്ര ഏജന്‍സികളെക്കൂടാതെ ജപ്പാനിലെ ഡിസാസ്റ്റര്‍ പ്രിവന്‍ഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായവും തേടാവുന്നതാണ്. 

ദുരന്തംവരുമ്പോള്‍ നേരിടാനുള്ള വൈദഗ്ധ്യം മാത്രമല്ല, ദുരന്തം ഒഴിവാക്കുന്നതിനുള്ള  വൈദഗ്ധ്യവും നാം നേടിയെടുക്കേണ്ടതുണ്ട്.