ദുരന്തശേഷമുള്ള ആവശ്യങ്ങളെന്തെന്ന വിലയിരുത്തല്‍ (പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്മെന്റ് -പി.ഡി.എന്‍.എ.) ആഗോളതലത്തില്‍ സ്വീകരിക്കപ്പെട്ട പ്രൊഫഷണല്‍ രീതിയാണ്. മൂന്ന് പ്രധാന ഘടകങ്ങളും 12 അനുബന്ധ ഘടകങ്ങളുമാണ് പി.ഡി.എന്‍.എ.യില്‍ ഉള്‍പ്പെടുന്നത്.

സാമൂഹിക, അടിസ്ഥാനസൗകര്യ, ഉത്പാദന കാര്യങ്ങളാണ് ആദ്യം പറഞ്ഞ മൂന്നെണ്ണം. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയവയാണ് അനുബന്ധഘടകങ്ങളില്‍ ഉള്‍പ്പെടുന്നത്. 
റവന്യൂനഷ്ടം കണക്കാക്കുന്ന പരമ്പാരഗത രീതിയുമായി താരതമ്യംചെയ്യുമ്പോള്‍ ഇതാണ് മികച്ച വിലയിരുത്തല്‍ രീതി.

ഒരുമാസംകൊണ്ട് ആവശ്യങ്ങള്‍ വിലയിരുത്താനുമാവും. വിവിധസര്‍ക്കാര്‍ വകുപ്പുകളെ സമന്വയിപ്പിച്ച് അന്താരാഷ്ട്ര വിദഗ്ധരില്‍നിന്നുള്ള പരിശീലനം നല്‍കി ഇതു ചെയ്യാനാവും. പി.ഡി.എന്‍.എ.യ്ക്കുശേഷം സഹായദാതാക്കളുടെ സമ്മേളനം നടത്തണം. അങ്ങനെയൊന്നിന് കേന്ദ്രം അനുമതി നല്‍കിയില്ലെങ്കില്‍, കേരളം സ്വന്തംനിലയ്ക്ക് നടത്തേണ്ടിവന്നേക്കും.

നവകേരളപ്പിറവിക്കായി അതുപോലൊരു സമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.  

പുനര്‍നിര്‍മാണ മാതൃകകള്‍

  • നമുക്കുമുന്നില്‍ വിവിധമാതൃകകളുണ്ട്. മെച്ചപ്പെട്ടതും സുരക്ഷിതവും ഹരിതവുമായ നയമാണ് സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രി പറഞ്ഞതുപോലെ, മുമ്പുണ്ടായിരുന്നത് അങ്ങനെത്തന്നെ വീണ്ടും നിര്‍മിക്കുന്നത് നല്ല രീതിയല്ല. 
  • സുനാമിക്കുശേഷം ജപ്പാന്‍ പണം കണ്ടെത്തിയത് മൂന്നുവര്‍ഷം ചരക്കുസേവന നികുതിയില്‍ (ജി.എസ്.ടി.) മൂന്നുശതമാനം വര്‍ധനവരുത്തിയാണ് (സമാനമായ നയമാണ് നമ്മുടേതും). പ്രാദേശികസര്‍ക്കാരുകളോട് ഈ നികുതിപിരിക്കല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. അങ്ങനെ ചെയ്യുന്ന സര്‍ക്കാരുകള്‍ക്ക് ഫണ്ട് അനുവദിക്കും. അല്ലാത്തവയ്ക്ക് മൂന്നുവര്‍ഷം പൂര്‍ത്തിയായാല്‍ ഫണ്ടൊന്നും നല്‍കില്ല. 
  • ചൈന സ്വീകരിച്ചത് മറ്റൊരു രീതിയാണ്. ഏറ്റവും കൂടുതല്‍ ദുരന്തമുണ്ടായ പ്രവിശ്യയുടെ പുനര്‍നിര്‍മാണം ഏറ്റവും ധനസ്ഥിതിയുള്ള പ്രവിശ്യയെ ഏല്‍പ്പിച്ചു. ഈ രീതി നമുക്കും സ്വീകരിക്കാവുന്നതാണ്. ഒരു ഗ്രാമത്തിന്റെയോ താലൂക്കിന്റെയോ പുനര്‍നിര്‍മിതി കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കുന്നതുപോലും ആലോചിക്കാം. 

യുവശക്തി  പ്രയോജനപ്പെടുത്താം

നമ്മുടെ യുവ സന്നദ്ധസേവകരെ ഉപയോഗപ്പെടുത്തുന്നകാര്യം ചിന്തിക്കണം. ഉദാഹരണത്തിന് കെട്ടിടങ്ങളുടെ ശക്തിയും അവയിലെ വയറിങ്ങും എങ്ങനെയെന്നു പരിശോധിക്കാനും കേടുപാടുപോക്കാനും നമുക്ക് അടിയന്തരമായി ഒട്ടേറെപ്പേരെ ആവശ്യമുണ്ട്. എന്‍ജിനീയറിങ്, പോളിടെക്‌നിക് വിദ്യാര്‍ഥികളെ പരിശീലിപ്പിച്ച് അതിനായി ഉപയോഗിക്കാം. ഇത് യുവാക്കളില്‍ പഠനത്തിനൊപ്പം തൊഴിലും എന്ന സംസ്‌കാരം വളര്‍ത്തും. ഇക്കാര്യവും പരിഗണനയിലുണ്ട്. 

വേണം പുതിയ ഭൂവിനിയോഗ നയം 

പുതിയ ഭൂവിനിയോഗനയത്തിന് രൂപംകൊടുക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. പശ്ചിമഘട്ടത്തിനു മാത്രമല്ല, ഇടനാടിനും തീരമേഖലയ്ക്കും ഭൂവിനിയോഗനയം വേണം. രാഷ്ട്രീയമായി ഏറെ വെല്ലുവിളി നിറഞ്ഞകാര്യമാണിത്. 

വിവരവിതരണത്തിനും ഏകോപനത്തിനും ഒരുവേദിയുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. പ്രളയനാളുകളില്‍ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ചിട്ട് കിട്ടാത്തസ്ഥിതിയുണ്ടായി. ഒരേയാളുകള്‍തന്നെ പലയിടത്തേക്കും വിളിച്ചതായിരുന്നു കാരണം. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് അറിവുനല്‍കാനുള്ള സംവിധാനവും ഉണ്ടാക്കേണ്ടതുണ്ട്.

ദുരന്തങ്ങളെ എങ്ങനെ നേരിടണമെന്ന് ജനത്തെ പഠിപ്പിക്കുന്നത് പ്രയോജനം ചെയ്യും. ഉദാഹരണത്തിന് ജപ്പാനില്‍ ഭൂകമ്പ, സുനാമി മുന്നറിയിപ്പുകളുണ്ടാകുമ്പോള്‍ കുട്ടികള്‍ സ്‌കൂളിലാണെങ്കില്‍ രക്ഷിതാക്കള്‍ അവിടേക്ക് ഓടിച്ചെല്ലില്ല. എല്ലാ രക്ഷിതാക്കളും സ്‌കൂളിലെത്താന്‍ തിടുക്കം കൂട്ടിയാല്‍ അത് മറ്റൊരു ദുരന്തത്തിനിടയാക്കാം.

ദുരന്തമുണ്ടാകുമ്പോള്‍ സ്വയം സജ്ജരാകാന്‍ ജനങ്ങളെ പഠിപ്പിക്കുന്നത് അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവിടെ ദുരന്തമുണ്ടായപ്പോള്‍ 80 ശതമാനംപേരെയും രക്ഷിച്ചത് അവരുടെ ബന്ധുക്കളോ അയല്‍ക്കാരോ അന്നാട്ടുകാര്‍ തന്നെയോ ആയിരുന്നു. 
 

നിയന്ത്രണം നിയമംമൂലം

ഭൂവിനിയോഗം നിയമംമൂലം നിയന്ത്രിക്കുകയെന്നത് പ്രധാനമാണ്. അതിന് ദുരന്തസാധ്യതാ മേഖലകളുടെ ഭൂപടം തയ്യാറാക്കി പൊതുജനത്തിന് ലഭ്യമാക്കണം. ഈ മേഖലകളില്‍ കെട്ടിടമുണ്ടാക്കാന്‍ അനുമതി നല്‍കില്ല. ഇവിടങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനത്തിന് ബാങ്ക് വായ്പയോ കെട്ടിടങ്ങള്‍ക്ക് ഇന്‍ഷുറന്‍സോ നല്‍കില്ല.

പരിസ്ഥിതിസൗഹൃദ സാമഗ്രികള്‍ ഉപയോഗിച്ചുള്ള നിര്‍മാണരീതി സ്വീകരിക്കുന്നത് നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കുന്നതിന് അത്യാവശ്യമാണ്. ഇതിനുള്ള നടപടി അധികം വൈകാതെയുണ്ടാവും. 

പാര്‍പ്പിടപ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ നമുക്കു മുമ്പില്‍ മാര്‍ഗമുണ്ട്. ആള്‍ത്താമസമില്ലാത്ത ആയിരക്കണക്കിന് ഫ്‌ളാറ്റുകളും വീടുകളും കേരളത്തിലുണ്ട്. പ്രളയത്തില്‍ വീടുനഷ്ടപ്പെട്ടവരെ പാര്‍പ്പിക്കാന്‍ ഈ വീടുകള്‍ സര്‍ക്കാരിന് വാടകയ്‌ക്കെടുക്കാം. 

 

content hinghlights: Post Kerala Flood, Chief Minister Pinarayi Vijayan, Flood, Rehabilitation