കോഴിക്കോട്: കിണറുകൾ മലിനമായതിനാൽ പ്രളയബാധിത പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകും. ഭൂജലത്തിലും മലിനജലം കയറിയതിനാൽ കിണർ വെള്ളം കുറേക്കാലത്തേക്ക് ഉപയോഗിക്കാൻ കഴിയില്ല. ഇനിയുള്ള മഴയിൽ വെള്ളം ഭൂമിയിലേക്ക് ഇറങ്ങിയാലേ കിണറിൽ ശുദ്ധജലം കിട്ടൂ.

ലക്ഷക്കണക്കിന് കുപ്പിവെള്ളം പ്രളയബാധിത പ്രദേശങ്ങളിലേക്ക് എത്തുകയാണ്. ഇപ്പോൾ ഇത് അനുഗ്രഹമാണെങ്കിലും കുടിച്ച് വലിച്ചെറിയുന്ന കുപ്പികൾ പരിസ്ഥിതിപ്രശ്നമുണ്ടാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ദുരിതാശ്വാസകേന്ദ്രങ്ങളിൽ ടാങ്കറുകളിൽ വെള്ളമെത്തിക്കുകയും മഴവെള്ളം ഉപയോഗപ്പെടുത്തുകയുമാണ് ഇതിന് പരിഹാരമെന്ന് ജലസംരക്ഷണരംഗത്തെ വിദഗ്ധനായ ഡോ. പി.കെ. തമ്പി പറയുന്നു.

തത്കാലം ഉപയോഗിച്ച് കുപ്പിവെള്ളം ക്രമേണ ഒഴിവാക്കണം. ദുരിതാശ്വാസകേന്ദ്രങ്ങളിലും വെള്ളത്തിൽ ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളിലുമെല്ലാം കുപ്പിവെള്ളമാണ് കിട്ടുന്നത്. കിണറുകൾ തത്‌കാലം ബ്ലീച്ചിങ് പൗഡറിട്ട് വൃത്തിയാക്കി വെക്കാമെങ്കിലും വെയിൽവന്ന് ഭൂജലവിതാനം താഴ്ന്നാൽമാത്രമേ നല്ല വെള്ളം കിട്ടൂ. കുടിക്കാൻ വീട്ടുമുറ്റത്ത് കിട്ടുന്ന മഴവെള്ളം ഉപയോഗിക്കാമെന്ന് ഡോ. പി.കെ. തമ്പി പറയുന്നു. ഇത് ശുദ്ധജലമാണ്. മാത്രമല്ല പണച്ചെലവില്ലാതെ സംഭരിക്കുകയും ചെയ്യാം

മഴവെള്ളം ശേഖരിക്കാം

water

വീട്ടുമുറ്റത്തും ടെറസിലും മഴവെള്ളം ശേഖരിക്കാം. വീടിനുമുന്നിൽ ടാർപോളിൻ ഷീറ്റോ ഒരു വെള്ളമുണ്ടോ കെട്ടി നടുവിൽ ഒരു ചെറിയ കല്ലിട്ടാൽ ഇവ കുഴിഞ്ഞ് നിൽക്കും. മഴ പെയ്യുമ്പോൾ താഴെ ഒരു പാത്രമോ ബക്കറ്റോവെച്ച് വെള്ളം പിടിക്കാം. ഇത് കുടിക്കാനും പാചകത്തിനും മറ്റെല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. ടെറസിൽ വെള്ളത്തുണികൊണ്ട് അരിപ്പപോലെ കെട്ടിയ പാത്രംവെച്ചും വെള്ളം പിടിക്കാം.

ടെറസ് നല്ലപോലെ വൃത്തിയാക്കി മഴ വെള്ളം ചെറിയൊരു പൈപ്പിട്ട് താഴേക്ക് ഒഴുക്കിയും പാത്രത്തിൽ ശേഖരിക്കാം. പൈപ്പിനുപകരം സൈക്കിൾട്യൂബും ഉപയോഗിക്കാം. ഇപ്പോൾ യഥേഷ്ടം മഴയുണ്ട്. തുലാവർഷവും വരാനുള്ളതിനാൽ മഴവെള്ളം ശേഖരിച്ച് കുറേ കാലത്തേക്ക് വീട്ടിലെ ടാങ്കുകളിൽ സൂക്ഷിക്കാം.