പ്രളയം സര്‍വതും തകര്‍ത്തെറിഞ്ഞ് പിന്‍വാങ്ങിയപ്പോള്‍ കേരളം എങ്ങനെ പുനര്‍നിര്‍മിക്കുമെന്ന ചര്‍ച്ചയാണ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. ഇനിയൊരു പ്രളയത്തെ കൂടി അതിജീവിക്കാനുളള ശേഷി കേരളത്തിനില്ല എന്നത് ഒരു യാഥാര്‍ഥ്യമായി നിലനില്‍ക്കുമ്പോള്‍ നമ്മള്‍ അടിമൂടി മാറിയേ മാതിയാവൂ. അശാസ്ത്രീയമായ നിര്‍മാണവും പ്രകൃതിയിലേക്കുള്ള കടന്നുകയറ്റവും വെറും പ്രളയം മാത്രമല്ല നമുക്ക് സമ്മാനിക്കുന്നത് എന്നതാണ് പ്രളയ ശേഷമുള്ള സാഹചര്യങ്ങളും ചൂണ്ടിക്കാട്ടുന്നത്. പുഴകളും തണ്ണീര്‍തടങ്ങളും കിണറുകളുമെല്ലാം വറ്റിവരളുന്നു, കിണറുകള്‍ ഇടിഞ്ഞ് താഴുന്നു, ഭൂമി വിണ്ട് കീറുന്നു-നിരങ്ങി നീങ്ങുന്നു ഇതിനൊക്കെ എന്താവും കാരണം ?

സി.ഡബ്ലു.ആര്‍.ഡി.എം അടക്കമുള്ള സ്ഥാപനങ്ങളോട് പുതിയ കേരള നിര്‍മിതിക്കായുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തേടുമ്പോള്‍, കേരള പുനര്‍നിര്‍മാണത്തെയും നേരിടുന്ന വെല്ലുവിളികളേയും കുറിച്ച് കോഴിക്കോട് സി.ഡബ്ലു.ആര്‍.ഡി.എം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വി.പി ദിനേശന്‍ മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.

post flood
ഡോ. വി.പി ദിനേശന്‍ സി.ഡബ്ലു.ആര്‍.ഡി.എം

 

വാട്ടര്‍വില്ലേജിനെ സ്വീകരിക്കാം
വാട്ടര്‍വില്ലേജ് എന്ന ആശയമാണ് വീടുകള്‍ നിര്‍മിക്കുമ്പോള്‍ മാത്രം കേരള പുനര്‍നിര്‍മാണത്തിനായി നമുക്ക് സ്വീകരിക്കാനാവുന്ന ഏറ്റവും നല്ല മാതൃക. തായ്‌ലാന്‍ഡ് അടക്കമുള്ള രാജ്യങ്ങളില്‍ ഇത്തരം മാതൃകള്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ സ്വീകരിച്ചതാണ്. പ്രളയ ബാധിത പ്രദേശങ്ങളില്‍ ഫില്ലറുകള്‍ക്ക് മുകളില്‍ ഒറ്റനില വീടുകളുണ്ടാക്കുന്ന രീതിയാണിത്. പ്രളയം എന്നും ഭീഷണിയുണ്ടാക്കുന്ന കുട്ടനാട് പോലുള്ള സ്ഥലങ്ങളില്‍ ഏറ്റവും അനുയോജ്യമായ രീതിയുമാണിത്. ഇങ്ങനെ അപ്പാര്‍ട്‌മെന്റ് രീതിയിലാണ് അവര്‍ വീടുകളുണ്ടാക്കുന്നത്. ഫില്ലറുകള്‍ക്കിടയില്‍ കാര്‍പാര്‍ക്കിങ് പോലുള്ള കാര്യവും ചെറിയ വ്യവസായ സ്ഥാപനങ്ങളുമെല്ലാം ഒരുക്കുന്നു. 

പ്രളയം ബാധിച്ചാലും അത് വീടുകളേയും, വീട്ടുസാധനങ്ങളേയും ബാധിക്കില്ല എന്നതാണ് ഇത്തരം നിര്‍മാണത്തിന്റെ ഗുണം. മദ്രാസ് ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങള്‍ ഇത്തരം നിര്‍മാണത്തിനായി നിരവധി മാതൃകകള്‍ ഇപ്പോള്‍ തന്നെ മുന്നോട്ട് വെക്കുന്നുണ്ട്. തങ്ങള്‍ പ്രളയബാധിത പ്രദേശത്താണ് താമസിക്കുന്നതെന്നും മറ്റൊരു സ്ഥലത്ത് വീട് വെക്കാനുള്ള സാഹചര്യം ഇല്ലയെന്നും ആദ്യം മനസ്സാ അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. എങ്കില്‍ കേരളം പുനര്‍നിര്‍മാണം നമുക്ക് എളുപ്പമാക്കാം.

ഉരുള്‍പൊട്ടല്‍ മേഖലയിലെ നിര്‍മാണം
ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഇനിയൊരു നിര്‍മാണം അനുവദിക്കില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇത് താമസക്കാരുടെ സുരക്ഷയെ കരുതിയാണെങ്കിലും പുതിയ സ്ഥലം കണ്ട് പിടിക്കല്‍ അവരെ സംബന്ധിച്ചിടത്തോളവും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളവും ഏറെ വെല്ലുവിളി നേരിടുന്ന കാര്യമാണ്. ഈയൊരു സാഹചര്യത്തില്‍ പെട്ടെന്ന് ഷിഫ്റ്റ് ചെയ്യാന്‍ കഴിയാവുന്ന തരത്തിലുള്ള നിര്‍മാണങ്ങളെ കുറിച്ചാണ് ആലോചിക്കേണ്ടത്.പല രാജ്യങ്ങളിലും ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ സ്വീകരിച്ച് പോരുന്നുണ്ട്. ജപ്പാനിലെല്ലാമുള്ളത് പോലെ മലയിടിച്ചിലും മണ്ണിടിച്ചിലുമുണ്ടാവുമ്പോള്‍ പെട്ടെന്ന് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനവും ഒരുക്കണം. ഗ്ലാസ് ഫൈബര്‍ റീ ഇന്‍ഫോസ്ഡ് ജിപ്‌സം പാനല്‍(ജി.എഫ്.ആര്‍.ജി) എന്നൊരു നിര്‍മാണ രീതി ഐ.ഐ.ടി മദ്രാസ്, എന്‍.ഐ.ടി കാലിക്കറ്റ് എന്നിവര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. 

അഞ്ച് ലക്ഷം രൂപമാത്രം ചെലവ് വരുന്ന ഇത്തരം നിര്‍മാണ രീതികളെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ സ്വീകരിക്കുക എന്നതാവും ഇവിടങ്ങളില്‍ സ്വീകരിക്കാന്‍ കഴിയുന്ന പരിഹാര മാര്‍ഗം. കാരണം അത്രത്തോളം ദുര്‍ബലമാണ്  ഉരുള്‍പൊട്ടലുണ്ടായ മേഖലകള്‍. കോഴിക്കോടിനെ സംബന്ധിച്ച് മാത്രം പറയുകയാണെങ്കില്‍ കണ്ണപ്പന്‍കുണ്ടിലെയും കരിഞ്ചോലമലയിലേയും അടക്കമുള്ള മണ്ണുകള്‍ 30 ശതമാനം കളിമണ്ണ് നിറഞ്ഞതാണ്. അതുകൊണ്ടു തന്നെ ഉരുള്‍പൊട്ടല്‍ സാധ്യത ഇനിയും തള്ളിക്കളയാനും സാധിക്കില്ല. സാധാരണ നിര്‍മാണ തുകയുടെ 30 ശതമാനമെങ്കിലും നിര്‍മാണ ചെലവ് ജി.എഫ്.ആര്‍.ജി. നിര്‍മാണത്തിലൂടെ ലാഭിക്കാമെന്നാണ് അറിയുന്നത്. ജി.എഫ്.ആര്‍.ജി നിര്‍മാണ രീതിയെ കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയത്തിന്റെ അംഗീകരവും ലഭിച്ചിട്ടുണ്ട്. സിമന്റിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ളതാണ് ജി.എഫ്.ആര്‍.ജി നിര്‍മാണ രീതി. 

 

പ്രളയ ശേഷം പുഴകള്‍ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നത്

മനുഷ്യന്റെ ഇടപെടല്‍ മൂലം ഭൂഗര്‍ഭ ജലത്തിന്റെ ഗണ്യമായ കുറവ്  സംഭവിച്ചിട്ടുണ്ടോയെന്ന പരിശോധനയാണ് ഇത് സംബന്ധിച്ച് നടക്കുന്നത്.  കാരണം വൃഷ്ടി പ്രദേശത്ത് മഴ പെയ്ത ശേഷം അത് പുഴകളിലേക്കെത്തി കടലിലേക്ക് എത്തിച്ചേരേണ്ട സമയം എന്നത് 48 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെയാണ്. ആഗസ്ത് അവസാനമായപ്പോഴേക്കും മഴയുടെ അളവ് നല്ലപോലെ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മഴവെള്ളം ഒഴുകിപ്പോവുകയും ചെയ്തു. പക്ഷെ ഭൂഗര്‍ഭ ജലം പുഴകളില്‍ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. അത് നിലനില്‍ക്കുന്നുണ്ടോ, അതല്ല ഭൂഗര്‍ഭ ജലത്തിന്റെ അളവ് വലിയ തോതില്‍ കുറഞ്ഞത് കൊണ്ടാണോ വെള്ളം വറ്റിപ്പോവുന്നത് എന്ന കാര്യമാണ് പരിശോധിക്കേണ്ടതുണ്ട്. പുഴകളില്‍ നിന്നും മണലുകളില്‍ നിന്നുമുള്ള മണലെടുപ്പ് കാരണവും ഭുഗര്‍ഭ ജലത്തിന് കുറവ് സംഭവിക്കാം. പ്രളയത്തിന് ശേഷം കിണറുകളിലെ വെള്ളം വറ്റുന്നുവെന്ന കാര്യവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതൊരു സ്വാഭാവിക പ്രതിഭാസം മാത്രമാണ്. ഭയപ്പെടേണ്ട സാഹചര്യവും നിലവിലില്ല. 

പുഴയൊഴുകുന്നത് മാത്രമല്ല പുഴയുടെ ഇടം
ഇത്തവണ പ്രളയമുണ്ടായപ്പോള്‍  മിക്കയിടങ്ങളിലും ദുരന്തം വിതച്ചത് പുഴകള്‍ ഗതിമാതി ഒഴുകിയത് കൊണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്. ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യം പുഴ ഒഴുകുന്ന ചാലുകള്‍ മാത്രമല്ല പുഴയുടെ ഇടം എന്നതാണ്. അതായത് പുഴയുടെ വൃഷ്ടിപ്രദേശം, വൃഷ്ടിപ്രദേശത്തുള്ള തണ്ണീര്‍തടങ്ങള്‍, നെല്‍വയലുകള്‍, തീരങ്ങള്‍ എന്നിവയെല്ലാം പുഴയുടെ ആവാസ വ്യവസ്ഥയാണ്. പുഴയ്ക്ക് തന്നെ അറിയാം ഒരു ദിവസം ഞാന്‍ അവിടെയൊക്കെ കയറി ഇറങ്ങേണ്ടി വരുമെന്ന്. ആ കയറി ഇറങ്ങലാണ് സംഭവിച്ചത്. ഇവിടങ്ങളില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റുക എന്നതും പ്രകൃതിയെ ഇനിയെങ്കിലും കണക്കിലെടുക്കക എന്നതുമാണ് ഇനി നമുക്ക് ചെയ്യാനുള്ളത്. നൂറ് വര്‍ഷം കൂടുമ്പോള്‍ അതി ഭയാനകമായ ഒരു പ്രളയം വരുമെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി. ഇനി ഒരുപക്ഷെ അത് അടുത്ത നൂറ് വര്‍ഷത്തിലാകാം, അല്ലെങ്കില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെയുമാവാം. അതുകൊണ്ട് ഒരു പ്രളയം വന്നാല്‍ പുഴയ്ക്ക് സ്വാഭാവികമായി ഒഴുകാനും വെള്ളം നിറഞ്ഞാല്‍ അത് നിലനിര്‍ത്താനുമുള്ള സാഹചര്യം തീര്‍ച്ചയായും ഒരുക്കേണ്ടതുണ്ട്. 

നെല്‍വയലുകള്‍ വെറും കൃഷിയല്ല

നെല്‍വയലുകളുടെ കാര്യം മാത്രമെടുത്താല്‍ 2000 ന് മുമ്പ് എട്ട് ലക്ഷം ഹെക്ടര്‍ നെല്‍വയലുകളുണ്ടായിരുന്നു ഇത് 2016 ആവുമ്പോഴേക്കും രണ്ട് ലക്ഷം ഹെക്ടര്‍ മാത്രമായി മാറി. അതായത് പണ്ടുണ്ടായതിന്റെ കാല്‍ഭാഗം. വെറും കൃഷി എന്നതിലപ്പുറം ഭൂഗര്‍ഭ ജലവിതാനത്തെ കാത്ത് സൂക്ഷിക്കുക, പ്രളയത്തെ അതിജീവിക്കുക എന്നതൊക്കെ നെല്‍വയലുകളുടെ ദൗത്യമാണ് എന്നത് തര്‍ക്കവിഷയമല്ലാത്ത കാര്യമാണ്. ഇത് ഇല്ലാതാവുന്നിടത്ത് പ്രളയം വലിയ തോതില്‍ ബാധിക്കുകയും ചെയ്യും. വ്യാപകമായ മണലെടുപ്പുകാരണം പുഴയുടെ അടിത്തട്ടുകള്‍ ഇല്ലാതായിട്ടുണ്ട്. അതുകൊണ്ടു തന്നെ ജലനിരപ്പ് നിലനിര്‍ത്താന്‍ പുഴകള്‍ക്ക് കഴിയുന്നില്ല. മണല്‍ നഷ്ടമായതോടെ പുഴകളുടെ അടിത്തട്ടില്‍ ചെളി നിറഞ്ഞു. ഇത് നദികളില്‍ വെള്ളം പെട്ടെന്ന് താഴാന്‍ ഇടയാക്കി. ഇതോടെ ഭൂഗര്‍ഭ ജലവും താഴ്ന്നു. കിണറുകളിലും ഇതുകാരണം വെള്ളം കുറഞ്ഞു