കൊല്ലം: വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട വീടുകളുടെയും സ്ഥാപനങ്ങളുടെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കും. ഇതിനായി തദ്ദേശവകുപ്പ് അഡീഷണല്‍ സെക്രട്ടറി എസ്. മോഹന്‍ദാസ് മേല്‍നോട്ടം വഹിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങി. 

ജില്ലാതലത്തില്‍നിന്നും ഫീല്‍ഡ് തലത്തില്‍നിന്നുമുള്ള സംശയങ്ങള്‍ കണ്‍ട്രോള്‍ റൂം പരിഹരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.മാലിന്യം കളയേണ്ട സ്ഥലം തദ്ദേശസ്ഥാപനങ്ങള്‍ കണ്ടെത്തണം. ശുചീകരണം ആവശ്യമുള്ളവര്‍ അതത് പഞ്ചായത്തുമായി ബന്ധപ്പെടണമെന്ന് എസ്. മോഹന്‍ദാസ് അറിയിച്ചു.
 

പുനരുദ്ധാരണത്തിന് തൊഴിലുറപ്പ് 

ദുരിതബാധിത പ്രദേശങ്ങളിലെ പുനരുദ്ധാരണം തൊഴിലുറപ്പ് പദ്ധതി മുഖേന നടപ്പാക്കാന്‍ നിര്‍ദേശം. തകര്‍ന്ന റോഡുകള്‍ നന്നാക്കല്‍, വെള്ളക്കെട്ട് നീക്കംചെയ്യല്‍, പൊതു ആസ്തികളുടെ പുനരുദ്ധാരണം എന്നിവയാണ് ലക്ഷ്യമിടുന്നത്. പ്രകടമല്ലാത്തതും അളന്ന് തിട്ടപ്പെടുത്താനാകാത്തതുമായ പ്രവൃത്തികളും പുല്ലും കല്ലും നീക്കം ചെയ്യല്‍, ആവര്‍ത്തനസ്വഭാവമുള്ള പ്രവൃത്തികള്‍ എന്നിവ ഏറ്റെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

സന്നദ്ധപ്രവര്‍ത്തകര്‍ ശ്രദ്ധിക്കാന്‍ 

•വീടുകളിലും പരിസരത്തും ഇഴജന്തുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.
• അടിഞ്ഞ മണ്ണും ചെളിയും പറമ്പിന്റെ മൂലയില്‍ നിക്ഷേപിക്കണം.
•ശേഖരിച്ച മാലിന്യത്തില്‍ പ്ലാസ്റ്റിക്കോ കുപ്പികളോ ഉണ്ടെങ്കില്‍ വൃത്തിയാക്കി ചാക്കില്‍ സൂക്ഷിക്കണം.
•വീടുകളില്‍ നനഞ്ഞ് ഉപയോഗശൂന്യമായ കിടക്കകള്‍, തുണികള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ വീടിന് പുറത്ത് ഉണക്കാന്‍ സൗകര്യത്തിനായി െവയ്ക്കണം.
•ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ ബ്ലീച്ചിങ് പൗഡര്‍ വിതറി കൊതുക് വളരാനുള്ള സാധ്യത ഇല്ലാതാക്കണം.
 

പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍

ഇലക്ട്രിക് ഉപകരണങ്ങളും പൈപ്പുകളും നന്നാക്കാന്‍ വാര്‍ഡ് തലത്തില്‍ ഓരോ പ്ലംബര്‍മാരുടെയും ഇലക്ട്രീഷ്യന്‍മാരുടെയും സേവനം ഉറപ്പാക്കും. വൈദ്യുതാഘാതം ഒഴിവാക്കാന്‍ ഇലക്ട്രീഷ്യന്‍മാര്‍ മുന്‍കരുതല്‍ ഉറപ്പാക്കണം.

പ്രധാന നിര്‍ദേശങ്ങള്‍ 

  • ശുചീകരണത്തിന് വാര്‍ഡ് തലത്തില്‍ വൊളന്റിയേഴ്‌സ് ടീം രൂപവത്കരിക്കണം.
  • ശുചീകരണപ്രവൃത്തികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ പ്രാദേശികമായി സംഘടിപ്പിക്കുകയോ വാങ്ങുകയോ വാടകയ്‌ക്കെടുക്കുകയോ ചെയ്യണം.
  • സന്നദ്ധസംഘടനകളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിദ്യാര്‍ഥി -യുവജന സംഘടനകളുടെയും, എന്‍.എസ്.എസ്., എന്‍.സി.സി., യൂത്ത് ക്ലബ്ബുകള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരുടെയും സേവനം ഉറപ്പാക്കണം.
  • ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പില്‍നിന്ന് ലഭിക്കുന്ന സാമഗ്രികള്‍ മതിയാകാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ പുറത്തുനിന്ന് വാങ്ങാം.