കൊച്ചി: ദുരിതാശ്വാസ ക്യാന്പുകളില്‍നിന്ന് വീടുകളില്‍ തിരിച്ചെത്തിയശേഷം അസുഖം ബാധിച്ചവര്‍ക്ക് ഒരുമാസത്തേക്കുകൂടി മരുന്നുകള്‍ സൗജന്യമായി നല്‍കും. ആയുര്‍വേദ വിഭാഗത്തിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് ഒരു കുടുംബത്തിന് ഒരുകിറ്റെന്ന കണക്കില്‍ പ്രതിരോധ മരുന്നുകള്‍ എല്ലാ വീടുകളിലുമെത്തിക്കും. എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകനയോഗത്തിനുശേഷം ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചതാണിത്.

ക്യാമ്പുകളില്‍ ഡയാലിസിസ് ആവശ്യമുള്ളവരെ സഹായിക്കാന്‍ സര്‍ക്കാരാശുപത്രികളിലെ ഡയാലിസിസ് മെഷീന്‍ ഷിഫ്റ്റുകള്‍ കൂട്ടും. മാരകരോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ക്ക് രേഖകള്‍ നഷ്ടമായാലും യഥാസമയം കൃത്യമായ തുടര്‍ചികിത്സ ആശുപത്രികളില്‍ നല്‍കും.
ശുചീകരണത്തിനാവശ്യമായ ക്ലോറിന്‍, ബ്ലീച്ചിങ് പൗഡര്‍ തുടങ്ങിയവ ടണ്‍കണക്കിന് ആവശ്യമുണ്ട്. ഇതിന് അല്‍പം ദൗര്‍ലഭ്യവുമുണ്ടെന്ന് മന്ത്രി പറഞ്ഞു. 

പ്രളയബാധിത ജില്ലകളില്‍ ജില്ലാ ആരോഗ്യ കേന്ദ്രത്തിനുപുറമേ ആരോഗ്യവകുപ്പ് നേരിട്ട് നിയന്ത്രിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ആലപ്പുഴയില്‍ ജില്ലാ കണ്‍ട്രോള്‍ റൂം ചെങ്ങന്നൂരിലും എറണാകുളത്ത് ജനറല്‍ ആശുപത്രിയിലുമാകും പ്രവര്‍ത്തിക്കുക. കണ്‍ട്രോള്‍ റൂമിനൊപ്പം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സജ്ജീകരിച്ചു. 

ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘം ഇല്ലാത്ത സാഹചര്യം വരുമ്പോഴുള്ള അവശ്യഘട്ടങ്ങളില്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കണം. ഏതെങ്കിലും ക്യാമ്പില്‍ മരുന്നുകളില്ലെങ്കില്‍ ആ വിവരം ബന്ധപ്പെട്ടവര്‍ ജില്ലാ ജനറല്‍ ആശുപത്രിയിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചാല്‍ ഉടന്‍തന്നെ മരുന്നുകള്‍ എത്തിക്കാന്‍ സംവിധാനമുണ്ട്.

പ്രളയത്തിനിരയായവരില്‍ പലരും മാനസികമായി തകര്‍ന്ന നിലയിലാണ്. ഇവരെ അതിജീവനത്തിന് സഹായിക്കുന്ന തരത്തിലേക്കും മാറ്റിയെടുക്കുന്നതിന് സാമുഹികനീതി വകുപ്പുമായി ചേര്‍ന്ന് കൗണ്‍സലിങ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.