അണക്കെട്ടുകള്‍ തുറന്നാല്‍ ഒട്ടും ആശങ്കവേണ്ടെന്ന് ആവര്‍ത്തിക്കുകയാണ് പ്രളയത്തിന്റെ തൊട്ടുമുമ്പുവരെ മന്ത്രിമാരെല്ലാം ചെയ്തത്. എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും അവര്‍ ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍, പ്രകൃതിദുരന്തങ്ങളെ സംബന്ധിച്ച മുന്നറിയിപ്പ് ശാസ്ത്രീയവും വ്യക്തവുമായി നല്‍കുന്ന ശീലം ഇനിയും കേരളത്തിലില്ല. ജാഗ്രതപാലിക്കണമെന്ന് മാത്രമാണ് പറയാറ്. അണക്കെട്ടു തുറന്നാല്‍ നദിയില്‍ എത്ര ഉയരത്തില്‍ വെള്ളം പൊങ്ങുമെന്ന് വ്യക്തമായി പറയാറില്ല.
വീടുകളില്‍ വെള്ളം പൊങ്ങുമെന്നും ഒഴിഞ്ഞുപോകണമെന്നും തുറന്നുപറയുന്നതിനു പകരം ജാഗ്രതപാലിക്കണമെന്ന ഒഴുക്കന്‍ മുന്നറിയിപ്പാണ് കേരളത്തിന് പരിചിതം. ഇതേസമയം എത്ര മുന്നറിയിപ്പു നല്‍കിയാലും ജനം ഒഴിഞ്ഞുപോകാന്‍ തയ്യാറല്ലാത്ത സാഹചര്യവും കേരളത്തിലുണ്ട്. 

ഇടുക്കിയിലെ ഒരുക്കം തുടക്കത്തില്‍ മാത്രം 

ഇത്തവണ എടവപ്പാതിയില്‍ അടിക്കടി കനത്തമഴയും ഉരുള്‍പൊട്ടലുമുണ്ടായി. ദുരന്തനിവാരണ അതോറിറ്റി നിരന്തരം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഇതനുസരിച്ചുള്ള ജാഗ്രത അണക്കെട്ട് പരിപാലനത്തില്‍ ഉണ്ടായോ എന്ന സംശയമാണ് ഇപ്പോഴുയരുന്നത്. കൃത്യമായി ആസൂത്രണം ഇക്കാര്യത്തില്‍ ഉണ്ടായെങ്കിലും അപ്രതീക്ഷിതമായ തീവ്രമഴ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്നാണ് വൈദ്യുതിബോര്‍ഡിന്റെ വാദം. 

മഴക്കാലത്തിന്റെ തീവ്രത കണക്കിലെടുത്താണ് ഇടുക്കിയിലെ ചെറുതോണി അണക്കെട്ട് തുറക്കുന്നതിന് ജൂലായ് അവസാനം മുന്നൊരുക്കങ്ങള്‍ തുടങ്ങിയത്. ആ മാസം 26-ന് മഴ കുറഞ്ഞതോടെ ഇതെല്ലാം നിര്‍ത്തിവെച്ചു.

2397 അടിയില്‍ പരിക്ഷണത്തുറക്കല്‍ ഉണ്ടാവുമെന്ന മുന്‍തീരുമാനം മാറ്റിവെച്ചു. 2398 അടിയില്‍മതി പരീക്ഷണത്തുറക്കലെന്നായി പിന്നെ. ഇതേക്കുറിച്ച് മന്ത്രിമാരായ എം.എം. മണിയും മാത്യു ടി. തോമസും തമ്മില്‍ മന്ത്രിസഭായോഗത്തില്‍ അഭിപ്രായവ്യത്യാസവുമുണ്ടായി. നിനച്ചിരിക്കാതെ ഒഴുകിയെത്തിയ വെള്ളം പ്രയോജനപ്പെടുത്തി പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കാനായി ബോര്‍ഡിന്റെ ശ്രമം.

നിയന്ത്രണം കൈവിട്ടു 

ഓഗസ്റ്റ് എട്ടുമുതല്‍ പത്തുവരെ അഭൂതപൂര്‍വമായ മഴ വന്നപ്പോള്‍ ബോര്‍ഡിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. മഴ ഇത്രയും കനത്തതാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ്  വൈദ്യുതിബോര്‍ഡ് അധികൃതര്‍ പറയുന്നത്. ബോര്‍ഡിന്റെ കണക്കനുസരിച്ച് നൂറുവര്‍ഷത്തെ ഏറ്റവും വലിയ നീരൊഴുക്കാണ് ഇടുക്കിയിലുണ്ടായത്. 

സെക്കന്‍ഡില്‍ 25 ലക്ഷം ലിറ്റര്‍. ഇതോടെ മുന്‍കരുതലുകള്‍ക്ക് സാവകാശമില്ലാതായി. തുറന്നുവിട്ട മറ്റ് പ്രധാന അണക്കെട്ടുകളുടെയും സ്ഥിതി ഇതുതന്നെ. ഈ ഘട്ടത്തില്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്ക്  മുഖ്യപരിഗണന നല്‍കേണ്ടിവന്നുവെന്ന് അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

ഓഗസ്റ്റില്‍ മാത്രം 164 ശതമാനം അധികമഴയാണ് കേരളത്തില്‍ പെയ്തത്. ജൂലായ് അവസാനംതന്നെ നിറഞ്ഞുപോയ അണക്കെട്ടുകള്‍ക്ക് ഈ നീരൊഴുക്ക് ഉള്‍ക്കൊള്ളാനായില്ല. മഴ കനക്കുന്നതിനുമുമ്പേ ഡാമുകളിലെ വെള്ളം ഘട്ടംഘട്ടമായി ഒഴുക്കിവിട്ടിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയുമായിരുന്നുവെന്ന  വിലയിരുത്തലിന്റെ അടിസ്ഥാനം ഇതാണ്. 
ഇതാണ് അണക്കെട്ടുകളുടെ അശാസ്ത്രീയ പരിപാലനമാണ് ഈ ദുരന്തത്തിന് കാരണമെന്ന് പരിസ്ഥിതിശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയത്. 

അണക്കെട്ടില്ലാത്ത 1924-ലെ വെള്ളപ്പൊക്കം 

കേരളത്തിലെ ഇപ്പോഴത്തെ പ്രളയത്തിന് അണക്കെട്ടുകളാണെന്ന വാദം ശരിയല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ ആര്‍.വി.ജി. മേനോന്‍ പറഞ്ഞു. 1924-ല്‍ ഇതിനെക്കാള്‍ വലിയ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ (99-ലെ വെള്ളപ്പൊക്കം) കേരളത്തില്‍ ഒറ്റ അണക്കെട്ടേ ഉണ്ടായിരുന്നുള്ളൂ.  മുല്ലപ്പെരിയാര്‍ മാത്രം.

ഇടുക്കി അണക്കെട്ട് വരുന്നതിനുമുമ്പ് പറവൂര്‍ ഭാഗത്ത് എല്ലാവര്‍ഷവും വെള്ളം കയറുമായിരുന്നു. അണക്കെട്ട് വന്നതോടെയാണ് ഇതുനിന്നത്. വെള്ളംപൊങ്ങുമ്പോള്‍ അതിന് ഒഴുകാന്‍ സ്ഥലം വേണം. ആ സ്ഥലങ്ങളെല്ലാം ഇപ്പോള്‍ ജനവാസകേന്ദ്രങ്ങളായി എന്നതാണ് പ്രശ്‌നം. ഇതാണ് തിരുത്തേണ്ടത്. എല്ലാ അണക്കെട്ടുകളും ഒരുമിച്ച് തുറന്നുവെന്ന വാദവും ശരിയല്ല. എല്ലാം ഒരുമിച്ചുനിറഞ്ഞാല്‍ ഒരുമിച്ചുതന്നെ തുറക്കേണ്ടിവരും -അദ്ദേഹം പറഞ്ഞു.