പ്രളയകാലം അതിജീവിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി കരുതിയിരിക്കേണ്ടത് വ്യാപകമായി പടര്‍ന്നുകയറാനിടയുള്ള പകര്‍ച്ചവ്യാധികളെയാണ്. കോളറ, വയറിളക്കം ഉള്‍പ്പെടെയുള്ള ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാതെ ശ്രദ്ധിക്കുകയെന്നതാണ് നമുക്കുമുന്നിലുള്ള വെല്ലുവിളി. പ്രളയാനന്തരകാലത്ത് ഒട്ടേറെപ്പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകളില്‍ അനാരോഗ്യകരമായ ജീവിതസാഹചര്യങ്ങളുണ്ടാകുന്നതും ജലസ്രോതസ്സുകള്‍ മലിനമാകുന്നതും സാധാരണമാണ്. ജലജന്യരോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇവ രണ്ടും തന്നെ ധാരാളമാണ്. 

എന്തുകൊണ്ട് ശുചിത്വം 

ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യവും ശുചിത്വമില്ലായ്മയും കോളറ, വയറിളക്കം ഉള്‍പ്പെടെയുള്ള ജലജന്യരോഗങ്ങള്‍ വര്‍ധിപ്പിക്കും. മരണനിരക്ക്, രോഗബാധിതരുടെ എണ്ണം എന്നിവയും ഇതിനൊപ്പം വര്‍ധിക്കും. 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ജീവനെടുക്കുന്നതില്‍ എട്ടുശതമാനവും വയറിളക്കം മൂലമാണെന്നാണ് ആഗോളതലത്തിലെ കണക്ക്.

പ്രളയാനന്തരകാലത്ത് പടരുന്ന രോഗങ്ങളില്‍ കൂടുതലും ടൈഫോയ്ഡ്, കോളറ, എലിപ്പനി, ഹെപ്പറ്റൈറ്റിസ്-എ എന്നിവയാണ്. ശുദ്ധജലദൗര്‍ലഭ്യം കാരണമുള്ള രോഗങ്ങളിലൂടെ വര്‍ഷം തോറും അഞ്ച് ലക്ഷത്തിലേറെപ്പേരുടെയും ശുചിത്വമില്ലായ്മ 2,80,000 പേരുടെയും ജീവനെടുക്കുന്നുവെന്നുമാണ് 2016-ലെ കണക്ക്. 

ആരോഗ്യവികസന സൂചികയില്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളം. ഈ പ്രശ്‌നങ്ങളെ കാര്യക്ഷമമായി നേരിടാനുള്ള ശക്തമായ അടിസ്ഥാനമാണ് ഇതൊരുക്കുന്നത്. രണ്ടാമത്തെ പ്രധാനകാര്യം സെപ്റ്റിക് ടാങ്കുകളാണ്. സെപ്റ്റിക് ടാങ്കുകളുടെ എണ്ണത്തിലും കേരളംമുന്നിലാണെന്ന് പറയാം. സെപ്റ്റിക് ടാങ്ക് സംവിധാനങ്ങള്‍ കൃത്യമായി പരിശോധിക്കുന്നതും നന്നായി സൂക്ഷിക്കുന്നതും മലിനജലഭീഷണി കുറയ്ക്കാന്‍ ഉപകരിക്കും. സര്‍ക്കാരിന്റെ സാങ്കേതികസഹായവും പരിശീലനം സിദ്ധിച്ച വൊളന്റിയര്‍മാരെയും ഉപയോഗിച്ച് ഇക്കാര്യത്തില്‍ ബോധവത്കരണം നടത്തുന്നതും പകര്‍ച്ചവ്യാധി തടയാന്‍ ഉപകരിക്കും.

നാം ചെയ്യേണ്ടത് 

1) ആരോഗ്യ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക.

2) നിര്‍ജലീകരണം ഒഴിവാക്കാനായി ആവശ്യത്തിന് വെള്ളം കുടിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. 

3) തിളപ്പിച്ചാറ്റിയ വെള്ളമോ കുപ്പിവെള്ളമോ ലഭ്യമാകാത്ത സാഹചര്യത്തില്‍ ഫെറിക് സള്‍ഫേറ്റ്, സോഡിയം ഹൈപ്പോക്ലോറേറ്റ് തുടങ്ങിയവ ഉപയോഗിച്ച് വെള്ളം ശുദ്ധിയാക്കി ഉപയോഗിക്കാം. ഇവ വിപണിയില്‍ സുലഭമാണ്. ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഇവ ഉപയോഗിക്കാം. 

4) പ്രളയജലം ഇറങ്ങിക്കഴിഞ്ഞശേഷം ഇവ നിറഞ്ഞ കിണറുകള്‍, ഹാന്‍ഡ് പമ്പുകള്‍ എന്നിവയില്‍ നിന്നുള്ള വെള്ളം അണുവിമുക്തമാക്കാതെ കുടിവെള്ളത്തിനായി ഉപയോഗിക്കരുത്.

5) മനുഷ്യവിസര്‍ജ്യമാണ് രോഗങ്ങള്‍ പടരാനുള്ള പ്രധാനകാരണങ്ങളിലൊന്ന്. വിസര്‍ജ്യങ്ങള്‍ കാര്യക്ഷമമായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്ലെറ്റ് സൗകര്യങ്ങളേര്‍പ്പെടുത്തണം. ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. 

6). വ്യക്തിശുചിത്വം പാലിക്കുകയെന്നതാണ് ഈസമയം ഏറ്റവും പ്രധാനവും അതേസമയം ബുദ്ധിമുട്ടുള്ളതുമായ കാര്യം. പ്രത്യേകിച്ചും ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍. വ്യക്തിശുചിത്വം ഉറപ്പുവരുത്താനുള്ള അഞ്ചിന നിര്‍ദേശങ്ങള്‍ താഴെ പറയുന്നു.

  • ഭക്ഷണത്തിന് മുമ്പും ശേഷവും ടോയ്‌ലെറ്റ് ഉപയോഗിച്ചതിന് ശേഷവും സോപ്പുപയോഗിച്ച് കൈ നന്നായി കഴുകുക.
  •  വിസര്‍ജനത്തിനായി  ടോയ്‌ലെറ്റുകള്‍ മാത്രം ഉപയോഗിക്കുക.
  • ശുദ്ധജലം മാത്രം കുടിക്കുക (തിളപ്പിച്ചാറ്റിയ വെള്ളം, കുപ്പിവെള്ളം)
  • ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കുക.
  • ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക, മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുക.

7).പരിസ്ഥിതിശുചിത്വവും രോഗാണു വിമുക്തമാക്കലും. വ്യക്തികളും ക്യാമ്പുകളും തദ്ദേശസ്ഥാപനങ്ങളും  പ്രധാനമായി ചെയ്തിരിക്കേണ്ട കാര്യമാണിത്. തങ്ങളുടെ ചുറ്റുപാടും വൃത്തിയാക്കാന്‍ വ്യക്തികളും മാലിന്യം ശരിയായരീതിയില്‍ നിര്‍മാര്‍ജനം ചെയ്യപ്പെടുന്നുവെന്ന് ക്യാമ്പുകളും തദ്ദേശസ്ഥാപനങ്ങളും ഉറപ്പുവരുത്തണം.