പ്രളയത്തില്‍ കന്നുകാലികളും കോഴി, താറാവ്, പന്നി എന്നിവയും ചത്തതിന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക പാക്കേജ് തയ്യാറാക്കും. ഇവയുടെ നഷ്ടം തിട്ടപ്പെടുത്തുന്നതിന് വീടുവീടാന്തരം പരിശോധന നടത്തും.

മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ ചേര്‍ന്നാണ് പാക്കേജിന് രൂപംനല്‍കുക.  ക്ഷീരസംഘങ്ങള്‍വഴി നഷ്ടങ്ങളുടെ കണക്ക് ശേഖരിക്കും. ക്ഷീരകര്‍ഷകര്‍ക്ക് അടിയന്തര ആശ്വാസമായി 7.35 കോടിരൂപയുടെ നഷ്ടപരിഹാരം അനുവദിച്ചതായി ക്ഷീരവികസന വകുപ്പ് അറിയിച്ചു.

പൊതുഫണ്ടില്‍നിന്നും രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതിയോടെ അടിയന്തര സഹായം എത്തിക്കാനും ക്ഷീരസംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ക്ഷീരവികസന വകുപ്പിന്റെ പ്രാഥമിക കണക്കനുസരിച്ച് പ്രളയം ബാധിച്ച 52 ബ്ലോക്കുകളിലായി ഏകദേശം 1773 കന്നുകാലികള്‍ ചത്തു. 2075 കാലിത്തൊഴുത്തുകള്‍ പൂര്‍ണമായും 4586 എണ്ണം ഭാഗികമായും നശിച്ചു. 2114 ഹെക്ടറിലെ  തീറ്റപ്പുല്‍ക്കൃഷി നശിച്ചു. 962 ടണ്‍ കാലിത്തീറ്റയും 2860 ടണ്‍ വെയ്ക്കോലും വെള്ളംകയറി.