തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയത് 821 റേഷന്‍ കടകള്‍. ഇതില്‍ 314 എണ്ണം മാറ്റിസ്ഥാപിച്ചു. വെള്ളം കയറിയ കടകളിലെ ധാന്യങ്ങള്‍ മാറ്റുന്നതിനുള്ള നടപടി തുടങ്ങി.കാര്‍ഡില്ലെങ്കിലും കാര്‍ഡുടമകള്‍ക്കെല്ലാം റേഷന്‍ നല്‍കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. കാര്‍ഡ് നമ്പറോ കടയുടെ നമ്പറോ നല്‍കിയാലും റേഷന്‍ വാങ്ങാം. കാര്‍ഡില്ലാത്തവര്‍ക്ക് പേരും മേല്‍വിലാസം പറഞ്ഞാലും ഇത് കണ്ടുപിടിച്ച് റേഷന്‍ നല്‍കും.

കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി പുതിയ കാര്‍ഡ് നല്‍കും. ഓണം കഴിഞ്ഞാലുടന്‍ പുതിയ കാര്‍ഡ് നല്‍കിത്തുടങ്ങും. ഇതിന് പ്രത്യേകം ക്യാമ്പ് സംഘടിപ്പിക്കും. കാര്‍ഡില്‍ പേരുള്ളവര്‍ മേല്‍വിലാസംമാത്രം നല്‍കിയാല്‍ പഴയ കാര്‍ഡിലെ വിവരങ്ങള്‍ കണ്ടുപിടിച്ച് പുതിയവ നല്‍കും. ഇതിന് പണം ഈടാക്കില്ല. ദുരന്തബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ വില്ലേജില്‍നിന്ന് രേഖകള്‍ നഷ്ടപ്പെട്ടെന്ന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതിയാകും.

ഇ-പോസ് ഇല്ലെങ്കിലും റേഷന്‍ നല്‍കും

റേഷന്‍ വിതരണംചെയ്യുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം തകര്‍ന്ന നിലയിലാണ്. ഇ-പോസ് സംവിധാനം പ്രവര്‍ത്തിച്ചില്ലെങ്കിലും റേഷന്‍ നല്‍കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. യന്ത്രം പണിമുടക്കിയാലോ കണക്ടിവിറ്റി നഷ്ടപ്പെട്ടാലോ ഇത്തരത്തില്‍ റേഷന്‍ ധാന്യം സംസ്ഥാനത്ത് ഏതുകടയില്‍ നിന്നും വാങ്ങാം. ഇവര്‍ രജിസ്റ്ററില്‍ ഒപ്പിട്ടുനല്‍കണം. റേഷന്‍ വിതരണത്തില്‍ ക്രമക്കേടുണ്ടെങ്കില്‍ പിന്നീട് കണ്ടുപിടിക്കുന്നതിനാണിത്. ഇ-പോസ് യന്ത്രംവഴി നേരിട്ട് വാങ്ങുന്നവരുടെ കണക്ക് കടയുടമ താലൂക്ക് ഓഫീസില്‍ ഹാജരാക്കണം.