രപകടം പറ്റിക്കഴിഞ്ഞാല്‍ അതിന്റെ കണക്കെടുക്കുന്നത് നാട്ടുനടപ്പാണ്. ഒരു ബസപകടം ഉണ്ടായാലുടന്‍ എത്ര പേര്‍ മരിച്ചു, എത്രപേര്‍ക്ക് പരിക്കുപറ്റി എന്നൊക്കെ നാം അന്വേഷിക്കും. വന്‍ ദുരന്തങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് രീതി. ഇതിന് പല കാരണങ്ങളുണ്ട്.

1. ദുരന്തങ്ങളുടെ വ്യാപ്തി അറിയാന്‍

2. ദുരന്തബാധിതര്‍ക്ക് എന്ത് സഹായമാണ് വേണ്ടതെന്നറിയാന്‍.

3. ദുരന്തത്തിന് ശേഷമുള്ള പുനര്‍നിര്‍മ്മാണത്തിന് തയ്യാറെടുക്കാന്‍.

4. ദുരന്തത്തിന് ഏതെങ്കിലും തരത്തിലുള്ള അന്താരാഷ്ട്ര ധനസഹായം കിട്ടുമെങ്കില്‍ അതിന് അടിസ്ഥാനമാക്കാന്‍.

ഒരു വലിയ ദുരന്തമുണ്ടായാല്‍ വ്യക്തികള്‍ തീര്‍ച്ചയായും അവരുടെ നഷ്ടത്തിന്റെ കണക്കെടുക്കും. സര്‍ക്കാര്‍ സംവിധാനങ്ങളും കുറെയൊക്കെ നഷ്ടം കണക്കുകൂട്ടും. ഇന്‍ഷുറന്‍സ് കമ്പനികളും സന്നദ്ധസംഘടനകളും അവരുടെ രീതിയില്‍ കണക്കെടുപ്പ് നടത്താറുണ്ട്. വിദേശസഹായം വേണ്ട സ്ഥലങ്ങളില്‍ അന്താരാഷ്ട്ര ധനസഹായ ഏജന്‍സികളും യു എന്‍ ഏജന്‍സികളും നഷ്ടത്തിന്റെ കണക്കെടുക്കും. വായ്പ്പാ സഹായം വേണ്ടിടത്ത് ലോകബാങ്കും. ഐക്യരാഷ്ട്ര സഭയില്‍ തന്നെ ലോകാരോഗ്യ സംഘടന ആശുപത്രികളിലെ നഷ്ടവും ഭക്ഷ്യ-കൃഷി സംഘടന കൃഷി രംഗത്തെ നഷ്ടവുമാണ് എടുത്തുകൊണ്ടിരുന്നത്.

flood
ഫോട്ടോ: മാതൃഭൂമി

 

രണ്ടായിരത്തി മൂന്നു മുതല്‍ ഞാന്‍ യുദ്ധങ്ങളുടെയും ദുരന്തങ്ങളുടെയും കണക്കുകളെടുക്കുന്ന സംഘത്തിലുണ്ട്. വിഷമമുണ്ടാക്കുന്ന ജോലിയാണ്. ദുരന്തമുണ്ടായി ഏതാണ്ട് ഒരു മാസം കഴിഞ്ഞാണ് യു എന്‍ സംഘത്തിന്റെ കണക്കെടുപ്പ് നടക്കുന്നത്. അപ്പോഴേക്കും ഒരു പത്തു സംഘങ്ങള്‍ എങ്കിലും ദുരന്തത്തിന്റെ കണക്കെടുക്കാന്‍ ആളുകളുടെയടുത്ത് എത്തിയിട്ടുണ്ടാകും. ക്യാംപില്‍ താമസിക്കുന്നവരായാലും താഴേക്കിടയിലെ ഉദ്യോഗസ്ഥരാണെങ്കിലും കണക്കെടുപ്പിന് വരുന്നവരെക്കൊണ്ട് മടുക്കും.

അതേസമയം തന്നെ, അന്താരാഷ്ട്ര സഹായത്തിന് അതിന്റേതായ രീതികളുണ്ട്. ദുരന്തമുണ്ടായി ഉടനടി അവര്‍ തിരച്ചിലിനുള്ള സാങ്കേതികസഹായവും നാല്പത്തിയെട്ടു മണിക്കൂറിനകം ഭക്ഷണം, വസ്ത്രം, വെള്ളം എന്നിങ്ങനെയുള്ള സഹായങ്ങളും നല്‍കിത്തുടങ്ങും. ആവശ്യമെന്നു കണ്ടാല്‍ ചെറിയ തോതില്‍ പണവും വാഗ്ദാനം ചെയ്യും. സന്നദ്ധസംഘങ്ങളെ (ഡോക്ടര്‍മാര്‍, അധ്യാപകര്‍, മറ്റു സാങ്കേതിക വിദഗ്ദ്ധര്‍) അയക്കുകയും ചെയ്യും. എന്നാല്‍ കാര്യമായ സാമ്പത്തിക സഹായം ചെയ്യുന്നതിന് മുന്‍പ് ഒന്നുകില്‍ അവരുടെ രാജ്യങ്ങളില്‍ നിന്നുള്ള ഏജന്‍സികളുടെ, അല്ലെങ്കില്‍ യു എന്‍, ലോകബാങ്ക് പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ നടത്തിയ ഒരു കണക്കെടുപ്പ് അവര്‍ക്ക് നിര്‍ബന്ധമാണ്. ഈ കണക്കെടുപ്പിന് മാസങ്ങളെടുക്കും. സഹായധനം കിട്ടാന്‍ അതിലും കൂടുതല്‍. ഇതിനെ ചുരുക്കാന്‍ മാര്‍ഗ്ഗമില്ല.

flood
ഫോട്ടോ: മാതൃഭൂമി

 

ദുരന്ത ബാധിതരെയും അവരെ സഹായിക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിക്കാനുള്ള വിഷമം ഒരുവശത്ത്. അന്താരഷ്ട്ര സമൂഹത്തിന്റെ നിബന്ധനകള്‍ മറുവശത്ത്. ഈ സാഹചര്യത്തിലാണ് 2008 -ല്‍ ഐക്യരാഷ്ട്രസഭയും ലോകബാങ്കും ലോകത്തെ ഏറ്റവും കൂടുതല്‍ വിദേശ ധനസഹായം ചെയ്യുന്ന യൂറോപ്യന്‍ കമ്മീഷനും കൂടിച്ചേര്‍ന്ന് യുദ്ധത്തിന് ശേഷം 'Post Conflict Needs Assessment', ദുരന്തങ്ങള്‍ക്ക് ശേഷം 'Post Disaster Needs Assessment' എന്നിങ്ങനെ രണ്ടുതരം കണക്കെടുക്കലുകള്‍ ക്രോഡീകരിച്ചത്. ഒരേ ആളുകളുടെ അടുത്ത് പത്തോ പതിനഞ്ചോ കൂട്ടര്‍ ചെല്ലാതിരിക്കലായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശ്യം. നഷ്ടങ്ങളുടെ കണക്കെടുക്കുന്ന രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതും പരിപാടിയുടെ ഭാഗമായിരുന്നു.

1. സാധാരണ കണക്കെടുപ്പില്‍ ഒരു ദുരന്തം കൊണ്ട് സ്ഥാപനത്തിന് ഉണ്ടായ ഭൗതികനഷ്ടം മാത്രമാണ് കണക്കുകൂട്ടിയിരുന്നത്. ഉദാഹരണത്തിന് രാമന്‍ നായരുടെ ചായക്കടയില്‍ വെള്ളംകയറി അവിടുത്തെ കസേരകള്‍ ഒഴുകിപ്പോയാല്‍ കസേരയുടെ വിലയാണ് നഷ്ടമായി കൂട്ടിയിരുന്നത് (Damages).

2. വാസ്തവത്തില്‍ കസേരകളില്ലാത്തതിനാല്‍ ഒരു മാസം രാമന്‍ നായര്‍ക്ക് ചായക്കട നടത്താന്‍ പറ്റുന്നില്ല. എത്ര ദിവസം ചായക്കട അടച്ചിടുന്നുവോ അത്രയും ദിവസം അദ്ദേഹത്തിനുണ്ടായ വരുമാനനഷ്ടവും പരിഗണിക്കേണ്ടതുണ്ട്. ഇതിനെയാണ് 'Loss' എന്നുപറയുന്നത്.

3. മുപ്പതു വര്‍ഷം പഴക്കമുള്ള ബഞ്ചും ഡസ്‌ക്കുമായിരുന്നു രാമന്‍ നായരുടേത് എന്ന് കരുതുക. അപ്പോള്‍ അതിന്റെ വില വാസ്തവത്തില്‍ വളരെ കുറവായിരിക്കും. പക്ഷെ കട തുടങ്ങണമെങ്കില്‍ പുതിയ ബഞ്ചും ഡസ്‌ക്കും വാങ്ങണം. അതേസമയം, എല്ലാ സ്‌കൂളും അംഗന്‍വാടിയും വീട്ടുകാരുമൊക്കെ ഫര്‍ണിച്ചര്‍ വാങ്ങാനുള്ള തിരക്കായതിനാല്‍ പുതിയ ബഞ്ചും ഡസ്‌ക്കും വാങ്ങണമെങ്കില്‍ രാമന്‍നായര്‍ക്ക് പഴയതിന്റെ പല മടങ്ങ് പണം വേണം. ഇതിനെയാണ് Needs എന്നുപറയുന്നത്. അപ്പോള്‍ അദ്ദേഹത്തിന് ഉണ്ടായ ഡാമേജ് കിട്ടിയാലും അദ്ദേഹത്തിന് കച്ചവടം പുനഃസ്ഥാപിക്കാന്‍ പറ്റില്ല. പക്ഷെ നമ്മുടെ ഇപ്പോഴത്തെ സംവിധാനത്തില്‍ ഡാമേജ് കൊടുക്കാനേ വകുപ്പുള്ളൂ.

4. ഇത്തരത്തില്‍ Damages, Losses, Needs എല്ലാം കണക്കുകൂട്ടുമ്പോളാണ് ഒരു ദുരന്തത്തിന്റെ യഥാര്‍ത്ഥ ചിത്രം കിട്ടുന്നത്. ദുരന്തത്തില്‍ നിന്നും രാജ്യത്തെ പുറത്തുകൊണ്ടുവരണമെങ്കില്‍ ദുരന്ത ശേഷമുള്ള 'ആവശ്യങ്ങളും' കൂടി പരിഗണിക്കണം.

5. ഒരു ദുരന്തമുണ്ടാകുമ്പോള്‍ കെട്ടിടങ്ങള്‍, പാലങ്ങള്‍ കച്ചവട സ്ഥാപനങ്ങളിലെ വസ്തുക്കള്‍ ഇവയ്ക്ക് മാത്രമല്ല നഷ്ടങ്ങള്‍ ഉണ്ടാകുന്നത്. പരിസ്ഥിതിനാശം സര്‍വ്വസാധാരണമാണ്. ഉദാഹരണത്തിന് ഒരു പ്രളയം വന്നാല്‍ ആയിരക്കണക്കിന് കിടക്കകളാണ് ഉപയോഗശൂന്യമാകുന്നത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അത് ഒരു കിടക്കയുടെ നഷ്ടമാണ്. പക്ഷെ ആയിരക്കണക്കിന് കിടക്കകള്‍ ഓരോ പഞ്ചായത്തിലും മാലിന്യസംസ്‌കരണത്തിനായി എത്തുമ്പോള്‍ അതിന്റെ മറ്റൊരു ചിലവുണ്ട്.

6. കണക്കുകൂട്ടാന്‍ കൂടുതല്‍ വിഷമമുള്ള ചിലവുകളുമുണ്ട്. ഉദാഹരണത്തിന് ഈ വര്‍ഷത്തെ മഴയില്‍ ലക്ഷക്കണക്കിന് ക്യൂബിക് മീറ്റര്‍ മേല്‍മണ്ണാണ് നമ്മുടെ വനങ്ങളില്‍ നിന്നും ഒഴുകിപ്പോയത്. അതോടൊപ്പം മേല്‍മണ്ണില്‍ ആവാസ്ഥ വ്യവസ്ഥയുണ്ടായിരുന്ന ജീവികളും. ഇതിന്റെ നഷ്ടം എത്രയാണ്? പരിസ്ഥിതിയുടെ സാമ്പത്തികശാസ്ത്രം പുരോഗമിച്ചതോടെ ഇതെല്ലാം 'Loss' ആയി കണക്കുകൂട്ടാന്‍ സാധിച്ചിട്ടുണ്ട്. പക്ഷെ നല്ല രീതിയിലുള്ള 'മോണിറ്ററിംഗ്' സംവിധാനം ദുരന്തകാലത്തിന് മുന്‍പേ നമുക്ക് വേണം.

7. സംസ്‌കാരത്തിനും പാരമ്പര്യത്തിനും ഉണ്ടാകുന്ന നഷ്ടം വേറൊന്നാണ്. ചുമര്‍ചിത്രമുള്ള ഒരു ക്ഷേത്രത്തിന്റെ ചുമര്‍ ഇടിഞ്ഞുവീണാല്‍ പഴയ കെട്ടിടത്തിന്റെ നാശം മാത്രമല്ലല്ലോ അത്. ഇത്തവണത്തെ പ്രളയത്തില്‍ ആറന്മുളയിലും ചേന്ദമംഗലത്തും വലിയ നാശങ്ങളുണ്ടായി. ആറന്മുള കണ്ണാടിയും ചേന്ദമംഗലം കൈത്തറിയും നിര്‍മ്മിക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ ഈ നഷ്ടത്തില്‍ നിന്നു കരകയറുമോ? ആറന്മുള കണ്ണാടി പോലുള്ള പൈതൃക സാങ്കേതികവിദ്യകള്‍ നിലനില്‍ക്കുമോ? ഇതിന്റെ നഷ്ടം എങ്ങനെ കണക്കാക്കും? ഇതിനെല്ലാം ഇപ്പോള്‍ നൂതന രീതികളുണ്ട്.

8. ഇതുവരെ ലോകം കണക്കാക്കി തുടങ്ങാത്ത നഷ്ടങ്ങളുമുണ്ട്. ഒരു സുനാമി വരുമ്പോള്‍ മനുഷ്യരുള്‍പ്പെടെ എന്തൊക്കെയാണ് കടലിലേക്ക് ഒലിച്ചുപോകുന്നത്. ജപ്പാനിലെ സുനാമിയില്‍ അയ്യായിരം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഭൂരിഭാഗവും കടലിലെത്തിക്കാണും. ആയിരക്കണക്കിന് ബോട്ടുകള്‍, കടല്‍ത്തീരത്ത് ഉണ്ടായിരുന്ന കാറുകള്‍, വീടുകള്‍, കടകള്‍ക്കുള്ളിലെ വസ്തുക്കള്‍ എന്നിങ്ങനെ എന്തൊക്കെ കടലിലെത്തുന്നു. കടലിന്റെ ആവാസവ്യവസ്ഥയെ അതെങ്ങനെ ബാധിക്കുന്നു? ഇതിന്റെയൊന്നും നഷ്ടം ആരും എടുക്കാറില്ല.

9. ഓയില്‍ സ്പില്ലോ കാട്ടുതീയോ വരള്‍ച്ചയോ ഒക്കെ ഉണ്ടാകുമ്പോള്‍ ഒരു പ്രദേശത്തു മാത്രം കാണുന്ന ചില ജീവികള്‍ക്ക് വംശനാശം പോലും സംഭവിക്കാം. അതില്‍ ചിലത് സൂക്ഷ്മജീവികളാകാം. ഇതിന്റെ നഷ്ടം എത്രയാണ്? വംശനാശം വരുന്ന ഒരു മണ്ണിരക്ക് മനുഷ്യന്‍ ഇടേണ്ട വിലയെത്രയാണ്? അത് വംശനാശം വരുന്ന ഹിമക്കരടികളേക്കാള്‍ കൂടുതലോ കുറവോ?

10. ദുരന്തസമയത്തെ കണക്കെടുക്കലുകള്‍ ലോകത്ത് ഏറെ മുന്നേറിയിട്ടുണ്ട്. ഉപഗ്രഹചിത്രങ്ങള്‍, സിറ്റിസണ്‍ സയന്‍സ് എന്നിങ്ങനെ ആധുനിക സാങ്കേതിക വിദ്യയും സാമ്പത്തികശാസ്ത്രത്തിലെ പുതിയ തത്വങ്ങളും അനുസരിച്ച് നഷ്ടങ്ങള്‍ നമുക്ക് കൃത്യമായി കണക്കുകൂട്ടാന്‍ സാധിക്കും. സുനാമിയും യുദ്ധവും ഉണ്ടായ ഇടങ്ങളില്‍ ഡ്രോണ്‍ പറത്തി 3D ചിത്രങ്ങളെടുത്തു ദുരന്തത്തില്‍ എത്ര വീടുകള്‍ നശിച്ചു, എത്ര ദുരന്ത മാലിന്യമുണ്ടായി എന്നൊക്കെ ഇപ്പോള്‍ ഞങ്ങള്‍ കണക്കുകൂട്ടാറുണ്ട്. ഇതുകൊണ്ടാണ് ജപ്പാനിലും അമേരിക്കയിലും ദുരന്തമുണ്ടാകുമ്പോള്‍ നഷ്ടത്തിന്റെ അളവ് വളരെ വളരെ കൂടുതലായിരിയ്ക്കുന്നത്. പക്ഷെ ഇതിന് രണ്ട് മുന്നൊരുക്കങ്ങള്‍ നമ്മള്‍ ചെയ്യണം. ഒന്ന് നമ്മുടെ ഭൗതിക സമ്പത്ത്, സാംസ്‌കാരിക സമ്പത്ത്, പരിസ്ഥിതി എന്നതിനെയൊക്കെപ്പറ്റി നല്ല ഒരു ബേസ് ലൈന്‍ നമുക്കുവേണം. രണ്ടാമത് ദുരന്തത്തിന് ശേഷം നഷ്ടം കണക്കാക്കാന്‍ പറ്റുന്ന ആധുനിക സാങ്കേതികവിദ്യകള്‍ നാം തരമാക്കണം.

11. പതിനെട്ടാം നൂറ്റാണ്ടിലെ ബംഗാള്‍ ക്ഷാമകാലത്താണ് ഇന്ത്യയില്‍ ദുരിതാശ്വാസം എന്ന സംവിധാനമുണ്ടാകുന്നത്. അതിനു മുന്‍പൊക്കെ വരള്‍ച്ച വന്നാല്‍ ഹോമവും യജ്ഞവും നടത്തുകയും വസൂരി വന്നാല്‍ ക്ഷേത്രം നിര്‍മ്മിക്കുകയും ഒക്കെയായിരുന്നു നമ്മുടെ രീതി. പക്ഷെ കാലങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടം കണക്കാക്കുന്ന രീതികളില്‍ നമുക്ക് വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല. ഉപഗ്രഹ ചിത്രങ്ങളുടെ വന്‍ ലഭ്യത ഉണ്ടായിട്ടു പോലും ഇന്ത്യയില്‍ ഇത്തരം രീതികള്‍ ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ല. അതുപോലെ തന്നെ ദുരന്തമുണ്ടാകുന്നതിനു മുമ്പുള്ള സ്ഥിതിയെപ്പറ്റി നമുക്കുള്ള ശാസ്ത്രീയമായ അറിവ് വളരെ കുറവാണ്. അപ്പോള്‍ ദുരന്തമുണ്ടാകുമ്പോള്‍ 'വലിയ നഷ്ടം' സംഭവിച്ചു എന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും അതെത്രയെന്ന് ശാസ്ത്രീയമായി പറയാന്‍ നമുക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ കണക്കുകള്‍ യഥാര്‍ത്ഥ നഷ്ടത്തിന് താഴെയാണെന്ന് നമുക്കറിയാം.

12. ഇതില്‍ ഒരു പ്രയോഗിക പ്രശ്‌നവുമുണ്ട്. കേരളതീരത്ത് ഒരു എണ്ണച്ചോര്‍ച്ചയുണ്ടായി എന്ന് കരുതുക (ഉണ്ടാകും, ഉറപ്പാണ്). അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് എണ്ണച്ചോര്‍ച്ചയില്‍ എത്ര നഷ്ടമുണ്ടായാലും ആ നഷ്ടം എത്രയെന്ന് നമുക്ക് ഫലപ്രദമായി കണക്കെടുത്ത് കാണിക്കാന്‍ പറ്റിയാല്‍ അതു മുഴുവന്‍ നഷ്ടപരിഹാരമായി കിട്ടും. അമേരിക്കയിലെ കഴിഞ്ഞ ഓയില്‍ സ്പില്ലില്‍ നഷ്ടപരിഹാരത്തുക ഇരുപത്തിയഞ്ചു ബില്യനും അധികമാണ് (ഏകദേശം രണ്ടു ലക്ഷം കോടി രൂപ). എന്നാല്‍ അതേ ദുരന്തം കേരളത്തിലുണ്ടായാല്‍ നമുക്ക് പത്തു കോടി രൂപ പോലും കിട്ടില്ല. കാരണം എത്ര നഷ്ടമുണ്ടായി എന്ന് നമ്മള്‍ തെളിയിക്കണം. ഇതിനുള്ള ഡേറ്റ നമുക്കില്ല. ഉദാഹരണത്തിന് നമ്മുടെ തീരത്തുനിന്നും എത്ര ബോട്ടുകള്‍ ഓരോ ദിവസവും വെള്ളത്തില്‍ പോകുന്നു, അവര്‍ക്ക് എത്ര രൂപയുടെ മീന്‍ കിട്ടുന്നു, കടല്‍ തീരത്ത് എത്ര ടൂറിസ്റ്റുകള്‍ വരുന്നു, അവര്‍ സമ്പദ്‌വ്യവസ്ഥയില്‍ എത്ര ആയിരം രൂപയുടെ കച്ചവടം ഉണ്ടാക്കുന്നു എന്നൊന്നും നമുക്ക് കണക്കില്ല. അപ്പോള്‍ എണ്ണ പരന്നു മത്സ്യബന്ധനവും ടൂറിസവും നിന്നുപോയാലും നഷ്ടപരിഹാരം കിട്ടില്ല. ബോംബെ തീരത്ത് ആറുവര്‍ഷം മുന്‍പുണ്ടായ ഓയില്‍ സ്പില്ലില്‍ നമ്മള്‍ നഷ്ടമായി പറഞ്ഞത് പത്തു കോടി രൂപ മാത്രമാണ്. അതുപോലും കിട്ടിയില്ല. അതേ അപകടം ജപ്പാനിലായിരുന്നുവെങ്കില്‍ പതിനായിരം കോടി രൂപ മത്സ്യത്തൊഴിലാളികള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കിട്ടിയേനെ.

ദുരന്തങ്ങള്‍ ഇനിയുമുണ്ടാകും. അതുകൊണ്ടുതന്നെ നമ്മുടെ ആസ്ഥികളുടെ കണക്കെടുത്തു വെക്കുന്നത് നല്ലതാണ്, വ്യക്തിപരം ആണെങ്കിലും സമൂഹമായിട്ടാണെങ്കിലും. പരിസ്ഥിതിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്ഥിരമായി മോണിറ്റര്‍ ചെയ്യാന്‍ നമുക്ക് പരിചയം നേടുകയും വേണം. ദുരന്തത്തിന് ശേഷം നഷ്ടം കണക്കുകൂട്ടുന്ന ആധുനിക രീതികളിലും സാങ്കേതിക വിദ്യകളിലും നമുക്ക് പരിശീലനം ലഭിക്കുകയും വേണം.

(യു.എന്‍ പരിസ്ഥിതി പദ്ധതിയുടെ ചീഫ് ഓഫ് ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ മേധാവിയാണ് ലേഖകന്‍)

Content Highlights: Estimating the Losses of Disasters, Muralee thummarukudy, Kerala floods, flood, calamity