കോട്ടയം: കേരളത്തിലുണ്ടായത് ഡാമുകള്‍മൂലമുള്ള ദുരന്തമാണെന്ന് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച പരിസ്ഥിതിപ്രവര്‍ത്തക മേധാപട്കര്‍ പറഞ്ഞു. ദുരിതബാധിതര്‍ക്ക് കൂടുതല്‍ സഹായം നല്‍കണം. ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ നിര്‍മിക്കാന്‍ വലിയ തുക ചെലവിടുന്ന കേന്ദ്രസര്‍ക്കാര്‍, കേരളത്തിന് നല്‍കിയ സഹായം ചെറുതാണ്. യു.എ.ഇ. സര്‍ക്കാര്‍ 700 കോടി രൂപ വാഗ്ദാനംചെയ്തിടത്ത് കേന്ദ്രസര്‍ക്കാര്‍ 600 കോടിരൂപമാത്രം നല്‍കിയത് കുറവുതന്നെ. കൂടുതല്‍ സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്നും അവര്‍ പറഞ്ഞു. 

ദേശീയദുരന്തമായി പ്രഖ്യാപിക്കാനും മടിക്കരുത്. ഇക്കാര്യത്തില്‍ ദുരഭിമാനം വേണ്ട. കിട്ടാവുന്ന എല്ലാ സഹായവും സ്വീകരിക്കണം. ആഗോളവത്കരണം ഇക്കാര്യത്തിലുമാകാം. ദുരിതബാധിതര്‍ക്ക് പണവും വാസയോഗ്യമായ വീടുകളും തൊഴിലും നല്‍കണം. നഷ്ടങ്ങളെക്കുറിച്ച് കൃത്യമായ കണക്കുണ്ടെങ്കിലേ എല്ലാം സാധ്യമാകൂ.

വലിയ അണക്കെട്ടുകള്‍ ഉള്ളിടത്തെല്ലാം പ്രത്യാഘാതങ്ങളുണ്ട്. നര്‍മദയിലെ അണക്കെട്ട് വന്നതോടെ അവിടെ മഴ കുറഞ്ഞു. ഇങ്ങനെ കുറേക്കാലം നിന്നശേഷം കനത്ത മഴ വരും. കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്നതാണ് വലിയ അണക്കെട്ടുകളെന്ന് തെളിഞ്ഞിട്ടുണ്ട്. ലോകത്തിലെ വലിയ അണക്കെട്ടുകളെക്കുറിച്ച് പഠിക്കാന്‍ ഐക്യരാഷ്ട്രസംഘടന നിയോഗിച്ച 12 അംഗ സമിതിയില്‍ ഇന്ത്യയില്‍നിന്നുള്ള ഏക അംഗമായിരുന്നു മേധ പട്കര്‍. ഇനി വലിയ അണക്കെട്ടുകള്‍ നിര്‍മിക്കരുതെന്ന നിര്‍ദേശം സമിതി സമര്‍പ്പിച്ചിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ കേരളവും തമിഴ്‌നാടും നടത്തുന്ന ചര്‍ച്ചകളില്‍ ജനകീയ പങ്കാളിത്തംകൂടി വേണം. രണ്ടിടത്തെയും ജനങ്ങള്‍ ഇക്കാര്യത്തില്‍ ബദല്‍ നിര്‍ദേശം മുന്നോട്ടുവെയ്ക്കണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്താന്‍ മടിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

കോട്ടയം സി.എം.എസ്. കോളേജിലെ ക്യാമ്പില്‍ ദുരിതബാധിതരെ കാണാനെത്തിയ അവരെ പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയല്‍, ക്യാമ്പ് കണ്‍വീനര്‍കൂടിയായ സംവിധായകന്‍ ജയരാജ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഡോ. സി.ആര്‍.നീലകണ്ഠന്‍, കെ.ബിനു, സൈനബ, അഥീന സുന്ദര്‍ തുടങ്ങിയവരും മേധാ പട്കര്‍ക്കൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ചങ്ങനാശ്ശേരിയിലെ ദുരിതാശ്വാസക്യാമ്പിലും അവര്‍ പോയി. വ്യാഴാഴ്ച ആലുവ, തൃശ്ശൂര്‍ മേഖലയിലെ പ്രളയദുരിത പ്രദേശങ്ങളില്‍ അവരെത്തും.