തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ 65,000 പേരെ രക്ഷപ്പെടുത്തിയതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഓഗസ്റ്റ് 15 മുതല്‍ 20 വരെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 2826 മത്സ്യത്തൊഴിലാളികളും 699 യാനങ്ങളും പങ്കെടുത്തു. സംസ്ഥാനം ഇതുവരെ കാണാത്ത ദുരിതാശ്വാസ പ്രവര്‍ത്തനമാണ് കടലിന്റെ മക്കള്‍ നടത്തിയത്.

ഇവര്‍ക്കാവശ്യമായ ഭക്ഷണം, ഇന്ധനം, ലൈഫ് ജാക്കറ്റ്, ഔട്ട്ബോഡ് മോട്ടോര്‍ എന്നിവയ്ക്കായി 43 ലക്ഷം രൂപ ചെലവായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഈ തുക നല്‍കും. രക്ഷാപ്രവര്‍ത്തനത്തില്‍ തകരാറിലായ യാനങ്ങള്‍ നവീകരിക്കാനുള്ള തുക സര്‍ക്കാര്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു.  

പോലീസ് രക്ഷിച്ചത് 53000പേരെ

police

ദുരന്തമുഖത്തുനിന്ന് 53,000 ആളുകളുടെ ജീവന്‍ രക്ഷിച്ചതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരളാ പോലീസിനെ ഡി.ജി.പി. ലോക്നാഥ് ബെഹ്റ അഭിനന്ദിച്ചു. 40,000-ത്തോളം പോലീസുകാരെയാണ് പ്രളയക്കെടുതി നേരിട്ട വിവിധ സ്ഥലങ്ങളിലായി വിന്യസിച്ചത്. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട പത്തു ലക്ഷത്തോളം ആളുകളെ രക്ഷിക്കാന്‍ സൈനികര്‍ക്കു വേണ്ട സഹായവും പോലീസുകാര്‍ ചെയ്തു നല്‍കി. ദുരന്തമുഖത്ത് സംസ്ഥാനത്തെ എല്ലാ പോലീസുകാരും തങ്ങളുടെ ആത്മാര്‍ഥതയും ശക്തിയും തെളിയിച്ചു. സ്വന്തം വീടു മുങ്ങുകയും കുടുംബാംഗങ്ങള്‍ വെള്ളത്തില്‍ ഒറ്റപ്പെടുകയും ചെയ്തപ്പോള്‍ പോലും 24 മണിക്കൂറും ജോലി ചെയ്യാന്‍ തയ്യാറായവരാണവര്‍. ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് സാധനങ്ങളെത്തിക്കുന്നതിനും അവര്‍ സുപ്രധാന പങ്കുവഹിച്ചു-ബെഹ്റ പറഞ്ഞു.