വളകളുടെ കല്യാണം കണ്ടത് മധ്യപ്രദേശിലാണ്. മഴദൈവങ്ങളെ പ്രസാദിപ്പിക്കാനായിരുന്നു വഴിപാട്. ചിത്താര്‍പൂരില്‍ വനിത-ശിശുക്ഷേമ മന്ത്രി ലളിത യാദവ് വിവാദത്തിലായി. ഗണപതിയുടെ തുമ്പിക്കൈ ശസ്ത്രക്രിയയും പുഷ്പകവിമാനവും അതിനു മുമ്പേ വിവാദമായി. ക്ലോണിംഗിലൂടെയുള്ള കൗരവ ജനനത്തേയും നിഷ്‌കരുണം പുച്ഛിച്ചു മലയാളികള്‍. വിപ്ലവ് കുമാര്‍ ദേവ് തൊട്ട് നരേന്ദ്ര മോദിയും രാം നാഥ് കോവിന്ദും വരെ വിമര്‍ശിക്കപ്പെട്ടു. ഛത്രപതി മഹാരാജിനെ നിരന്തരം ട്രോളി.

ഇതിന് പിന്നില്‍ വെറും രാഷ്ട്രീയം ആയിരുന്നില്ല. ശാസ്ത്രീയമായി, കേവലയുക്തിയോടെ കാര്യങ്ങളെ കാണണം എന്നായിരുന്നു കാഴ്ചപ്പാട്. ചകിരിയില്‍ രാസപദാര്‍ത്ഥം വച്ച് തേങ്ങ ഉടച്ച് തീയുണ്ടാക്കിയ ദിവ്യരെ അനാവരണം ചെയ്ത മലയാളിയുടെ തുടര്‍ച്ചയായിരുന്നു അത്. ആര്യ അന്തര്‍ജനത്തെ ക്ഷേത്രത്തില്‍ കൊണ്ടു പോയ സാക്ഷാല്‍ ഇ.എം.എസ്. വരെ ചോദ്യം ചെയ്യപ്പെട്ടു. വാക്കും കര്‍മ്മവും തമ്മില്‍ പൊരുത്തം വേണമെന്ന് കേരളം വിശ്വസിച്ചു.

1957-ല്‍ ഇ.എം.എസ്. മന്ത്രി സഭയില്‍ മൂന്നു സ്വതന്ത്രര്‍ അംഗങ്ങളായി. വി.ആര്‍. കൃഷ്ണയ്യര്‍, ഡോ എ.ആര്‍. മേനോന്‍, ജോസഫ് മുണ്ടശ്ശേരി എന്നിവരായിരുന്നു അവര്‍. കമ്മ്യൂണിസ്റ്റുകളേക്കാള്‍ വിപ്ലവകാരികളായി മൂവരും കാലത്തിന് മുമ്പേ നടന്നു. കമ്മ്യൂണിസ്റ്റ് പര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമായപ്പോള്‍ സ്വതന്ത്രരുടെ സ്വഭാവം മാറി. ലോനപ്പന്‍ നമ്പാടനെ പോലെ, അത്രയൊന്നും വിപ്ലവം ഇല്ലെങ്കിലും ഇടതു സ്വതന്ത്രനാവാമെന്ന് വന്നു. അപ്പോഴും കടമ്മനിട്ടയും സാനു മാഷുമൊക്കെ അവരുടെ പക്ഷത്തുണ്ടായിരുന്നു.

ഇപ്പോഴത്തെ സ്വതന്ത്രരെ പരിശോധിക്കുക. പി.വി. അന്‍വര്‍, കാരാട്ട് റസാഖ്, വി. അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ ശ്രേണിയിലെത്തും. പൂര്‍വാശ്രമത്തില്‍ ഇവരുടെ വിപ്ലവ ചരിത്രം ഉപന്യസിക്കേണ്ട. എം.എല്‍.എമാര്‍ ആയ ശേഷമുള്ള കാര്യങ്ങള്‍ പക്ഷേ അന്വേഷിക്കേണ്ടി വരും. ഒപ്പം ഇടതുപക്ഷം സഭയില്‍ എത്തിച്ച എസ്. രാജേന്ദ്രന്‍, തോമസ് ചാണ്ടി എന്നിവരുമുണ്ട്. എണ്ണിപ്പറയാന്‍ അനവധിയുണ്ട് എതിരാളികള്‍ക്കും ഇടതുപക്ഷത്തിനും. പക്ഷേ ഇപ്പോള്‍ പ്രളയകാലമാണല്ലോ. തവളക്കല്ല്യാണത്തിലേക്ക് തരംതാഴുകയായിരുന്നു ഇടതുസംഘം. രക്ഷിക്കാന്‍ കഴിവുറ്റ മുഖ്യമന്ത്രിയും കഴിവുകെട്ട പ്രതിപക്ഷവും ഒന്നിച്ചില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു ചര്‍ച്ചകള്‍ എന്നേ ആലോചിക്കുന്നുളളൂ.

മരമില്ലാത്ത കടലില്‍ മഴ പെയ്യുന്നത് എങ്ങനെ എന്നു ചോദിച്ച സീതി ഹാജിയെ ഇനിയും വിട്ടിട്ടില്ല സി.പി.എം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് ഇരിക്കാനായി സര്‍ക്കാര്‍ കമ്മ്യൂണിറ്റി എന്ന പേരില്‍ ഹാള്‍ പണിയരുതെന്ന് പറഞ്ഞെന്ന പേരില്‍ രാഘവന്‍ പൊഴേക്കടവില്‍ എന്ന മുന്‍ എം.എല്‍.എ. ഇന്നും വിമര്‍ശിക്കപ്പെടുന്നു. സീതി ഹാജി  
ഫലിതങ്ങള്‍ തന്നെ വേണ്ടത്രയാണ് ഏറനാട്ടില്‍.

ഇനി എസ്. രാജേന്ദ്രന്‍ പറഞ്ഞത് കേള്‍ക്കുക: 'ഗാഡ്ഗിലിനേയും കസ്തൂരി രംഗനേയും അപ്രസക്തമാക്കി ഈ പ്രളയം. 
പ്ലം ജൂഡി റിസോര്‍ട്ടിന് നോട്ടീസ് കൊടുത്തിട്ട് കാര്യമില്ല. പ്രകൃതിയുടെ വികൃതി തടയാനാവില്ല. ഇടുക്കിയില്‍ ഇനിയും പരിസ്ഥിതി നിയമങ്ങളില്‍ ഇളവ് വേണം.'
തോമസ് ചാണ്ടിയുടെ മുത്തുകള്‍: 'ക്വാറികള്‍ ഉണ്ടെങ്കില്‍ മഴ പെയ്യില്ലെന്നാണല്ലോ നിങ്ങള്‍ പറഞ്ഞു നടക്കുന്നത്. 
എന്നിട്ടിപ്പോള്‍ എന്തായി? വേമ്പനാട് കായലിന്റെ ആഴം കൂട്ടാന്‍ മണല്‍ വാരണം.' 
പി.വി. അന്‍വര്‍ ചോദിക്കുന്നു: 'ജെ.സി.ബി. പോയിട്ട് കയ്‌ക്കോട്ട് പോലും വയ്ക്കാത്ത നിബിഡവനത്തില്‍ എങ്ങനെ ഉരുള്‍ പൊട്ടി?

ചെറിയൊരു വിത്തിനുള്ളില്‍ മഹാകാശത്തെ മറയ്ക്കാന്‍ ശേഷിയുറ്റ ആല്‍മരം ഉണ്ടെന്ന തിരിച്ചറിവാണ് മനുഷ്യനെ മൃഗങ്ങളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. തന്നെത്തന്നെ നയിച്ച് നേര്‍വഴി നടത്താനാവാത്ത ഞാനെമ്മട്ടിലന്യന്മാരെ നയിച്ച് നായകപദ പ്രാപ്തിക്ക് മോഹിക്കുമെന്ന് പണ്ട് ചങ്ങമ്പുഴ കൃഷ്ണപിള്ള മുക്തകമെഴുതി. നമ്മുടെ എം.എല്‍.എമാരെ പറ്റി എന്തു പറയാന്‍?

എന്നാല്‍ പറയേണ്ടത് പറയേണ്ടവര്‍ ഓര്‍ക്കണം. ഓര്‍ത്താല്‍ നന്ന്. പറയേണ്ടത് പിണറായി വിജയനാണ്. യേശുദാസിനെ വിമര്‍ശിച്ച പി.സി. ജോര്‍ജിന് മറുപടി നല്‍കിയ മുഖ്യമന്ത്രി. കുരുടന്‍ കാണുന്ന ആനയാണ് എം.എല്‍.എമാര്‍ക്ക് മലയും കായലും കാടും. ഒരാള്‍ക്ക് എണ്ണിത്തീരാനാവാത്ത ലോഡ് മണ്ണ്. മറ്റൊരാള്‍ക്ക് റിസോര്‍ട്ടുകാരുടെ മാസശമ്പളം. കായല്‍ നികത്തി വയ്ക്കാവുന്ന റിസോര്‍ട്ടിന്റെ ലാഭം. കോരിയെടുക്കാവുന്ന മണല്‍. നിബിഡ വനത്തിലെ വാട്ടര്‍ തീം പാര്‍ക്കും കോടതിയെ വെല്ലുവിളിക്കുന്ന തടയണകളും.

ശാസ്ത്ര സാഹിത്യ പരിഷത്തോ ഇ.എം.എസ്. ചെയറുകളോ മാര്‍ക്‌സിയന്‍ പഠനകേന്ദ്രങ്ങളോ ശ്രമിക്കണം. ഇവരെ അല്‍പം വിവരമുള്ളവരാക്കാന്‍. അല്ലെങ്കില്‍ എം. സ്വരാജിനെ പോലുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാവുന്നതേയുള്ളൂ. 

ആവര്‍ത്തിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. അറിയണം. പ്രളയാനന്തരം പരിസ്ഥിതി ഒരു മോശം വാക്കല്ല. അത് എന്റെ പേരക്കുട്ടികളുടെ അവകാശമാണ്.