തിരുവനന്തപുരം: സൈന്യത്തിനു മാത്രമായി കേരളം പോലൊരു സ്ഥലത്ത് ഒറ്റയ്ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ അറിയുന്നവര്‍ക്കേ ഇവിടെ രക്ഷാപ്രവര്‍ത്തനം കൃത്യമായി നടത്താനാവൂ എന്നും അതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിന്റെ ആദ്യഘട്ടം മുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് ഏഴിന് തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്ലുകള്‍ ആരംഭിച്ചു. ഇത്തരമൊരു ദുരന്തം ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക കേരളത്തിലാണ്. നമ്മുടെ സംസ്ഥാനത്ത് 10 ശതമാനത്തിലധികം സ്ഥലങ്ങളും സമുദ്രനിരപ്പിന് താഴെയാണ്. നാടറിയുന്നവര്‍ക്കേ ഇവിടെ രക്ഷാപ്രവര്‍ത്തനം കൃത്യമായി നടത്താനാവൂ. ഹെലികോപ്ടറുകള്‍ക്ക് മോശം കാലാവസ്ഥ കാരണം കൃത്യമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നിരുന്നു്. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സന്നാഹങ്ങളും മത്സ്യത്തൊഴിലാളികളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചു.

സിവില്‍ ഭരണ സംവിധാനവും സൈന്യവും ഒരുമിച്ചാണ് ഇത്തരം ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടത്. നാടിനെക്കുറിച്ച് അറിയുന്ന ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ സൈന്യം പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ചാലക്കുടിയിലും ചെങ്ങന്നൂരിലും പ്രത്യേക പരിഗണന വേണമെന്ന് വെള്ളിയാഴ്ച്ചത്തെ അവലോകന യോഗത്തില്‍ തന്നെ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെയും മറ്റ് സേനകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. നമ്മുടെ ഒത്തൊരുമയാണ് രക്ഷാപ്രവര്‍ത്തനത്തില്‍  പ്രധാന പങ്കുവഹിച്ചത്. കേന്ദ്രസേനയുടെ ഭാഗത്ത് നിന്നും നല്ല രീതിയിലുള്ള സഹകരണമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമമുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. ഓണക്കാലമായതിനാല്‍ അങ്ങനെയൊരു ദൗര്‍ലഭ്യമില്ല. റോഡുകളിലെ വെള്ളം മാറിയാല്‍ കൂടുതല്‍ സാധനങ്ങള്‍ സംസ്ഥാനത്ത് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Content highlights: KeralaFloods2018, CM Pinarayi Vijayan