കൊച്ചി: മഴക്കെടുതികള്‍ക്കൊണ്ട് ദുരിതമനുഭവിക്കുന്ന കേരളത്തിന് സൗജന്യങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് തീര്‍ത്തും സൗജന്യമാക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. യാത്ര റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കും. ഓഗസ്റ്റ് 26 വരെയാണ് ഈ സേവനം ലഭ്യമാകുക. 

കൊച്ചിയില്‍ നിന്ന് ആഴ്ച്ച തോറും 92 സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിനുള്ളത്. ഇവയിലൊന്നു പോലും റദ്ദ് ചെയ്തിട്ടില്ല. പകരം തിരുവനന്തപുരത്തു നിന്നും കോഴിക്കോട് നിന്നും പുറപ്പെടുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുകയാണ് ചെയ്തിട്ടുള്ളത്. യാത്രക്കാര്‍ക്ക് അവരുടെ സൗകര്യമനുസരിച്ച് യാത്രാ തീയതി മാറ്റുകയോ സെക്ടര്‍ മാറ്റുകയോ ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. 

ഈ സേവനങ്ങള്‍ പൂര്‍ണമായും  സൗജന്യമായിരിക്കും. ഓഗസ്റ്റ് 26 വരെയാണ് ഈ സൗജന്യം ലഭിക്കുക. കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ആള്‍ക്ക് യാത്ര ചെയ്യേണ്ട സ്ഥലത്തേക്കുള്ള എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ കോഴിക്കോട്, തിരുവനന്തപുരം, കോയമ്പത്തൂര്‍, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുണ്ടെങ്കില്‍ ആ സര്‍വ്വീസുകളെയും ആശ്രയിക്കാവുന്നതാണ്. 

യാത്രാതീയതിയോ സെക്ടറോ മാറ്റുന്നതിനോ മറ്റേതെങ്കിലും സര്‍വ്വീസുകള്‍ക്കായോ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കോള്‍ സെന്ററില്‍ വിളിച്ച് ബന്ധപ്പെടാനാവുന്നില്ലെങ്കില്‍ അവരുടെ ഫോണ്‍ നമ്പരും യാത്രാവിവരങ്ങളും എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഫെയ്‌സ്ബുക് പേജില്‍ കമന്റ് ചെയ്താല്‍ മതി. കോള്‍സെന്ററില്‍ നിന്ന് അവരെ തിരികെ വിളിക്കുന്നതായിരിക്കുമെന്നും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ പറഞ്ഞു. 

 

Content Highlights: air india express, waived all penalties, Kerala floods 2018