വിനോദ സഞ്ചാരത്തെ ഒരു വികസനോപാധിയായി കാണാന്‍ തുടങ്ങിയ അന്നുമുതല്‍ തുടങ്ങിയതാണ് വയനാടന്‍ ടൂറിസത്തിന്റെ നയം മാറ്റം. വിനോദ സഞ്ചാരമെന്നാല്‍ ആധുനിക മസാജ് കേന്ദ്രങ്ങളും റിസോര്‍ട്ടുകളുമാണെന്ന അബദ്ധ ധാരണ വയനാടിന്റെ സ്വാഭാവികതയെത്തന്നെ ഇല്ലാതാക്കി. ചുരം കയറുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആധുനിക വയനാട്ടിലെ  ബഹുനില റിസോര്‍ട്ടുകള്‍ വയനാടിന്  കാടിന്റെ ഗന്ധം ഇല്ലാതാക്കി തുടങ്ങിയിരിക്കുന്നു എന്ന തരിച്ചറിവുണ്ടായിട്ടും നോട്ടുകെട്ടുകളുടെ മാസ്മരികതയില്‍ സ്വയംമറന്നു, ഇവിടെയുള്ളവര്‍. ഇത് വയനാടിന് സമ്മാനിച്ചത് കാലാവസ്ഥാ വ്യതിയാനം പോലുള്ള അതിഗുരുതരമായ പാരിസ്ഥിക പ്രശ്നങ്ങളാണ്. 

കാര്‍ഷിക നഷ്ടങ്ങള്‍ കൊണ്ടും കാര്‍ഷിക കടങ്ങള്‍ കൊണ്ടും ഉഴലുന്ന വയനാട്ടിലെ കര്‍ഷകര്‍ക്കു മുന്നില്‍ ടൂറിസം, വികസനത്തിന്റെ സാധ്യതകള്‍ തുറന്നിടുകയായിരുന്നു. അഥവാ എളുപ്പത്തില്‍ കര്‍ഷകരെ വലയില്‍ വീഴ്ത്താന്‍ ഭൂമാഫിയകള്‍ക്കും റിസോര്‍ട്ട് മാഫിയകള്‍ക്കും സാധിച്ചു എന്നും വേണമെങ്കില്‍ പറയാം. ഇത് വയനാടന്‍ വിനോദ സഞ്ചാരത്തിന്റെ തലയിലെഴുത്ത് മാറ്റിയെഴുതി.

 

കൃഷിയിടങ്ങള്‍ പ്ലോട്ടുകളായും ഭൂമി വില്‍പ്പനച്ചരക്കായും മാറി. സ്വാഭാവിക കാടുകള്‍ മാറി കോണ്‍ക്രീറ്റ് കാടുകള്‍ മുളച്ചുവന്നതോടെ വയനാടിന് വയനാടിനെ നഷ്ടപ്പെട്ടു. കാട്ടുമൃഗങ്ങള്‍ ഒന്നുകില്‍ അന്യസംസ്ഥാനത്തെ കാടുകളിലേക്ക് മാറിപ്പോവുകയോ ആരുമറിയാതെ കൊല്ലപ്പെടുകയോ ചെയ്തു.

വിനോദ സഞ്ചാരത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് കോടികള്‍ എത്താന്‍ തുടങ്ങിയതോടെ അധികാരികള്‍ക്കും പലതും കണ്ടില്ലെന്ന് നടിക്കേണ്ടിവന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് താമരശ്ശേരി  ചുരത്തിലെ ചിപ്പിലിത്തോടില്‍ ദേശീയ പാതയ്ക്ക് തൊട്ടടുത്ത് ഉയര്‍ന്നുവന്ന കൂറ്റന്‍ കെട്ടിടം. കെട്ടിടം അതിന്റെ പൂര്‍ണാവസ്ഥയില്‍ എത്തിയിട്ടും സൗകര്യപൂര്‍വം കണ്ണടയ്ക്കുകയായിരുന്നു ഭരണകര്‍ത്താക്കള്‍ അടക്കമുള്ളവര്‍. പ്രളയകാലത്ത് ഒരു പ്രദേശത്തെയാകെ വലിയ ഭീതിയിലാഴ്ത്തി  ഈ കെട്ടിടത്തില്‍ വിള്ളലുണ്ടായതോടെ പൊളിച്ചുമാറ്റാന്‍ നടപടിയുണ്ടായെങ്കിലും ഒരു പ്രളയം വേണ്ടിവന്നു അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ എന്നുവേണം കരുതാന്‍.

വയനാടന്‍ മലയോരത്തിന്റെ പല ഭാഗത്തുമുണ്ട്  ടൂറിസം വികസനത്തിന്റെ മറവില്‍ ഉയര്‍ന്നുപൊങ്ങിയ ഇത്തരം കൂറ്റന്‍ കെട്ടിടങ്ങള്‍. ഹോം സ്റ്റേകള്‍, സര്‍വീസ് വില്ലകള്‍, മസാജ് കേന്ദ്രങ്ങള്‍ എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത കെട്ടിടങ്ങളാണ് ഇങ്ങനെ വയനാടിന്റെ ഓരോ ഭാഗത്തും ഉയര്‍ന്നുപൊങ്ങിയത്. വിദേശ സഞ്ചാരികളടക്കം വലിയ തോതില്‍ എത്തിത്തുടങ്ങിയതോടെ വയനാട്ടിലെ ടൂറിസം മേഖല സാധ്യമാവുന്നതിലുമപ്പുറത്തേക്ക് വളരുകയും ചെയ്തു.

ന്യമൃഗങ്ങള്‍ അന്യമാവുന്ന വയനാടന്‍ കാടുകള്‍

monkey
ഫോട്ടോ:ഷഹീര്‍ സി.എച്ച്

 

അതിജീവനത്തിനായി മലകയറി വന്ന് കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് ജീവിതം കരുപ്പിടിപ്പിച്ചവരായിരുന്നു വയനാട്ടുകാര്‍. അന്നുമുതല്‍ തുടങ്ങിയതാണ് ഇവിടെയുള്ള മനുഷ്യരും വന്യമൃഗങ്ങളും ഒരുമിച്ച് ജീവിച്ചുപോരാന്‍. എന്നാല്‍ മനുഷ്യന്‍ മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് കടന്നുകയറുകയും മൃഗങ്ങള്‍ മനുഷ്യന്റെ കൃഷിയിടങ്ങളിലേക്ക് തിരിച്ചിറങ്ങുകയും ചെയ്തതോടെ വയനാട്ടിലെ ഏറ്റവും വലിയ രാഷ്ട്രീയവിഷയമായി മാറിയിരിക്കുന്നു, മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള പോരാട്ടം. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടായ ജല ക്ഷാമം, വരള്‍ച്ച, അമിതമായ ടൂറിസത്തിന്റെ ഭാഗമായി വയനാടന്‍ കാടുകളിലുണ്ടായ റിസോര്‍ട്ടുകളുടെ നിര്‍മാണം ഇവയെല്ലാം വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള പോരാട്ടങ്ങള്‍ രൂക്ഷമാക്കി. ഇത് വന്യമൃഗങ്ങളെ വയനാടന്‍ കാടുകളില്‍ നിന്ന് തുടച്ചുനീക്കുന്നതിന് കാരണമായിട്ടുമുണെന്ന് വന്യജീവി സംരക്ഷണ കേന്ദ്രം അടക്കം സമ്മതിക്കുന്നു. ഇതിനോടൊപ്പമാണ് പ്രളയം വയനാട്ടിലെ കാടുകള്‍ക്കും വലിയ തിരിച്ചടി നല്‍കിയത്. മഴക്കെടുതിയില്‍ മാത്രം വനംവകുപ്പിന് 9.55 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. 48 ഹെക്ടറോളം വനവും നശിച്ചു. ഇതില്‍ 38 ഹെക്ടര്‍ നോര്‍ത്ത് വയനാട് ഡിവിഷനിലും 13 ഹെക്ടര്‍ സൗത്ത് വയനാട് ഡിവിഷനിലുമാണ്. 3.06 കോടി രൂപ വിലമതിക്കുന്ന മരങ്ങളും നഷ്ടമായി. ഉരുള്‍പൊട്ടലില്‍ വന്‍ മരങ്ങള്‍ കടപുഴകി നശിച്ചതിന് പുറമെ വന്യജീവികള്‍ക്കും ജീവഹാനിയുണ്ടായി. ഇതോടെ മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ പോലും മൃഗങ്ങളെ കാണുന്നത് വിരളമായിരിക്കുന്നുവെന്ന് വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി സാജന്‍ ചൂണ്ടിക്കാട്ടുന്നു.

വയനാട്ടില്‍ തഴച്ച് വളര്‍ന്നിരുന്ന തേക്കിന്‍ കാടുകള്‍ക്കൊപ്പം യൂക്കാലി മരങ്ങളും വനവിസ്തൃതിയുടെ ഭൂരിഭാഗവും കയ്യടക്കിയതോടെയാണ് വന്യമൃഗങ്ങള്‍ക്ക് കാടുകള്‍ നഷ്ടപ്പെട്ടു തുടങ്ങിയതെന്ന് എഴുത്തുകാരന്‍ ഒ.കെ ജോണി ചൂണ്ടിക്കാട്ടുന്നു. അത് ശരിയെന്ന് വേണം കരുതാന്‍. കാരണം യൂക്കാലി മരങ്ങള്‍ തഴച്ചുവളരുന്ന ഇടങ്ങളില്‍ ഒരു പുല്‍നാമ്പ് പോലും പിന്നെ വളരുന്നില്ല. ഇതോടെ തീറ്റയ്ക്കും വെള്ളത്തിനുമായി വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുകയും ചെയ്തു. ഒരു കാലത്ത് സ്വന്തം ആവാസവ്യവസ്ഥകളില്‍ സ്വസ്ഥമായി കഴിഞ്ഞിരുന്ന മനുഷ്യനും വന്യമൃഗങ്ങളും പരസ്പരം ശത്രുക്കളായി. ഇവിടെയാണ് അമിത ടൂറിസത്തിന്റെ ബാധ്യതയെ കുറിച്ച് നമ്മള്‍ ഓര്‍ക്കേണ്ടത്. ഡി.ടി.പി.സി തന്നെ ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിച്ച് വിനോദ സഞ്ചാരികളെ വലിയ തോതില്‍ വയനാട്ടിലേക്ക് ആകര്‍ഷിച്ചപ്പോള്‍ കേരളത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഇടങ്ങളില്‍ ഒന്നായി വയനാട് മാറിപ്പോവുകയും ചെയ്തിരുന്നു. അമിത ടൂറിസം വയനാടിന്റെ പ്രകൃതിക്ക് തന്നെ വലിയ തിരിച്ചടി നല്‍കുന്ന കാഴ്ച ഇക്കഴിഞ്ഞ അതിവര്‍ഷകാലത്ത് കാണാന്‍ കഴിഞ്ഞു. ഏകദേശം 4.61 കോടിയുടെ നഷ്ടമാണ് ഈ മേഖലയില്‍ പ്രളയമുണ്ടാക്കിവെച്ചത്. വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവുമുണ്ടായി. 

പൂക്കോട് തടാകം, കര്‍ളാട്, പഴശ്ശിപാര്‍ക്ക്, കുറുവ ദ്വീപ്, എടയ്ക്കല്‍ ഗുഹ, കാന്തന്‍പാറ, മീനങ്ങാടി ഡോര്‍മിറ്ററി, വയനാട് ഹെറിറ്റേജ് മ്യൂസിയം, എന്‍ ഊര് പ്രൊജക്ട്, പ്രിയദര്‍ശിനി എസ്റ്റേറ്റ് എന്നീ പ്രധാന മേഖലകളെല്ലാം പ്രളയമുണ്ടാക്കിയ നഷ്ടത്തിന്റെ രുചിയറിഞ്ഞു. ഇതിന് പുറമെയാണ് റിസോര്‍ട്ടുകളുടെയും വസ്തുവകകളുടെയും നഷ്ടം. പൂക്കോട് തടാകം 40,00,000, കര്‍ളാട് 13,00,000, പഴശ്ശിപാര്‍ക്ക് 52,00,000, കുറുവ 86,00,000, എടയ്ക്കല്‍ ഗുഹ 6,00,000, കാന്തന്‍പാറ 60,00,000, മീനങ്ങാടി ഡോര്‍മിറ്ററി 23,00,000, വയനാട് ഹെറിറ്റേജ് മ്യൂസിയം 500000, എന്‍ ഊര് പ്രൊജക്ട് 15,00,000, പ്രിയദര്‍ശിനി എസ്റ്റേറ്റ് 10,00,000 എന്നിങ്ങനെയാണ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കുണ്ടായ നഷ്ടം. 

 

പാഠമുള്‍ക്കൊണ്ട് ഉത്തരവാദ ടൂറിസത്തിലേക്ക്‌

wayal
ഫോട്ടോ: കെ.കെ രമേശ്

 

കൃത്രിമങ്ങളില്ലാത്ത പ്രകൃതിയായിരുന്നു ഒരുകാലത്ത് വിനോദ സഞ്ചാര മേഖലയില്‍ ഈ നാടിന്റെ പ്രധാന ആകര്‍ഷണം. മാസ്മരിക അനുഭവം സമ്മാനിക്കുന്ന വയനാട് ചുരവും ചേമ്പ്ര മലയും വയനാടിന്റെ സൂചിത്തണുപ്പും നൂല്‍മഴയും വയനാട്ടിലെത്തുന്നവര്‍ ആവോളം ആസ്വദിച്ചു. ഇത് ജില്ലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് സമ്മാനിച്ചത്. കാര്‍ഷിക കടത്തിലും കൃഷി നാശത്തിലും പെട്ട് കാര്‍ഷിക മേഖലയാകെ സ്തംഭിച്ചപ്പോഴും വിനോദ സഞ്ചാര മേഖലയിലെ ഉണര്‍വ് ജില്ലയെ പുത്തന്‍ ലോകത്തേക്ക് കൊണ്ടെത്തിച്ചു. പതിയെ വയനാടിന്റെ സ്വാഭാവികതയെ മറന്ന് റിസോര്‍ട്ട് ടൂറിസത്തിലേക്ക് വിനോദ സഞ്ചാര മേഖല പൂര്‍ണമായും അകപ്പെട്ടു. 

മുളച്ചുപൊങ്ങിയ അനിയന്ത്രിതമായ കെട്ടിടങ്ങളും മനുഷ്യന്റെ ഇടപെടലും വയനാടിന്റെ സ്വാഭാവികതയെ ഇല്ലാതാക്കി. കാടിനേയും കാട്ടുമൃഗങ്ങളേയും തുടച്ചുനീക്കാന്‍ തുടങ്ങി. ഇവിടെയാണ് പ്രളയത്തിന്റെ രൂപത്തില്‍ ഒരു പുനര്‍ചിന്തനത്തിലേക്ക് വിനോദസഞ്ചാര മേഖല എത്തിയിരിക്കുനന്നത്. വയനാടിന് വേണ്ടത് വെറും റിസോര്‍ട്ട് ടൂറിസം അല്ലെന്നും വിനോദ സഞ്ചാര മേഖലയില്‍ ഉയര്‍ന്നു വന്നുകൊണ്ടിക്കുന്ന ഉത്തരവാദ ടൂറിസം എന്ന പുത്തന്‍ കാഴ്ചപ്പാട് കൂടുതല്‍ ഉത്തരവാദിത്വത്തോടെ നടപ്പാക്കേണ്ട സമയമായെന്നും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അടക്കം ചൂണ്ടിക്കാട്ടുന്നു. പ്രളയാനന്തരം തിരിച്ചുവരവിനൊരുങ്ങുന്ന വയനാട്ടില്‍ ഉത്തരവാദ ടൂറിസത്തിലൂടെ വലിയ മുന്നേറ്റമുണ്ടാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറും പറയുന്നു.

ലോകത്തിലെ പ്രധാനപ്പെട്ട പല വിനോദസഞ്ചാരകേന്ദ്രങ്ങളും, പ്രത്യേകിച്ച് ബാഴ്സലോണ, വെനീസ്, സോള്‍ തുടങ്ങിയ ഇടങ്ങളിലൊക്കെ തദ്ദേശവാസികള്‍ ടൂറിസത്തിന് എതിരായ സമരത്തിലാണ്. നിയന്ത്രണമില്ലാതെയുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് ഇവിടത്തെ നിത്യജീവിതത്തെ ബാധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇവിടത്തെ സര്‍ക്കാറുകള്‍ നയപരമായ തലത്തിലും മറ്റും ഈ പ്രശ്നങ്ങളെ ക്രിയാത്മകമായി സമീപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈയൊരു സാഹചര്യം തന്നെയാണ് കേരളത്തിലും ഉണ്ടാകാന്‍ പോവുന്നത്. 

Nellarachal
ഫോട്ടോ:കെ.കെ രമേശ്‌

 

പോകാം നാട്ടുവഴികളുടെ സൗന്ദര്യം തേടി

ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ഥായിയായ ചെറിയ കമ്യൂണിറ്റി ടൂറിസം സംരഭങ്ങള്‍ ധാരാളം ഉയര്‍ന്നുവരുന്നുണ്ട്. വന്‍ മുതല്‍മുടക്ക് ആവശ്യമില്ലാത്ത ഇത്തരം ചെറിയ സംരഭങ്ങളാണ് കേരളത്തിന് അഭികാമ്യമെന്ന് ടൂറിസത്തിന്റെ ആദ്യ കാലം മുതല്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭൂവിനിയോഗത്തില്‍ വന്‍തോതില്‍ മാറ്റം വരുത്താത്ത, പരിസ്ഥിതിക്കിണങ്ങിയ ഇത്തരം സംരഭങ്ങളെ  പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള നടപടികള്‍ പലഭാഗങ്ങളിലും ആരംഭിച്ചുകഴിഞ്ഞുവെങ്കിലും ഇതിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഒരുങ്ങുകയാണ് വയനാടന്‍ വിനോദസഞ്ചാരം. 

വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ താമസ സൗകര്യവും ഭക്ഷണവും അടക്കം വീടുകളില്‍ത്തന്നെ ഒരുക്കിയുള്ള സംവിധാനമാണിത്. പലപ്പോഴും വിദേശ വിനോദസഞ്ചാരികളുടെ താല്‍പ്പര്യവും ഇത്തരം സംവിധാനങ്ങളാണ്. ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഉത്തരവാദ ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നത്. 

നെല്ലാറച്ചാല്‍ കാണാം അമ്പെയ്ത്ത് പഠിക്കാം

വയനാടിന്റെ ആത്മാവ് തൊട്ടറിയാതെയുള്ള വിനോദസഞ്ചാരം ഈ മലയോരത്തെ വലിയതോതില്‍ മാറ്റിമറിച്ചെങ്കിലും ഇന്നും മനംമയക്കുന്ന നാട്ടുവഴികളുടെ സൗന്ദര്യമുണ്ട് വയനാടിന്. കാടിനേയും കാട്ടറിവിനേയും കാര്‍ഷിക ജീവിതത്തേയും കൂട്ടിയിണക്കി അന്യംനിന്നുപോവുന്ന ഈ നട്ടുവഴികളുടെ സൗന്ദര്യം കാട്ടിക്കൊടുക്കാന്‍ ഒരിക്കല്‍ക്കൂടി ശ്രമിക്കുകയാണ് പ്രളയാനന്തരം വയനാടന്‍ വിനോദ സഞ്ചാര മേഖല. നെല്ലാറച്ചാലും തെക്കുംതറയും ഉറവും ചെറുവയലുമെല്ലാം ഇനി യാത്രക്കാരെ സ്വീകരിക്കാന്‍ ഒരുമിച്ച് കൈകോര്‍ക്കും. ഇതില്‍ ഏടുത്തുപറയേണ്ട ഇടങ്ങളിലൊന്നാണ് നെല്ലാറച്ചാലിലെ നാട്ടുവഴികള്‍.

Ramesh

കാരാപ്പുഴ അണക്കെട്ടിന്റെ തീരത്ത് മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഇവിടം ഉത്തരവാദ ടൂറിസത്തിന്റെ പ്രധാന ആകര്‍ഷണമാണ്. കാരാപ്പുഴ അണക്കെട്ടിന്റെ സൗന്ദര്യവും നെല്ലാറച്ചാലിലെ കുറുമ വിഭാഗത്തില്‍പ്പെട്ട ഗോവിന്ദന്‍ അമ്പെയ്ത്തിനെക്കുറിച്ചും കുലപാരമ്പര്യത്തെക്കുറിച്ചുമെല്ലാം പഠിപ്പിച്ചുതരികയും ചെയ്യും. മാനന്തവാടിക്കടുത്ത ചെറുവയല്‍ ഗ്രാമത്തിലേക്കുള്ള യാത്രയാണ് ഇതില്‍ രണ്ടാമത്തെ പദ്ധതി. ഇവിടെയുള്ള അറിയപ്പെടുന്ന നെല്‍കര്‍ഷകനും നെല്‍വിത്ത് സംരക്ഷകനുമായ ചെറുവയല്‍ രാമന്റെ വീടും കൃഷിയിടവും സമീപ പ്രദേശങ്ങളേയും കോര്‍ത്തിണക്കിയുളള യാത്രാപദ്ധതിയാണ് ഇവിടെയുള്ള പ്രധാന ആകര്‍ഷണം. 

ഒരുകാലത്ത് വയല്‍നാടെന്ന് അറിയപ്പെട്ടിരുന്ന വയനാടിന്റെ വയലോര സൗന്ദര്യത്തെക്കുറിച്ചും വയലും മനുഷ്യരും തമ്മിലുള്ള വയനാടിന്റെ ഊഷ്മള ബന്ധത്തെക്കുറിച്ചും ചെറുവയല്‍ നേര്‍ക്കാഴ്ചയൊരുക്കുന്നു. ജില്ലയിലെ ഉത്തരവാദ വിനോദ സഞ്ചാരത്തിന്റെ മറ്റൊരു പുതിയ പാക്കേജാണ് തെക്കുംതറ വില്ലേജ് ടൂര്‍. മുളയില്‍ പ്രകൃതിനിറങ്ങള്‍ ചാലിച്ചെഴുതിയ ഭവം മ്യൂറല്‍ പെയിന്റിങ്, മണ്‍പാത്രനിര്‍മാണം, കൃഷിയിടങ്ങള്‍ തുടങ്ങി വൈവിധ്യങ്ങളെ അടുത്തറിഞ്ഞുകൊണ്ടുള്ള യാത്രയാണിത്. ജൈന ക്ഷേത്രങ്ങള്‍, കല്ലമ്പലങ്ങള്‍ എന്നിവയെയും അടുത്തറിയാം. മണിയങ്കോട് ടൈല്‍ ഫാക്ടറിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയാണ് ഈ റൂട്ടുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഞ്ചാരികളോട് ജില്ലാ ഭരണകൂടം പറയുന്നു; 
സുരക്ഷിതമാണ് വയനാട്

Safe

പ്രളയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് വയനാടന്‍ വിനോദ സഞ്ചാരമേഖല. കൃഷിനാശവും സാമ്പത്തിക ബാധ്യതയും രൂക്ഷമായപ്പോള്‍ വയനാടിന് ജീവിതം തിരിച്ചുനല്‍കിയ ഈ  മേഖല, അടിമുടി മാറി മുന്നോട്ടുപോവാന്‍ ഒരുങ്ങുകയാണ്. ഒരുപക്ഷെ, ടൂറിസമാവാം വയനാടിന് ഭാവിയിലും ഏറ്റവും ഉചിതമായ ജീവിതമാര്‍ഗം. ഹെറിറ്റേജ്, അഡ്വഞ്ചര്‍, വൈല്‍ഡ് ലൈഫ്, ലൈഫ് ടൂറിസം, ട്രൈബല്‍ ടൂറിസം എന്നിവയെല്ലാം വയനാടിന് ഇനിയും  പ്രയോജനപ്പെടുത്താം. പക്ഷെ, കര്‍ശനമായും പ്രകൃതി സൗഹാര്‍ദപരമാക്കണം എന്നുമാത്രം. ഇവിടെയാണ് ഉത്തരവാദ ടൂറിസത്തെ ജില്ലാ ഭരണകൂടം കൂടുതല്‍ സജീവമാക്കുന്നത്. പ്രളയകാലത്ത് അടച്ചിട്ടിരുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ആഴ്ചകള്‍ക്ക് മുമ്പെ തുറന്നുകഴിഞ്ഞു. പൂക്കോട് തടാകവും സൂചിപ്പാറയും എടക്കല്‍ ഗുഹയും കുറുവാ ദ്വീപുമെല്ലാം സാധാരണ നിലയിലേക്ക് എത്തി. സഞ്ചാരികളെ സ്വീകരിക്കാന്‍ ഇവിടം പൂര്‍ണമായും സജ്ജമാവുകയും ചെയ്തു.