നകം വിളയണ വയനാട്, കാടുകള്‍ തിങ്ങിയ മലനാട്, കാട്ടാന കാട്ടികളുണ്ടവിടെ കാട്ടു മനുഷ്യരുമുണ്ടവിടെ-പണ്ട് വയനാടിനെ കുറിച്ച് കേട്ട പാട്ടുകളില്‍ ഒന്ന് ഇങ്ങനെയായിരുന്നു. കുരുമുളകും കാപ്പിയും  കാട്ടുമൃഗങ്ങളും നൂല്‍മഴയും സൂചിത്തണുപ്പുമെല്ലാം നിറഞ്ഞു നിന്ന വയനാടിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ ഒരിക്കലെങ്കിലും അങ്ങോട്ടേക്കൊന്ന് പോവാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് എത്രയോ വട്ടം ആഗ്രഹിച്ചിരുന്നു. 

കാലം അധികമൊന്നുമായിട്ടില്ല- ഇന്ന് വയനാട്ടിലേക്ക് യാത്ര നടത്തുമ്പോള്‍ കാണാനാവുന്നത് വയനാടിന് കാടും കാപ്പിയും കുരുമുളകും ആദിവാസികളെയുമെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതാണ്. പകരം വയനാടിന് ഒരിക്കലും ചേരാത്ത യൂക്കാലി മരങ്ങളും റബറും എണ്ണപ്പനയുമെല്ലാം പലയിടങ്ങളിലും തഴച്ച് വളരുന്നു. നെല്‍പാടങ്ങള്‍ നാമമാത്രമായി, ഒരിക്കല്‍ ബ്രിട്ടീഷുകാരെയടക്കം  മോഹിപ്പിച്ച കുരുമുളക് വള്ളികള്‍ ഇന്ന് ഒറ്റപ്പെട്ട കാഴ്ചയായി.

ചിലയിടങ്ങളില്‍ ബാക്കിയായ ചെറിയ കാപ്പിത്തോട്ടങ്ങള്‍ പഴയ വയനാടിനെ ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിച്ച് കൊണ്ടിരിക്കുന്നു. അതെ വയനാട് മാറിപ്പോയിരിക്കുന്നു. അനിയന്ത്രിതമായ വിളമാറ്റവും വളപ്രയോഗവും ആ നാടിനെ അത്രമേല്‍ നോവിച്ച് വിട്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം വിളമാറ്റത്തിന് വഴിവെച്ചപ്പോള്‍ ഇന്ന് ചൂട് കൂടുന്നയിടങ്ങളില്‍ കാണുന്ന എണ്ണപ്പന പോലും ജില്ലയുടെ പലഭാഗങ്ങളിലും നല്ല വിളവ് നല്‍കുന്നു. ഇത് മാറിപ്പോവുന്ന വയനാടിന്റെ ഏറ്റവും ഒടുവിലത്തെ കാഴ്ചയാണ്.

എം.ബി.എ ബിരുദവും ഉയര്‍ന്ന ജോലിയും വിട്ട് മത്സ്യകൃഷിക്കിറങ്ങി; 13 ലക്ഷത്തിന്റെ കടക്കാരനായി

arun
അരുണ്‍കുമാര്‍ തന്റെ മത്സ്യ കുളത്തിനടുത്ത്

എം.ബി.എ പൂര്‍ത്തിയാക്കി ബെംഗളൂരുവില്‍ ഒരു ഓട്ടോമൊബൈല്‍ കമ്പനിയില്‍ ഉയര്‍ന്ന ജോലിയും ശമ്പളവും ലഭിച്ചിരുന്ന സമയത്താണ് മാനന്തവാടി വാളാട് കുന്നേല്‍ അരുണ്‍കുമാര്‍ ജോലി രാജിവെച്ച് 2014-ല്‍ 13 ലക്ഷം രൂപ വായ്പയെടുത്ത് നാട്ടില്‍ മത്സ്യകൃഷി തുടങ്ങിയത്. നല്ല വരുമാനം കിട്ടിത്തുടങ്ങിയതോടെ കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ബാങ്കിലെ വായ്പാ തിരിച്ചടവും കൃത്യമായി നടന്നിരുന്നു. പക്ഷെ പ്രളയം അരുണിന്റെ  അരക്കിലോ മുതല്‍ ഒരു കിലോവരെയുള്ള ആറ് ടണ്ണോളം മത്സ്യങ്ങളെ പൂര്‍ണമായും ഒഴുക്കിക്കളഞ്ഞു. 

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വ കള്‍ച്ചറില്‍ നിന്നും കൊണ്ടുവന്ന തിലോപ്പി, കട്‌ല, രോഹു തുടങ്ങി വിവിധയിനങ്ങളില്‍ പെട്ട 16000 ത്തോളം മത്സ്യങ്ങളെ മൂന്ന് കുളങ്ങളിലാക്കിയായിരുന്നു വളര്‍ത്തി പോന്നത്. മത്സ്യകുളങ്ങളില്‍ വെള്ളം കയറിയതോടെ ഇവയെല്ലാം വല തകര്‍ന്ന് പുഴയിലേക്ക് ഒലിച്ച് പോവുകയും ചെയ്തു. പ്രളയം എല്ലാം തകര്‍ത്തെറിഞ്ഞപ്പോള്‍ അരുണ്‍ ഇന്ന് 13 ലക്ഷം രൂപയുടെ കടക്കാരനുമായി. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ പനമരം പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്ക് ഈ യുവകര്‍ഷകന് ജപ്തി നോട്ടീസും അയച്ചുകഴിഞ്ഞു. ഇതുവരെ സര്‍ക്കാരില്‍ നിന്നോ മറ്റ് അധികൃതരില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള സഹായമോ മറ്റോ അരുണിന് ലഭിച്ചിട്ടുമില്ല.

ഇതോടെ തന്റെ വീടും സ്വത്തും നഷ്ടപ്പെട്ടുപോവുമോ എന്ന ഭീതിയിലാണ് അരുണും കുടുംബവും. പ്രായമായ അച്ഛനേയും അമ്മയേയും വീട്ടില്‍ തനിച്ചാക്കി മറ്റ് ജോലിക്ക് പോവുകയെന്നതും നിലവിലെ സാഹചര്യത്തില്‍ അരുണിന് സാധിക്കില്ല. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഈ യുവകര്‍ഷകന്‍. പ്രളയശേഷം ജീവിതം ചോദ്യ ചിഹ്നമായി മാറിയ അരുണിന്റെ മാത്രം കഥയല്ല ഇത്. കൃഷിയെ സ്‌നേഹിച്ച് പുതിയ ജീവിതം സ്വപ്നം കണ്ട് ഒടുവില്‍ കടക്കെണിയിലായ വയനാട്ടിലെ ഓരോ കര്‍ഷകന്റേയും നേര്‍ ചിത്രങ്ങളാണ്.

ഒരിക്കല്‍ കടക്കെണിയിലായി ആത്മഹത്യയുടെ  വക്കിലെത്തിയ വയനാട്ടിലെ കര്‍ഷകര്‍ക്ക് കാര്‍ഷിക കടാശ്വാസവും വായ്പാ എഴുതിത്തള്ളലും പലിശ രഹിത വായ്പയുമെല്ലാം നല്‍കിയാണ് അന്ന് സര്‍ക്കാര്‍ അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ഇതേ സാഹചര്യമാണ് വയനാട്ടില്‍ ഇത്തവണത്തെ അതിവര്‍ഷവും സമ്മാനിച്ചത്. ഏകദേശം 90 ശതമാനം കര്‍ഷകനും കടക്കെണിയില്‍. കൃഷിയിടങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്കല്ലാതെ കാര്യമായ സഹായമൊന്നും ഇതുവരെ  സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമില്ല. ഇതോടെ മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്നത് ഇവര്‍ക്ക് മുന്നില്‍ വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

 

ലെമണ്‍ഗ്രാസില്‍ തുടങ്ങിയ വിളമാറ്റം

കാലാവസ്ഥാ വ്യതിയാനം വയനാടിനെ വലിയ തോതില്‍ മാറ്റിത്തുടങ്ങിയ കാലത്ത് ലെമണ്‍ഗ്രാസ് കൃഷിയില്‍  തുടങ്ങിയതാണ് ഇവിടേയുള്ള വിളമാറ്റം. പിന്നെ കപ്പയും വാഴയും കവുങ്ങും വന്നു. കുരുമുളകിന് വിലകൂടിയപ്പോള്‍ കാപ്പി പിഴുതുമാറ്റി കാപ്പിക്ക് തണല്‍ നല്‍കിയ തണല്‍മരങ്ങളെയും ഇല്ലാതാക്കി. സ്വാഭാവിക കാടുകള്‍ക്ക് പകരം യൂക്കാലി മരങ്ങളുടെയും തേക്കിന്റേയും തോട്ടങ്ങളുണ്ടായി. ഇത് അനിയന്ത്രിതമായ ചൂടാണ് വയനാട്ടിനുണ്ടാക്കിക്കൊടുത്തത്. റബറടക്കം തഴച്ച് വളരുന്ന നാടായി വയനാട് മാറിപ്പോയി. ഇത്രയധികം വിളമാറ്റം ഇത്ര ചെറിയ കാലയളവില്‍ നടത്തിയ സ്ഥലം ഒരു പക്ഷെ ലോകത്ത് മറ്റെവിടേയും കാണാന്‍ സാധ്യത കുറവാണെന്നാണ് വിദഗ്ധരടക്കം അഭിപ്രായപ്പെടുന്നത്. 

പൊതുവെ വേനല്‍കാലം കൂടുതലുളള മലേഷ്യ, സിംഗപ്പുര്‍, എന്നിവിടങ്ങളിലായിരുന്നു എണ്ണപ്പന ഏറ്റവും കൂടുതല്‍ കൃഷി ചെയ്തിരുന്നത്. വയനാടിന്റെ സ്വാഭാവിക തണുപ്പ് മാറിപ്പോവുകയും കുരുമുളകും കാപ്പിയും നെല്ലും പോലുള്ള  സ്വന്തം  കൃഷികള്‍ വലിയ നഷ്ടം നേരിടുകയും ചെയ്തതോടെ കര്‍ഷകര്‍ എണ്ണപ്പന കൃഷിയിലേക്ക് നീങ്ങി. ഇത് മികച്ച വിളവ് നല്‍കാന്‍ തുടങ്ങിയതോടെ ചെറുകിട കര്‍ഷകരടക്കം എണ്ണപ്പന കൃഷിയിലേക്ക് കാലെടുത്ത് വെച്ചു. ഇങ്ങനെ വിളമാറ്റത്തിന്റെ അതിവിശാലമായ കാഴ്ചയാണ് വയനാട്ടിലെമ്പാടുമുള്ളത്. 

Wayanad 2
ഫോട്ടോ:ഷഹീര്‍ സി.എച്ച്

ഈ വിളമാറ്റം പ്രളയകാലത്ത്  കര്‍ഷകര്‍ക്ക് വരുത്തി വെച്ചത് കടക്കെണിയുടെ മറ്റൊരു ദുരന്ത വര്‍ഷം കൂടിയാണ്. എന്ത് കൃഷി ചെയ്യണമെന്നോ എവിടെ കൃഷി ചെയ്യണമെന്നോ ആലോചിക്കാതെ ലാഭം മാത്രം നോക്കി അവര്‍ ചെയ്ത കൃഷിയെല്ലാം പ്രളയം കൊണ്ടുപോയി. ഒരു കാലത്ത് കര്‍ഷക ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന വയനാട് ജില്ലയില്‍ കൃഷി ചെയ്യാന്‍ അറച്ചിരുന്ന കര്‍ഷകര്‍ക്കിടയിലേക്കാണ് ഇടിത്തീപോലെ പ്രളയം വന്നു പതിച്ചത്. അങ്ങനെ വയനാട്ടിലെ 90 ശതമാനം കര്‍ഷകരേയും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്ന് പ്രളയം കടക്കെണിയിലാക്കിയെന്നു തന്നെ പറയാം. കൃഷി പൂര്‍ണമായും നശിച്ചുപോയവര്‍ക്കല്ലാതെ സര്‍ക്കാര്‍ ധന സഹായമോ മറ്റോ കൊടുക്കുന്നില്ല. അല്ലെങ്കില്‍ കൊടുത്തുതീര്‍ക്കാനാവുന്ന സാഹചര്യമല്ല ഉള്ളതെന്ന് പറയാം. അത്രത്തോളം നഷ്ടമാണ് പ്രളയം വരുത്തിവെച്ചിരിക്കുന്നത്.

 

പാടങ്ങളിലും ചതുപ്പുകളിലുമെല്ലാം തഴച്ച് വളര്‍ന്ന വാഴത്തോട്ടങ്ങളായിരുന്നു പ്രളയത്തിന് മുമ്പെയുള്ള വയനാടന്‍ കാഴ്ച. വയലുകള്‍ മണ്ണിട്ട് അവിടങ്ങളെല്ലാം വാഴക്കൃഷിക്ക് അനുയോജ്യമാക്കി. പക്ഷെ പുഴയെല്ലാം പ്രളയകാലത്ത് വയലിലൂടെ ഒഴുകാന്‍ തുടങ്ങിയതോടെ വാഴകളെല്ലാം വെള്ളം കയറി നശിച്ചു. ഒടിഞ്ഞ് തൂങ്ങിയതും പാതിയില്‍ വെട്ടിമാറ്റിയതും ചീഞ്ഞുണങ്ങിയതുമായ വാഴത്തോട്ടങ്ങളെയാണ് ഇന്ന്  വയനാട്ടിലെമ്പാടും കാണാന്‍ കഴിയുന്നത്. ഇത് കര്‍ഷകന് വരുത്തിവെച്ചിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ്. വയനാടന്‍ മലയോരത്തിന്റെ ഏത് ഭാഗത്ത് കൂടി പോയാലും ഒടിഞ്ഞു തൂങ്ങിയ വാഴത്തോട്ടങ്ങളില്ലാത്ത ഇടങ്ങളില്ല. ഏറ്റവും കൂടുതല്‍ വിളനഷ്ടത്തിന് സാക്ഷിയാകേണ്ടി വന്നതും വയനാട്ടിലെ വാഴക്കര്‍ഷകര്‍ തന്നെയാണെന്ന് പറേയേണ്ടിവരും. 3025 ഹെക്ടറിലെ വാഴയാണ് ജില്ലയില്‍ പൂര്‍ണമായും നശിച്ചത്. ഏകദേശം 181 കോടി രൂപയാണ് ജില്ലാ കൃഷിവകുപ്പ് വാഴകൃഷിയുടെ നഷ്ടം കണക്കാക്കിയിരിക്കുന്നത്.

Banana
ഫോട്ടോ:ഷഹീര്‍ സി.എച്ച്

നെല്‍കൃഷികളെല്ലാം ചതുപ്പിലേക്ക് മാറി. ഇത് പ്രളയമുണ്ടായപ്പോഴുള്ള കൃഷി നാശത്തിന്റെ ആക്കം കൂട്ടിയെന്ന് ജില്ലാ മണ്ണ് സംരക്ഷ കേന്ദ്രമടക്കം ചൂണ്ടിക്കാട്ടുന്നു. പണ്ട് കരനെല്ലും മലനെല്ലുമെല്ലാമായിരുന്നു വയനാടിനെ വയല്‍നാടാക്കിയതെങ്കില്‍ സൗകര്യത്തിനായി കര്‍ഷകര്‍ നെല്‍കൃഷിയെ ചതുപ്പുകളിലേക്ക്  മാറ്റുകയായിരുന്നു. ചുരുങ്ങിയത് 1601 ഹെക്ടറിലെ നെല്‍ കൃഷിയെങ്കിലും പൂര്‍ണമായും വെള്ളത്തിലായതായി പ്രിന്‍സിപ്പിള്‍ കൃഷി ഓഫീസ് നടത്തിയ സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. 12.50 കോടിയാണ് നെല്‍കൃഷിയുടെ നഷ്ടം. പലര്‍ക്കും വിത്ത് നല്‍കി കൃഷി വകുപ്പ് അധികൃതര്‍ തങ്ങളുടെ കടമ തീര്‍ത്തു. പക്ഷെ കര്‍ഷകരെ ചരിത്രത്തിലില്ലാത്ത കടക്കെണിയിലേക്കാണ് പ്രളയം നയിച്ചിരിക്കുന്നത്. നിലവില്‍ 5000 പാക്കറ്റ് നെല്‍ വിത്തുകളും വാഴക്കന്നുകളും വിളനാശനം വന്ന കര്‍ഷകന് വിവിധ കൃഷിഭവനിലൂടെ വിതരണം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഇനിയും ഇതേ സ്ഥലത്ത് വിത്തിറക്കാന്‍ തങ്ങള്‍ക്ക് എങ്ങനെ ധൈര്യം വരുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്.

ണ്ടായത് ദീര്‍ഘകാല വിളനഷ്ടം

agri
ഫോട്ടോ:ഷഹീര്‍ സി.എച്ച്

കൃഷി എല്ലാ തരത്തിലും വയനാട്ടില്‍ പൂര്‍ണനാശത്തിന്റെ വക്കിലാണ് ഇപ്പോഴെത്തിയിരിക്കുന്നത്. 1002 കോടിയുടെ നഷ്ടം പ്രാഥമിക കണക്കെടുപ്പില്‍ കണ്ടെത്തിയിട്ടുണ്ട്. തൊണ്ണൂറുകളിലെ കൂട്ട കര്‍ഷക ആത്മഹത്യയ്ക്ക് ശേഷം കടാശ്വാസങ്ങളും കടമെഴുതിത്തള്ളലും കര്‍ഷക ആത്മഹത്യയുടെ എണ്ണം കുറച്ചിരുന്നുവെങ്കിലും ധൈര്യപൂര്‍വം കൃഷിയിറക്കാന്‍ വയനാട് അറച്ചുവെന്നത് യാഥാര്‍ഥ്യമാണ്. കൃഷിനഷ്ടം സാമ്പത്തിക ബാധ്യതയുണ്ടാക്കില്ല എന്ന് ഉറപ്പുള്ളവരായിരുന്നു പിന്നീട് കൃഷിയിറിക്കിയിരുന്നത്. ഇവരിലേക്കാണ് കൃഷിനാശത്തിന്റെ ഇതുവരെ കാണാത്ത ദുരന്ത ചിത്രം പ്രളയം ബാക്കിവെച്ച് പോയിരിക്കുന്നത്. 

ഓരോ കര്‍ഷകനും ദീര്‍ഘകാല വിളനഷ്ടമാണുണ്ടായിരിക്കുന്നത്. കാപ്പിക്ക് മാത്രം വരുന്ന രണ്ട് കൊല്ലത്തേക്കെങ്കിലും ഈ നഷ്ടം അങ്ങനെ തന്നെ നിലനില്‍ക്കും. ഏകദേശം 663 കോടി രൂപയുടെ ഉല്‍പ്പാദന നഷ്ടം വരുന്ന രണ്ട് കൊല്ലത്തേക്കുള്ള കണക്ക് വെച്ച് നോക്കുമ്പോള്‍ കാപ്പികൃഷിക്കുണ്ടായതായി ജില്ലാ പ്രിന്‍സിപ്പിള്‍ കൃഷി ഓഫീസര്‍ ഷാജി അലക്‌സാണ്ടര്‍ ചൂണ്ടിക്കാട്ടുന്നു. 67200 ഹെക്ടറിലെ കാപ്പിയാണ് ഇവിടെ ഇല്ലാതായി തീര്‍ന്നത്. ഒറ്റത്തവണ മാത്രമാണ് കാപ്പിക്ക് വിളവ് ലഭിക്കുന്നത്. കാപ്പിച്ചെടിയുടെ മേല്‍മണ്ണ് ഒഴുകിപ്പോവുകയും വെള്ളം കെട്ടി നില്‍ക്കുകയും ചെയ്തതോടെ കാപ്പി ചെടികള്‍ പൂര്‍ണമായും നശിച്ച് പോവുകയായിരുന്നു. വീണ്ടെടുക്കാനാവാതെ മണല്‍മണ്ണ് നിറഞ്ഞ് ദുരന്തത്തിന്റെ രക്തസാക്ഷിയായി നമ്മെ നിസ്സഹായതയോടെ നോക്കി നില്‍ക്കുന്ന പല കാപ്പിത്തോട്ടങ്ങളും പ്രളയ ശേഷം വയനാട്ടില്‍ കാണാം. കാപ്പിക്കുരുകള്‍ മുപ്പെത്തുന്നതിന് മുമ്പെ കൊഴിഞ്ഞുപോവുന്നതും എന്ത് ചെയ്യണമെന്നറിയാതെ നോക്കിനില്‍ക്കുകയാണ് ഇവിടേയുള്ള കര്‍ഷകര്‍. 

ഒരുകാലത്ത് വയനാടിന് സാമ്പത്തിക ഭദ്രതയുണ്ടാക്കിക്കൊടുത്ത കുരുമുളകിന്റെ നാശമാണ് പ്രളയ ശേഷം വയനാട്ടിലുണ്ടായ മറ്റൊരു പ്രധാന വിളനാശം. ഏകദേശം 6000 ഹെക്ടറിലുളള കുരുമുളകാണ് ഇവിടെ നിന്നും തുടച്ച് നീക്കപ്പെട്ടിരിക്കുന്നത്. കുരുമുളകിന്റെ കേന്ദ്രമെന്ന് അറിയിപ്പെട്ടിരുന്ന പുല്‍പ്പളളി, മുള്ളന്‍കൊല്ലി മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടായിരിക്കുന്നത്. ഇവ പിഴുത് മാറ്റി പുതിയത് വെച്ചുപിടിപ്പിക്കുക എന്നത്  അത്ര പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ കഴിയുന്ന കാര്യമല്ല. അതുകൊണ്ടു തന്നെ ബാക്കിയുള്ളവയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായാണ് ഭാരതീയ സുഗന്ധവിള വിജ്ഞാന കേന്ദ്രം അടക്കം മുന്നോട്ട് പോവുന്നത്.

കുരുമുളക് പടരുന്ന മരങ്ങളുടെ നാശവും മണ്ണിന്റെ ജൈവാംശം നഷ്ടമായത് മൂലമുള്ള രോഗബാധയുമാണ് കുരുമുളക് കൃഷിയെ നശിപ്പിച്ചത്. ദ്രുതവാട്ടം പോലുള്ള സാധാരണ രോഗവും കുരുമുളകിന്റെ നാശത്തിന് ആക്കം കൂട്ടുന്നു. വയനാടിന്റെ കാലാവസ്ഥാ മാറ്റം കുരുമുളക് കൃഷിയെ ഇവിടെ നിന്ന് തുടച്ചുമാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. അനിയന്ത്രിതമായ ചൂട് കുരുമുളക് വള്ളികളെ കരിച്ചുണങ്ങി കളഞ്ഞ് വലിയ നഷ്ടം പ്രളയത്തിന് മുമ്പെ തന്നെ കര്‍ഷകര്‍ക്കുണ്ടാക്കി. ഇതിനിടെയാണ് പ്രളയം ബാക്കിയുളളവയുടെ കൂടെ ചരമഗീതം എഴുതിയത്.

 

വാടി തളര്‍ന്ന് ക്ഷീരമേഖല

പ്രളയത്തിന് മുമ്പ് സംസ്ഥാനത്ത് പാലുല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന ജില്ലയായിരുന്നു വയനാട്. കാപ്പിയും കുരുമുളകും നെല്ലുമെല്ലാം കര്‍ഷകനെ നഷ്ടത്തിലേക്ക് നയിച്ചപ്പോള്‍ പലരും ജീവിതം തിരിച്ച് പിടിച്ചത് ക്ഷീരമേഖലയില്‍ കൂടിയായിരുന്നു. കര്‍ഷകന് പിന്തുണയുമായി നിരവധി സഹകരണ സംഘങ്ങളും സജീവമായതോടെ ക്ഷീരമേഖല ആശ്വാസത്തിന്റെ ദിനങ്ങളാണ് കര്‍ഷകന് സമ്മാനിച്ചത്. പക്ഷെ പ്രളയം 12 കോടിയുടെ നഷ്ടമാണ് ഈ മേഖലയ്ക്കുണ്ടാക്കിയത്. പാല്‍ സംഭരണത്തില്‍ പ്രതിദിനം 2200 ലിറ്ററിന്റെ കുറവാണ്  ജില്ലയ്ക്കുണ്ടായത്. പ്രളയത്തിന് മുമ്പ് 234000 ലിറ്റര്‍ പാലായിരുന്നു പ്രതിദിനം സംഭരിച്ചിരുന്നത്. ഇവിടെയണ് 2200 ലിറ്റര്‍ പാലിന്റെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ജില്ലയിലെ 25000 ത്തോളം ക്ഷീര കര്‍ഷകരും പ്രതിസന്ധിയിലായി. മഴക്കെടുതിയില്‍ പശുക്കളെ നഷ്ടമായതാണ് പാലുല്‍പ്പാദനത്തില്‍ വലിയ കുറവ് വരാന്‍ കാരണമായത്. നിരവധി പേര്‍ക്ക് തൊഴുത്തും നഷ്ടപ്പെട്ടു. തീറ്റപ്പുല്‍ തോട്ടങ്ങള്‍ വലിയ തോതില്‍ ഇല്ലാതായതും വലിയ പ്രതിസന്ധിയുണ്ടാക്കി. ഇതോടെ മൈസൂരില്‍ നിന്നും മറ്റുമെത്തുന്ന ചോളപ്പുല്ലുകളെ വലിയ വിലകൊടുത്തു വാങ്ങി ഇതിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. 

തിജീവനത്തിന് ഡൊണേറ്റ് എ കൗ

വയനാട് ജില്ലയിലെ കാലിസമ്പത്ത് വര്‍ധിപ്പിക്കാനും മഴക്കെടുതിയില്‍ കന്നുകാലികളെ നഷ്ടപ്പെട്ട കര്‍ഷകരെ സഹായിക്കാനും ക്ഷീര വികസന വകുപ്പ് തുടങ്ങിയ ഡൊണേറ്റ് എ കൗ പദ്ധതിയാണ് നിലവിലെ പ്രതിസന്ധിയില്‍ ക്ഷീര കര്‍ഷകര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നത്. സഹായിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് ഒരു പശുവിനെയെങ്കിലും സംഭാവന ചെയ്യിച്ച് കര്‍ഷകരെ തിരിച്ച് കൊണ്ടുവരാനുള്ള പദ്ധതിയാണിത്. ക്ഷീര വികസന വകുപ്പ് കല്‍പറ്റ ബ്ലോക്കിലെ ജീവനക്കാര്‍ കൂട്ടമായി ചേര്‍ന്ന് പ്രളയത്തില്‍ ഏഴ് പശുക്കള്‍ നഷ്ടപ്പെട്ട പൊഴുതനയിലെ പാടത്തും പീടിയേക്കല്‍ മൊയ്തുവിന് ഒരു പശുവിനെ വാങ്ങിക്കൊടുത്തതിലൂടെയാണ് പദ്ധതിക്ക് തുടക്കമായത്.

cow
ഫോട്ടോ:ഷഹീര്‍ സി.എച്ച്

തുടര്‍ന്ന് ഇത് വിവിധ വ്യക്തികളും സ്ഥാപനങ്ങളും ഏറ്റെടുക്കുകയും സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നതായും കല്‍പറ്റ ക്ഷീര വികസന വകുപ്പ് ഓഫീസര്‍ വി.എസ് ഹര്‍ഷ ചൂണ്ടിക്കാട്ടുന്നു. വി.ഫോര്‍ വയനാടുമായി ചേര്‍ന്ന് പദ്ധതി കൂടുതല്‍ വിപുലമാക്കുമെന്നും വയനാടിന്റെ നഷ്ടപ്പെട്ട കാലിസമ്പത്ത് വീണ്ടെടുക്കുമെന്നും വി.എസ് ഹര്‍ഷ ചൂണ്ടിക്കാട്ടി. ഡൊണേറ്റ് എ കൗ കാമ്പയിനെ കുറിച്ച് കൂടുതല്‍ പേര്‍ അറിഞ്ഞുതുടങ്ങിയതോടെ നിരവധി കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങിക്കൊടുക്കാനും കഴിഞ്ഞിട്ടുണ്ട്. കന്നുകാലികളുടെ നഷ്ടം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് പട്ടികവര്‍ഗ വിഭാഗങ്ങളെയാണ്. പലരും ഇതിലൂടെ മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോയവര്‍. ഇതില്‍ നിന്നും കരകയറാന്‍ പട്ടിക വര്‍ഗ വിഭാഗത്തിലെ വനിതകള്‍ക്ക് പശുവിനെ വാങ്ങി നല്‍കുന്നതിനും ക്ഷീരമേഖലയുടെ  ഉന്നമനത്തിനുമായി 70 ലക്ഷം രൂപയുടെ പദ്ധതി കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കാനും ഒരുങ്ങുന്നുണ്ട്. ആവശ്യമെങ്കില്‍ അന്യ സംസ്ഥാനത്ത് നിന്ന് പശുക്കളെ ജില്ലയില്‍ എത്തിക്കാനും പദ്ധതിയിടുന്നുണ്ട്.

വിത്തുകള്‍ നല്‍കിയത് കൊണ്ടുമാത്രം തീരുന്നതല്ല വയനാട്ടിലെ കര്‍ഷകരുടെ ആശങ്കകള്‍. കാരണം പലരുടേയും പൂര്‍ണ വളര്‍ച്ചയെത്തിയ നെല്ലും വാഴയുമെല്ലാമടങ്ങിയ ഏക്കറു കണക്കിന് തോട്ടങ്ങളാണ് പൂര്‍ണമായും ഇല്ലാതായത്. ഇത് ഇവര്‍ക്കുണ്ടാക്കി വെച്ചത് ചരിത്രത്തിലില്ലാത്ത കാര്‍ഷിക നഷ്ടമാണ്. മുമ്പ് പ്രഖ്യാപിച്ചത് പോലുള്ള കാര്‍ഷിക കടാശ്വാസം വായ്പാ എഴുതിത്തള്ളല്‍ പലിശ രഹിത വായ്പ പോലുളള പദ്ധതികള്‍ ഒരിക്കല്‍ കൂടെ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ ഭൂരിപക്ഷം കര്‍ഷകരും. ഇല്ലെങ്കില്‍ കര്‍ഷക ആത്മഹത്യകളുടെ വാര്‍ത്തകള്‍ ഇനിയും വയനാട്ടില്‍ നിന്ന് വന്നുകൊണ്ടിരിക്കുമെന്നതില്‍ സംശയമില്ല.

വേണ്ടത് വയനാടിന്റെ ഉള്ളറിഞ്ഞ കൃഷിരീതി

പ്രളയം വലിയൊരു പാഠം പഠിപ്പിച്ച് തല്‍ക്കാലം വിടവാങ്ങിയപ്പോള്‍ ഒരു തിരിച്ചറിവിലേക്ക് കൂടിയാണ് വയനാടെത്തിയിരിക്കുന്നത്. പാടങ്ങള്‍ നികത്തിയും മലയോരത്തെ മണ്ണ് നീക്കിയും ലാഭം നോക്കിമാത്രമുള്ള കൃഷിയും വയനാടിന് ഇനി താങ്ങാനാവില്ല എന്ന തിരിച്ചറിവ്. ഒരിക്കല്‍ കൂടി പഴയ പ്രതാപത്തിലേക്കെത്താന്‍ ഏറെ സമയമെടുക്കുമെങ്കിലും ഉത്തരവാദിത്വ കൃഷി രീതി എന്ന രീതിയിലേക്ക് മാറാന്‍ മനസ്സുകൊണ്ടെങ്കിലും തയ്യാറാവണമെന്നാണ് ജില്ലാ കൃഷി വകുപ്പ് അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. 
നാളെ: കാടിന്റെ ഗന്ധം നഷ്ടപ്പെടുന്ന  വയനാടന്‍ വിനോദ സഞ്ചാരം

 

ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ വയനാട് പരമ്പര ഒന്നാംഭാഗം വായിക്കാം