തിവര്‍ഷകാലത്ത് പ്രകൃതി നല്‍കിയ തിരിച്ചടിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്  വയനാടന്‍ മലയോരം. പ്രളയം അവസാനിച്ചിട്ട് രണ്ട് മാസത്തോളമായെങ്കിലും ഭൂരിഭാഗം പേര്‍ക്കും ഇതുവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനായിട്ടില്ല. അത് അത്രപെട്ടന്ന് സാധിക്കുന്ന കാര്യമല്ലെന്നതാണ് യഥാര്‍ഥ വസ്തുത. ഒരു കാലത്ത് കേരളത്തിന്റെ കശ്മീരെന്നും, വയല്‍നാടെന്നും അറിയപ്പെട്ടിരുന്ന ഇവിടങ്ങളില്‍ ഇന്ന് വയനാടിന്റെ സ്വാഭാവികതയില്ല. 

വയലിടങ്ങള്‍ വന്‍കിട തോട്ടങ്ങള്‍ക്കും സ്വാഭാവിക കാടുകള്‍ കോണ്‍ക്രീറ്റ് കാടുകള്‍ക്കും വഴിമാറിയതോടെ പകരം ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു ഇവിടത്തെ പ്രകൃതി. എന്നെ മനസ്സില്ലാക്കാത്ത ഒന്നിനേയും തനിക്കും വേണ്ടെന്ന് കാടും മലകളും കുന്നുകളുമെല്ലാം തീരുമാനമെടുത്തതോടെ പ്രളയത്തിന് ശേഷം വയനാട് ചിതറിതെറിച്ചു.  കുന്നുകള്‍ വിണ്ടുകീറി തെന്നിമാറിയിരിക്കുന്നു. കിലോമീറ്ററോളം പലയിടങ്ങളിലും ഭൂമി വിണ്ടുകീറി വലിയ ഗര്‍ത്തങ്ങളായി. വയലുകള്‍ വരള്‍ച്ചാക്കാലത്തെന്നപോലെ ഉണങ്ങിവരണ്ട് കൃഷി യോഗ്യമല്ലാതായി. മണ്ണ് നല്‍കുന്ന സംരക്ഷണത്തില്‍ നിന്നും മണ്ണിരകള്‍ പോലും പുറത്ത് വന്ന് മരണത്തിന് കീഴടങ്ങുന്നു.  കാപ്പിത്തോട്ടങ്ങളിലെല്ലാം മണല്‍ വന്നടിഞ്ഞു. എങ്ങും ഒടിഞ്ഞുതൂങ്ങിയ വാഴകളുള്ള തോട്ടങ്ങളും വാടിത്തളര്‍ന്ന കുരുമുളക് വള്ളിയും ചത്തുമലച്ച നെല്‍ചെടികളും മാത്രം. ഇതിനൊക്കെ ആരാണ് ഉത്തരവാദി?  മാതൃഭൂമി ഡോട്‌കോം യാത്ര നടത്തുകയാണ്; പ്രളയം ബാക്കിവെച്ച വയനാടന്‍ മലയോരങ്ങളിലൂടെ.

പശ്ചിമഘട്ടത്തിന്റെ വേവലാതി

പശ്ചിമഘട്ടത്തിന്റെ അതിലോല പ്രദേശമെന്നാണ് വയനാടന്‍ മലയോരങ്ങളെ വിശേഷിപ്പിക്കുന്നത്. ഡെക്കാന്‍ പീഠഭൂമിയുടെ ഭാഗമായ ഈ പ്രദേശത്ത് മനുഷ്യനേല്‍പ്പിക്കുന്ന ചെറിയ കടന്നുയറ്റം പോലും താഴ്‌വാരങ്ങളെയടക്കം വലിയ തോതില്‍ ബാധിക്കുമെന്നത് സംശയമേതുമില്ലാത്ത വസ്തുത. പക്ഷെ, പ്രകൃതി പകരം ചോദിക്കും വരെ വയനാട്ടുകാര്‍ പോലും വയനാടിനെ തിരിച്ചറിഞ്ഞില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. വികസനത്തിന്റെ പേരിലുള്ള വന്‍കിട കെട്ടിട നിര്‍മാണവും ടൂറിസത്തിന്റെ പേരിലുള്ള നഗരവല്‍കരണവും അനിയന്ത്രിതമായ വിളമാറ്റവും വയനാടിന്റെ പാരിസ്ഥിതിക, ജൈവാവസ്ഥയെ മാറ്റിമറിച്ചു. വയനാടിന് സ്വന്തമായിരുന്ന നൂല്‍മഴയും സൂചിത്തണുപ്പും നഞ്ചയും പുഞ്ചയുമെല്ലാം ഓര്‍മ മാത്രമായി മാറിയിരിക്കുന്നു. 

രണ്ട് നിലയ്ക്കുമേല്‍ കെട്ടിടം പണിയാന്‍ പാടില്ലെന്ന് മുന്‍ വയനാട് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിന്റെ കാലത്ത് നിബന്ധന വെച്ചിരുന്നു. പക്ഷെ ഇതൊന്നും പാലിക്കാതെയാണ് നിരവധി കെട്ടിടങ്ങള്‍ ഇപ്പോഴും ഇവിടെ ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരിക്കുന്നത്. ചുരം കയറി വയനാട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ത്തന്നെ യാത്രക്കാരെ സ്വാഗതം ചെയ്യുന്ന വന്‍കിട ഫ്‌ളാറ്റുകള്‍ വൈത്തിരി ഭാഗത്തുണ്ട്.  ഈ പ്രളയകാലത്ത് വലിയ നാശനഷ്ടമുണ്ടായ പ്രദേശം കൂടിയാണ് വൈത്തിരി മേഖല. സംസ്ഥാനത്ത്  പാരിസ്ഥിതികമായി ഏറ്റവും ലോലമായ ജില്ലകളില്‍ ഒന്നായ വയനാട്ടില്‍ മാത്രം നാനൂറോളം ചെറുതും വലുതുമായ ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നറിയുമ്പോഴാണ്  ഈ ദുരന്തം മനുഷ്യ നിര്‍മിതം തന്നെയല്ലേ എന്ന് ചിന്തിച്ച് പോവുന്നത്. പ്രളയശേഷം ഇവയൊന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ക്വാറികള്‍ ഈ മലയോര മേഖലയ്ക്കുണ്ടാക്കിയ ആഘാതം ചെറുതല്ല. 

ഇതിന് ഭരണ, രാഷ്ട്രീയ നേതൃത്വത്തിന്റെയടക്കം പിന്തുണ ലഭിക്കുന്നുവെന്നതാണ് വസ്തുത. ടിപ്പു സുല്‍ത്താന്റെയും പഴശ്ശിരാജയുടെയും കാലശേഷം ബ്രിട്ടീഷുകാര്‍ വയനാടിനെ വാണിജ്യകേന്ദ്രമായി കാണാന്‍ തുടങ്ങിയതോടെയാണ് വയനാടന്‍ പ്രകൃതിയിലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റത്തിന് തുടക്കമായത്. സ്വാഭാവിക പ്രകൃതിയേയും മലയേയും വെട്ടിയൊതുക്കി അവര്‍ വന്‍കിട പ്ലാന്റേഷനുകള്‍ ആരംഭിച്ചു. ബ്രിട്ടീഷുകാര്‍ക്ക് ശേഷം പ്ലാന്റേഷനുകള്‍ വന്‍കിട മുതലാളിമാരുടെ കയ്യിലായതോടെ ഇവയെ ആകര്‍ഷിക്കാന്‍ വന്‍കിട റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കി. പിന്നീട് വയനാട് കണ്ടത് വനനശീകരണത്തിന്റെ ഒരു സുനാമി തന്നെയായിരുന്നുവെന്ന് പറയാം.

പ്ലാമൂല കോളനി പറയും ദുരന്തത്തിന്റെ നേര്‍ക്കാഴ്ച

വീടിനടുത്ത് ചെറിയൊരു വിള്ളല്‍ മാത്രമായിരുന്നു അന്ന് മാനന്തവാടിക്കടുത്ത തൃശ്ശിലേരി കുന്നിലെ പ്ലാമൂല ആദിവാസി കോളനിക്കാരിയായ മാരയുടേയും കുടുംബത്തിന്റേയും ശ്രദ്ധയില്‍പ്പെട്ടത്. പിറ്റെ ദിവസം ആവുമ്പോഴേക്കും കുന്നിന്റെ അരകിലോമീറ്ററോളം ഭാഗം വിണ്ട് കീറി പതിനഞ്ചടിയോളം താഴ്ചയിലേക്ക് നിരങ്ങി നീങ്ങി. 

നിരവധി വീടുകള്‍ മണ്ണിനടിയിലായി. പല വീടുകള്‍ക്കും കുറുകെ വലിയ വിള്ളലുകള്‍ വന്ന് ഉപയോഗ ശൂന്യമായിത്തീര്‍ന്നു. പ്രളയ ശേഷം ചെറിയ പൊട്ടുകളായി രൂപപ്പെട്ട് ഒരു പ്രദേശത്തിന്റെ ചുറ്റോടു ചുറ്റും ഇത് വിള്ളലായി വ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളിലെല്ലാം പല കുടുംബങ്ങളും ഇന്നും ഒറ്റപ്പെട്ട അവസ്ഥയിലാണ്. 

നാല്‍പത് വര്‍ഷത്തോളമായി പ്ലാമൂല കോളനിയില്‍ താമസിക്കുന്ന മാരയെന്ന അറുപതുകാരിക്ക് കഴിഞ്ഞ പ്രളയത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും ഞെട്ടല്‍ മാറുന്നില്ല. കാരണം, ഇതിലുംവലിയ മഴയുണ്ടായപ്പോഴും ഇത്ര അപകടരമായ സാഹചര്യം മാരയ്ക്കും കുടുംബത്തിനും നേരിടേണ്ടി വന്നിട്ടില്ല.

Wayanad 3
ഫോട്ടോ:ഷഹീര്‍ സി.എച്ച്‌

തൃശ്ശിലേരിയിലെ പ്ലാമൂല കോളനി, പഞ്ചാരക്കൊല്ലിയിലെ മണിയന്‍ കുന്ന്, തവിഞ്ഞാലിലെ മക്കിമല എന്നിവിടങ്ങളിലെല്ലാം പ്രളയത്തിന് ശേഷം സമാനമായ പ്രതിഭാസം കാണപ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ നിന്നെല്ലാം ചുരുങ്ങിയത് മൂന്ന് വര്‍ഷത്തേക്കെങ്കിലും താമസക്കാര്‍ മാറി നില്‍ക്കണമെന്നാണ് വിദഗ്ധർ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാരണം ചെറിയൊരു മഴപെയ്താല്‍ പോലും വിട്ടുനില്‍ക്കുന്ന ഭാഗം പൊട്ടിയൊലിച്ച് താഴേക്ക് പോവാം. ആദിവാസികളടക്കം 49 കുടുംബങ്ങളെയാണ് പ്ലാമൂലയില്‍ നിന്ന് മാത്രം മാറ്റിത്താമസിപ്പിക്കേണ്ടത്.

മനുഷ്യന്റെ പ്രകൃതിക്ക് മേലുള്ള അനിയന്ത്രിതമായ ഇടപെടല്‍ മൂലം കുന്നുകളുടെ സ്വാഭാവികമായ തുലനം നഷ്ടപ്പെട്ടതാണ് ഇങ്ങനെയൊരു പ്രതിഭാസത്തിന് കാരണമെന്നാണ് വയനാട് ജില്ലാ മണ്ണ് സംരക്ഷണ വിദഗ്ധന്‍ പി. യു. ദാസ് ചൂണ്ടിക്കാട്ടുന്നത്. മലയോരത്തെ ഖനനം, മലമുകളിലെ വീടുനിര്‍മാണം, കുന്നിടിക്കല്‍ ഇതൊക്കെയാണ് ഇങ്ങനെയൊരു ദുരന്തത്തിന് പ്രധാന കാരണമായി മാറിയത്. വയനാട് ജില്ലയില്‍ ഏകദേശം 47  ഓളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. 50- ഓളം സ്ഥലങ്ങളില്‍ ഭൂമി വിണ്ടുകീറി നിരങ്ങി നീങ്ങിയിട്ടുണ്ട്. ഇതില്‍ പലതും അപകടാവസ്ഥയിലുമാണ്.

ചുവന്ന മണ്ണ് ഏറ്റവും കൂടുതലായി കാണുന്ന ഭാഗത്താണ് വലിയതോതില്‍ മണ്ണൊലിപ്പുണ്ടായിരിക്കുന്നത്. വെള്ളം കുടിച്ച് മലകള്‍ക്ക് കനം കൂടിയതോടെ മണ്ണ് രണ്ടായി വേര്‍പെടുകയും തുലനം നഷ്ടപ്പെട്ട് ഉറവകളോടെ താഴേക്ക് ഒലിച്ച് പോവുകയും ചെയ്തു. ഇത് മണ്ണിന്റെ ജൈവാംശമടക്കം പൂര്‍ണമായും തുടച്ചുനീക്കിയതോടെ ബാക്കിയായത് വലിയ സുഷിരങ്ങള്‍ മാത്രമായി. മഴ കനത്തതോടെ ഈ സുഷിരത്തിലൂടെ അതിശക്തമായി ഇറങ്ങിയ മഴവെള്ളം ഒരു പ്രദേശത്തെയാകെ ഇടിച്ചു താഴ്ത്തുകയും ചെയ്തു. 

Wayanad
ഫോട്ടോ:ഷഹീര്‍ സി.എച്ച്

 

വയനാടിനെ മുക്കിയ അണക്കെട്ടുകള്‍

ഉരുള്‍പൊട്ടലിനും മലയിടിച്ചിലിനും ഭൂചലനങ്ങള്‍ക്കും സാധ്യതയുള്ള പ്രദേശമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭൗമശാസ്ത്ര വിദഗ്ധർ പ്രവചിച്ച വയനാട്ടില്‍ ഇന്ന് രണ്ട് അണക്കെട്ടുകളാണുള്ളത്. ബാണാസുര സാഗറും കാരാപ്പുഴയും. വയനാട്ടിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്ത് നിലനില്‍ക്കുന്ന ബാണാസുര സാഗര്‍ അണക്കെട്ട് വയനാടിന്റെ പരിസ്ഥിതിക്ക് ഒട്ടും അനുയോജ്യമല്ലെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിട്ടും അന്ന് ആരും ചെവിക്കൊണ്ടിരുന്നില്ല. ഈ അതിവര്‍ഷ കാലത്ത് വയനാടിനെ മുക്കുന്നതില്‍ വലിയ പങ്കുവഹിച്ചത് ബാണാസുര സാഗര്‍ അണക്കെട്ടായിരുന്നുവെന്നത് തര്‍ക്കമേതുമില്ലാത്ത വസ്തുതയാണ്. പനമരവും പൊഴുതനയും പടിഞ്ഞാറത്തറയും കോട്ടത്തറയും വൈത്തിരിയും പോലുള്ള പ്രദേശങ്ങള്‍ ബാണാസുര സാഗറിന്റെ കലിപ്പ് ശരിക്കും തിരിച്ചറിഞ്ഞു. അണക്കെട്ടിന്റെ സമ്മര്‍ദ്ദത്തിന് പുറമെ നാല്‍പതോളം റിസോര്‍ട്ടുകളും ഈ ഭാഗത്ത് നിലനില്‍ക്കുന്നുണ്ട് എന്നാണറിയുന്നത്.

കുന്നിന്‍മുകളിലെ മണ്ണ് നീക്കിയും ഇളക്കിയുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടത്തുകാര്‍ക്ക് സമ്മാനിച്ചത് ഉരുള്‍പൊട്ടലും മലയിടിച്ചിലുമാണ്. സമാനമായ സാഹചര്യമാണ് കാരാപ്പുഴ അണക്കെട്ടിന്റെ കാര്യത്തിലും നിലനില്‍ക്കുന്നത്. വയനാട്ടിലെ കര്‍ഷകര്‍ക്ക് കൃഷിയിടത്തിലെ ജലസേചനം ലക്ഷ്യംവെച്ച് 500 കോടി മുതല്‍മുടക്കിലാണ് കാരാപ്പുഴ അണക്കെട്ട് ആരംഭിക്കുന്നത്. അരനൂറ്റാണ്ട് മുമ്പാണ് ഇതിന്റെ പ്രവൃത്തി ആരംഭിച്ചതെങ്കിലും ഇത് ഇനിയും പൂര്‍ത്തിയാക്കാനായിട്ടില്ലെന്നതാണ് അത്ഭുതപ്പെടുത്തുന്ന വസ്തുത. നൂറുകണക്കിന് കര്‍ഷകരേയും കുടുംബങ്ങളേയും മാറ്റിപ്പാര്‍പ്പിച്ചാണ് അണക്കെട്ടിന്റെ പ്രവൃത്തി ആരംഭിച്ചതെങ്കിലും ഒരു ടൂറിസ്റ്റ്  കേന്ദ്രം എന്നതിലപ്പുറം ഒരു ഗുണവും ഈ അണക്കെട്ടുകൊണ്ട് ലഭിച്ചിട്ടില്ല. അതിവര്‍ഷം അതിന്റെ പരമാവധി ശക്തിയില്‍ വയനാട്ടില്‍ പെയ്തിറങ്ങിയപ്പോള്‍ കാരാപ്പുഴ അണക്കെട്ടിന്‍റെ പരിസരത്തുള്ളവരും അനുഭവിച്ചു ഈ അണക്കെട്ടുമൂലമുള്ള ദുരിതം. എതിര്‍ക്കുന്നവരെ വികസന വിരോധികളായും രാഷ്ട്രീയ ശത്രുക്കളായും മുദ്രകുത്തുവാന്‍ വയനാട്ടുകാര്‍ തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്നതാണ് ഏറ്റവും ദയനീയമായ അവസ്ഥ.

Wayanad
ഫോട്ടോ:ഷഹീര്‍ സി.എച്ച്

 

ഇത് പ്രകൃതി നല്‍കിയ തിരിച്ചറിവ്

അതിവര്‍ഷകാലത്ത് പ്രകൃതി വയനാടിനോട് ആവോളം പകതീര്‍ക്കുകയായിരുന്നു. നൂറ്റാണ്ടുകളായി ലജ്ജയില്ലാതെ തന്നെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനോടുള്ള പ്രതികാരം ഒരുമിച്ച്  തീര്‍ത്തു. പ്രകൃതിയുടെ ഈ മുന്നറിയിപ്പ് വയനാട്ടുകാര്‍ക്കിടയില്‍ ഒരു പാരിസ്ഥിത ബോധം ഉണ്ടാക്കിയിരിക്കാം എന്നു തന്നെയാണ് കരുതുന്നത്. വലിയ പാരിസ്ഥിക ദുരന്തമുണ്ടാവുമ്പോള്‍ മാത്രം  ആവാസ വ്യവസ്ഥയെ കുറിച്ച് ചിന്തിക്കുകയും പിന്നീട് അതു മറക്കുകയും ചെയ്യുന്ന പ്രവണത ഉണ്ടാകാതിരിക്കുന്നതിനാകണം വയനാടിനെ പുനര്‍നിര്‍മിക്കാനൊരുങ്ങുമ്പോള്‍ ആദ്യം പരിഗണന നല്‍കേണ്ടത്.

വെറും ഇക്കോ ടൂറിസം കേന്ദ്രം എന്നതിനപ്പുറം നീര്‍ച്ചാലുകളും നെല്‍പ്പാടങ്ങളും നൂല്‍മഴയും സൂചിത്തണുപ്പും കാപ്പിയും കുരുമുളകും ആദിവാസികളുമെല്ലാമുള്ള വയനാടിനെ നമുക്ക് തിരിച്ച് കൊണ്ടുവന്നേ മതിയാവൂ. റിസോര്‍ട്ടുകളും വലിയ കെട്ടിടങ്ങളും മണിമാളികകളും  മാത്രമല്ല വികസനത്തിന്റെ ആണിക്കല്ല് എന്ന തിരിച്ചറിവ് ആദ്യം വേണ്ടത് വയനാട്ടുകാരായ അദ്ധ്വാന ശീലരുടെ പിന്‍മുറക്കാര്‍ക്കു തന്നെയാണ്. വന്‍കിട മുതലാളിമാരുടെ വികസനമല്ല, മറിച്ച് വയനാട്ടുകാരുടെ വികസനത്തിന് വേണ്ടിയുള്ളതാവണം ഇനിയങ്ങോട്ടുള്ള ഓരോ ചുവടുവെപ്പും. വയല്‍നാടിന് പകരം തോട്ടനാടും റിസോര്‍ട്ട് നാടുമായിക്കൊണ്ടിരിക്കുന്ന ആധുനിക മോഡല്‍ വികസനത്തിന് ഇനിയെങ്കിലും പൂര്‍ണവിരാമമിട്ടില്ലെങ്കില്‍ പണ്ട് അവിടെയൊരു കാടും മലയുമുണ്ടായിരുന്നുവെന്ന പാഠം നമുക്ക് നമ്മുടെ കുട്ടികളെ പറഞ്ഞ് പഠിപ്പിക്കേണ്ടി വരും.

നാളെ; കനകം വിളഞ്ഞ വയനാട്ടിലെ യൂക്കാലി മരങ്ങള്‍ പറയുന്നത്