2021-ലെ പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യം പാരിസ്ഥിതിക വ്യവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണ്. 2030 വരെ അതിനായി ഒരുദശകം നീളുന്ന പദ്ധതിതന്നെ യു. എന്‍. മുന്നോട്ടുവെക്കുന്നു. പതിവുപോലെ ഇന്ത്യയില്‍ സര്‍ക്കാര്‍, ബ്യൂറോക്രസി, വിദേശ സംഭാവന സ്വീകരിക്കുന്ന എന്‍.ജി.ഒ.കള്‍ എന്നിവ വഴിയാണ് ഇവ നടപ്പില്‍വരുത്താന്‍ പോകുന്നത്. 1972 മുതല്‍ ആകര്‍ഷകമായി നിര്‍മിക്കപ്പെടുന്ന മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയുള്ള പ്രവര്‍ത്തനം ഉദ്ദേശിക്കപ്പെട്ട രൂപത്തില്‍ ഫലംകണ്ടിട്ടില്ല. എന്നാല്‍, ചില സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ അനുകരണീയമായ ചില മാതൃകകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അവരുടെ തദ്ദേശീയ ജനസമൂഹങ്ങളുടെ വിഭവാധികാരത്തെ അടിസ്ഥാനമാക്കിയുള്ള പൂര്‍വകാല മാതൃകകളിലൂന്നിയുള്ള പ്രവര്‍ത്തനമാണ് അവരുടെ ജൈവവൈവിധ്യവും പാരിസ്ഥിതിക വ്യവസ്ഥയും നില നിര്‍ത്തുന്നതിന് സഹായിച്ചിട്ടുള്ളത്.

പാരമ്പര്യത്തെ തകര്‍ക്കുമ്പോള്‍

ഭാരതത്തിനും ഇക്കാര്യത്തില്‍ സമ്പന്നമായ പാരമ്പര്യമുണ്ട്. നമ്മുടെ വിശുദ്ധ കാവുകള്‍, (Sacred grove) സര്‍പ്പക്കാവുകള്‍, നാഗവനങ്ങള്‍, ദേവഭൂമി എന്നീ പാരിസ്ഥിതിക ആവാസ വ്യവസ്ഥകള്‍ സംരക്ഷിക്കുന്നതിലുള്ള രീതികള്‍ വിശ്വാസങ്ങളുടെ  അകമ്പടിയോടെയാണെങ്കിലും അവ നല്‍കുന്ന സേവനങ്ങളെക്കുറിച്ചുള്ള തിരിച്ചറിവില്‍നിന്നാണ്  ഉണ്ടായിട്ടുള്ളത്. ശുദ്ധജലസ്രോതസ്സുകള്‍, രോഗമുക്തിക്കുതകുന്ന സസ്യങ്ങള്‍, പഴങ്ങള്‍, വിറക് തുടങ്ങി അവ നല്‍കുന്ന പരിസ്ഥിതിക സേവനങ്ങളെ തദ്ദേശീയ ജനതകള്‍ വിലമതിച്ചിരുന്നു. ഉദാഹരണത്തിന് പുണെ ജില്ലയിലെ മാംഗാവ് വിശുദ്ധ വനം വളരെ വിസ്തൃതമായ ഒന്നാണ്. തദ്ദേശീയര്‍ പുറംകാടുകളില്‍ ഭക്ഷണത്തിനുവേണ്ടി വേട്ടയാടുന്ന മൃഗങ്ങള്‍ ഈ വിശുദ്ധ വനത്തില്‍ സംരക്ഷിക്കപ്പെടുന്നു. അതിനുള്ളില്‍ അവയെ വേട്ടയാടപ്പെടുന്നില്ല. അവയുടെ വംശം നിലനിര്‍ത്താനുള്ള ഒരു മാര്‍ഗംകൂടി ആണത്. ഇന്ത്യയില്‍ ഈ പാരമ്പര്യ രീതികള്‍ തകര്‍ക്കപ്പെടാന്‍ തുടങ്ങിയത് ബ്രിട്ടീഷ് അധിനിവേശത്തോടു കൂടിയാണ്. 

ഇന്ത്യയിലെ വന നിയമങ്ങള്‍, വന്യജീവിസംരക്ഷണ നിയമം തുടങ്ങിയവയുടെ ചരിത്രം പരിശോധിച്ചാല്‍ അവയുടെ പിറവിയില്‍ത്തന്നെ അവ ജനവിരുദ്ധവും പ്രകൃതിയുടെ സന്തുലന വ്യവസ്ഥയെ ഇല്ലാതാക്കുന്നതുമാണെന്നു കാണാം.  കോളനിമനോഭാവം ഇപ്പോഴും ബ്രിട്ടീഷ് വനംവകുപ്പിന്റെ പിടിച്ചെടുക്കല്‍ ഭരണം അവസാനിപ്പിച്ച് വനം ഗ്രാമങ്ങളെ തിരികെ ഏല്‍പ്പിക്കണമെന്നാവശ്യം ഗാന്ധിജി ഉന്നയിക്കുകയും അത് കോണ്‍ഗ്രസ് അംഗീകരിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍, 1952-ലെ വനനയം ബ്രിട്ടീഷ് നയത്തിന്റെ തുടര്‍ച്ചയായിരുന്നു. അത് വനത്തിനു മേലുള്ള വനംവകുപ്പിന്റെ കുത്തകാധികാരം ഊട്ടി ഉറപ്പിച്ചു.  

കേരളത്തിലെ ഇ.എം.എസിന്റെ നേതൃത്വത്തിലെ ഇടതുസര്‍ക്കാര്‍ മാവൂരിലെ ബിര്‍ള കമ്പനിക്കും വേണ്ടി ചെയ്തുകൊടുത്തത് ഇതുതന്നെ. കേരളത്തിന്റെ പശ്ചിമഘട്ടത്തിലെ മുളങ്കാടുകള്‍ തീര്‍ന്നപ്പോള്‍ കമ്പനിയുടെ ആവശ്യത്തിനായി മാത്രം കാട്ടില്‍ അന്യവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു. പ്രധാനമായും ഇക്കാരണങ്ങള്‍കൊണ്ട് പശ്ചിമഘട്ടത്തിന്റെ മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റങ്ങള്‍ കേരളം അനുഭവിച്ചുവരുകയാണല്ലോ.   

കേരളീയരെ ബോധ്യപ്പെടുത്തിയില്ല, പകരം ഭയപ്പെടുത്തി

2005-ലെ കേരള പാരിസ്ഥിതിക ദുര്‍ബല പ്രദേശ നിയമം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് ജൈവവൈവിധ്യം സംരക്ഷിക്കപ്പെടേണ്ടത് നിര്‍ബന്ധിച്ചും ബലപ്രയോഗത്തിലൂടെയുമാണെന്നാണ്. ഗ്രാമസഭകളെയോ ജനങ്ങളെയോ അറിയിക്കാതെയും ഒരു ശാസ്ത്രീയമായ പഠനത്തിന്റെ പിന്‍ബലവുമില്ലാതെയും ഒരു തരത്തിലുള്ളതുമായ ഫീല്‍ഡ് സര്‍വേയും നടത്താതെ തീര്‍ത്തും ഏകപക്ഷീയവുമായാണ് 8000-ത്തിലധികം കര്‍ഷകരെ അവരുടെ 37,000 ഏക്കര്‍ ഭൂമിയില്‍നിന്ന് ഒരു നഷ്ടപരിഹാരവും നല്‍കാതെ ഇറക്കിവിടുന്നതിനിടയാക്കുന്ന അത്യന്തം രാക്ഷസീയമായ ഇ.എഫ്.എല്‍. നിയമം കൊണ്ടുവന്നിരുന്നത്. 
 
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരേ സാധാരണ ജനങ്ങളെ ഇളക്കിവിടാന്‍ ഈ നിയമത്തിലെ പരിസ്ഥിതി ദുര്‍ബലം (eco fragile) എന്ന വാക്ക് ഞങ്ങളുടെ റിപ്പോര്‍ട്ടിലെ ലോല (Sensitive) എന്ന വാക്കിനോട് സമീകരിച്ചാണ് നിക്ഷിപ്ത താത്പര്യക്കാര്‍ ഉപയോഗിച്ചത്.  ഈ നിയമത്തെ ഉയര്‍ത്തിക്കാണിച്ചാണ് ഞങ്ങളുടെ ശുപാര്‍ശകള്‍ക്കെതിരേ ജനങ്ങളെ അവര്‍ തെറ്റായി  സ്വാധീനിച്ചത്. പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍നിന്ന് ജനങ്ങളെ അകറ്റിനിര്‍ത്തുന്നതിലൂടെ നേട്ടംകൊയ്യുന്നത് നമ്മുടെ പ്രകൃതിസമ്പത്ത് കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റ് കമ്പനികള്‍, മലിനീകരണവ്യവസായങ്ങള്‍, ഖനി-ക്വാറി മുതലാളിമാര്‍, റിയല്‍ എസ്റ്റേറ്റ് ലോബി, വനാധിഷ്ഠിത വ്യവസായങ്ങള്‍, പിന്നെ ഇവരുടെ അന്യായമായ നേട്ടങ്ങളുടെ പങ്കുപറ്റുകാരായ രാഷ്ട്രീയനേതാക്കളും ഇടനിലക്കാരുമാണ്. 

ജൈവവൈവിധ്യ സംരക്ഷണ നിയമം ജനങ്ങള്‍ക്ക് പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സേവന വേതനം നല്‍കണമെന്ന് പറയുന്നുണ്ട്. അതുപ്രകാരം ഗ്രാമ ഉടമസ്ഥതയിലുള്ള വനങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, സര്‍പ്പക്കാവുകള്‍, നാഗ വനങ്ങള്‍, ദേവ വനങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കുന്ന വ്യക്തികള്‍ക്കും ഗ്രാമീണ ജനസമൂഹങ്ങള്‍ക്കും പാരിതോഷികം നല്‍കേണ്ടതായിട്ടുണ്ട്. ഓസ്ട്രേലിയയിലും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും ഇതിനുള്ള വ്യവസ്ഥതകളുണ്ട്. 

നമ്മുടെ പഞ്ചായത്തീരാജ് നിയമം, പട്ടികവര്‍ഗ ഭൂപ്രദേശ പഞ്ചായത്ത് നിയമം, സസ്യ വൈവിധ്യ സംരക്ഷണ കര്‍ഷകാവകാശ നിയമം, വനാവകാശ നിയമം എന്നിവയൊക്കെ വികേന്ദ്രിത സംവിധാനത്തിന് ശരിയായ ചട്ടക്കൂടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയന്‍, സ്വീഡിഷ് മാതൃകകള്‍ സ്വീകരിച്ചുകൊണ്ട് ഇവയെ ശക്തമാക്കാന്‍ നമുക്ക് കഴിയേണ്ടതാണ്. അതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. അതായത്, നിലവിലെ ശൈലിയും രീതിയും പൊളിച്ചെഴുതുന്നതും തദ്ദേശീയ ഗ്രാമീണ ജനസമൂഹങ്ങളുടെ വിഭവങ്ങളിന്മേലുള്ള അവകാശം പുനഃസ്ഥാപിക്കുന്നതുമായ പുതുസമീപനം ജൈവവൈവിധ്യവും വന്യജീവി സമ്പത്തും സംരക്ഷിക്കുന്നതിന് ആവശ്യമാണ്.

തയ്യാറാക്കിയത്: അഡ്വ. വിനോദ് പയ്യട(. പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ ആത്മകഥ ലേഖകന്റെ പരിഭാഷയില്‍ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കാനിരിക്കുകയാണ്)