രു വ്യക്തി ആരോഗ്യവാനാണ് എന്നതുക്കൊണ്ട്  ഉദ്ദേശിക്കുന്നത് ഒരാള്‍ മാനസികവും ശരീരികവുമായി ആരോഗ്യവാന്‍ ആയിരിക്കുക എന്നതാണെന്നകാര്യത്തില്‍ നമുക്കാര്‍ക്കും ഒരു സംശയവും ഇല്ലല്ലോ? എന്നാല്‍ നമ്മള്‍ അങ്ങനെ ആരോഗ്യവാനായിരിക്കണമെങ്കില്‍ നാം വസിക്കുന്ന പരിസ്ഥിതിയും ആരോഗ്യകരമാകണ്ടേ? പരിസ്ഥിതിയുടെ അവസ്ഥ പരിതാപകരമാകുമ്പോള്‍ നമ്മുടെ ശരീരികാരോഗ്യവും മാനസികാരോഗ്യവും മികച്ചതായിരിക്കില്ല.

പരിസ്ഥിതി മലിനീകരണം മൂലം പോഷകസമൃദ്ധമായ ഭക്ഷണം, കുടിവെള്ളം, ശുദ്ധവായു എന്നിങ്ങനെ അടിസ്ഥാന ആവശ്യങ്ങള്‍പ്പോലും നിറവേറാനാകാത്ത രീതിയില്‍ നമ്മെ ദുരിതത്തിലാക്കുന്നു. അതിനാല്‍ തന്നെ പരിസ്ഥിതി പ്രവർത്തനങ്ങള്‍ പരിസ്ഥിതി ദിനത്തില്‍ മാത്രം ഒതുങ്ങി നിർത്താനാവില്ല. പാരിസ്ഥിതിക പ്രശ്നങ്ങള്‍ നമ്മുടെ മനസികരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

മാനസികാരോഗ്യവും പരിസ്ഥിതിയും

കാലാവസ്ഥവ്യതിയാനങ്ങള്‍ ബിസിനസ്സുകളെ ബാധിക്കുന്നതായും കുടിയേറ്റങ്ങള്‍ക്ക് കാരണമായതായും അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്റെ 2017 ലെ കണക്കുകള്‍ പറയുന്നു. ഇത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം സാമൂഹിക പിന്തുണ നഷ്ടപ്പെട്ടവര്‍ ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് പോകുന്നതായും പഠനങ്ങള്‍ കാണിക്കുന്നു.

ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത്, 2017 ലെ കണക്കുകള്‍ കാണിക്കുന്നത് 2005 ല്‍ അമേരിക്കയില്‍ നടന്ന കത്രീന ചുഴലിക്കാറ്റിനെത്തുടര്‍ന്ന് അവിടെ ആത്മഹത്യയും ആത്മഹത്യാ ചിന്തകളും വര്‍ധിച്ചതായാണ്. ഇതില്‍ നിന്നുമെല്ലാം നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നത് പരിസ്ഥിതിയെ ഇനിയും വേണ്ട വിധം സംരക്ഷിച്ചില്ലെങ്കില്‍ നമ്മുടെ നാട്ടിലെ സ്ഥിതിയും കൂടുതല്‍ വഷളാകും എന്നുതന്നെയാണ്.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുട്ടികളെ എങ്ങനെ ബാധിക്കുന്നു?

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുള്ള പ്രശ്നങ്ങള്‍ ശുദ്ധ വായു, ശുദ്ധ ജലം എന്നിവയുടെ അപര്യാപ്തത സൃഷ്ടിക്കുന്നു. കുട്ടികളില്‍ പോഷകാഹാരകുറവിനും  കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ മാനസിക വളർച്ചയെയും പിന്നീട് വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. കൂടാതെ കുട്ടികളുടെ ബൗദ്ധിക നൈപുണികളെയും (Cognitive Skills) വൈകാരിക പക്വതയെയും ഇത് സാരമായി ബാധിക്കാനിടയുണ്ട്.

വായുവും  മണ്ണും  മലിനമാകുന്നതും പാരിസ്ഥിതിക പ്രശ്ങ്ങള്‍ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ സാമൂഹ്യ- സാമ്പത്തിക പ്രശ്നങ്ങളായി വളരുന്നത് കുടുംബങ്ങളിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഏറെയാണ്. ഇത് വൈകാരിക-മാനസിക സംഘർഷങ്ങള്‍ക്കും ഇടയാക്കുന്നു.

വാര്‍ദ്ധക്യത്തിലുള്ളവരെയും ബാധിക്കാം

മുതിര്‍ന്ന പൗരന്‍മാരിലും രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍  സാധ്യതയേറെയാണ്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ആസ്ത്മ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ രൂക്ഷമാകാന്‍  കാരണമാകുന്നു. ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ മാനസികാരോഗ്യത്തെയും കാര്യമായി ബാധിക്കും.

നമ്മുടെ ആരോഗ്യമെന്നത് ശരീരികരോഗ്യവും മാനസികാരോഗ്യവും ഒന്നിച്ചു ചേര്‍ന്നതാണെന്ന് അറിയാമല്ലോ? അതുക്കൊണ്ടുതന്നെ നല്ല നാളെക്കായി നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ നിലനില്‍പ്പിന്‍റെ പ്രശ്നമാണെന്ന സത്യം തിരിച്ചറിഞ്ഞ് നല്ല നാളെക്കായി നമുക്ക്  കൈകോര്‍ക്കാം.

(തിരുവമ്പാടി അല്‍ഫോണ്‍സ കോളേജ് മനഃശാസ്ത്ര വിഭാഗം വകുപ്പ് മേധാവിയാണ് ലേഖകന്‍)