പൂര്‍ത്തിയാകാത്ത ഒരാശയെത്ത മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷവും ലോക പരിസ്ഥിതിദിനം കടന്നുവരുന്നത്. ഇപ്രാവശ്യെത്ത ലോക പരിസ്ഥിതിദിനത്തിന്റെ വിഷയം 'ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം' എന്നതാണ്. മാത്രമല്ല, 2021 മുതല്‍ 2030 വരെയുള്ള ഒരു ദശാബ്ദം പരിസ്ഥിതി പുനഃസ്ഥാപന ദശാബ്ദമായി കൊണ്ടാടുകയുമാണ്.

എന്താണ് ആവാസ വ്യവസ്ഥ? ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുള്ള മറ്റു സഹജീവികളുമായും അജൈവ ഘടകങ്ങളുമായും നിരന്തര പരാശ്രയത്തിലാണ് കഴിഞ്ഞുപോകുന്നത്. ഇത്തരത്തില്‍ പരസ്പര ആശ്രയ ബന്ധിതമായി പ്രവര്‍ ത്തിക്കുന്ന ജീവിസമൂഹങ്ങളും ചുറ്റുപാടുകളുമാണ് ആവാസ വ്യവസ്ഥ അഥവാ ആവാസകേന്ദ്രങ്ങള്‍ എന്നു വിവക്ഷിക്കുന്നത്. വനങ്ങള്‍, പുല്‍മേടുകള്‍, മലകള്‍, മരുഭൂമികള്‍, കണ്ടല്‍കാടുകള്‍, തണ്ണീര്‍ത്തടങ്ങള്‍, ശുദ്ധജലാശയങ്ങള്‍, കടല്‍ തുടങ്ങിയവ ആവാസ വ്യവസ്ഥകള്‍ക്ക് ഉദാഹരണങ്ങളാണ്.

മനുഷ്യന്‍ ഇന്നുവരെ വികസിച്ചത് ഓരോ ആവാസ വ്യവസ്ഥക്കും പരിക്കേല്‍പ്പിച്ചുകൊണ്ടും പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുമാണ്. അത് തീര്‍ച്ചയായും ശരിയുമാണ്. അല്ലാതെ നമുക്ക് വികസനം കൊണ്ടുവരാന്‍ കഴിയില്ല എന്നതാണ് സത്യം. എന്നാല്‍ ലാഭക്കൊതി ഉള്‍ക്കൊണ്ട് ഓരോ ആവാസവ്യവസ്ഥയെയും തകര്‍ക്കുന്ന രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴാണ് പ്രകൃതിനാശം ഉണ്ടാുന്നത്. തുടര്‍ന്ന് അത് കാലാവസ്ഥാ വ്യതിയാനത്തിലേക്കും ആഗോള താപനത്തിലേക്കും നീങ്ങും. അതാണ് ഇന്നു നാം അനുഭവി ച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ലാഭക്കൊതി പൂണ്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ നാം ആലോചിക്കുക ഈ ഭൂമി ഇനി എത്ര കാലമെന്ന്.

idukki
ഫോട്ടോ: മാതൃഭൂമി

പ്രകൃതിയെ സംരക്ഷിച്ചും പേടിച്ചും കഴിഞ്ഞുപോന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. അതൊരു പൊക്കിള്‍കൊടി ബന്ധമായിരുന്നില്ല. മറിച്ച് പ്രകൃതിയുടെ ഭാഗമായി കഴിഞ്ഞുകൂടിയ കാലത്തിന്റെ അടയാളമാണ് ഇന്നും നമ്മുടെയൊക്കെ ഇടയിലുള്ള, ഇന്നും നിലനില്‍ക്കുന്ന നാട്ടുവഴക്കങ്ങള്‍. പുഴയെയും പാമ്പുകളെയും മൃഗങ്ങളെയും കന്നുകാലികളെയും പേരിട്ടുവിളിക്കുന്ന, ആരാധിക്കുന്ന സമ്പ്രദായം അങ്ങിനെ ഉണ്ടാ യതാണ്. കാക്ക കരയുന്നുണ്ടല്ലോ... ആരോ വിരുന്നു വരാനുണ്ടെന്ന മുത്തശ്ശി യുടെ പ്രസ്താവന മൊബൈല്‍ ഫോണൊന്നും സങ്കല്‍പ്പത്തില്‍ വന്നിട്ടില്ലാത്ത കാലെത്ത, പ്രകൃതിയുമായുള്ള പാരസ്പര്യത്തിന്റെ അനേകമനേകം ഓര്‍മകളില്‍ ഒന്നു മാത്രമാണ്.

എങ്കിലും, നാം വികസനത്തിനായി ഏറ്റവും കൂടുതല്‍ നശിപ്പിച്ച ആവാസ വ്യവസ്ഥ വനങ്ങളാണ്. പലതര ത്തിലാണ് നാം വനത്തിനെ നശിപ്പിച്ചത്. എ.ഡി. ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഒറ്റപ്പെട്ട ജനപഥങ്ങളൊഴി ച്ചാല്‍ കേരളം മുഴുവന്‍ കാലവര്‍ഷ കാടുകളായിരുന്നു. അക്കാലത്ത് കേരളത്തിലേക്ക് കുടിയേറിവന്ന ഇരുപ ത്തിഅയ്യായിരത്തോളം നമ്പൂതിരി ബ്രാഹ്മണര്‍ കാടു തെളിച്ച് കേരളത്തെ കാര്‍ഷിക പ്രദേശമാക്കിയ കഥ പി.കെ. ബാലകൃഷ്ണന്‍ പറയുന്നതിങ്ങനെയാണ്. 'കേരളത്തിലെ കാലവര്‍ഷക്കാടുകള്‍ തെളിച്ച് സ്ഥിരമായ കൃഷിയിടങ്ങള്‍ ഉണ്ടാക്കുവാന്‍ ആവശ്യമായ സാങ്കേതികവിജ്ഞാനം നമ്പൂതിരിമാര്‍ വരുന്നതിനു മുമ്പ് ഇവിടെ ഉണ്ടാകാന്‍ സാധ്യതയില്ല. ഇരുമ്പുകൊണ്ടുള്ള പണിയായുധങ്ങളെ കുറിച്ചുള്ള അറിവും പഞ്ചാംഗ ത്തിന്റെ ധൈര്യവും കൂടെ കൊണ്ടുവന്ന നമ്പൂതിരിമാരാണ് കാടു തെളിച്ച് സ്ഥിരമായ കൃഷി നടപ്പാക്കുന്ന സാമൂഹ്യ നടപടിക്ക് നേതൃത്വം നല്‍കിയത്.'

പരിസ്ഥിതി ചൂഷണത്തിന്റ ചരിത്രം

ഇങ്ങനെയൊക്കെയാണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ബ്രിട്ടീഷുകാര്‍ കേരളത്തില്‍ സാമ്രാജ്യത്വം ഉറപ്പിക്കുമ്പോള്‍ കേരളത്തിന്റെ മുക്കാല്‍ ഭാഗവും വനമായിരുന്നു. പ്രകൃതിമേലുള്ള യൂറോപ്യന്മാരുടെ അധിനിവേശം ആദ്യകാല മുതലാളിത്ത വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പതിനഞ്ചാം നൂറ്റാണ്ടിലെ നവോത്ഥാനം മധ്യകാലത്തില്‍നിന്നു ആധുനിക യുഗത്തിലേക്കുള്ള പരിവര്‍ത്തന കാലഘട്ടമായിരുന്നു. ഈ നവോത്ഥാനം പകര്‍ന്നു നല്‍കിയ മാനസിക ഊര്‍ജ്ജമാണ് പിന്നീട് ശാസ്ത്ര - സാങ്കേതിക- സാമ്പത്തിക വികാസത്തിലേക്കു നയിച്ച വ്യാവസായിക വിപ്ലവത്തിനു വളമായത്. 1663 ല്‍ പോര്‍ച്ചുഗീസുകാരെ തുരത്തി കൊച്ചി പിടിച്ചുകൊണ്ട് ഡച്ചുകാര്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ അധീശത്വം നേടി. അവരുടെ പതനം ആരംഭിക്കുന്നത് 1741-ലെ കുളച്ചല്‍ യുഗത്തില്‍ തിരുവിതാംകൂര്‍ രാജാവായ മാര്‍ത്താണ്ഡവര്‍മ്മ അവരെ തോല്‍പ്പിക്കുന്നതോടെയാണ്. 1795 ഒക്ടോബറില്‍ കൊച്ചി കോട്ട പിടിച്ചെടുത്തതോടെ, കേരളത്തില്‍ ഡച്ച് അധിനിവേശം അസ്തമിച്ചു.

quarry
ഫോട്ടോ: മാതൃഭൂമി

ഡച്ചുകാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ആയുധങ്ങള്‍ നല്‍കി സഹായിച്ച ബ്രിട്ടീഷുകാര്‍, വര്‍മ്മമാരുടെ കാലശേഷം തിരുവിതാംകൂറിലും പിടിമുറുക്കി. ഇതോടെ കേരളം മുഴുവന്‍ അധിനിവേശകന്റെ പ്രകൃതിയോടുള്ള പുതിയൊരു സാംസ്‌കാരിക സമീപനത്തിന് ഒരുങ്ങിക്കഴിഞ്ഞിരുന്നു.

പോര്‍ച്ചുഗീസുകാരും ഡച്ചുകാരും അറബികളും ചൈനക്കാരും വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ള കാല ത്താണ് കേരളത്തില്‍ അധിനിവേശം നടത്തിയത്. കേരളത്തിലെ സുഗന്ധദ്രവ്യങ്ങളത്രയും അവരുടെ രാജ്യ ത്തിലേക്ക് കടത്തിക്കൊണ്ടു പോകാനാണ് ഇവര്‍ ശ്രമിച്ചത്, അല്ലാതെ കേരളത്തിലൊരു ഭരണത്തിന് ശ്രമിച്ചിരുന്നില്ല. എന്നാല്‍, വ്യവസായ വിപ്ലവാനന്തരമുള്ള ബ്രിട്ടീഷ് അധിനിവേശമാണ് നമ്മുടെ പ്രകൃ തിയില്‍ സാരമായ പരിക്കുകള്‍ ഏല്‍പ്പിച്ചത്. ഐക്യകേരളത്തിനു മുമ്പുള്ള മൂന്നു പ്രദേശങ്ങളില്‍ ഒന്നായ മലബാറിലാണ് ബ്രിട്ടീഷികാര്‍ ആദ്യം നേരിട്ടുള്ള ഭരണം ഉറപ്പിച്ചത്.

അറബികളും പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് എന്നീ പാശ്ചാത്യരും പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ മലബാറിലെ പ്രകൃതി വിഭവങ്ങളുടെ വിപണനത്തില്‍ മേല്‍ക്കൈ നേടാനായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നു. മറ്റുള്ളവരെ പരാജയപ്പെടുത്തി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പൂര്‍ണ മേധാവിത്വം ഉറപ്പിക്കുന്നത് 1792-ല്‍ ടിപ്പു സുല്‍ത്താനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് ശ്രീരംഗപട്ടണം ഉടമ്പടി ഒപ്പിടുന്നതോടുകൂടിയാണ്. 1805-ല്‍ കേരളവര്‍മ പഴശ്ശിരാജയുടെയും കുറിച്യരുടെയും വയനാട്ടിലെ കലാപം അമര്‍ച്ച ചെയ്യുകയും പഴശ്ശിരാജയെ യുദ്ധത്തില്‍ തോല്‍പ്പിക്കുകയും ചെയ്തതോടെ ബ്രിട്ടീഷുകാരുടെ മലബാറിലെ അധിനിവേശം സുഗമമായി.

ആദ്യകാലത്ത് ഈസ്റ്റ് ഇന്ത്യ കമ്പനിക്കും സുഗന്ധവിളകളിലായിരുന്നു താല്പര്യം. എന്നാല്‍ ലോകമാസകലം മറ്റു പാശ്ചാത്യരെ തോല്‍പ്പിച്ച് സാമ്രാജ്യം വിപുലപ്പെടുത്തുന്നതിന് കൂടുതല്‍ കൂടുതല്‍ കപ്പലുകള്‍ നിര്‍മ്മിക്കേണ്ടിവന്നു. കപ്പലുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനായി ബോംബെയിലെ കപ്പല്‍ നിര്‍മാണശാല ഈസ്റ്റ് ഇന്ത്യ കമ്പനി 1736-ല്‍ വിപുലപ്പെടുത്തി. ഇതിനായി ആദ്യകാലത്ത് മലബാറിലെ തേക്ക് വില കൊടുത്തു വാങ്ങി. ഇംഗ്ലണ്ടില്‍ നീരാവിയന്ത്രവും മറ്റു പുതിയ യന്ത്രങ്ങളും വ്യാപകമായി തുടങ്ങിയതോടെ ബോംബെയിലെ കപ്പല്‍ നിര്‍മാണശാലയിലും പുതിയ സാങ്കേതികവിദ്യ കടന്നുവന്നു.

Western Ghats
പശ്ചിമഘട്ട മലനിരകള്‍ | ഫോട്ടോ: വിവേക് ടി.

ഇതിനിടെ, 1800-ല്‍ മലബാറിലെ തേക്കിന്റെ ലഭ്യത പഠിക്കാനായി ക്യാപ്റ്റന്‍ വാട്സനെ ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി നിയമിച്ചു. 1807 മുതല്‍ മലബാറിലെ തേക്കു വ്യാപാരത്തിന്റെ കുത്തക നിലനിര്‍ത്താനായി മലബാറിലെ സ്വകാര്യവനങ്ങളെല്ലാം ബ്രിട്ടീഷ് അധീനത്തിലാക്കി. 1823 ആകുമ്പോഴേക്കും അധിനിവേശവ്യാപനം ഏതാണ്ട് പൂര്‍ത്തീകരി ക്കുകയും ബ്രിട്ടീഷുകാരുടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ലോകമെമ്പാടും സ്ഥാപിത മാകുകയും ചെയ്തു. തുടര്‍ന്ന് മദ്രാസിലെ ബ്രിട്ടീഷ് ഗവര്‍ണര്‍ മല ബാറിലെ തടിയുടെ കുത്തക വ്യാപാരം നിര്‍ത്തലാക്കി. അപ്പോഴേക്കും മലബാറിലെ വനത്തിന്റെ നാശം ഏതാണ്ട് പൂര്‍ത്തിയായിരുന്നു. ബാക്കിയുള്ള സ്വകാര്യ വനങ്ങള്‍ ജന്മിമാര്‍ക്ക് തിരികെ നല്‍കി.

ഇത്തരം ഏര്‍പ്പാടുകള്‍ ഇനിയുമുണ്ടാകുമെന്ന് ഭയന്ന ജന്മിമാര്‍ കാടു വില്‍ക്കാനും തടി മുറിച്ചുവില്‍ക്കാനും തുടങ്ങി. അതോടുകൂടി മലബാറിലെ വനങ്ങളുടെ നാശം പൂര്‍ത്തിയായി. ഇതിനിടയില്‍, കപ്പലുകളുടെ ആവശ്യം കുറഞ്ഞുവെങ്കിലും കരസേനകള്‍ക്കും പില്‍ക്കാലത്ത് വളര്‍ന്നു തുടങ്ങിയ റെയില്‍വേ ട്രാക്കുകളുടെ സ്ലീപ്പറുകള്‍ക്കുമായി തേക്കിന്റെ ആവശ്യം വര്‍ധിച്ചു വരികയുണ്ടായി. അങ്ങിനെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും വ്യാപാര താല്‍പ്പര്യത്തിനപ്പുറം കേരളത്തിലെ തേക്കുതടിയും നമ്മുടെ വനങ്ങളും ബ്രിട്ടീഷുകാര്‍ക്ക് തന്ത്രപ്രധാനമായ വിഭവമായി കഴിഞ്ഞിരുന്നു.

എന്നാല്‍ കേരളത്തിലെ വനങ്ങളില്‍നിന്നു വടിവൊത്ത, പാകമായ തേക്കിന്‍ തടികള്‍ വേണ്ടത്ര കിട്ടാതായപ്പോള്‍ തേക്ക് കൃഷി ചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇന്നെത്ത മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് അന്നത്തെ മലബാര്‍ കളക്ടര്‍ എച്ച്.വി. കനോലിയുടെ നേതൃത്വ ത്തിലും സബ് കണ്‍സര്‍വേറ്ററായ ചാത്തുമേനോന്റെ സഹായത്തോടെ തൃക്കളയൂര്‍ ദേവസ്വ ത്തില്‍നിന്നു പാട്ട ത്തിനെടു ത്ത 50 ചതുരശ്ര കിലോ മീറ്റര്‍ വനം തെളിച്ച് ആദ്യത്തെ തേക്കിന്‍ തോട്ടം 1842-ല്‍ വെച്ചുപിടിപ്പിച്ചത്. പിന്നീട് തേക്കിന്‍ തോട്ടവികസനം മറ്റു കാടുകളിലേക്ക് ക്രമേണ വ്യാപിച്ചു. അതോടെ നമ്മുടെ സ്വാഭാവിക വനങ്ങളുടെ നാശം ആരംഭിക്കുകയായി. പിന്നീട് വനപരിപാലനത്തില്‍ 1865-ല്‍ വനനിയമവും 1894-ല്‍ ബ്രിട്ടീഷ് വനനയവും നിലവില്‍ വന്നു.

കൊച്ചിയില്‍ ഇലപൊഴിയും ആര്‍ദ്രവനങ്ങളില്‍ മാത്രമാണ് ബ്രിട്ടീഷുകാര്‍ വരുന്നതിനു മുമ്പ് വനനാശമുണ്ടായത്. തേക്കും ഈട്ടിയും കൊച്ചി കാടുകളില്‍ സമൃദ്ധമായി വളര്‍ന്നിരുന്നു. ആദ്യകാലത്ത് ജന്മിമാരുടെ കൈവശ മായിരുന്ന വനങ്ങള്‍ 1888 ആകുമ്പോഴേക്കും പൂര്‍ണമായി സര്‍ക്കാര്‍ ഉടമസ്ഥതയിലായി. കൊച്ചി അന്നും ഒരു കപ്പല്‍ നിര്‍മാണകേന്ദ്രമായിരുന്നു. പോര്‍ച്ചുഗീസുകാരുടെ കാലം മുതല്‍ വര്‍ധിച്ചു വരുന്ന ക പ്പല്‍, കെട്ടിട നിര്‍മാണത്തിനായി വനത്തില്‍നിന്നു കൂടുതല്‍ തടി വെട്ടിത്തുടങ്ങി. 1795-ല്‍ ഡച്ചുകാരെ പരാജയപ്പെടുത്തി കൊച്ചിയില്‍ അധീശത്വം ഉറപ്പി ച്ച ബ്രിട്ടീഷുകാര്‍ 1812-ല്‍ കേണല്‍ മണ്‍റോവിനെ കൊച്ചി ദിവാനായി നിയമിക്കുന്നതോടെയാണ് കൊച്ചിയിലെ വനങ്ങളുടെ ബ്രിട്ടീഷ് പരിപാലനത്തിനും അതോടൊപ്പം വനനാശ ത്തിനും തുടക്കമിടുന്നത്. 1835-ല്‍ ഒരു വനം വകുപ്പ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

Birds
ഫോട്ടോ: മാതൃഭൂമി

കാട്ടില്‍നിന്നു തേക്കും ഈട്ടിയും മുറിച്ചെടുക്കുകയും മറ്റു വന ഉല്‍പ്പന്നങ്ങളില്‍നിന്നും ആദായമുണ്ടാക്കുകയുമായിരുന്നു ലക്ഷ്യം. വനം തെളിച്ച് തോട്ടങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ റോഡുകള്‍ ആവശ്യമായി വന്നു. റോഡുകള്‍ അപര്യാപ്തമായപ്പോള്‍ വനത്തിനുള്ളിലേക്ക് റെയില്‍വേ പണിയാന്‍ തുടങ്ങി. 1784-ല്‍ ജെയിംസ് വാട്ട് നീരാവിയന്ത്രത്തിന്റെ പേറ്റന്റ് എടുക്കുമ്പോള്‍, അത് വനനശീകരണത്തിന്റെ പേറ്റന്റ് കൂടിയായിരുന്നുവെന്ന് പലരും പറയാറുണ്ട്. കൊച്ചിയിലെ ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്ന ജെ.ഡി. കോലോഫ്, 1894-ല്‍ പുതുതായി കണ്ടെത്തിയ പറമ്പിക്കുളം കാടുകളിലേക്ക് ഒരു ട്രാംവേ 1901-ല്‍ പണിയുകയും 83 കിലോ മീറ്റര്‍ നീളമുള്ള ഒരു ട്രാംവേ 1907-ല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. 1960 വരെ തടി കട ത്തുന്നതിനായി ഈ ട്രാംവേ ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ പറമ്പിക്കുളം മുതല്‍ ചാലക്കുടി
വരെയുള്ള വനഭാഗത്തിന്റെ നാശത്തിന് ഈ ട്രാംവേ ആക്കം കൂട്ടുകയും ചെയ്തു.

കൃഷിയും വനനശീകരണവും

ഇതോടൊപ്പം കാര്‍ഷികരംഗത്തില്‍ കൂടിയും കാടിന്റെ നാശം ആരംഭിച്ചിരുന്നു. കേരളത്തിലെ കാര്‍ഷിക മുത ലാളിത്തം ആരംഭിക്കുന്നത് രണ്ട് സുഗന്ധദ്രവ്യങ്ങളില്‍ കൂടിയാണ്. കുരുമുളകും ഏലവും. ചരിത്രാതീത കാലം മുതല്‍ ഇവ വന്യമായി വളര്‍ന്നിരുന്നതും നട്ടു പിടിപ്പി ച്ചിരുന്നതും ശേഖരിച്ച് അറബ്- ഈജിപ്ത്- ചൈനീസ് കച്ചവടക്കാര്‍ക്ക് വിറ്റിരുന്നു. എന്നാല്‍ യൂറോപ്യന്‍ അധിനിവേശേത്താടെയാണ് ഇവ തോട്ടവിളകളായി കൃഷിചെയ്യാന്‍ തുടങ്ങിയത്. 1743-ല്‍ മാര്‍ത്താണ്ഡവര്‍മ്മ  കുരുമുളക് വ്യാപാരം സര്‍ക്കാര്‍ കു ത്തകയായി പ്രഖ്യാപിച്ചു. 1823-ല്‍ ഒരു ഏലം വകുപ്പ് വനം വകുപ്പിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു. ഏലം കൃഷിയും കാടു വെട്ടിത്തെളിച്ചായിരുന്നു നടത്തിയിരുന്നത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ അഞ്ചു തെങ്ങില്‍ കാപ്പി കൃഷി നടത്താന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ശ്രമിച്ചിരുന്നെങ്കിലും വിജയി ച്ചിരുന്നില്ല. കാപ്പിയാണ് അവര്‍ പരീക്ഷിച്ച ആദ്യ തോട്ടവിള. എത്യോപ്യയില്‍ വന്യമായി വളര്‍ന്നുവന്ന കാപ്പിച്ചെടിയെ ആദ്യമായി കൃഷി ചെയ്ത് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് അറബികളാണ്. 1798-ല്‍ ഇന്നെത്ത കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി പരീക്ഷണാടിസ്ഥാന ത്തില്‍ കാപ്പി, പരുത്തി, കുരുമുളക് എന്നിവയുടെ തോട്ടം വെച്ചുപിടിപ്പിച്ചിരുന്നു. ഈ തോട്ടങ്ങള്‍ ക്രമേണ മൂവ്വായിരം ഏക്കറിലേക്ക് വളര്‍ന്നു. തോട്ടവിളയെന്ന നിലയില്‍ തിരുവിതാംകൂറില്‍ ആദ്യം കാപ്പി നടുന്നത് പ ത്തനാപുരത്ത് 1824-ല്‍ വില്യം ഹക്സ്നാം എന്ന ബ്രിട്ടീഷുകാരനാണ്. 1851 ആകുമ്പോഴേക്കും 2333 ഏക്കറില്‍ കാപ്പി തോട്ടങ്ങള്‍ ഉണ്ടായിരുന്നു. 1824-ല്‍ തന്നെ നാടന്‍ കൃഷിക്കാരെ കാപ്പികൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ അന്നെത്ത ദിവാന്‍ വനഭൂമിയും നികുതി ഇളവുകളുമൊക്കെ പ്രഖ്യാപിച്ചെങ്കിലും കാര്യമായ വിജയം നേടാത്തതിനാല്‍ വനങ്ങള്‍ അന്യംനിന്നു പോയില്ല.

1862-ല്‍ ജോണ്‍ ബെറി എന്ന ബ്രിട്ടീഷുകാരന്‍, കാപ്പി കൃഷി ചെയ്യാനായി 1000 ഏക്കര്‍ ആവശ്യപ്പെട്ടതോടെയാണ് കൊച്ചിയിലെ വനങ്ങളുടെ തോട്ട വികസനത്തിനായി അന്യാധീനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അതേവര്‍ഷം തന്നെ വടശ്ശേരി കുന്നുകളില്‍ 6000 ഏക്കര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നെല്ലിയാമ്പതി, കൊടശ്ശേരി തുടങ്ങിയ വനങ്ങളും കാപ്പി തോട്ടങ്ങള്‍ക്കായി പതിച്ചുനല്‍കി. കാപ്പിക്കു പുറമെ 1905-ല്‍ റീര്‍ തോട്ടങ്ങള്‍ക്കായി പാരിപ്പള്ളിയില്‍ 5550 ഏക്കറും പിന്നീട് ഷോളയാറില്‍ 10,000 ഏക്കറും പതിച്ചു നല്‍കി. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്ന മലബാറിലെ വയനാട്ടിലെ പെരിന്തോട്ടിയില്‍ 1841-ല്‍ പാരി ആന്റ ് കമ്പ4നി, വയനാട് കോഫി പ്ലാന്റേഷന്‍ ആരംഭിക്കുന്നതോടെയാണ് സംഘടിത കോര്‍പ്പറേറ്റ് മൂലധനം കേരളത്തിലെ വനങ്ങളുടെ നാശത്തിനു തുടക്കമിടുന്നത്.

forest
ഫോട്ടോ: എ.എഫ്.പി

കാപ്പി തോട്ടങ്ങള്‍ രോഗബാധമൂലം നശിച്ചേപ്പാള്‍ തോട്ട ഉടമകള്‍ മറ്റൊരു തോട്ടവിളയായ സിങ്കോണയിലേക്ക് മാറി. ക്വിനൈന് വിലയിടിഞ്ഞപ്പോള്‍ ഇവര്‍ വയനാട്ടില്‍ തേയില കൃഷി ചെയ്യാന്‍ തുടങ്ങി. അസമിലും നീലഗിരിയിലും പരീക്ഷിച്ച് വിജയിച്ച ഈ തോട്ടവിള കേരളത്തിലേക്ക് കടന്നുവന്നത് 1870-നു ശേഷമാണ്. 1892 മുതല്‍ വയനാട്ടില്‍ തേയില തോട്ടങ്ങള്‍ വര്‍ധിച്ചു തുടങ്ങി. പീരുമേട് ഭാഗത്ത് തിരുവിതാംകൂറിന്റെ സാമന്തനായിരുന്ന പൂഞ്ഞാര്‍ രാജാവില്‍നിന്നു പാട്ടത്തിനെടുത്ത സ്ഥലത്ത് 1877-78-ല്‍ കണ്ണന്‍ ദേവന്‍ കുന്നുകളില്‍ ജെ.ഡി മണ്‍റോ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ കാപ്പി തോട്ടം സ്ഥാപി ച്ചു. തുടര്‍ന്ന് ഇന്ത്യന്‍ കാപ്പിക്ക് വിലയിടിഞ്ഞപ്പോള്‍ ആദ്യം അശംബു മലകളിലും പിന്നീട് ചെങ്കോട്ട, പൊന്മുടി എന്നീ തെക്കന്‍ തിരുവിതാംകൂര്‍ പ്രദേശ ങ്ങളിലും പീരുമേട്, വണ്ടിപെരിയാര്‍, കണ്ണന്‍ ദേവന്‍ കുന്നുകള്‍ എന്നിവിടങ്ങളിലും തേയില തോട്ടങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി.

1902 മുതല്‍ റബ്ബര്‍ തിരുവിതാംകൂറിലെത്തി. 1873-ല്‍ ചെറിയ തോതിലും പിന്നീട് 1876-ല്‍ വലിയ തോതിലും ബ്രസീലില്‍നിന്നു ബ്രിട്ടീഷുകാര്‍ റബ്ബര്‍ കായ്കള്‍ ഒളിച്ചുകടത്തി. സിലോണില്‍ റബ്ബര്‍ തോട്ടം നടത്തിയിരുന്ന അയര്‍ലണ്ടുകാരനായ ജോണ്‍ ജോസഫ് മര്‍ഫി 1902-ല്‍ കേരളത്തിലെത്തുകയും പെരിയാറിന്റെ തീരത്ത് തട്ടേക്കാട് എന്ന സ്ഥലത്ത് ആദ്യെത്ത സംഘടിത റബ്ബര്‍ തോട്ടം സ്ഥാപിച്ചതോടെയാണ് കേരള ത്തില്‍ റബ്ബര്‍ തോട്ടങ്ങള്‍ വ്യാപകമാകാന്‍ തുടങ്ങിയത്. തുടര്‍ന്ന് 1904-ല്‍ മര്‍ഫിയും കൂട്ടരും മുണ്ടക്കയത്തിനടുത്ത് ഏണ്ടയാറിലേക്ക് കൃഷി വ്യാപിപ്പി ച്ചു.

ഐക്യകേരളത്തില്‍ എഴുപതുകളില്‍ ഭക്ഷണം കൂടുതല്‍ ഉണ്ടാക്കാനായി റിസര്‍വ് ഫോറസ്റ്റിനുള്ളില്‍ കൃഷിയിറക്കാനായി വനം വിട്ടുകൊടുത്തു. തുടര്‍ന്ന് വനത്തിന്റെ അന്തര്‍ഭാഗത്ത് ചെറിയ ചെറിയ ഗ്രാമങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ഇത് 'ഗ്രോ മോര്‍ ഫുഡ്' എന്ന പദ്ധതി പ്രകാരമായിരുന്നു. ആവാസ വ്യവസ്ഥ തകര്‍ത്ത ഇത്തരം കൃഷിയിടങ്ങള്‍ കേരളത്തിലെ വനങ്ങളുടെ നടുവില്‍ ഇന്നുമുണ്ട്. കേരളത്തിലെ വനംവകുപ്പില്‍ ഒരിക്കല്‍ ഗ്രാസ് ലാന്റ ് അഫോറസ്റ്റേഷന്‍ ഡിവിഷന്‍ ഉണ്ടായിരുന്നു. ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ പുല്‍മേടുകളുടെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കാതെ അവിടെയെല്ലാം യൂക്കാലിപ്റ്റസും വാകിലും വെച്ചുപിടിപ്പിക്കാന്‍ തുടങ്ങി. ഇന്ന് ഗ്രാസ് ലാന്റ ് അഫോറസ്റ്റേഷന്‍ ഡിവിഷന്‍ ഇല്ല.

വനങ്ങള്‍ കുടിയേറ്റഭൂമികള്‍

ഇതിനിടയില്‍ നടന്ന കുടിയേറ്റവും കേരളത്തിലെ ആവാസ വ്യവസ്ഥയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടി. കേരളത്തിലെ കുടിയേറ്റം മൂന്ന് തരത്തിലാണ് നടന്നത്. ഒന്നാമത്തേത് പത്തൊമ്പതാം നൂറ്റാണ്ടില്‍ തെക്കന്‍ തിരുവിതാംകൂറിന്റെ തീരപ്രദേശങ്ങളില്‍നിന്നുംകുന്നിന്‍ പ്രദേശങ്ങളിലേക്ക്, പത്തനാപുരം, നെടുമങ്ങാട്, കുന്ന ത്തൂര്‍, കൊട്ടാരക്കര, ചെങ്ങന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് നടന്ന ചെറിയ ചെറിയ കുടിയേറ്റമാണ്. രണ്ടാമത്തേത് തിരുവിതാംകൂറിന്റെ കിഴക്കന്‍ മലകളിലെ ദേവികുളം, പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലേക്കും ഹൈറേഞ്ചിന്റെ താഴ്വര താലൂക്കുകളായ മീനച്ചല്‍, തൊടുപുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളിലേക്കുമുള്ള കുടിയേറ്റം. മൂന്നാമതായി തിരുവിതാംകൂറില്‍നിന്നു മലബാറിലേക്കു നടന്ന കുടിയേറ്റം. ഇതില്‍ മലബാറിലേക്കുള്ള കുടിയേറ്റമാണ് ആവാസവ്യവസ്ഥയെ ഏറ്റവും കൂടുതല്‍ ഹനിച്ചത്.

forest fires
ഫോട്ടോ: എ.എഫ്.പി

എല്ലാ കുടിയേറ്റവും നടന്നത് കാടുവെട്ടി തെളിച്ച് കൃഷിയിറക്കാന്‍ വേണ്ടിയാണ്. അതിന്റെ ഫലമായി ആവാസ വ്യവസ്ഥയുടെ പതനവും. മലബാറില്‍ നടന്ന കുടിയേറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇതുവരെ പഠനവിധേയമാക്കിയിട്ടില്ല. വനം വകുപ്പിന്റെ 1973-ലെ കണക്കു പ്രകാരം 1940 - 70 കാലഘട്ടങ്ങള്‍ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കൃഷി, താമസം, കയ്യേറ്റം, അണക്കെട്ടുകള്‍, തോട്ടങ്ങള്‍ എന്നിവയെല്ലാംകൂടി 1959 ചതുരശ്ര കിലോ മീറ്റര്‍ വനം നഷ്ടമായെന്നാണ്.

വികസനം പരിസ്ഥിതിയോട് ചെയ്തത്
 
കേരളത്തിലെ വികസന പുരോഗതിയുടെ ഇരുണ്ടവശം ജീവിതത്തിന്റെ ജൈവ അടിത്തറകളെ കുറിച്ചുള്ള ബോധം നഷ്ടമായി എന്നതാണ്. ഭക്ഷ്യവസ്തുക്കള്‍ കൃഷി ചെയ്യുന്നതില്‍നിന്നു നാണ്യവിളകളിലേക്കും പിന്നീട് വാണിജ്യവിളകളിലേക്കും തിരിഞ്ഞപ്പോള്‍ പ്രകൃതി മലയാളിക്ക് കറവപ്പശുവായി. മറുനാട്ടില്‍ പോയി പണമുണ്ടാക്കി ജീവിക്കാമെന്നായപ്പോള്‍ ഈ അകല്‍ച്ച വര്‍ധിച്ചു. നാടു വിട്ടുപോയവര്‍ക്കു മാത്രമല്ല ആ പണെത്ത ആശ്രയിച്ച് നാട്ടില്‍ കഴിഞ്ഞവര്‍ക്കും മണ്ണ് വില്‍പ്പന ചരക്ക് മാത്രമായി. കേരളത്തിലെ ആവാസ വ്യവസ്ഥകളുടെ വിനാശം ഇവിടെ ജീവിക്കുന്ന നാം ഓരോരുത്തുടെയും വിനാ ശമാണെന്നും അതിന് നാഗരികതയുടെ സ്വപ്നപദ്ധതികളുമായി ഇഴപിരിയാത്ത ബന്ധമുണ്ടെന്നും ഇനിയെന്നാണ് നാം മനസ്സിലാക്കുക?

സ്വപ്നപദ്ധതികള്‍ക്കും സ്വപ്നസൗധങ്ങള്‍ക്കും വേണ്ടി നാം കരിങ്കല്‍-ചെങ്കല്‍ ക്വാറികള്‍ നിര്‍ബാധം നിര്‍മിച്ചു. മണലൂറ്റിയും കുന്നിടിച്ചും പ്രകൃതിനാശം സ്ഥിരമാക്കി. സത്യത്തില്‍ നമ്മുടെ ചെറുനദികളുടെയും അവയുടെ പോഷക ഉറവകളുടെയും തോടുകളുടെയും സിരാപടലങ്ങള്‍ പൊതിഞ്ഞു പിടിച്ചുനിര്‍ത്തി കാത്തുസൂക്ഷിക്കുന്നത് ഇടനാട്ടിലുള്ള ഇത്തരം കുന്നുകളാണ്. അവ ഇടിച്ചു നിരത്തി തണ്ണീര്‍തടങ്ങളും
വയലുകളും മൂടാനും കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും വ്യവസായങ്ങള്‍ക്കും അസ്ഥിവാരമിടാനും കൊണ്ടു പോകുന്നത നിര്‍ത്തണ്ടതല്ലേ?

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികളുള്ള കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ 16 നദികളില്‍ ഒമ്പതെണ്ണവും അവയുടെ പോഷകനദികളും ചെങ്കല്‍ കുന്നുകളില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്. ഇത്തരം ചെങ്കല്‍ കുന്നുകള്‍ ഇടിച്ചു നിരത്തിയും ചെങ്കല്‍ ക്വാറി നടത്തിയും നാം ഇന്നും പുഴകളെ കൊല്ലുന്നു. ഇങ്ങനെ പോയാല്‍ മല പ്പുറെത്ത കോട്ടക്കുന്നും വയനാട്ടിലെ ഗുളികന്‍ പാറയും വള്ളുവനാട്ടിലെ രായിനെല്ലൂര്‍ കുന്ന്, നരിമാളന്‍ കുന്ന് തുടങ്ങിയവ വിസ്മൃതിയിലാണ്ടുപോകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. അതോടൊപ്പം നമ്മുടെ ജലസ്രോതസ്സുകള്‍ നാം മാലിന്യമിടാനുള്ള സ്ഥലമാക്കി കണക്കാക്കിയിരിക്കുന്നു.

Quarry
ഫോട്ടോ: മാതൃഭൂമി

ഈയിടെ 'ലോഗന്റെ' വഴിയിലൂടെ കോഴിക്കോട് കനോലി കനാലില്‍നിന്നു തുടങ്ങി കുറ്റ്യാടി വരെ നട ത്തിയ ബോട്ടുയാത്രയില്‍ ഏഴ് സ്ഥലത്തുവെച്ചാണ് പ്ലാസ്റ്റിക് കുടുങ്ങിയതുമൂലം ബോട്ട് നിര്‍
ത്തേണ്ടിവന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇതിനെതിരെയുള്ള പ്രതിവിധി നാം ഓരോരുത്തര്‍ക്കും സ്വന്തമായും കൂട്ടായും ചെയ്യാന്‍ കഴിയും എന്നത് ശുഭോതര്‍ക്കമാണ്. അനിതരസാധാരണമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന നാം മനസ്സിലാക്കണം ഇത്തരം മഹാമാരികള്‍ ഇനിയും കടന്നു വരും എന്നത്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും നമ്മുടെ പടിക്കലെത്തിയിരിക്കുന്നു.

അതുകൊണ്ടു തന്നെ ആവാസ വ്യവസ്ഥകള്‍ക്ക് മാറ്റം വരുത്താതെ നോക്കല്‍ മാത്രമേ കരണീയമായിട്ടുള്ളൂ എന്നത് നാം തിരിച്ചറിഞ്ഞേ മതിയാകൂ. അതിനെതിരെ ഒരു തൈ നടുകയോ, പ്ലാസ്റ്റിക് കത്തിക്കാതിരിക്കുകയോ ജലസ്രോതസ്സുകള്‍ മലിനപ്പെടാതെ നോക്കുകയും പ്രകൃതി വിഭവങ്ങള്‍ അത്യാവശ്യത്തിന് മാത്രമുപയോഗിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും ആവാസ വ്യവസ്ഥയെ നശിപ്പിക്കാതെ അവയുടെ പുനഃസ്ഥാപനത്തിന് വഴിയൊരുങ്ങും. തീര്‍ച്ച.

ഇനിയെന്തു ചെയ്യാം?

നാശോന്മുഖമായ ആവാസവ്യവസ്ഥ പുനരുജ്ജീവിപ്പിച്ചും സംരക്ഷിച്ചും മുന്നോട്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ നാം ഏറ്റെടുക്കണം. ആവാസ വ്യവസ്ഥാ പുനരുജ്ജീവനം വഴി കാലാവസ്ഥാ വ്യതിയാനത്തിനെതിരായും ആഗോള താപനത്തിനെതിരായും നമുക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. അതോടൊപ്പം ജൈവ വൈവിധ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ തുടങ്ങിയവ സംജാതമാക്കും. ഇതിനായി 'ബില്‍ഡ് വി ത്ത് ബെറ്റര്‍' എന്ന സമീപനമാണ് അവലംബിക്കേണ്ടത്. അറിഞ്ഞോ അറിയാതെയോ നാം ചെയ്ത, ആവാസവ്യവസ്ഥാ നാശം പുനഃസ്ഥാപിക്കാനായി ഒത്തുചേരാം. അത് ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും നമുക്ക്ഏറ്റെടുത്ത് നടപ്പാക്കാം. അതിനായി പുതുതായി വന്ന കേരള സര്‍ക്കാര്‍ മുന്നില്‍ നിന്നു നയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഇതോടൊപ്പം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയും. അത് ജൂണ്‍ 5 ലോക പരിസ്ഥിതിദിനത്തില്‍ കേവലം വൃക്ഷത്തൈകള്‍ നടുന്നതില്‍മാത്രം നിര്‍ത്തരുത്. നട്ടുവെച്ച വൃക്ഷത്തൈകള്‍ വളര്‍ന്ന് പന്തലിച്ച് വൃക്ഷമായി പൂവും കായും തണലുമായി തീരുന്നതുവരെ പരിചരിക്കണം. കേരളത്തിലെ ഓരോ തൊടിയിലും കാണപ്പെടുന്ന വൃക്ഷലതാദികള്‍ നശിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തണം. അങ്ങിനെ ഓരോ വീട്ടുടമസ്ഥനും സ്വന്തം തൊടിയിലെ വൃക്ഷങ്ങള്‍ തദ്ദേശ സ്വയംഭരണസ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. പിന്നീട് വരുന്ന ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്ത വൃക്ഷം മുറിക്കപ്പെടുന്നില്ലെങ്കില്‍ ആ വ്യക്തിക്ക് പ്രോത്സാഹനം നല്‍കണം. ഇങ്ങിനെ പാരിതോഷികം നല്‍കുമ്പോള്‍ ചെറിയ സ്ഥലമുള്ളയാള്‍ക്ക് മുന്‍ഗണന നല്‍കണം.

waste
ഫോട്ടോ: എ.പി

ഓരോ വ്യക്തിയുടെ കൈവശമുള്ളതും പൊതുസ്ഥലത്തുള്ളതുമായ നീരുറവകള്‍ സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കണം. ഓരോ വര്‍ഷവും എത്ര കാലം നീരുറവ വറ്റാതിരിക്കുന്നു എന്നു നോക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുകയും നീരുറവകള്‍ കഴിഞ്ഞ വര്‍ഷത്തില്‍നിന്ന് എത്ര കാലം വറ്റാതിരിക്കുന്നു എന്നു നോക്കി സാമ്പത്തിക പ്രോത്സാഹനം നല്‍കണം. ഒരു കുടുംബത്തിന് കഴിയാനാവശ്യമായ പുതുഭവനങ്ങള്‍ എത്രയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. അതനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം ഭവനങ്ങള്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സ് നല്‍കുകയും അവയ്ക്കാവശ്യമായ നിര്‍മാണ സാമഗ്രികള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കണം.

ആ നിശ്ചിതവ്യാപ്തിയില്‍നിന്ന് ആരെങ്കിലും അധികം നിര്‍മിക്കുന്നുവെങ്കില്‍ മൊത്തം ചെലവ് ആ വ്യക്തി വഹിക്കണം, സൗജന്യം പാടില്ല. ചെങ്കല്‍, കരിങ്കല്‍ ക്വാറികള്‍ സര്‍ക്കാര്‍ നേരിട്ടു നടത്തണം. ഇവ സര്‍ക്കാര്‍ വിഭവമാക്കി പ്രഖ്യാപിക്കണം. അതോടൊപ്പം മണല്‍ എടുക്കുന്നതും സര്‍ക്കാര്‍ നേരിട്ടാവണം. എല്ലാ വര്‍ഷവും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു കീഴിലുള്ള ജലസ്രോതസ്സുകള്‍ മലിനപ്പെടുന്നില്ലെങ്കില്‍ അത്തരം തദ്ദേശ സ്വയംഭരണ സ്ഥാപനെത്ത കണ്ടെത്തി പുരസ്‌കാരങ്ങള്‍ നല്‍കണം.

ഫോസില്‍ ഇന്ധനം കുറയ്ക്കുക വഴി അന്തരീക്ഷ മലിനീകരണം തടയാം. അതിനായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിക്കാനായി സബ്സിഡി നല്‍കണം. ഓരോ സര്‍ക്കാര്‍ സ്ഥാപനത്തിലും ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. എല്ലാ സര്‍ക്കാര്‍ സംവിധാനവും സോളാര്‍ എനര്‍ജിയിലേക്ക് മാറണം. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ഉപയോഗി ച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജൈവവൈവിധ്യം നിലനിര്‍ത്താനും ഉയര്‍ത്താനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം.

mangrove forest
ഫോട്ടോ: മാതൃഭൂമി

വനം വകുപ്പിന്റെ കീഴിലുള്ള വന തോട്ടങ്ങള്‍ ലാഭമില്ലാത്തതും തദ്ദേശീയ ഇനങ്ങള്‍ അല്ലാത്തവയും ജൈവപുനരുജ്ജീവനത്തിനായി മാറ്റണം. അതോടൊപ്പം സാമൂഹിക വനവത്കരണ വിഭാഗത്തിലെ ഫീല്‍ഡ് സ്റ്റാഫുകളെ തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി വിട്ടുനല്‍കുകയും പദ്ധതികള്‍ ഏകോപിപ്പിച്ച്, ആസൂത്രണം ചെയ്തു മുന്നോട്ടുപോകാന്‍ സഹായിക്കുകയും വേണം. അതോടൊപ്പം ആവശ്യമായ പുതിയ  ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യണം.

നമ്മുടെ നാട്ടില്‍ ഉപയോഗിക്കാതെ കിടക്കുന്ന എല്ലാ കെട്ടിടങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കണം. അല്ലെങ്കില്‍ കെട്ടിട ഉടമസ്ഥനില്‍നിന്നു പ്രകൃതി വിഭവങ്ങള്‍ അനാവശ്യമായി ഉപയോഗിച്ചതിന് ലെവി ഈടാക്കണം. പുതിയ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കുമ്പോള്‍ ആ കെട്ടിടം നിര്‍മിച്ചതിനുശേഷം ഒരു വര്‍ഷ ത്തിനുള്ളില്‍ ഉപയോഗിച്ചിട്ടില്ലെങ്കില്‍ ആ കെട്ടിടം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ആസ്തിയായി കണക്കാക്കണം. പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കണം. പ്ലാസ്റ്റിക് കത്തിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണം. ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ഇന്നു വരുന്നത് ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ കൂടിയാണ്. അതിന് തടയിടണം. അത്യാവശ്യത്തിന് നല്‍കുന്നത് തിരിച്ചെടുക്കാന്‍ അത് വില്‍പ്പന നടത്തുന്ന കടക്കാരന്‍ തയ്യാറാവണം.

അതോടൊപ്പം പാല്‍ നല്‍കുന്നതിന് ഓരോ സ്ഥലത്തും കിയോസ്‌കുകള്‍ ഉണ്ടാക്കണം. അനിതരസാധാരണമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇത്തരം മഹാമാരികള്‍ നമ്മുടെ കയ്യെത്തും ദൂരത്ത് കാത്തിരിക്കുന്നുണ്ടെന്ന് നാം തിരിച്ചറിയണം. അതിനെതിരെ ആവാസവ്യവസ്ഥ, പുനഃസ്ഥാപന ത്തില്‍കൂടി പടപൊരുതാന്‍ കഴിയും. നമ്മളോരോരുത്തരും ഒരു തൈ നടുകയും പ്ലാസ്റ്റിക് കത്തിക്കാതിരിക്കുകയോ അനാവശ്യ യാത്രകള്‍ ഒഴിവാക്കിയാലോ ഒരു ബള്‍ബ് അനാവശ്യമായി ഓണ്‍ ചെയ്യാതിരുന്നാലോ ജലസ്രോതസ്സുകള്‍ മലിനപ്പെടുത്താതിരുന്നാലോ സ്വപ്നസൗധങ്ങള്‍ കെട്ടിപ്പൊക്കാതിരുന്നാലോ മതി നമുക്ക് ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനം സാധ്യമാണ്. അല്ലെങ്കില്‍, ഇത്തരം മഹാമാരികള്‍ നമ്മെ കാര്‍ന്നു തിന്നും. അത് ഭൂമിയുടെ അവസാനത്തിലേക്ക് നയിക്കും.