നുഷ്യവംശത്തിന്റെ സുഗമമായ ജീവിതത്തിന് ആവശ്യമുള്ളതെല്ലാം ഭൂമിയിലുണ്ട്. പക്ഷെ അത്യാഗ്രഹങ്ങള്‍ക്കു പിന്നാലെ പായുന്ന മനുഷ്യര്‍ പാരിസ്ഥിതിക വ്യവസ്ഥയോടുള്ള നീതിമര്യാദകള്‍ പലപ്പോഴും വിസ്മരിക്കുന്നു. സര്‍വ്വം സഹയായ പ്രകൃതി പകരുന്ന ജീവിത പച്ചപ്പിനോടുള്ള കടപ്പാടും നമ്മള്‍ മറക്കുന്നു. ജീവിത നന്മകളുടെ ഹരിതകങ്ങളെ അവഗണിക്കുന്ന മാനവരാശിക്കു നേരെ പ്രകൃതി ക്ഷുഭിതയാകുന്നതിന് പല വേളകളില്‍ നമ്മള്‍ സാക്ഷികളായിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം, ഓസോണ്‍ പാളിയുടെ വിള്ളല്‍, പ്രകൃതിക്ഷോഭം, സുനാമി, പ്രളയം, ഭൂമികുലുക്കം, ഉരുള്‍പൊട്ടല്‍, ചുഴലികൊടുങ്കാറ്റ്, വൈറസുകള്‍, അജ്ഞാതരോഗങ്ങള്‍എന്നീ വിപത്തുകള്‍ക്കു പിന്നില്‍ മനുഷ്യരുടെ ദുരമൂത്ത ചെയ്തികളുണ്ട്.

അനര്‍ഹമായവയേപ്പോലും വെട്ടിപ്പിടിക്കാന്‍ നെട്ടോട്ടമോടുന്നവര്‍, ശാന്തരായി സഹിഷ്ണുത മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍, ഈ വര്‍ഷം ഐക്യാരാഷ്ട്രസഭ മുന്നോട്ടുവെക്കുന്ന Reimagine, Recreate, Restore എന്ന നവബോധങ്ങള്‍ തെളിഞ്ഞുവരും. സ്‌കാന്റിനേവിയന്‍ രാജ്യങ്ങളിലേതുപോലെ ജൈവവൈവിദ്ധ്യങ്ങളും പ്രകൃതി സൗഹൃദവും ജനകീയമായി സംരക്ഷിക്കുന്ന ജീവിതശൈലികള്‍ നമ്മുടെ നാട്ടിലും അനിവാര്യമാണ്. പക്ഷെ, എങ്ങിനെ? എപ്പോള്‍? എവിടെ? എന്നുള്ള ഉത്തരമില്ലാത്ത സമസ്യകളും അനിശ്ചിതത്വങ്ങളുമാണ് പലപ്പോഴും ഇവിടെ ബാക്കിയാവുന്നതെന്നാണ് യാഥാര്‍ത്ഥ്യം. ഇത്തരം പ്രതിബന്ധങ്ങളെ മറികടക്കാനാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ നവസാധ്യതകള്‍ നമ്മള്‍ ഉള്‍ക്കൊള്ളേണ്ടത്.

സുസ്ഥിര വികസനവും പ്രകൃതിയും

ശാസ്ത്ര സാങ്കേതികയുടെ അത്യാധുനികമായ കണ്ടെത്തലുകളില്‍ ഇച്ഛാശക്തിയോടെ നിലകൊള്ളുന്ന മാനവസമൂഹത്തിന് ഡിജിറ്റല്‍ സാങ്കേതിക വിദ്യ അതിജീവനകാലത്ത് പ്രത്യാശകള്‍ പകരുന്നുണ്ട്. രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് ഈ നവസാധ്യതകള്‍ ഉപയുക്തമാക്കേണ്ടുന്ന നാള്‍ വഴികളിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. സമൂഹം, സമ്പത്ത്, പരിസ്ഥിതി എന്നീ ഘടകങ്ങളാണ് ഏതു ദേശത്തേയും സുസ്ഥിരവികസനത്തിന്റെ വേരാഴങ്ങള്‍ക്ക് കരുത്തേകുന്നത്. കാലാനുസൃതമായി ഈ ആശയങ്ങള്‍ക്ക് തെളിച്ചം പകരുകയും ക്രിയാത്മക പുനര്‍നിര്‍മ്മിതികള്‍ പ്രാവര്‍ത്തികമാക്കുകയുമാണെങ്കില്‍ മാത്രമേ സമ്പൂര്‍ണ്ണ രാഷ്ട്ര പുരോഗതി എന്ന ലക്ഷ്യം നമുക്ക് കൈവരിക്കുവാനാകൂ.

environment

സമൂഹത്തിലെ പാവപ്പെട്ടവന്റേയും പണക്കാരന്റേയും മധ്യവര്‍ഗ്ഗത്തിന്റേയും സാമ്പത്തികവും മാനുഷികവുമായ നിലനില്പിനും ഉന്നമനത്തിനും ആദ്യം സംരക്ഷിക്കേണ്ടത് ഭൂമിയേയാണ്. ഇതിനൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, ആഭ്യന്തര സമാധാനം, തൊഴിലവസരങ്ങള്‍, ജീവിക്കാന്‍ അനുയോജ്യമായ കാലാവസ്ഥ എന്നിവയും നമുക്ക് ആവശ്യമാണ്. കോവിഡിന്റെ അതിസൂക്ഷ്മ വൈറസുകളില്‍ നിന്നുള്ള മുക്തിയും ഇക്കാലത്തിന്റെ അനിവാര്യതയാണ്.

പ്രകൃതിയിലെ ജൈവവൈവിദ്ധ്യങ്ങളെ രണ്ടായി തരം തിരിക്കാം. വെള്ളത്തിലുള്ളവയും കരയിലുള്ളവയും. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഈ രണ്ട് ആവാസ വ്യവസ്ഥകളിലും വ്യത്യസ്ത രീതിയിലാണ് പ്രതിഫലിക്കുന്നത്. പ്രകൃതിക്ഷോഭങ്ങളും അജ്ഞാത രോഗങ്ങളും വൈറസുകളും  പൊടുന്നനെ പൊട്ടിപുറപ്പെടുന്നതല്ല. ഇവ വന്നതിനുശേഷം പ്രതിവിധികള്‍ അന്വേഷിക്കുന്നതിനേക്കാള്‍ വരാതിരിക്കുവാനുള്ള മാര്‍ഗ്ഗങ്ങളേയാണ് നമ്മള്‍ അനുവര്‍ത്തിക്കേണ്ടത്. ജീവവംശം നാശോന്മുഖമാകാതെയിരിക്കുവാനുള്ള ജനിതക മാറ്റത്തിന് മനുഷ്യരുടെ പ്രതിരോധത്തേക്കാള്‍ ശാസ്ത്ര സാങ്കേതികതയുടെ മുന്‍കരുതലുകള്‍ തുണയാകുന്നതും അതിനാലാണ്.

വേള്‍ഡ് ഇക്കണോമിക് ഫോറം ഭൂമിസംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെ ആസൂത്രണം ചെയ്തിട്ടുണ്ട്. അവയെ താഴെപറയും വിധം ക്രോഡീകരിക്കാം: 

ജൈവവൈവിദ്ധ്യം നിലനിര്‍ത്താന്‍- ആവാസ വ്യവസ്ഥ സംരക്ഷണവും പുനരുദ്ധാരണവും,  സുസ്ഥിര വ്യാപാര ബന്ധങ്ങള്‍, മലിനീകരണ നിയന്ത്രണം,  സാംക്രമിക രോഗകാരണങ്ങളായ സൂക്ഷ്മ ജീവികളെ നിയന്ത്രിക്കുന്നതിലൂടെയുള്ള ആരോഗ്യസുരക്ഷ, പ്രാപഞ്ചികമായ  മൂലധനങ്ങളെ കുറിച്ചുള്ള തിരിച്ചറിവ്. 

കാലാവസ്ഥ വ്യതിയാനങ്ങളെ നിയന്ത്രിക്കാന്‍-  ക്ലീന്‍ പവര്‍, സ്മാര്‍ട്ട് ട്രാന്‍സ്പോര്‍ട്ടേഷന്‍സ്, ഉല്‍പാദനത്തിലും ഉപഭോഗത്തിലുമുള്ള സുസ്ഥിരത, കാര്യക്ഷമതയോടെ പണിതുയര്‍ത്തിയ വീടുകളും നഗരങ്ങളും, സുസ്ഥിര ഭൂവിനിയോഗം. 

സമുദ്ര സംരക്ഷണത്തിന്- സുസ്ഥിര രീതിയിലുള്ള മത്സ്യബന്ധനം, മലിനീകരണ നിയന്ത്രണം, കാലാവസ്ഥ വ്യതിയാനങ്ങളെ മുന്‍കൂട്ടി കണ്ടു കൊണ്ടുള്ള അതിജീവനം, ആവാസ വ്യവസ്ഥയുടെ സംരക്ഷണം. 

ജല സുരക്ഷക്ക്- മെച്ചപ്പെട്ട ജലവിതരണം, റിസര്‍വോയറുകളിലെയും വിതരണത്തിലെയും ശുചിത്വം, വരള്‍ച്ചയെ മറികടക്കുവാനുള്ള പദ്ധതികള്‍

ശുദ്ധവായുവിനായി- വായു ശുദ്ധീകരണം, നിരീക്ഷണം, പ്രതിരോധം, മുന്നറിയിപ്പ്, ശുദ്ധമായ ഇന്ധനങ്ങളുടെ ഉപയോഗം, നൂതന നഗര പരിപാലനം. 

കാലാവസ്ഥ ദുരന്ത നിവാരണങ്ങള്‍ക്കായി- സൂക്ഷ്മമവും കൃത്യതയുമുള്ള കാലാവസ്ഥാ പ്രവചനം, ദുരന്തനിവാരണം, ഉല്പതിഷ്ണുതയാര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍, കൃത്യതയാര്‍ന്ന ദുരന്ത നിവാരണ ആസൂത്രണം

- എന്നിങ്ങനെ ആറുപദ്ധതികള്‍ ലോക ഇക്കണോമിക് ഫോറം മുന്നോട്ട് വെക്കുന്നുണ്ട്. 

ഇവക്കെല്ലാം തന്നെ ഡിജിറ്റല്‍ സാങ്കേതിക വിദ്യക്ക് പുതിയ മാനങ്ങള്‍ നല്‍കുവാന്‍ കഴിയും. കമ്പ്യൂട്ടര്‍ സയന്‍സിലും ഇലക്ട്രോണിക്‌സിലും അധിഷ്ഠിതമായ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളും, സാങ്കേതിക സാദ്ധ്യതകളും സൂക്ഷമതയാര്‍ന്ന ഗവേഷണ പഠനങ്ങളിലൂടെ ലക്ഷ്യബോധത്തോടെ മുന്നോട്ടുപോയാല്‍, ഇനിയും പരിഹരിക്കപ്പെടാത്ത പല പ്രതിസന്ധികളേയും വര്‍ത്തമാനക്കാല മനുഷ്യ സമൂഹത്തിന് മറികടക്കുവാന്‍ സാധിക്കും.

ആവാസ സുരക്ഷക്ക് നവസാങ്കേതികത

ഭൂമിക്ക് ഹരിതാഭയുടെ തണല്‍ തരുന്ന 31% ത്തോളം വരുന്ന വനങ്ങളാണ് 767 കോടിയില്‍പരം വരുന്ന ലോകജനതക്കും ദശലക്ഷക്കണക്കിന് ജീവജാലങ്ങള്‍ക്കും ജീവവായു പ്രദാനം ചെയ്യുന്നത്. വനനശീകരണം ഗുരുതരമായ പ്രകൃതി വിരുദ്ധതയാണ്. ആവാസ വ്യവസ്ഥകളെ അട്ടിമറിക്കുന്ന മനുഷ്യനിര്‍മ്മിതങ്ങളായ കാട്ടുതീയും ഭൂമികൈയ്യേറ്റവും പാറപൊട്ടിക്കലും ഖനനവും മരം വെട്ടലും എല്ലാം കുറ്റ കൃത്യങ്ങളാണെന്നറിഞ്ഞു കൊണ്ടു തന്നെ ചിലര്‍ ചെയ്തു തീര്‍ത്തതിന്റെ പരിണിത ഫലങ്ങളായിരുന്നു ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ പ്രളയവും, പ്രകൃതി ക്ഷോഭങ്ങളും. വനങ്ങള്‍ രാപ്പകല്‍ സൂക്ഷ്മനിരീക്ഷണത്തിലാണെന്നറിഞ്ഞാല്‍, മാഫിയകളും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും ഈ കൊടും ചെയ്തികളില്‍ നിന്നും പിന്‍മാറും. ഇതിനായി നിലവിലുള്ള രീതികള്‍ക്കപ്പുറം നൂതന ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനുകള്‍ ഉപയുക്തമാക്കേണ്ടതുണ്ട്. 

Forest
ഫോട്ടോ: എ.എഫ്.പി.

ഡ്രോണുകളുടെ സഹായത്താല്‍ കാടിന്റെ ഇന്‍ഫ്രാറെഡ് ചിത്രങ്ങളെടുത്ത് ഇമേജ് പ്രോസസിങ്ങ് അല്‍ഗരിതത്തിന്റെ സഹായത്താല്‍ വനനശീകരണ ശ്രമങ്ങള്‍ കണ്ടുപിടിച്ച്, തത്സമയം വനപാലകര്‍ക്ക് ജാഗ്രതയും തെളിവും നല്കുവാന്‍ സാധിക്കും. രാത്രികാലങ്ങളിലുംമൃഗങ്ങളേയും വനംകൊള്ളക്കാരേയും കൃത്യമായി കണ്ടുപിടിക്കാന്‍ സാധിക്കും എന്നുള്ളത് ഈ സംവിധാനത്തിന്റെ സവിശേഷതയാണ്. സൗത്ത് ആഫ്രിക്കയിലെ ബോസ്റ്റ് വാനില്‍ എയര്‍ ഷപ്പേര്‍ഡ് ഡ്രോണിന്റെ സഹായത്താല്‍ നിര്‍മ്മിച്ചെടുത്ത സിസ്റ്റം വഴി, പത്തൊന്‍പതോളം കാണ്ടാമൃഗങ്ങളെ പ്രതിമാസം കൊന്നൊടുക്കുന്ന ക്രൂരത ഇല്ലാതാക്കുവാന്‍ സാധിച്ചിട്ടുണ്ട്. വനം കൊള്ളക്കാര്‍ പ്രതിവര്‍ഷം നാല്‍പ്പതിനായിരം ആനകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നതും ഈ നവസാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കിയതുവഴി തടയാനായി. ഇന്ന് സൗത്ത് ആഫ്രിക്കയിലെ മുന്നൂറോളം വേള്‍ഡ് ലൈഫ് പാര്‍ക്കുകളില്‍ ഇത്തരത്തിലുള്ള ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

പോയ വര്‍ഷങ്ങളിലെ പ്രളയ പാഠങ്ങളില്‍ നിന്നും ഇനി വരാനിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളെ എങ്ങിനെ ഒഴിവാക്കാം എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. ഇതിനായി വനനശീകരണം നടന്നതും മണ്ണിടിച്ചില്‍ സാദ്ധ്യതയുമുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി സംരക്ഷിക്കേണ്ടതുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്താല്‍ അതിവേഗതയിലും കൃത്യതയോടും ഇത് സാധ്യമാക്കിയെടുക്കാവുന്നതാണ്. സാറ്റലൈറ്റ് ഇമേജ് പ്രോസസിങ്ങ്, ഡേറ്റാ അനലിറ്റിക്‌സ്, ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (GIS) എന്നിവയുടെ സഹായത്താല്‍ മണ്ണിടിച്ചില്‍ സാധ്യതാ സ്ഥലങ്ങള്‍, ഭൂമികൈയ്യേറ്റം, കര കവിഞ്ഞൊഴുകുന്ന നദികള്‍, പുഴയുടെ ആഴം, പെയ്ത മഴയുടെ അളവുകള്‍ എന്നിവ ശാസ്ത്രീയമായി വിശകലനം ചെയ്ത് വരാനിരിക്കുന്ന വിപത്തുകളെ നമുക്ക് മുന്‍കൂട്ടി പ്രതിരോധിക്കാന്‍ സാധിക്കും. സാറ്റലൈറ്റ് ബേസ്ഡ് സര്‍വലന്‍സ് സിസ്റ്റം കര്‍ണ്ണാടകയിലും മറ്റും അനധികൃത ഖനനം തടയുവാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.

മഴക്കാടുകളുടെ സംരക്ഷണം 

ആഗോള കാര്‍ബണ്‍ മലിനീകരണത്തിന്റെ 17 ശതമാനത്തോളം വനനശീകരണം മൂലമാണ് ഉണ്ടാകുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് ഉപയോഗിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ അനുബന്ധ സാങ്കേതികതയും ചേര്‍ത്ത് .'Earth Friendly AI'  എന്നാണ് അറിയപ്പെടുന്നത്. ഭീമമായ ഡാറ്റാ കളക്ഷന്‍ ഇതിന് ആവശ്യമാണ്. ഗ്രാമനര്‍ എന്ന ഡാറ്റാ സയന്‍സ് കമ്പനി കണ്‍വലൂഷണല്‍ ന്യൂറല്‍ നെറ്റ് വര്‍ക്കിന്റെ സഹായത്താല്‍ ചെടികളേയും മരങ്ങളേയും തിരിച്ചറിയാന്‍ സാധിക്കുന്ന സോഫ്റ്റ് വെയര്‍ ഉണ്ടാക്കിയത് ഏകദേശം 6,75,000 ഇമേജുകളുടെ സഹായത്താലാണ്. ഇതില്‍ 85% ത്തോളം കൃത്യത നേടുകയും ചെയ്തു.

Fire
ബ്രസീലില്‍ 2019ല്‍ ഉണ്ടായ കാട്ടുതീയുടെ ഡ്രോണ്‍ കാമറ ദൃശ്യം | ഫോട്ടോ: എ.പി.

ബ്രസീലില്‍ മഴക്കാടുകളെ നിരീക്ഷിക്കുവാന്‍ IBM അനലിറ്റിക്‌സ് സെന്‍സറുകള്‍ നിക്ഷേപിച്ചിട്ടുണ്ട്. ഗ്രീന്‍ ഹൗസ് പ്രസരണം 45% കുറച്ച് കാലാവസ്ഥ വ്യതിയാനങ്ങളെ നിയന്ത്രിക്കാന്‍ യു.എന്‍ സെക്രട്ടറിയേറ്റ്  ക്ലൈമറ്റ് ആക്ഷന്‍ പ്ലാന്‍ രൂപകല്പന ചെയ്തിട്ടുണ്ട്. മണ്ണിന്റേയും, അന്തരീക്ഷത്തിന്റേയും, ഈര്‍പ്പവും കാര്‍ബണിന്റെ തോതും പരിസ്ഥിതി താപവും മനസ്സിലാക്കി വരള്‍ച്ച, കാട്ടുതീ, കാലാവസ്ഥ വ്യതിയാനം എന്നിവ മഴക്കാടുകളില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന ഗവേഷണങ്ങള്‍ വികസിത രാജ്യങ്ങളില്‍ ഏറെ പുരോഗമിച്ചു കഴിഞ്ഞു.

ആമസോണ്‍ കാടുകളിലെ വനം കൊള്ള തടയാന്‍ റെയിന്‍ ഫോറസ്റ്റ് കണക്ഷന്‍ (RFC) എന്ന പ്രകൃതി സൗഹൃദ സംഘടന തന്ത്രപരമായ നീക്കമാണ് നടത്തിയത്. ഉപേക്ഷിക്കപ്പെട്ട സെല്‍ ഫോണുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി കാട്ടില്‍ നിക്ഷേപിക്കുകയും, ആ പരിസരങ്ങളില്‍ മരം വെട്ടുന്നതും, അപരിചിതര്‍ അക്രമികള്‍ തുടങ്ങിയവരുടെ ശബ്ദങ്ങള്‍ നിരീക്ഷിച്ച് വനപാലകര്‍ക്ക് അതിവേഗ സന്ദേശം കൈമാറുകയും ചെയ്തു. ഇത്തരത്തിലുള്ള ചിലവുകുറഞ്ഞ സാങ്കേതികതകള്‍ മൃഗങ്ങളേയും പക്ഷികളേയും നിരീക്ഷിക്കുവാനും ഉപയോഗിക്കാവുന്നതാണ്. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്താല്‍ ക്രൗഡ് സോഴ്‌സിങ്ങ് മുഖാന്തിരം വനങ്ങളിലെ മരങ്ങള്‍ സസൂക്ഷ്മം എണ്ണി തിട്ടപ്പെടുത്തുവാനും നിരീക്ഷിക്കുവാനും സാധിക്കും. സാറ്റലൈറ്റ്, ഡ്രോണ്‍ ഇമേജുകളുടേയും ഇമേജ് പ്രോസസിങ്ങിന്റേയും സഹായത്താല്‍ വനനശീകരണത്തിന് മുതിരുന്ന പല ശ്രമങ്ങളേയും മുന്‍കൂട്ടി മനസ്സിലാക്കി തടയുവാന്‍ കഴിയും. 

വന-സമുദ്ര നിരീക്ഷണം 

കാട്ടുതീ ഒഴിവാക്കാന്‍ ആനകള്‍ വഹിക്കുന്ന പങ്കും വളരെ വലുതാണ്. സൂര്യതാപം സ്വന്തം ദേഹങ്ങളിലേക്ക് ആവാഹിച്ച് ഉണക്ക ഇലകളും മരങ്ങളും കത്തിപടരുന്നതില്‍ നിന്നും അവര്‍ കാടിനെ രക്ഷപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്.  .'AI enabled system' ത്തിലൂടെയുള്ള നിരീക്ഷണം കാട്ടുതീ മുന്‍കൂട്ടി പ്രവചിക്കുന്നതിനൊപ്പം ആനകളുടെ വംശനാശം തടയുവാന്‍ വേണ്ട മുന്‍കരുതലുകള്‍ക്കും സഹായകമാകും. വനപ്രദേശങ്ങള്‍ക്കരികില്‍ ജീവിക്കുന്ന കര്‍ഷകര്‍, കാടിറങ്ങി വരുന്ന വന്യജീവികളുടെ ഭീഷണി നേരിടുന്നവരാണ്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുവാനെത്തുന്ന മൃഗങ്ങള്‍ എക്കാലവും കര്‍ഷകരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. 

വന്യമൃഗങ്ങളുടെ നാട്ടിന്‍ പ്രദേശങ്ങളിലേക്കുള്ള വരവിനെ തടയുവാന്‍, ഇലക്ട്രിക്ക് കമ്പിവേലികളും കത്തുന്ന പന്തങ്ങളും വിഷം നിറച്ച ഫലങ്ങളും, വെടിമരുന്നും ഉള്‍പ്പടെയുള്ള നിഷ്‌കരുണവും പ്രാകൃതവുമായ മാര്‍ഗ്ഗങ്ങളാണ് നമ്മുടെ നാട്ടില്‍ ഇപ്പോഴും തുടര്‍ന്നു വരുന്നത്. ഇത് മാറണം. ഭൂമിയുടെ അവകാശികളോട് നമുക്ക് ഇത്രമേല്‍ ക്രൂരത കാട്ടുവാനുള്ള അധികാരമില്ലെന്ന് തിരിച്ചറിയണം. ഇതേ സമയം വനാതിര്‍ത്തികളിലെ മനുഷ്യ ജീവിതങ്ങള്‍ ആപത്തില്ലാതെ മുന്നോട്ടു നീങ്ങുകയും വേണം. നൂതന സാങ്കേതിക വിദ്യയുടെ സഹായം ഇവിടെ നമുക്ക് തുണയേകുവാനായി ഉപയോഗിക്കാവുന്നതാണ്. കാടിന്റെ അതിര്‍ത്തികളില്‍ നിക്ഷേപിക്കുന്ന സെന്‍സറുകളും ക്യാമറകളും വഴി വന്യജീവികള്‍ കാടതിര്‍ത്തി കടക്കുന്നത് മനസിലാക്കി അവയുടെ ശ്രദ്ധതിരിച്ച് കാട്ടിലേക്ക് തിരികെ അയക്കുവാനുള്ള ശബ്ദവെളിച്ച ക്രമീകരണങ്ങള്‍ നൂതന സാങ്കേതിക വിദ്യയാല്‍ സൃഷ്ടിക്കുവാന്‍ സാധിക്കും. മനുഷ്യന് വന്യജീവികളില്‍ നിന്നും സംരക്ഷണം ഒരുക്കുവാനും ഇത്തരത്തിലുള്ള ഇന്റലിജന്റ് സിസ്റ്റത്തിന് സാധിക്കും.

river
ഇംഗ്ലണ്ടിലെ ഹാംസ്ഫയറില്‍ എവോണ്‍ നദി കരകവിഞ്ഞ് പ്രദേശം വെള്ളത്തിനടിയിലായപ്പോള്‍. ഡ്രോണ്‍ ദൃശ്യം | ഫോട്ടോ എ.പി.

വനങ്ങളിലെന്നപോലെ സമുദ്ര നിരീക്ഷണത്തിലൂടെ കോറല്‍ ബ്ലീച്ചിങ്ങ്, ഖനനം, മലിനീകരണം, മീന്‍പിടുത്തം എന്നിവ മനസ്സിലാക്കുന്നതിനും നൂതന സാങ്കേതിക വിദ്യ ഇന്ന് സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുന്നുണ്ട്. മത്സ്യബന്ധനത്തിന് ആഴക്കടലില്‍ ദിവസങ്ങളോളം ചിലവഴിക്കുന്നവര്‍ക്ക് മത്സ്യങ്ങളെ മോണിറ്റര്‍ ചെയ്യുന്നതിനും പിടിച്ച മത്സ്യങ്ങളെ കരയിലെ മാര്‍ക്കറ്റിങ്ങിന് ഉപകരിക്കുന്ന രീതിയിലുള്ള വിവരങ്ങള്‍ കൈമാറുന്നതിനും ഇന്ന് ഡിജിറ്റല്‍ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. സമുദ്രോല്പന്നങ്ങളുടെ അനധികൃത കൈയ്യേറ്റം, സമുദ്രാതിര്‍ത്തി ലംഘനം എന്നിവയും സാറ്റലൈറ്റ് ഇമേജ് പ്രോസസിങ്ങിലൂടെ കണ്ടുപിടിച്ച് തടയുവാന്‍ സാധിക്കും.

നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം

വരാനിരിക്കുന്ന കാലത്തേക്ക് ഭൂമി സംരക്ഷണത്തിനായി ഡിജിറ്റല്‍ സാങ്കേതികതയുടെ സാധ്യതകള്‍ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ ഡാഷ് ബോര്‍ഡ് ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇതിലൂടെ പൊതു സമൂഹത്തിന് വിവിധ മേഖലകളെ നിരീക്ഷിക്കുവാനും, ദുരന്തങ്ങളെ മുന്‍കൂട്ടി പ്രതിരോധിക്കുവാനും സാധിക്കും. ഇതിനായി രാജ്യാന്തര തലത്തില്‍  സര്‍ക്കാരുകള്‍, ഡിപ്പാര്‍ട്ട്‌മെന്റുകള്‍, യൂണിവേഴ്‌സിറ്റികള്‍, എന്‍.ജി.ഒകള്‍ എന്നിവര്‍  ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പ്രകൃതിയും മനുഷ്യനും നിരന്തരമായ മാറ്റങ്ങള്‍ക്ക് വിധേയമാണ്. അതുപോലെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലും മാറ്റങ്ങള്‍ വന്നേക്കാം. ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനോടുള്ള പ്രതികരണമാണ് മറ്റൊരു പ്രധാന ഘടകം. പൊതു സമൂഹത്തിന്റെ ആവശ്യകതയ്ക്കും സ്വീകാര്യതയ്ക്കുമനുസരിച്ച് നൂതന സാങ്കേതിക വിദ്യകളെ സാധാരണ ജനവിഭാഗങ്ങള്‍ക്കു കൂടി ഉപകരിക്കുന്ന രീതിയില്‍ രൂപപ്പെടുത്തിയെടുക്കണം. ഇതിനായി, ഈ ദൗത്യങ്ങള്‍ മനുഷ്യരിലും പ്രകൃതിയിലും ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് സമഗ്രമായി പഠിക്കേണ്ടതുണ്ട്. സേവ് പ്ലാനറ്റ് റിസേര്‍ച്ചിനായി ഗവേഷണ സമൂഹത്തിനിടിയില്‍ പ്രത്യേക പഠന സംവിധാന ക്രമങ്ങള്‍ കൂടി സമഗ്രതയോടെ രൂപപ്പെടേണ്ടതുണ്ട്. 

1972-ല്‍ ഐക്യരാഷ്ട്ര സഭ എല്ലാ വര്‍ഷവും ജൂണ്‍ 5 ന് ലോക പരിസ്ഥിതിദിനം ആചരിക്കണമെന്ന് പ്രഖ്യാപിച്ചപ്പോഴും പാരിസ്ഥിതിക വ്യവസ്ഥ പുനസൃഷ്ടിക്കുക എന്ന ഈ വര്‍ഷത്തെ ആശയവും വരാനിരിക്കുന്ന നാളുകളിലെ പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതകളേയാണ് ഓര്‍മ്മപ്പെടുത്തുന്നത്. പ്രകൃതി ചൂഷണങ്ങള്‍ക്ക് തടയിടാനും, പാരിസ്ഥിതിക പുനസ്ഥാപനത്തിനുമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സാദ്ധ്യതങ്ങള്‍ ആധുനിക സമൂഹം കുറേക്കൂടി ജാഗ്രതയോടെ ഉപയോഗപ്പെടുത്തുന്ന കാലമാണിത്. ജീവിതം ജനാധിപത്യപരമായ തിരഞ്ഞെടുക്കലുകളുടെ ഗണിത ശാസ്ത്രം കൂടിയാകുമ്പോള്‍ ഭൂമിക്കും, ഭൂമിയുടെ അവകാശികള്‍ക്കും സുരക്ഷയുടെ കവചമൊരുക്കാന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ കാവലും കരുതലും പുതിയകാലം ഇനിയും ആര്‍ജ്ജവത്തോടെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കേരളയിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോയും ടെക് ജേര്‍ണലിസ്റ്റുമാണ് ലേഖിക)