തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷ പ്രകൃതത്തില്‍ അതിപ്രധാന പങ്ക് വഹിക്കുന്നവയാണ് എന്‍സോ (ENSO ), ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (IOD ), ഭൗമോപരിതല താപനില,  അന്തരീക്ഷത്തിലെ താഴ്ന്ന വിതാനങ്ങളിലെ കാറ്റുകള്‍  (Low Level Jet Streams), മണ്‍സൂണ്‍ പാത്തിയുടെ സ്ഥാനവും സ്ഥിതിയും, മണ്ണിലെ ഈര്‍പ്പമാനം  തുടങ്ങിയവ.  എന്നാല്‍, നൂറ്റാണ്ടുകള്‍ ദൈര്‍ഘ്യമേറിയ ഗവേഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലും ഓരോ മണ്‍സൂണ്‍ കാലവും കാലവര്‍ഷ പ്രകൃതത്തില്‍ നിയാമക സ്വാധീനം ചെലുത്തുന്ന മറ്റുപല ഘടകങ്ങളെ പറ്റിയുള്ള പുതിയ അറിവുകളാണ് മുന്നോട്ട് വയ്ക്കുന്നത്.  മധ്യപൂര്‍വ്വേഷ്യന്‍ മരുഭൂമികളില്‍ നിന്ന് കാറ്റുകള്‍ വഹിച്ചുകൊണ്ട് വരുന്ന പൊടിപടലങ്ങള്‍ക്ക് ഇന്ത്യന്‍ കാലവര്‍ഷത്തെ ശക്തിപ്പെടുത്തുവാന്‍ ശേഷിയുണ്ടെന്ന് കന്‍സാസ് യൂണിവേഴ്സിറ്റി (U.S) നടത്തിയ ഒരു പഠനം കണ്ടെത്തിയിരിക്കുന്നു (Earth-Science Reviews 215 (2021) 103562).

ഇന്ത്യയിലെ കാര്‍ഷിക രംഗം കാലവർഷവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്നു.  ജലസേചനം സാധ്യമല്ലാത്ത അവസ്ഥയില്‍ ഒട്ടുമിക്ക കര്‍ഷകരും കാര്‍ഷി കാവശ്യത്തിനുള്ള ജലത്തിന് വേണ്ടി കാലവര്‍ഷമഴയെയാണ് ആശ്രയിക്കുന്നത്.  മണ്‍സൂണിന്റെ തോതും പ്രകൃതവുമാകട്ടെ, നിരവധി അന്തരീക്ഷ-സമുദ്ര ഘടകങ്ങളാല്‍ നിയന്ത്രിതവുമാണ്.  പ്രത്യക്ഷത്തില്‍ അപ്രധാനമെന്ന് തോന്നിയേക്കാവുന്ന  ഘടകങ്ങള്‍ പോലും മണ്‍സൂണിന്റെ നിയന്ത്രണത്തില്‍ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല എന്ന്  ശാസ്ത്രലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അക്കൂട്ടത്തില്‍ വരുന്ന ഒന്നാണ് അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍. വരണ്ട ഭൂപ്രദേശങ്ങളാണ് അന്തരീക്ഷത്തിലേക്കെത്തുന്ന പൊടിപടലങ്ങളുടെ പ്രധാന ഉറവിടങ്ങള്‍.  ലോകത്തിലെ ഏറ്റവും വലിയ ധൂളീ സ്രോതസ്സ് ഉത്തരാഫ്രിക്കയാണ്. അന്തരീക്ഷത്തിലേക്കെത്തെത്തുന്ന പൊടിപടലങ്ങളുടെ 18 ശതമാനത്തോളം ഈ മേഖലയില്‍ നിന്നാണ്.  ഉത്തരാഫ്രിക്ക കഴിഞ്ഞാല്‍ മദ്ധ്യ -ഏഷ്യ, മദ്ധ്യ  പൂര്‍വ്വേഷ്യ,  ദക്ഷിണേഷ്യ  എന്നിവയാണ്  പിന്നീട്  വരുന്നത്. ചില പ്രത്യേക പരിതഃസ്ഥിതികള്‍ ഒത്തുവരുമ്പോഴാണ് പൊടിപടലങ്ങളുടെ സാന്നിധ്യം അന്തരീക്ഷത്തില്‍ ഉണ്ടാകുന്നത്. അതായത്, വരണ്ടതും, ഇളകി കിടക്കുന്നതുമായ കിടക്കുന്നതുമായ മണ്ണ് അഥവാ  മണല്‍ തരികള്‍, ശക്തമായ കാറ്റ്, തീരെകുറഞ്ഞ സസ്യ സാന്നിധ്യം എന്നിവയാണവ.  

അന്തരീക്ഷത്തില്‍ അടങ്ങിയിരിക്കുന്ന ധാതുധൂളികള്‍ വിവിധ ധാതുലവണങ്ങളുടെ ഓക്‌സൈഡുകള്‍ ആണ്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കപ്പെടുന്ന ധൂളികള്‍ അടങ്ങിയ പൊടിപടലങ്ങള്‍ക്ക് വ്യത്യസ്ത സംഘടനയാണുള്ളത്.  പൊടിപടലങ്ങളില്‍ കാണപ്പെടുന്ന ധാതു ധൂളികളില്‍ ഘടനാപരമായ വ്യത്യാസം കാണപ്പെടുന്നു. പൊടിപടലങ്ങള്‍ക്ക് സൗരോര്‍ജ്ജം ആഗിരണം ചെയ്യാനുള്ള ശേഷിയെ ആശ്രയിച്ചിരിക്കും അവക്ക് മണ്‍സൂണ്‍ തീവ്രതയിലുള്ള നിയന്ത്രണം.  ധാതു ധൂളികളുടെ ഘടനാപരമായ വ്യത്യാസം കൃത്യമായി തിരിച്ചറിഞ്ഞാല്‍ മാത്രമേ അവയുടെ താപന  ശേഷിയും  സൂക്ഷ്മമായി വിലയിരുത്താനാവൂ.  അതുവഴി മാത്രമേ മണ്‍സൂണ്‍ പ്രവണതകളും  കൃത്യമായി പ്രവചിക്കാനാവൂ. മദ്ധ്യപൂര്‍വ്വേഷ്യന്‍  മേഖലയില്‍ നിന്നുള്ള മണല്‍ തരികള്‍, ഇറാന്‍ പീഠഭൂമി, അറബിക്കടല്‍ എന്നീ മേഖലകള്‍ക്ക് മുകള്‍ ഭാഗത്തുള്ള ട്രോപോസ്ഫിയറില്‍ ചൂട് വര്‍ധിപ്പിക്കുന്നു.  

Rain Kerala

മധ്യപൂര്‍വ്വേഷ്യയിയില്‍ നിന്നുള്ള അന്തരീക്ഷ ധൂളീ പടലങ്ങള്‍ക്ക് കാലാവര്ഷത്തിനുമേല്‍ സ്വാധീനം ചെലുത്താനാകുമോയെന്ന കാര്യത്തില്‍ പഠനങ്ങള്‍ ഏറെ നടന്നിട്ടുണ്ട്.  മരുപ്രദേശങ്ങളില്‍ നിന്നുള്ള പൊടി പടലങ്ങള്‍ ശക്തമായ കാറ്റ് വഴി അന്തരീക്ഷത്തിലേക്ക് വ്യാപിച്ച് അവിടെ  തങ്ങിനില്‍ക്കുന്നു.  ഈ പൊടിപടങ്ങള്‍ക്ക് സൗരവികിരണങ്ങള്‍  ആഗിരണം ചെയ്യാനുള്ള ശേഷിയുണ്ട്.  ചൂടേറിയ സൗരവികിരണങ്ങളുടെ ആഗിരണം മൂലം ഇവ ചൂട് പിടിക്കുന്നു.  ഇവയില്‍ നിന്നുള്ള ചൂട് ഇവ അടങ്ങിയ അന്തരീക്ഷത്തെയും തപിപ്പിക്കുന്നത് മൂലം വായു മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാകുന്നു. ഇപ്രകാരം ഉണ്ടാകുന്ന വ്യതിയാനം അന്തരീക്ഷത്തിലെ പര്യയന വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. 

'എലിവേറ്റഡ് ഹീറ്റ്  പമ്പ്- Elevated Heat Pump ' (അതി താപജന്യ വാതപ്രവാഹം) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം മുഖേനയാണ് സമുദ്രത്തില്‍ നിന്നുള്ള ഈര്‍പ്പം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എത്തിപ്പെടുന്നത്.  പൊടിപടലങ്ങള്‍ സമുദ്രത്തില്‍ നിന്നും  ആഗിരണം ചെയ്ത്  സംഭരിക്കുന്ന ഈര്‍പ്പം മണ്‍സൂണിനെ ശക്തിപ്പെടുത്തുന്നു.  പൊടിപടലങ്ങള്‍ക്കും ഇന്ത്യന്‍ മണ്‍സൂണിനും  പരസ്പരം ഒരു അനുകൂല പരിപോഷണ സ്വഭാവമാണുള്ളത് (positive feedback).  ഈ പ്രകൃതത്തിന്  ഒരു ചാക്രിക സ്വഭാവവും ഉണ്ട്.  പൊടി പടങ്ങളിലെ ഈര്‍പ്പസാന്നിധ്യം മൂലം മണ്‍സൂണ്‍ മഴ ശക്തിപ്പെടുന്നത് ഒരു ഘട്ടം.  കാലവര്‍ഷം മദ്ധ്യപൂര്‍വേഷ്യയില്‍  നിന്നുള്ള കാറ്റുകളുടെ ശക്തി വര്‍ധിപ്പിക്കുന്നു.  അതുവഴി തല്‍പ്രദേശങ്ങളില്‍  നിന്ന് കൂടുതല്‍ പൊടി പടലങ്ങള്‍ അന്തരീക്ഷത്തിലേക്കെത്തുകയും ചെയ്യുന്നു- ഇത് അടുത്തഘട്ടം.  

കരയും കടലും തമ്മിലുള്ള താപവ്യതിയാനമാണ് മണ്‍സൂണിന്റെ പ്രേരകഘടകം.  ജൂലൈ മാസത്തില്‍ കിട്ടുന്ന കനത്ത മണ്‍സൂണ്‍ മഴക്ക് കാരണം ഭൂസ്പര്‍ശമണ്ഡലത്തിലെ      (troposphere) മധ്യഭാഗത്തും മേല്‍ഭാഗത്തും മണ്‍സൂണ്‍ ആരംഭ ഘട്ടത്തിലെ കനത്തമഴമൂലം സംജാതമാകുന്ന  ലീനതാപമാണ് (latent  heat).  ഇതിനുപുറമെ, അന്തരീക്ഷത്തില്‍ പൊടി പടലങ്ങള്‍ അധികതോതില്‍ ഉള്ള പക്ഷം,  അവ ആഗിരണം ചെയ്ത് സംഭരിച്ച് വച്ചിരിക്കുന്ന താപം, കടലും കരയും തമ്മിലുള്ള താപവ്യതിയാനത്തെ അധികരിപ്പിക്കുന്നു.  മണ്‍സൂണ്‍ തുടങ്ങുന്നതിനു മുന്‍പോ അല്ലെങ്കില്‍ മണ്‍സൂണ്‍ ആരംഭത്തിലോ ആണ് താപവ്യതിയാനം  കൂടിയ തോതില്‍ ആകുന്നത്. മണ്‍സൂണ്‍ ഉച്ചസ്ഥായിയിലെത്തുന്നതോടുകൂടി ഭൂസ്പര്ശമണ്ഡലത്തിന്റെ മധ്യ-മേല്‍ഭാഗത്ത് പുറന്തള്ളപ്പെടുന്ന ലീനതപം കൂടുകയും, ആ മേഖലയില്‍ മര്‍ദ്ദം കുറയുകയും ചെയ്യുന്നു. മര്‍ദ്ദം കുറഞ്ഞ മേഖലയിലേക്ക് ജലസമ്പന്നമായ കാറ്റുകളും ജലം  പേറുന്ന പൊടിപടല മര്‍മ്മങ്ങളും എത്തിച്ചേര്‍ന്ന്  മേഘരൂപപീകരണം ശക്തിപ്പെട്ട് മഴ വര്‍ധിക്കുന്നു.  

pti
പൊടിക്കാറ്റ് | ഫോട്ടോ: പിടിഐ

മണ്‍സൂണ്‍ പൂര്‍വ്വമാസങ്ങളായ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പശ്ചിമ ചൈനയിലെ മരുപ്രദേശങ്ങളില്‍ നിന്നുള്ള പൊടിപടലങ്ങള്‍ തിബറ്റന്‍ പീഠഭൂമിയുടെ വടക്കേ ചെരുവിലും  പാക്കിസ്ഥാന്‍ - മധ്യപൂര്‍വേഷ്യ എന്നിവിടങ്ങളിലെ മരുപ്രദേശങ്ങളില്‍ നിന്നുള്ള ധൂളീ പടലങ്ങള്‍  പീഠഭൂമിയുടെ തെക്കേ ചരുവിലും നിക്ഷേപിക്കപ്പെടുന്നു.  

പീഠഭൂമിയുടെ തെക്കേ ചരുവിലുള്ള പൊടി പടലങ്ങങ്ങളും ഫോസില്‍ ഇന്ധനങ്ങളുടെ അപൂര്‍ണ്ണ ദഹനം വഴി  ഉല്പാദിപ്പിക്കപ്പെടുന്ന 'ബ്ലാക്ക് കാര്ബണുകളും' ചേര്‍ന്ന് സൗരവികിരണങ്ങള്‍ വന്‍ തോതില്‍ ആഗിരണം ചെയ്യുന്നതു വഴി   തല്‍പ്രദേശത്തെ വായുവിന് ചൂടേറുന്നു.  തല്‍ഫലമായി തല്‍പ്രദേശത്തെ ഭൂസ്പര്ശമണ്ഡലത്തിന്റെ മധ്യഭാഗം, മേല്‍ ഭാഗം എന്നിവിടങ്ങളില്‍ സാധാരണയില്‍ കവിഞ്ഞ ചൂട് അനുഭവപ്പെടുന്നു.  ഇത് മൂലം കടലും കരയും തമ്മില്‍ നിലനിന്നിരുന്ന താപവ്യതിയാനത്തിന്റെ തോത് അധികരിക്കുന്നു. തുടര്‍ന്ന്, മെയ് മാസത്തിലും ജൂണ്‍ ആരംഭത്തിലും ഇപ്രകാരം വികിരണ താപനം മൂലമുണ്ടാകുന്ന അന്തരീക്ഷ പര്യയന വ്യവസ്ഥകള്‍ക്ക് തീക്ഷ്ണതയേറുന്നു. 

ചൂട്  പിടിച്ച വായു പീഠഭൂമിയുടെ മുകള്‍ ഭാഗത്തേക്ക് ഉയരുകയും അത് തല്‍പ്രദേശത്തെ ഭൂസ്പര്ശമണ്ഡലത്തിന്റെ  തെക്ക് വടക്കായി നിലനില്‍ക്കുന്ന താപവ്യതിയാന തോതിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.  ഇതുവഴി പീഠഭൂമിയുടെ ദക്ഷിണ ഭാഗത്ത് അന്തരീക്ഷ മര്‍ദ്ദം കുറയുകയും, താരതമ്യേന മര്‍ദ്ദം കൂടുതല്‍ അനുഭവപ്പെടുന്ന വടക്കുഭാഗത്തുനിന്നും ശക്തമായ വായുപ്രവാഹം അവിടേക്ക് വീശിയെത്തുകയും ചെയ്യുന്നു.  തല്‍ഫലമായി പീഠഭൂമിയുടെ തെക്കേ ഭാഗത്ത്  അന്തരീക്ഷത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള മദ്ധ്യ  പൂര്‍വേഷ്യന്‍ പൊടിപടലങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭാഗത്തേക്ക് തള്ളി നീക്കപ്പെടുന്നു.  ഈ സഞ്ചാരത്തിനിടയില്‍ പൊടിപടലങ്ങള്‍ അറബിക്കടലില്‍ നിന്നും  ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുമുള്ള ജലബാഷ്പം കനത്ത തോതില്‍ ആഗിരണം ചെയ്യുന്നു.  ഈ പ്രതിഭാസം മൂലം ഇന്ത്യന്‍ ഉപഭൂഖണ്ഡമേഖലയില്‍ പ്രവേശിക്കുന്ന ബാഷ്പവാഹിനികളായ   പൊടിപടലങ്ങള്‍ മൂലം മേഘരൂപീകരണം ശക്തിയാര്‍ജ്ജിക്കുകയും സാധാരണ ഗതിയിലും നേരത്തെ ആരംഭിക്കുന്ന മണ്‍സൂണിന് കാരണമാകുകയും ചെയ്യുന്നു. ജൂലൈ മാസത്തില്‍ ഏറ്റവും കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്ന മണ്‍സൂണ്‍ മാസാന്ത്യത്തോടെയോ  പിന്നീട് ആഗസ്ത് മാസ ത്തോടെയോ ശക്തി ക്ഷയിക്കുന്ന അവസ്ഥയിലാവുന്നു.  കനത്ത മഴയില്‍ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് നീക്കം ചെയ്യപ്പെ ട്ടതിനാല്‍  മഴ ക്രമേണ ശക്തി കുറയുകയും ചെയ്യുന്നു.  

15kv208.jpg

തെളിഞ്ഞ അന്തരീക്ഷത്തോട് കൂടിയ ഒരു മണ്‍സൂണ്‍ക്കാലത്തെ അപേക്ഷിച്ച് പൊടിപടലങ്ങളുടെ ആധിക്യമുള്ള മണ്‍സൂണ്‍ മാസങ്ങള്‍ ശക്തമായ അന്തരീക്ഷ പര്യയന വ്യവസ്ഥകള്‍, മേഘാധിക്യം, കനത്ത മഴ എന്നിവയാല്‍ വ്യതിരിക്തമായിരിക്കും.  തിബറ്റന്‍ പീഠഭൂമിയില്‍ അടിഞ്ഞ് കൂടുന്ന ആഗിരണ സ്വഭാവമുള്ള ധൂളീകണങ്ങളാല്‍  താപന  നിരക്ക് കൂടുന്നതിനാലാണിത്.  മേല്‍ വിവരിച്ച പ്രക്രിയകള്‍ ഒന്നാകെ അറിയപ്പെടുന്നത് 'എലിവേറ്റഡ് ഹീറ്റ്  പമ്പ്'' (Elevated Heat Pump- EHP) എന്നാണ്.  ഭൂസ്പര്ശമണ്ഡലത്തിന്റെ താഴ്ന്ന വിതാനങ്ങളിലൂടെ വീശുന്ന മണ്‍സൂണ്‍ കാറ്റുകളില്‍ (low level jet streams), EHP പ്രേരിത വര്‍ദ്ധനവ് കാണാറുണ്ട്.  ഈ കാറ്റുകള്‍  മധ്യപൂര്‍വ്വേഷ്യന്‍ മണലാരണ്യങ്ങളില്‍ നിന്നും കൂടിയ തോതില്‍ പൊടിപടലങ്ങളും അറബിക്കടലില്‍ നിന്ന് അധിക തോതില്‍ ജലബാഷ്പവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് വഹിച്ച് എത്തിക്കുന്നു. ഇത് മണ്‍സൂണ്‍ മഴയെ ശക്തിപ്പെടുത്തുന്നു.  മാത്രമല്ല, കനത്ത മഴമൂലം അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ ഇല്ലാതാകുന്ന പ്രക്രിയ വലിയൊരളവുവരെ പരിഹരിക്കുകയും മണ്‍സൂണ്‍ കാലം ഏറെക്കുറെ മുഴുവനായി തന്നെ EHP പ്രേരിത അന്തരീക്ഷപ്രഭാവങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.  

മണ്‍സൂണ്‍ കാലത്ത് ശക്തമായ കാറ്റുകള്‍ ഉണ്ടാകാറുണ്ട്. കാറ്റുകളുടെ ഗതിയിലോ, ശക്തിയിലോ വ്യതിയാനമുണ്ടായാല്‍ സമുദ്രത്തില്‍ നിന്ന് കരയിലേക്ക് അവ വഹിച്ചുകൊണ്ട് വരുന്ന ജലബാഷ്പത്തിന്റെ തോതിലും വ്യത്യാസമുണ്ടാകും.  കാറ്റുകളുടെ ശക്തി കൂടുന്ന അവസരത്തില്‍ മഴ കനക്കുന്നു.  ദക്ഷിണേഷ്യയിലെ, പ്രത്യേകിച്ച് ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം കൃഷി, കുടിവെള്ളം എന്നിവക്ക് മഴ അനിവാര്യമാണ്. മദ്ധ്യപൂര്‍വ്വേഷ്യന്‍ മേഖലകളില്‍ നിന്നുള്ള പൊടിപടലങ്ങള്‍ ഇന്ത്യന്‍  ഉപഭൂഖണ്ഡത്തിലെ  മണ്‍സൂണ്‍ മഴയെ സമ്പന്നമാക്കുന്നു. ശക്തമായ മണ്‍സൂണ്‍ മഴയാകട്ടെ, മദ്ധ്യപൂര്‍വ്വേഷ്യന്‍  മേഖലകളില്‍ കാറ്റുകളുടെ സാന്നിദ്ധ്യം  വര്ധിപ്പിക്കാനിടയാക്കുകയും അതുവഴി കൂടുതല്‍ പൊടിപടലങ്ങള്‍ അന്തരീക്ഷത്തിലേക്ക് നിക്ഷേപിക്കപ്പെടാനിടയാവുകയും ചെയ്യുന്നു.  പൊടിപടലങ്ങളുടെ നിക്ഷേപത്തെ വന്‍ തോതില്‍ പരിപോഷിപ്പിക്കുവാന്‍ മണ്‍സൂണ്‍ മഴക്ക് കഴിയും. 

dust
പൊടിക്കാറ്റ് | ഫോട്ടോ: പിടിഐ

മണ്‍സൂണ്‍കാലത്ത് ശക്തമായ മഴമൂലം മേഘങ്ങളിലെ ഹിമപ്പരലുകളിലെ ലീനതപം വിമോചിതമാവുക മൂലം അന്തരീക്ഷത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍ ചൂടേറുന്നു.  മുകളിലേക്ക് താപം  എത്തപ്പെടുന്ന സംവഹന  പ്രക്രിയ അന്തരീക്ഷപാളിയില്‍ ഏകദേശം 10 കിലോമീറ്ററോളം ഉയരത്തില്‍ വരെ വ്യാപിക്കാറുണ്ട്.  താപസംവഹനം  മൂലം അന്തരീക്ഷത്തിന്റെ മേല്‍ പാളിയില്‍ മര്‍ദ്ദം കുറഞ്ഞ മേഖല രൂപം കൊള്ളുന്നു.  ഈ മേഖലക്ക് മുകളിലും താഴെയും  താരതമ്യേന  മര്‍ദ്ദം കൂടുതലുള്ള മേഖലകളാണുള്ളത്.  മര്‍ദ്ദ വ്യതിയാനം മൂലം തരംഗിത പ്രകൃതമുള്ള ഈ ഭിന്നമര്‍ദ്ദ മേഖലകളാണ് മധ്യപൂര്‍വ്വേഷ്യയിലേക്ക് വായു പ്രവാഹത്തെ ഗതിതിരിച്ചു വിടുന്നത്.  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മര്‍ദ്ദം കൂടിയ മേഖലയില്‍ നിന്നുള്ള വായു,  മര്‍ദ്ദം കുറഞ്ഞ മേല്‍ പാളിയില്‍ എത്തിച്ചേരുകയും, ഇത് മധ്യപൂര്‍വ്വേഷ്യയിലേക്ക് നീങ്ങി അവിടെ നിന്ന് താഴേക്ക് ചരിക്കുകയും ചെയ്യുന്നു.  താഴേക്ക് സഞ്ചരിക്കുന്ന ഈ വായു പ്രവാഹം ഭൗമോപരിതലത്തില്‍ മുട്ടാനിടയാവുമ്പോള്‍ പൊടിപടലങ്ങള്‍ വന്‍ തോതില്‍ അന്തരീക്ഷത്തിലേക്ക് എത്തുന്നു.  

അറേബ്യന്‍ മരുഭൂമിയില്‍ നിന്നുള്ള പൊടിപടലങ്ങള്‍ക്ക് ഇന്ത്യന്‍ മണ്‍സൂണിനെ പരിപോഷിപ്പിക്കുന്നതില്‍ അതിപ്രധാനമായ പങ്ക് ഉള്ളതുപോലെ തന്നെ ഇറാന്‍  പീഠഭൂമിയില്‍ നിന്നുള്ള പൊടിപടലങ്ങള്‍ക്കും സമാനമായ പങ്ക് മണ്‍സൂണിനുമേല്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.  മധ്യപൂര്‍വ്വേഷ്യന്‍  മണലാരണ്യത്തിനും ടിബറ്റന്‍ പീഠഭൂമിക്കും ഇടയിലാണ് ഇറാന്‍ പീഠഭൂമിയുടെ സ്ഥാനം.  വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സൗരവികിരണങ്ങള്‍ തട്ടി ശക്തമായി ചൂട് പിടിക്കുന്നു.  പീഠഭൂമിക്ക് മേലെയുള്ള ചൂടേറിയ വായു മണ്‍സൂണ്‍ പര്യയനങ്ങളില്‍ വ്യതിയാനം ഉളവാക്കുവാന്‍ പര്യാപ്തമാണ്.  മാത്രമല്ല, അത് അറേബ്യന്‍ മരുഭൂമികള്‍ക്ക് മേലെയുള്ള അന്തരീക്ഷ പര്യയന വ്യവസ്ഥകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു;  അതുവഴി വന്‍ തോതില്‍ പൊടിപടലങ്ങള്‍ വഹിക്കുകയും ഈ പ്രക്രിയ മുന്‍ സൂചിപ്പിച്ചതുപോലെ മണ്‍സൂണ്‍ കാലത്തെ  പര്യയന വ്യവസ്ഥകള്‍, മഴ എന്നിവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.  മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മധ്യപൂര്‍വ്വേഷ്യന്‍  പ്രദേശത്ത്  നിന്നുള്ള പൊടിപടലങ്ങളും ഇന്ത്യന്‍ മണ്‍സൂണും തമ്മിലുള്ള സ്വാധീനത്തിന്  ഒരു ത്വരകം (Driver) ആയി വര്‍ത്തിക്കുന്ന ഒന്നാണ്  ഇറാനിയന്‍  പീഠഭൂമി.  

Heavy rain

പൊടിപടലങ്ങളുമായി ബന്ധപ്പെട്ട്  ഇന്ത്യന്‍  മണ്‍സൂണിനെ സ്വാധീനിക്കുന്ന മറ്റ് മൂന്ന് വസ്തുതകള്‍  കൂടി തിരിച്ചറിയപ്പെട്ടിട്ടുണ്ട്.  ഇതില്‍ ആദ്യത്തെ വസ്തുത  മഞ്ഞ്  പാളികളുടെ ശുഭ്രത കുറയുന്നുവെന്നതാണ് (Snow darkening  effect).  ബ്ലാക്ക് കാര്‍ബണ്‍, പൊടിപടലങ്ങള്‍ എന്നിവയുടെ നിക്ഷേപം മൂലം ഹിമപാളികളുടെ പ്രതിഫലന ശേഷി കുറയുന്നു.   തന്മൂലം ഹിമപ്രദേശങ്ങളില്‍ പതിക്കുന്ന സൂര്യരശ്മികള്‍  ബാഹ്യാകാശത്തേക്ക് തിരിച്ച് പ്രതിഫലിക്കപ്പെടുന്ന നിരക്കും കുറയുന്നു.  ഇത് മൂലം അന്തരീക്ഷത്തിന് ചൂടേറുന്നു.  സൂര്യപ്രകാശം മങ്ങുന്ന (Solar dimming ) പ്രവണതയാണ് രണ്ടാമത്തേത്.  അന്തരീക്ഷത്തില്‍ അധിക തോതില്‍ നിക്ഷേപിക്കപ്പെടുന്ന പൊടിപടലങ്ങള്‍ (Aerosols ) മൂലം സൂര്യരശ്മികള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിച്ചേരുന്ന തോത് കുറയാനിടവരുന്നു. ഇത് മൂലം  അന്തരീക്ഷത്തിന് മങ്ങല്‍ അനുഭവപ്പെടുന്നതോടൊപ്പം ചൂട് കുറയുകയും ചെയ്യുന്നു.

സൂര്യ രശ്മികളെ ആഗിരണം ചെയ്യുകയോ ചിന്നിച്ചിതറിക്കുകയോ ചെയ്യുന്നത് മൂലമാണ്  അവ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തി ചേരാനിടക്കാത്തത്.  ഇതുമൂലം അന്തരീക്ഷത്തിലെ ചൂട് കുറഞ്ഞ് അതുവഴി കടലും കരയും തമ്മില്‍ നിലനില്‍ക്കുന്ന തപാന്തരം കുറയുകയും ചെയ്യുന്നു.  ഈ സ്ഥിതി വിശേഷം ഇന്ത്യന്‍ മണ്‍സൂണിനെ ദുര്‍ബലമാകുന്നു.   പൊടി പടങ്ങള്‍ക്ക് മേഘരൂപീകരണ പ്രക്രിയയില്‍ ആവശ്യമായ ഘനീഭവന മര്‍മ്മങ്ങളായി (Condensation nuclei) വര്‍ത്തിക്കാനാവും എന്നതാണ് അതിപ്രധാനമായ മൂന്നാമത്തെ വസ്തുത.  അന്തരീക്ഷത്തില്‍ കൂടിയ തോതില്‍ പൊടി പടലങ്ങള്‍ ഉണ്ടായാല്‍, കൂടിയ തോതില്‍ തന്നെ ഘനീഭവന മര്‍മ്മങ്ങളും ഉണ്ടാകാം.  ഇവക്ക് മേഘങ്ങളുടെ ഭൗതിക സ്വഭാവം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുണ്ട്. ഘനീഭവന മര്‍മ്മങ്ങളുടെ ആധിക്യം മൂലം മേഘങ്ങളുടെ ജലവാഹക  ശേഷി ഇത്തരം സാഹചര്യങ്ങളില്‍ കൂടുന്നു.  കനത്ത തോതില്‍ മഴ നല്‍കുന്ന ഇത്തരം   മേഘങ്ങളുടെ രൂപീകരണ സാധ്യത കൂടുന്ന സാഹചര്യമാണുള്ളത്.  ഇത് വഴി മണ്‍സൂണ്‍കാലത്ത് കനത്ത മഴ ലഭിക്കുന്നു.  

ആഗോള താപനത്തിന് പ്രാമുഖ്യമുള്ള കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളില്‍ സ്വാഭാവിക ധൂളീപടലങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നതിന്റെ സാധ്യത വര്‍ധിച്ചു വരുന്നു.  ഏഷ്യയിലെ ചില പ്രദേശങ്ങള്‍ കൂടുതല്‍ കൂടുതല്‍ വരള്‍ച്ച പ്രാപിക്കുന്നത് അന്തരീക്ഷത്തിലേക്കുള്ള പൊടി പടലനിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.  മനുഷ്യരുടെ പ്രവര്‍ത്തന ശൈലികള്‍ മൂലം, ചൈന, പൂര്‍വ്വേഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ അന്തരീക്ഷ മലിനീകരണം കൂടിയ തോതിലാണ്.  എങ്കില്‍ പോലും അന്തരീക്ഷ വായുവിന്റെ സംശുദ്ധത കാത്ത് സൂക്ഷിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത കാണിച്ച് തുടങ്ങിയിരിക്കുന്നു.     ഇക്കാരണത്താല്‍ മലിനീകരണം മൂലമുണ്ടാകുന്ന കൃത്രിമ ധൂളീ പടലങ്ങളെക്കാള്‍ സ്വാഭാവിക പൊടിപടലങ്ങളുടെ തോത് മുന്നിട്ട് നില്‍ക്കുന്ന സാഹചര്യമാണുള്ളത്.  ഒരു പക്ഷെ, സ്വാഭാവിക പൊടിപടലങ്ങള്‍ ആയിരിക്കാം ഭാവിയില്‍ കാലാവസ്ഥയെ, താപനത്തെ, മഴയെ ഒക്കെ നിര്‍ണ്ണയിക്കുന്നത്!

(കേരള കാര്‍ഷിക സര്‍കലാശാലയിലെ കാലാവസ്ഥാ  വ്യതിയാന പഠന ഗവേഷണ അക്കാഡമിയിലെ സയന്റിഫിക് ഓഫീസര്‍ ആണ് ലേഖകന്‍)