ടൽ എന്നു കേൾക്കുമ്പോൾതന്നെ നീലപ്പരവതാനിപോലെ പരന്നുകിടക്കുന്ന, പാൽനുര പതയുന്ന ഒരു മനോഹര ദൃശ്യമാണ്‌ ഒാടിയെത്തുന്നത്‌. ഗൂഗിളിലൂടെയും നാഷണൽ ജ്യോഗ്രഫിക്‌ ചാനലിലൂടെയുമൊക്കെ പരിചയപ്പെട്ട കടലിന്റെ അടിത്തട്ടിലെ കാഴ്ചകൾ നേരിട്ടറിയാനാണു ഞങ്ങൾ ഫ്രൺഡ്‌സ്‌ ഓഫ്‌ മറൈൻ ലൈഫ്‌ എന്ന സംഘടനയുടെ ഓഫീസിലെത്തിയത്‌. യു.എൻ. സമ്മേളനത്തിന്‌ ഭാരതത്തെ പ്രതിനിധീകരിച്ച ഏക സ്ഥാപനമാണിത്‌. അവിടെ നമുക്കു കടലിന്റെ രഹസ്യങ്ങൾ പറഞ്ഞുതരാനായി കാത്തുനിന്നത്‌ റോബർട്ട്‌ പനിപ്പിള്ള സാറും തീരദേശത്തുനിന്നുള്ള ആദ്യ വനിതാ സ്കൂബാ ഡൈവർ ആയ അനീഷ ചേച്ചിയും ആയിരുന്നു. പരിസ്ഥിതി സംരക്ഷണം എന്നാൽ കേവലം മരങ്ങളും പുഴകളും സംരക്ഷിക്കുക  മാത്രമല്ല എന്നും കടലും അത്‌ അർഹിക്കുന്നുണ്ട്‌ എന്ന ഓർമപ്പെടുത്തലോടെ റോബർട്ട്‌ സാർ കടൽക്കാഴ്ചകളെപ്പറ്റി പറഞ്ഞുതുടങ്ങി.

കടലിന്റെ അടിത്തട്ടിലെ ആവാസവ്യവസ്ഥയെക്കുറിച്ചാണ്‌ ആദ്യം അദ്ദേഹം വിശദീകരിച്ചത്‌. കടൽത്തട്ടുകൾ സാധാരണയായി മണ്ണുകൊണ്ടാണു നിറഞ്ഞിരിക്കുന്നത്‌. എന്നാൽ, വർക്കല, കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളിൽ വെട്ടുകല്ലും കരിങ്കല്ലും കൊണ്ടുണ്ടാക്കിയ ഉറച്ച പ്രതലമാണു കടലിനടിയിൽ. ഈ പാറ പ്രദേശങ്ങളിലാണ്‌ ഏറ്റവും കൂടുതൽ പവിഴപ്പുറ്റുകളെയും വർണമത്സ്യങ്ങളെയും സമുദ്രത്തിന്റെ അടിത്തട്ടിൽ ഉറച്ചിരിക്കുന്ന സെഡന്ററി ജീവികളെയും കാണപ്പെടുന്നത്‌. ഇത്തരം സെഡന്ററി ജീവികളെ ആശ്രയിച്ചാണു മറ്റെല്ലാജീവികളും ജീവിക്കുന്നത്‌.

ഈ വർഷത്തെ പരിസ്ഥിതിദിനത്തിന്റെയും സമുദ്രദിനത്തിന്റെയും പ്രധാനവിഷയംതന്നെ ‘Beat the Plastic Pollution’ ആണെന്നതിൽനിന്നുതന്നെ ആധുനികകാലത്ത്‌ ഈ വിഷയം എത്രത്തോളം പ്രാധാന്യം അർഹിക്കുന്നു എന്നു മനസ്സിലാക്കാം. നമ്മുടെ ചുറ്റുപാടും കാണുന്ന മാലിന്യങ്ങൾ കടലിലാണ്‌ എത്തിച്ചേരുന്നത്‌ എന്ന യാഥാർഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്‌. ഇങ്ങനെ വന്നടിയുന്ന പ്ളാസ്റ്റിക്‌ മാലിന്യത്തിൽ പകുതിയിലേറെയം ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പ്ളാസ്റ്റിക്കുകളാണ്‌ എന്നതാണ്‌ വിഷമകരം.

കേരളത്തിലെ ആദ്യത്തെ ഒരു കടൽ ശുചീകരണയജ്ഞമാണ്‌ ഫ്രൺഡ്‌സ്‌ ഓഫ്‌ മറൈൻ ലൈഫ്‌ സംഘടിപ്പിച്ചത്‌. അവരുടെ സംഘത്തിലെ വിദഗ്ദ്ധരായ സ്കൂബാ ഡൈവേഴ്‌സ്‌ വെറും ഒരുമണിക്കൂർകൊണ്ട്‌ കടൽത്തട്ടുകൾക്കുള്ളിനിന്നും ശേഖരിച്ച പ്ളാസ്റ്റിക്‌ 75 കിലോയോളം വരുന്നു. അവരുടെ വാക്കുകൾ ഇങ്ങനെ: ‘‘കടൽത്തട്ടിൽ കുന്നുകൂടിയിരിക്കുന്ന പ്ളാസ്റ്റിക്‌, ഒരു നിശ്ചിത സ്ഥലത്തു മാത്രമായിപ്പോലും എടുത്താൽ തീരാത്തതാണ്‌. ഇതൊരു ശാശ്വത പരിഹാരമല്ല എന്നറിയാം. എങ്കിലും പൊതുജനങ്ങളെ ബോധവത്‌കരിക്കാനാണ്‌ ഈ ശ്രമം’’.

ഇത്തരം പ്രകൃതിദത്തമായ ആവാസവ്യവസ്ഥകൾ മാത്രമല്ല കേട്ടോ കൂട്ടുകാരേ... മുങ്ങിപ്പോയ കപ്പലുകളും ഒരു കൃത്രിമആവാസവ്യവസ്ഥയായി മാറുന്നു. മുട്ടത്ത്‌ 2011-ൽ മുങ്ങിപ്പോയ കപ്പലിലുള്ള ആവാസവ്യവസ്ഥ ഇതിനുദാഹരണമാണ്‌. 

വിഴിഞ്ഞം തുറമുഖപദ്ധതിയെക്കുറിച്ച്‌ എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ... എന്നാൽ വിഴിഞ്ഞത്തെ ഡ്രഡ്‌ജിങ്‌ കാരണം നശിച്ചുപോയത്‌ അവിടത്തെ കടലിന്റെ ആവാസവ്യവസ്ഥയും അതിനെ ആശ്രയിച്ച ഭക്ഷ്യശൃംഖലയുമാണ്‌. കഴിഞ്ഞ നവംബറിൽ കടലിനെ കലുഷിതമാക്കിയ ഓഖി കൊടുങ്കാറ്റ്‌ കാരണം കടലിനും കടൽജീവികൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ മനുഷ്യർക്കുണ്ടായതിനേക്കാൾ എത്രയോ വലുതാണ്‌. കടൽത്തട്ടിലെ ഭംഗിയേറിയ വിശാലമായ ചിപ്പി കോളനി ഓഖി ദുരന്തത്തിനുശേഷം മണൽകൊണ്ടും പ്ളാസ്റ്റിക്‌ മാലിന്യം കൊണ്ടും മൂടപ്പെട്ടു. ഈ മണലും പ്ളാസ്റ്റിക്‌ മാലിന്യങ്ങളും കടലിൽ വന്നുചേരുന്നത്‌, പുഴകളിൽനിന്നും പൊഴികളിൽനിന്നുമാണു. കരയിലേയും കടലിലേയും ജീവജാലങ്ങൾ നേരിടുന്ന ഭീഷണിയെപറ്റി ഓർക്കുമ്പോഴാണ്‌ പ്ളാസ്റ്റിക്‌ മാലിന്യത്തെപ്പറ്റി നാം ചിന്തിക്കേണ്ടത്‌.

പ്ളാസ്റ്റിക്‌ മാലിന്യങ്ങളെപ്പോലെ അപകടകാരിയാണ്‌ ഇടയ്ക്കിടെ മീൻപിടുത്തക്കാരുടെ കൈകളിൽനിന്നും നഷ്ടപ്പെടുന്ന നൈലോൺ വലകളും. വലകൾ കടലിന്റെ അടിത്തട്ടിൽ വന്നുപതിക്കുകയും അനേകം ജീവജാലങ്ങളെയും അവയുടെ ആവാസവ്യവസ്ഥയെയും നശിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ അവ പ്രേതവലകളായിത്തീരുന്നു! മീൻപിടുത്തക്കാരുടെ കൈയിൽനിന്നും നഷ്ടപ്പെടുന്ന വലകളിൽ 10ശതമാനം വലകളും പ്രേതവലകളായി മാറുന്നു. കടലാമകൾ, കടൽക്കുതിരകൾ തുടങ്ങിയ ചെറുജീവികളുടെ ജീവൻ പ്രേതവലകളിൽകുടുങ്ങി അവസാനിക്കുന്നു.

ഇനി പ്ളാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളിലേക്കു കടക്കാം. മനുഷ്യർ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ളാസ്റ്റിക്‌ മിഠായിത്തൊലിയായാലും അവസാനം അതു വന്നെത്തുന്നതു സമുദ്രത്തിലാണ്‌. സമുദ്രത്തിലെ എല്ലാ വസ്തുക്കളുടെ പുറത്തും സയനോബാക്ടീരിയ ഒരു ആവരണം ഉണ്ടാക്കുമെന്നും ഈ ആവരണത്തെ ബയോഫിലിം എന്നും വിളിക്കുന്നു. ഇതിനെ മീനുകൾ ആഹാരമാക്കുന്നു. അങ്ങനെ ബയോഫിലിം ആവരണമുള്ള പ്ളാസ്റ്റിക്കുകളെയും അകത്താക്കുന്നു. വലിയ പ്ളാസ്റ്റിക്‌ വസ്തുക്കൾ യു.വി. കിരണങ്ങൾകൊണ്ടോ തിരമാലയുടെ ചലനംകൊണ്ടോ കടലിന്റെ അസിഡിറ്റികൊണ്ടോ മൈക്രോപ്ളാസ്റ്റിക്കായിമാറുന്നു. ഈ പ്ളാസ്റ്റിക്‌ തരികളെ മീനുകൾ ഭക്ഷിക്കുന്നു. മീനുകളെ നാം ഭക്ഷിക്കുന്നു. കൈയിൽ നിന്നും കടലിലേക്കും തിരികെ നമ്മുടെ തീൻമേശയിലേക്കും. ചുരുക്കിപ്പറഞ്ഞാൽ അപകടകാരിയായ മൈക്രോപ്ളാസ്റ്റിക്‌ ഭക്ഷിക്കുന്നതു നാം തന്നെ! വളരെ ശുദ്ധമെന്നു നാം കരുതുന്ന കടലുപ്പുപോലും അശുദ്ധമാണ്‌. ഒരു സൂക്ഷ്മദർശിനി (മൈക്രോസ്കോപ്പ്‌) ഉപയോഗിച്ച്‌ ഉപ്പിനെ പരിശോധിച്ചാൽ മനസ്സിലാകും ഉപ്പിൽ മൈക്രോപ്ളാസ്റ്റിക്കിന്റെ അളവ്‌ എത്രത്തോളമുണ്ടെന്ന്‌.

പരിസ്ഥിതി എന്നു പറയുമ്പോൾ മണ്ണും മരങ്ങളും മാത്രമല്ല, കടലുമുൾപ്പെടും എന്നു നാം മനസ്സിലാക്കണം. മനുഷ്യജീവൻ ആ കടലിനോട്‌ ഒരുപാടു കടപ്പെട്ടിരിക്കുന്നു. കടലിനെ സംരക്ഷിക്കേണ്ടതു നമ്മുടെ കടമയായിത്തീരുകയാണ്‌. ഈയൊരു ലക്ഷ്യം സാക്ഷാത്‌കരിക്കാനായി നമുക്കേവർക്കും കൈകോർക്കാം...

തയ്യാറാക്കിയത്‌ : 
ദേവബാല എസ്‌., മണികണ്ഠൻ, മാളവികാ തമ്പി