വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം ഇന്ത്യയാണ്. പ്ലാസ്റ്റിക്ക് മലിനീകരണത്തെ ചെറുക്കുക- Beat Plastic Pollution- എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്ലാസ്റ്റിക് എന്ന മാരക വിപത്തിനെ പ്രതിരോധിക്കാന്‍ ഒരുമിക്കുന്നത്. ലോകത്തെ ഓരോ പ്രദേശവും നിമിഷംപ്രതി പ്ലാസ്റ്റിക്കുയര്‍ത്തുന്ന ദുരന്തങ്ങളിലേക്ക് കൂടുതല്‍ക്കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന ഓര്‍മപ്പെടുത്തലാണ് ഈ പരിസ്ഥിതി ദിനം നല്‍കുന്നത്.

പ്ലാസ്റ്റിക്കിനു പകരമായി ഉപയോഗിക്കാവുന്ന അപകടരഹിതമായ മറ്റു വസ്തുക്കള്‍ കണ്ടെത്തുകയും ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉത്പാദനവും ഉപയോഗവും പരമാവധികുറക്കുകയുമാണ് ലോക പരിസ്ഥിതി ദിനം മുന്നോട്ടുവയ്ക്കുന്ന ആശയം. ഇതിനായി സര്‍ക്കാരുകള്‍, വ്യസായ മേഖലകള്‍, സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവരെല്ലാം മുന്നോട്ടുവരുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്യാന്‍ പരിസ്ഥിതി ദിനം ആഹ്വാനം ചെയ്യുന്നു.

പ്ലാസ്റ്റിക്കിന്റെ ഭീഷണി മണ്ണിനെ മലിനവും വിഷകരവുമാക്കുന്നതായി നമുക്കറിയാം. എന്നാല്‍ സമുദ്രത്തെയും സമുദ്രജീവികളെയും പ്ലാസ്റ്റിക് എങ്ങനെ ബാധിക്കുന്നു എന്ന് നാം പലപ്പോഴും വേണ്ടത്ര തിരിച്ചറിയാറില്ല. ജലത്തെയും ജലജീവികളെയും അപകടകരമായ വിധത്തില്‍ നാശത്തിലേക്കു വലിച്ചിഴയ്ക്കുകയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നാണ് പഠനങ്ങള്‍ പറയുന്നത്. തിമിംഗലങ്ങള്‍ അടക്കമുള്ള കടല്‍ജീവികള്‍ക്ക് പ്ലാസ്റ്റിക് ഉയര്‍ത്തുന്ന വലിയ ഭീഷണിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഓരോവര്‍ഷവും കടലിലെത്തുന്നത് 800 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കരയെപ്പോലെതന്നെ കടലും അതി തീവ്രമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സമീപകാല അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

sperm whale
@EspaciosNaturalesMur

 

പ്ലാസ്റ്റിക് മാലിന്യം ഭക്ഷിച്ച് തിമിംഗലങ്ങള്‍ ചത്തു കരക്കടിയുന്നത് ഇപ്പോള്‍ പതിവായി മാറിയിരിക്കുന്നു. തായ്ലാന്‍ഡിലെ സോംഗ്ഖല പ്രവിശ്യയില്‍ അവശനിലയില്‍ കരക്കടിഞ്ഞ തിമിംഗലത്തെക്കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കനാലില്‍ കണ്ടെത്തിയ ഈ പൈലറ്റ് തിമിംഗിലത്തിന്റെ വയറ്റില്‍നിന്ന് കണ്ടെത്തിയത് എട്ടു കിലോ പ്ലാസ്റ്റിക്കാണ്. 80 പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് കുപ്പികളും അടക്കമായിരുന്നു അത്.

അടുത്തിടെ സ്പെയിനിന്റെ തെക്കുകിഴക്കന്‍ തീരപ്രദേശമായ കാബോ ഡി പലോസയിലെ കടല്‍ത്തീരത്ത് അടിഞ്ഞ തിമിംഗലത്തിന്റെ വയറ്റില്‍നിന്ന് ലഭിച്ചത് 30 കിലോ പ്ലാസ്റ്റിക് ആണ്. ബാഗുകള്‍, കയര്‍, വലയുടെ ഭാഗങ്ങള്‍, വീപ്പ, ചാക്ക് തുടങ്ങി നിരവധി വസ്തുക്കളാണ് തിമിംഗലത്തിന്റെ വയറ്റില്‍ ഉണ്ടായിരുന്നത്. മനുഷ്യന്‍ ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയ തോതില്‍ കടല്‍ ജീവികളുടെ ജീവനെടുക്കുന്നുണ്ടെന്ന് മുര്‍സിയയിലെ പരിസ്ഥിതി വകുപ്പിന്റെ തലവന്‍ കോണ്‍സ്വേലോ റൊസോറോ ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടണ്‍, നെതര്‍ലന്‍ഡ്സ്, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ജര്‍മനി എന്നിവടങ്ങളിലായി 30ല്‍ അധികം തിമിംഗലങ്ങളാണ് അടുത്ത കാലത്ത് ചത്ത് തീരത്തടിഞ്ഞത്. ഇവയുടെയെല്ലാം മരണ കാരണം ശരീരത്തിനുള്ളില്‍ വന്‍തോതില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളായിരുന്നു. വര്‍ധിച്ച തോതില്‍ വയറ്റിലെത്തിയ ഇത്തരം വസ്തുക്കള്‍ ദഹിക്കാതെ പുറന്തള്ളാനും സാധിക്കാതെ വയറ്റില്‍ കെട്ടിക്കിടന്നതാണ് തിമിംഗലം ചാകാന്‍ കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

സമുദ്രം പ്ലാസ്റ്റിക് മാലിന്യത്തിന്റെ നിക്ഷേപഭൂമിയാകുന്നതിന്റെ പ്രത്യാഘാതം നാം വിചാരിക്കുന്നതിലും ഏറെ വലുതാണെന്ന് വ്യക്തമാക്കുന്നതാണ് തെക്കന്‍ പസഫിക്കിലെ ഹെന്‍ഡേഴ്‌സണ്‍ ദ്വീപിന്റെ അനുഭവം. ആള്‍പ്പാര്‍പ്പില്ലാത്ത ഈ ദ്വീപില്‍ അടിഞ്ഞു കൂടിയിരിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് ആരെയും ഞെട്ടിക്കുന്നതാണ്. ഈ ദ്വീപിന്റെ തീരങ്ങളില്‍ 3.77 കോടി പ്ലാസ്റ്റിക് കഷ്ണങ്ങളുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഉപയോഗിച്ച് വലിച്ചെറിഞ്ഞ വെള്ളക്കുപ്പികള്‍, പ്ലാസ്റ്റിക് ഹെല്‍മറ്റുകള്‍, പ്ലാസ്റ്റിക് വീപ്പകള്‍ എന്നുവേണ്ട മനുഷ്യനുപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളെല്ലാം ഈ ദ്വീപിന്റെ തീരത്ത് അടിഞ്ഞുകൂടിയിട്ടുണ്ട്. ഓരോ ചതുരശ്ര മീറ്ററിലും 671 പ്ലാസ്റ്റിക് വസ്തുക്കള്‍ വീതമുണ്ട്. ആകെ 17 ടണ്‍ മാലിന്യമുണ്ടെന്നാണ് കണക്കാക്കുന്നത്. 

തെക്കേ അമേരിക്കയില്‍നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടലിലൂടെ ഒഴുകിയെത്തി ഈ തീരത്തടിഞ്ഞിരിക്കുന്നത്. ഈ ദ്വീപിന് ഏറ്റവും അടുത്തുള്ള മനുഷ്യവാസ കേന്ദ്രം 5,000 കിലോമീറ്റര്‍ ദൂരെയാണ്. ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെയുള്ള ജനങ്ങള്‍ ഉപയോഗിച്ച വസ്തുക്കള്‍ എങ്ങനെയാണ് മനുഷ്യന്‍ എത്തിച്ചേരുകപോലും ചെയ്യാത്ത ഒരു പ്രദേശത്തെ കടുത്ത പാരിസ്ഥിതിക ആഘാതത്തിലേയ്ക്ക് നയിക്കുന്നതെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഭൂമിയുടെ നിലനില്‍പ്പിന് പ്ലാസ്റ്റിക് ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് ഈ സാഹചര്യത്തില്‍ ഉണ്ടാവേണ്ടത്. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉത്പാദനവും ഉപയോഗവും പരമാവധികുറക്കുക, ഉപയോഗിക്കുന്നവയുടെ പുനരുപയോഗവും പുനരുല്‍പാദനവും പരമാവധീകരിക്കുക, പ്ലാസ്റ്റിക് സംസ്‌കരണത്തിന് ഉചിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുക, പ്ലാസ്റ്റിക്കിന് പകരം മറ്റു വസ്തുക്കള്‍ കണ്ടെത്തുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ നമുക്ക് ചെയ്യാനാകും. കരയെയും കടലിനെയും വായുവിനെയുമെല്ലാം മലിനീകരണങ്ങളില്‍നിന്ന് മോചിപ്പിക്കേണ്ടത് എല്ലാ ചരാചരങ്ങളുടെയും നിലനില്‍പ്പിന് അനിവാര്യമാണെന്ന് ഓര്‍മിപ്പിക്കുകയാണ് ഈ ലോക പരിസ്ഥിതി ദിനം.