ഏതൊക്കെത്തരത്തിലുള്ള ഊർജസ്രോതസ്സുകളാണ്‌ ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്നത്‌?

നിലവിൽ പുനരുപയോഗിക്കുന്നത്‌, പുനരുപയോഗിക്കാൻ സാധ്യമല്ലാത്തത്‌ എന്നീ രണ്ടുതരത്തിലുള്ള ഊർജസ്രോതസ്സുകളാണ്‌ ഉപയോഗിക്കപ്പെടുന്നത്‌. പെട്രോളിയം ഉത്‌പന്നങ്ങൾ, തെർമൽ, ന്യൂക്ളിയർ, ഫോസിൽ ഇന്ധനങ്ങൾ, പുനരുപയോഗിക്കപ്പെടാൻ സാധ്യമല്ലാത്ത ഗണത്തിൽപ്പെടുന്നത്‌, കാറ്റ്‌, സൂര്യൻ എന്നിവയിൽനിന്നുള്ളതും ബയോഗ്യാസുമാണ്‌ പുനരുപയോഗിക്കാൻ കഴിയുന്ന ഊർജസ്രോതസ്സിൽപ്പെട്ടുന്നത്‌. കൂടുതൽ ഉപയോഗിക്കപ്പെടുന്നത്‌ പുനരുപയോഗിക്കാൻ കഴിയാത്ത ഊർജസ്രോതസ്സുകളാണ്‌. ഇക്കാരണത്താലാണ്‌ കാർബൺഡയോക്‌സൈഡിന്റെ അളവ്‌ ഭൂമിയിൽ വർദ്ധിക്കുന്നത്‌. ഇത്‌ കാലാവസ്ഥാവ്യതിയാനത്തിനും ആഗോളതാപനത്തിനും കാരണമായിത്തീരുന്നു.

ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം കൊണ്ട്‌ ഊർജപ്രതിസന്ധിയെ മറികടക്കാൻ കഴിയുമോ?

ഇന്ന്‌ ആധുനിക സാങ്കേതികവിദ്യയുടെ സഹായംകൊണ്ട്‌ പുനരുപയോഗിക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകളെ പ്രയോജനപ്പെടുത്താനുള്ള കണ്ടുപിടിത്തങ്ങൾ നിലവിൽ വന്നിട്ടുണ്ട്‌. അതിനുദാഹരണമാണ്‌ സോളാർ പാനലുകൾ, കാറ്റാടിപ്പാടങ്ങൾ, ബയോഗ്യാസ്‌ പ്ളാൻുകൾ എന്നിവ. എന്നാൽ, ഇവ സാധാരണ ജനങ്ങൾക്ക്‌ താങ്ങാവുന്നതല്ല. ഇത്തരം സാങ്കേതിക വിദ്യകൾ എല്ലാ ജനങ്ങളിലും എത്തിക്കുന്നതിനുള്ള ഗവേഷണങ്ങൾ ഇന്നും നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ.
പരിസ്ഥിതിയും വികസനവും നാം ഈ കാലഘട്ടത്തിൽ ചർച്ചചെയ്യപ്പെടുന്ന വിഷയമാണ്‌. ഇതിൽ ഏതിനാണ്‌ കൂടുതൽ ഊന്നൽ നൽകേണ്ടത്‌?
പരിസ്ഥിതിയും വികസനവും ഇല്ലാതെ ഒരു സമൂഹത്തിനും നിലനിൽപ്പില്ല. ഇതുരണ്ടിനും ഒരേ പ്രാധാന്യമാണ്‌. വികസനം മനുഷ്യനന്മയ്ക്കുവേണ്ടിയാണ്‌. അത്‌ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടായാൽ അത്‌ മനുഷ്യനെ സാരമായിബാധിക്കുന്നു.

കുട്ടികളെന്ന നിലയ്ക്ക്‌ ഊർജസംരക്ഷണത്തിനായി നമുക്കെന്തുചെയ്യാൻ സാധിക്കും?

എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണ്‌ വൈദ്യുതി ഉപഭോഗം കുറയ്ക്കുക എന്നത്‌. എല്ലാവരും അവഗണിക്കുന്ന ഒന്നാണെങ്കിലും ഏറ്റവും പ്രാധാന്യം അർഹിക്കുന്നത്‌ ഏറ്റവുമധികം ഊർജം സംരക്ഷിക്കാനാവുന്നതും ഈ മാർഗത്തിലൂടെയാണ്‌. ഇതിനായി വീടിന്റെ നിർമാണം കാറ്റും വെളിച്ചവും കടക്കുന്നരീതിയിൽ ആയിരിക്കണം. പഴക്കംചെന്ന ബൾബുകൾ നീക്കംചെയ്ത്‌ എൽ.ഇ.ഡി., സി.എഫ്‌.എൽ. ബൾബുകൾ ഉപയോഗിക്കണം.

പുനരുപയോഗിക്കാവുന്ന ഊർജസ്രോതസ്സുകളിലേക്കു മാറേണ്ടതിന്റെ ആവശ്യകത എന്താണ്‌?

നമ്മുടെ രാജ്യത്തിന്റെ വൈദ്യുതി ഉൽപാദനത്തിന്റെ വലിയൊരുപങ്കും കൽക്കരി കത്തിച്ച്‌ ലഭിക്കുന്നതാണ്‌. ഇത്‌ വൻതോതിൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക്‌ കാരണമാകുന്നു. ഇതുപോലെതന്നെ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതിനുള്ള ന്യൂക്ളിയർ റിയാക്ടറുകളും ചിലപ്പോഴൊക്കെ പ്രകൃതിക്ക്‌ ഭീഷണിയായി നിലനിൽക്കുന്നുണ്ട്‌. ഇതുകൊണ്ടൊക്കെയാണ്‌ പുനരുപയോഗിക്കുന്ന ഊർജസ്രോതസ്സുകളെ നാം കൂടുതലായി ആശ്രയിക്കേണ്ടതിന്റെ ആവശ്യകത.