രോ കിളിയൊച്ചയും ലതികയ്ക്ക്‌ മനഃപാഠമാണ്‌. എത്രദൂരത്ത്‌ നിന്നും അത്‌ കേട്ടാൽ പക്ഷി ഏതെന്നും അതിന്റെ പ്രത്യേകതയെന്തെന്നും അവർ പറയും. അധ്യാപനത്തോടൊപ്പം പക്ഷിനിരീക്ഷണത്തിൽ തന്റേതായ ഇടം അടയാളപ്പെടുത്തുകയാണ് ചുണ്ടങ്ങാപ്പൊയിൽ മാപ്പിള എൽ.പി. സ്കൂളിലെ പ്രഥമാധ്യാപികയായ ലതിക.  

എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് കെ.കെ.ലതികയ്ക്ക് പക്ഷിനിരീക്ഷണത്തിൽ താത്പര്യം തുടങ്ങിയത്. അന്ന് ചുണ്ടങ്ങാപ്പൊയിൽ ഗവ. ഹൈസ്‌കൂളിൽ  നേച്ചർ ക്ലബ് സെക്രട്ടറി ആകുന്നതോടെയാണ് പ്രകൃതിയുമായുള്ള ബന്ധത്തിന് തുടക്കം. പ്രകൃതി നിരീക്ഷണത്തിന്റെ റിപ്പോർട്ടുകൾ മൈന, സൂചീമുഖി തുടങ്ങിയ മാസികകളിലേക്ക് അയച്ചുകൊടുക്കാറുണ്ടായിരുന്നു. അവയുടെ പ്രസാധകനായ ജോൺ സി.ജേക്കബിന്റെ മറുപടിക്കത്തും കൂടെ കിട്ടുന്ന പക്ഷികളുടെ ചിത്രമുള്ള കാർഡുകളുമായിരുന്നു  പക്ഷികളുടെ ലോകത്തേക്ക് വഴിതിരിച്ചുവിട്ടത്.

പ്രൊഫ. കെ.കെ. നീലകണ്ഠന്റെ ''കേരളത്തിലെ പക്ഷികൾ'' എന്ന പുസ്തകമാണ് കൂടുതൽ സമയം പക്ഷിനിരീക്ഷണത്തിനായി മാറ്റാൻ   പ്രേരിപ്പിച്ചത്. പക്ഷികൾ മാത്രമല്ല ചിത്രശലഭങ്ങൾ, സസ്യങ്ങൾ തുടങ്ങിയവയെപ്പറ്റിയും കൂടുതലായി വായിക്കുന്നു.

ചെമ്പോത്തിന്റെ കൂട്ടിൽ നീലക്കൊടുവേലിയില്ല

പക്ഷികളെ വെറുതെ കാണുകയല്ല അവയുടെ ജീവിതത്തെ  കുറിച്ചുള്ള പൂർണമായ ഒരു പഠനമാണ് ലതിക ലക്ഷ്യമിടുന്നത്. നാട്ടിൽ കാണുന്ന മിക്കവാറും പക്ഷികളുടെ കൂട്‌ കണ്ടിട്ടുണ്ട്. ഒഴിഞ്ഞ കൂടുകൾ, മുട്ടത്തോട്, തൂവൽ തുടങ്ങിയവയുടെ ശേഖരവുമുണ്ട്. ചെമ്പോത്തിന്റെ കൂടിനെ കുറിച്ച് കുറെ അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. അതിന്റെ കൂട്ടിൽ നീലക്കൊടുവേലി എന്ന അപൂർവ ഔഷധത്തിന്റെ വേരുണ്ടെന്നും മറ്റും. 

എല്ലാ മഴക്കാലത്തും അവയുടെ കൂടുകൾ  കാണാറുള്ള ലതിക പറയുന്നു, അതിൽ ഓലയും ഈർക്കിലും മാത്രമാണുള്ളതെന്ന്‌. തെങ്ങിന്റെ മുകളിൽ ഓലകൾ പൊട്ടിപ്പുറപ്പെടുന്നിടത്ത് ഓലകൾ ചീന്തിയെടുത്ത്‌ ഒരു പന്തുപോലെയാണ് കൂട്. അതിൽ ദിവ്യ ഔഷധം ഒന്നുമില്ല- അവർ കൂട്ടിച്ചേർത്തു. 

ചുണ്ടങ്ങാപ്പൊയിലിലെ വീട്ടുപറമ്പും തൊട്ടടുത്തുള്ള വയലും ആണ് തന്റെ മുഖ്യ നിരീക്ഷണ കേന്ദ്രമെന്ന് ലതിക പറയും. നൂറ്റിപ്പത്തോളം ഇനം പക്ഷികൾ അവിടെ ഉണ്ട്. ജോലികൾ സമയത്തുതന്നെ ചെയ്തു തീർക്കണം. അതാണ് എനിക്ക് യാത്രകൾക്കായുള്ള സമയം നേടിത്തരുന്നത്- ലതിക പറയുന്നു. 

അത്തരം വനയാത്രകളാണ് പുതിയ കണ്ടെത്തലുകൾ സമ്മാനിക്കുന്നത്. ഇത്തരം യാത്രകളിലൊന്നിലാണ് നിലമ്പൂരിലെ തേക്കുതോട്ടത്തിൽ വച്ച് ഏറെ അപൂർവമായ മരപ്രാവിനെ (Nilgiri Wood Pigeon)  കാണാൻ കഴിഞ്ഞത്‌. 

മാടായിപ്പാറയാണ് ഒരു സ്ഥിരം സന്ദർശനകേന്ദ്രം. അവിടേക്കുള്ള ഓരോ യാത്രയിലും ഏതെങ്കിലും ഒരു പുതിയ ഇനത്തെ കാണാൻ ഭാഗ്യമുണ്ടാകാറുണ്ട്. തളിപ്പറമ്പിലെ ഉൾനാടൻ വയലുകൾ, നീർത്തടങ്ങൾ എന്നിവ ദേശാടനക്കിളികളുടെ സ്വർഗമാണ്.  കുപ്പം മുക്കുന്ന് വയലിലെ  അരയാൽ ഒരുപാട് പക്ഷികളുടെ ആവാസ കേന്ദ്രമാണ്. 

കുപ്പത്തുള്ള ഒരു സുഹൃത്താണ് ആ സ്ഥലത്തെക്കുറിച്ചുള്ള വിവരം തന്നത്.  ഒരു മരം എങ്ങനെ ജൈവ വ്യവസ്ഥയുടെ പ്രധാന ഭാഗമാവുന്നു എന്നതാണ് അരയാൽ നൽകുന്ന പാഠമെന്ന് ലതിക പറയുന്നു. 

പഴയകാലത്തെ അപേക്ഷിച്ച്‌ ഇന്ന് പക്ഷിനിരീക്ഷകരുടെ എണ്ണം കൂടിയിട്ടുണ്ട്. ഫോട്ടോഗ്രാഫിയിൽ താത്‌പര്യമുള്ളവരുടെ എണ്ണം കൂടിയതാണ് ഒരു പ്രധാന കാരണം.   പ്രകൃതിസംരക്ഷണത്തിൽ ജനങ്ങൾക്ക് കുറച്ച്‌ അവബോധം ഉണ്ടായിട്ടുണ്ട്, മാറുന്ന കാലാവസ്ഥയും വരൾച്ചയും അതിനൊരു കാരണമാണ്. എങ്കിലും  ബൈനോക്കുലേഴ്‌സും ക്യാമറയുമായി നടക്കുന്നവരെ സംശയത്തോടെ കാണുന്നവരുമുണ്ട്.   കഴിഞ്ഞ വർഷം ജനുവരിയിൽ തിരുനാവായയിലെ  റീ എക്കോ നടത്തിയ ക്യാമ്പിൽ പക്ഷികളെ പരിചയപ്പെടുത്തി ലതിക ക്ലാസ് എടുത്തിരുന്നു. അതിന്റെ തുടർച്ചയായി കഴിഞ്ഞ ദേശീയ പക്ഷിനിരീക്ഷണ ദിനത്തിൽ അമ്പതോളം കുട്ടികൾക്ക് പക്ഷിനിരീക്ഷണത്തിൽ പരിശീലനം നൽകി. 

റീ എക്കോയുടെ പ്രവർത്തനങ്ങളിലൂടെയാണ് തിരുനാവായ അപൂർവപക്ഷികളുടെ സങ്കേതമാണെന്ന് കണ്ടെത്താൻ കഴിഞ്ഞത്. അവിടത്തെ താമരപ്പാടം ഇന്ന് പക്ഷിസംരക്ഷണകേന്ദ്രമാണ്‌. വനം വകുപ്പ് ഒരു കാവൽക്കാരനെ നിയമിച്ചിട്ടുണ്ട്.    ജോലിയിൽനിന്ന്‌ വിരമിച്ചാൽ പക്ഷികളുമായി ബന്ധപ്പെട്ട് കൂടുതൽ പഠനത്തിൽ ഏർപ്പെടാനാണ് ലതികയുടെ താത്‌പര്യം.   യാത്രകളിൽ ലതികയ്ക്കൊപ്പം ഫോട്ടോഗ്രാഫിയിൽ താത്‌പര്യമുള്ള മകൻ സിദ്ധാർഥ്‌ ഉണ്ടാകും.