പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ലോകമോ...? ഓര്‍ക്കാന്‍കൂടി വയ്യ അല്ലേ...? എന്നാല്‍ പ്ലാസ്റ്റിക് കുന്നുകൂടിയ ലോകത്തെക്കുറിച്ച് ഓര്‍ത്തുനോക്കൂ... അവസ്ഥ ഭീകരം തന്നെ... ഈ ഭീകരാവസ്ഥയിലേക്കാണ് നമ്മള് നടന്നു നീങ്ങി കൊണ്ടിരിക്കുന്നത്. പരിസ്ഥിതി സ്നേഹികളായ വിരലിലെണ്ണാവുന്നവര്‍ പ്ലാസ്റ്റിക് മുക്ത നാടിനായി ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, പ്ലാസ്റ്റിക് കാരിബാഗുകളും പ്ലാസ്റ്റിക് കുപ്പികളുമായി നമ്മള് നമ്മുടേതായ രീതിയില്‍ ആ ദൗത്യത്തെ തകര്‍ക്കുന്നു.
പ്ലാസ്റ്റിക് വളരുന്നതിനോടൊപ്പം, മരങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇതിനൊരു പ്രതിവിധി കാണാന്‍ നമ്മള് ഈ പരിസ്ഥിതി ദിനത്തിലെങ്കിലും ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചുതുടങ്ങണം. ഒരു വൃക്ഷത്തൈ നട്ട്് സെല്‍ഫി എടുത്തതുകൊണ്ട് ഒരു മാറ്റവും വരില്ല. അവ വൃക്ഷമായി വളരുന്നതുവരെ പരിപാലിക്കാന്കൂടി നാം തീരുമാനിക്കണം. മുമ്പത്തെ വര്‍ഷം വൃക്ഷത്തൈ നട്ട അതേ കുഴിയില്‍ത്തന്നെ അടുത്തവര്‍ഷം വൃക്ഷത്തൈ നടുന്ന കാഴ്ചയാണ് പരിസ്ഥിതി ദിനത്തില്‍ കൂടുതലും കണ്ടുവരുന്നത്.
ഐക്യരാഷ്ട്ര സഭാ പരിസ്ഥിതി സമിതിയുടെ മേല്‍നോട്ടത്തില്‍ ഈ വര്‍ഷം നടത്തുന്ന ‘ലോക പരിസ്ഥിതി ദിന’ ആചരണത്തിന് ആതിഥ്യം വഹിക്കുന്നത് ഇന്ത്യയാണ്. ‘ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍’ (‘പ്ലാസ്റ്റിക് മലിനീകരണത്തെ തോല്‍പ്പിക്കുക’) എന്നതാണ് അതിന്റെ സന്ദേശം. ഈ സന്ദേശം സാക്ഷാത്കരിക്കാന്‍ നമ്മുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം.
പ്ലാസ്റ്റിക് സൂക്ഷിക്കുന്ന വേറിട്ട മനുഷ്യന്
‘ഇയാള്ക്കിതെന്തൊരു വട്ടാ, വീടിന് മുകളില്‍ ആക്രി ചാക്കിലാക്കി കെട്ടിവയ്ക്കുന്നോ...?’ എരൂരില്‍ താമസിക്കുന്ന പി.കെ. വാസുവിന്റെ വീട്ടിലെത്തുന്നവര്‍ ആദ്യം മനസ്സില്‍ ചോദിക്കുന്ന ചോദ്യം ഇതായിരിക്കും. വാസുവിന്റെ വീടിന്റെ ടെറസിലെ ചാക്കുക്കെട്ടുകള്‍ നിറയെ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് വസ്തക്കള്‍ കൂട്ടിയിട്ടിരിക്കുകയാണ്. 2003-ല്‍ പുതിയ വീട്ടിലേക്ക് താമസംമാറിയതു മുതലുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ മുഴുവന്‍ ചാക്കുകെട്ടുകളിലാക്കി കൂട്ടിവെച്ചിട്ടുണ്ട്... 19 വര്‍ഷം മുമ്പ് മകള്‍ ഉപയോഗിച്ചിരുന്ന കളിപ്പാട്ടങ്ങളും കൂട്ടത്തിലുണ്ട്.
ഉപയോഗിച്ചു പഴകിയ പേനകള്‍ തന്നെയുണ്ട് അരച്ചാക്ക്. ഒരു കുടുംബം ദിവസവും ഇത്രയും പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ടോ എന്നുതന്നെ നമ്മള് സംശയിച്ചുപോകും. ട്യൂബ് ലൈറ്റുകള്‍, സി.എഫ്.എല്‍. ബള്‍ബുകള്‍, സി.ഡി.കള്‍, ബാറ്ററികള്‍, റിമോട്ടുകള്‍, മൊബൈല്‍ ചാര്‍ജറുകള്‍ തുടങ്ങിയ ഇ-മാലിന്യങ്ങളും ഇത്തരത്തില്‍ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. മരുന്നിന്റെ കവര്‍, ചെരുപ്പ്, ബാഗ്, പ്ലബിങ്ങിന് ശേഷം ബാക്കിയാവുന്ന പി.വി.സി. പൈപ്പുകള്‍ എന്നിവയുമുണ്ട് കൂട്ടത്തില്‍.
ആയിരക്കണക്കിന് പാലിന്റെ കവറുകളാണ് വാസു സൂക്ഷിച്ചുവെച്ചിട്ടുള്ളത്. പാലിന്റെ കവര്‍ മുറിച്ച് പാലെടുത്തശേഷം അത് വൃത്തിയായി കഴുകി വെള്ളം ഊറ്റിക്കളയും. ശേഷം കവര്‍ പൂര്‍ണമായി ഉണങ്ങിയതിനു ശേഷം ഇവ ചാക്കിൽക്കെട്ടി സൂക്ഷിക്കും.
ഇതിനിടെ മൂന്നുകൊല്ലം പ്ലാസ്റ്റിക് തൃപ്പൂണിത്തുറ നഗരസഭ എടുത്തിരുന്നു. നഗരസഭയുടെ ഉദ്ഘാടനം തന്നെ പി.കെ. വാസുവിന്റെ വീട്ടില്‍ നിന്ന് പ്ലാസ്റ്റിക് എടുത്തായിരുന്നു. ഇതോടെ പി.കെ. വാസു സന്തോഷിച്ചു. എന്നാല്‍, ഈ സന്തോഷം അധികം നാള് നീണ്ടുനിന്നില്ല. ആദ്യകാലങ്ങളില്‍ കുടുംബാംഗങ്ങള്‍ക്ക് പോലും വാസുവിന്റെ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പുണ്ടായിരുന്നു. പിന്നീട് വാസുവിന്റെ ചിന്തയെ അവര്‍ തിരിച്ചറിഞ്ഞുതുടങ്ങി. ഇന്ന് ഇളയമകന് പോലും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കൂടെയുണ്ട്.
‘മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനം ചെയ്യാനുള്ള സൗകര്യം എന്ന് ഒരുങ്ങുന്നുവോ, അന്നുമാത്രമേ തന്റെ കൈയിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നല്‍ക്കുകയുള്ളൂ. അതുവരെ എത്ര പ്ലാസ്റ്റിക് വന്നാലും താന്‍ സൂക്ഷിക്കും’ എന്നാണ് വാസു പറയുന്നത്. നമ്മുടെ സൗകര്യത്തിനുവേണ്ടി വാങ്ങിയ പ്ലാസ്റ്റിക്കാണ്, നമ്മള് സൂക്ഷിക്കുമ്പോള്‍ അത് ഒരു പ്ലാസ്റ്റിക് വസ്തുവാണ്. പുറത്തേക്ക് വലിച്ചെറിയുമ്പോള്‍ അത് മാലിന്യമാകുകയും മറ്റുള്ളവര്‍ക്ക് ശല്യമാകുകയും ചെയ്യുകയാണ്.
ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റിലെ റിട്ട. ഉദ്യോഗസ്ഥനാണ് വാസു. തൃപ്പൂണിത്തുറ സംസ്കൃതം കോളേജ് പ്രിന്‍സിപ്പാലായ ശോഭയാണ് ഭാര്യ. മകള്‍ അശ്വനി, ബിരുദ വിദ്യാര്‍ഥിയാണ്. മകന് അഭിനവ് അഞ്ചാം ക്ലാസില്‍ പഠിക്കുന്നു.
വാസുവിന്റെ മാതൃക പിന്തുടര്ന്ന് നാട്ടുകാര്‍
സമീപത്തെ ഒരു പലചരക്ക് കടയില്‍ നിന്ന് വാസു സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്ലാസ്റ്റിക് കവറില്‍ സാധനമിട്ട് നല്‍കുമായിരുന്നു. ഇത് തുടര്‍ന്നതോടെ വാസു ‘തുണിസഞ്ചി’ കൊണ്ടുപോയി സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങി. ശേഷം പ്ലാസ്റ്റിക് കവര്‍ കടയില്‍ നിന്ന് വാങ്ങിക്കൊണ്ടുപോകും. പത്തു ദിവസം കഴിയുമ്പോള്‍ ഈ പ്ലാസ്റ്റിക് കവറുകള്‍ തിരികെ കടയില്‍ കൊണ്ടുപോയി നല്‍കും. ഈ കാഴ്ച കണ്ട് കടയിലെത്തുന്ന പത്തിലധികം ആളുകളും ഈ പ്രവൃത്തി അനുകരിച്ചുതുടങ്ങിയിട്ടുണ്ട്.
വനമല്ലിത് വിദ്യാലയം
‘സ്കൂളിനകത്ത് വനമോ, അതോ വനത്തിനകത്ത് സ്കൂളോ...?’ -കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ നിന്ന് യാത്രപറയുംനേരം ഒരു വിദ്യാര്‍ഥി പറഞ്ഞ വാക്കുകളാണിത്. ഇത്ര പച്ചപ്പ് നിറഞ്ഞ ഒരു വിദ്യാലയം നഗരത്തില്‍ വേറെ എവിടെയും കാണാനാകില്ല. അത്ര ഹരിതാഭമാണ് ഭവന്‍സ് സ്കൂള്‍. സ്കൂളിനു ചുറ്റും സ്ഥിതിചെയ്യുന്ന മരങ്ങള്‍ക്ക് 25 വര്‍ഷത്തെ കഥ പറയാനുണ്ട്... കൂടെ സതീദേവി എന്ന അധ്യാപികയുടെയും.
1991-ല്‍ ഭവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ മലയാളം അധ്യാപികായി ചുമതല ഏല്ക്കുമ്പോള് 10 ഏക്കര്‍ തരിശുഭൂമിയായിരുന്നു സ്കൂളില്‍ സതി ടീച്ചര്‍ കണ്ടത്. ടീച്ചറുടെ സഹോദരനും വനം വകുപ്പിലെ ഉദ്യോഗസ്ഥനുമായ ഇന്ദുചൂഡന്റെ പ്രേരണയാല്‍ സ്കൂളില്‍ ഒരു ‘ഫോറസ്ട്രി ക്ലബ്ബ്’ തുടങ്ങാന്‍ തീരുമാനിച്ചു. വിഷയം സ്കൂള്‍ അധികാരികളെ അറിയിച്ചപ്പോള്‍ പൂര്‍ണ പിന്തുണ.
‘ബുള്‍ഡോസറിട്ട് നിരപ്പാക്കിയ ഈ തരിശുഭൂമിയില്‍ ഫോറസ്ട്രി ക്ലബ്ബിന്റെ പ്രവര്‍ത്തനം കൊണ്ട് വസന്തം വിരിയട്ടെ, ഒരായിരം കിളികള്‍ പാടിപ്പറക്കട്ടെ. നമ്മുടെ കുട്ടികള്‍ അതേറ്റുപാടി രസിക്കട്ടെ’ എന്നാണ് 1992 ജൂലായ് 31-ന് ക്ലബ്ബിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഉദ്ഘാടകന്‍ പറഞ്ഞ വാക്കുകള്‍. ഈ വാക്കുകള്‍ യാഥാര്‍ഥ്യമാക്കുകയായിരുന്നു സതി ടീച്ചറും ശിഷ്യരും സഹപ്രവര്‍ത്തകരും.
ക്ലബ്ബിന്റെ തുടക്കത്തിലെ പ്രവര്‍ത്തനം ഏറെ ബുദ്ധിമുട്ടായിരുന്നു. കുട്ടികള്‍ക്ക് ക്ലബ്ബിന്റെ പ്രവര്ത്തിനോട് വലിയ താത്പര്യമില്ലായിരുന്നു. എന്നാല്‍ വരുംകാലത്തെ ദീര്‍ഘവീക്ഷണത്തോടെ കാണുന്ന ചില കുട്ടികള്‍ അധ്യാപികയോടൊപ്പം ചേര്‍ന്നു. ഇതോടെ ആ തരിശുഭൂമിയില്‍ മരങ്ങള്‍ ഉയര്‍ന്നുതുടങ്ങി. ടീച്ചര്‍ ഓരോ കുട്ടിക്കും ഓരോ വൃക്ഷത്തൈയുടെ ചുമതല നല്കി. ആദ്യം ഏതു മരം പൂവിടുന്നോ ആ മരത്തിന്റെ സംരക്ഷണച്ചുമതല വഹിക്കുന്ന വിദ്യാര്‍ഥിക്ക് സമ്മാനം നല്‍കാനും തുടങ്ങി. ഇതോടെ കുട്ടികള്‍ തമ്മില്‍ മത്സരമായി. ഇത് മരത്തിന്റെ വളര്‍ച്ചയിലും പ്രതിഫലിച്ചു.
ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ചെലവ് വലിയൊരു പ്രശ്നമായിരുന്നു. ഇതിനിടയില്‍ സ്കൂള്‍ പരിസ്ഥിതി സന്ദേശമടങ്ങിയ ഗാനത്തിന്റെ കാസറ്റ് പുറത്തിറക്കി. ഇതിന്റെ വില്‍പ്പനയിലൂടെ കിട്ടിയ പണം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി.
കേരള വനം വകുപ്പിന് കീഴില്‍ ക്ലബ്ബിനെ രജിസ്റ്റര്‍ ചെയ്തു. ഇതോടെ കേരള വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്റ്ററി ക്ലബ്ബില്‍ നിന്ന് ക്ലബ്ബിന് സൗജന്യമായി വൃക്ഷത്തൈകള്‍ ലഭിച്ചുതുടങ്ങി. ഡബ്ല്യു.ഡബ്ല്യു.എഫിന്റെയും ഒയിസ്ക ഇന്റര്‍നാഷണലിന്റെയും അംഗീകാരം ലഭിച്ചു. ‘മാതൃഭൂമി സീഡി’ന്റെ അവാര്‍ഡും ലഭിച്ചു. ഇത്തരത്തില്‍ നിരവധി അംഗീകാരങ്ങള്‍ സ്കൂളിനെ തേടിയെത്തി.
സ്കൂളില്‍ മരങ്ങള്‍ കൂടിയതോടെ സ്ഥലപരിമിതിയാല്‍ ‘ഒരു കുട്ടിക്ക് ഒരു മരം’ എന്ന നിലയില്‍ ഏല്‍പ്പിക്കാനാകാത്ത സ്ഥിതിയായി. പിന്നീട് ഓരോ സംഘങ്ങള്‍ക്ക് ഓരോ തൈയുടെ ചുമതല നല്കി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയി.
ഉദ്ഘാടനം കഴിഞ്ഞ് 17 വര്‍ഷം കഴിഞ്ഞപ്പോള്‍ ‘ലൈറ്റ് ദി ബേര്‍ഡ്സ് സിങ്’ എന്ന ദൗത്യം സ്കൂള്‍ ഏറ്റെടുത്തു. സ്കൂളിലെ മരങ്ങളില്‍ പക്ഷികള്‍ പാറിപ്പറക്കാനായി ഒരുക്കുന്ന പദ്ധതിയായിരുന്നു ഇത്. സ്കൂളില്‍ എത്രത്തോളം വനവത്കരണം നടന്നു എന്നതിന്റെ തെളിവാണ് ഈ പദ്ധതി.
പതിനെട്ട് വര്‍ഷം സതി ടീച്ചര്‍ ക്ലബ്ബിന്റെ ഇന്‍ ചാര്‍ജായി പ്രവര്‍ത്തിച്ചു. ടീച്ചറുടെ നേതൃത്വത്തില്‍ ഏകദേശം മൂവായിരത്തോളം വൃക്ഷത്തൈകള്‍ സ്കൂള്‍ പരിസരങ്ങളില്‍ നട്ടുപിടിപ്പിച്ചു. സ്കൂളിന്റെ വികസനത്തില്‍ ചില മരങ്ങള്‍ മണ്മറഞ്ഞു. എന്നാല്‍, ഇന്നും ഒരു കൊച്ചു വനമായി കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയം നിലനില്ക്കുന്നു. ഓരോ വലിയ വൃക്ഷം കാണുമ്പോഴും ഇന്നും ടീച്ചറുടെ മനസ്സില്‍ തെളിയും ആ മരങ്ങള്‍ നട്ടുവളർത്തിയ ശിഷ്യരുടെ മുഖത്തെ ചിരി. തന്റെ ശിഷ്യരും മറ്റ് അധ്യാപകരും അനധ്യാപകരും സ്കൂള്‍ മാനേജ്മെന്റും നടത്തിയ യോജിച്ച പ്രവര്‍ത്തനമാണ് സ്കൂളിനെ പച്ചപ്പില്‍ മുക്കിയത് എന്നാണ് ടീച്ചര്‍ക്ക് പറയാനുള്ളത്.
2010-ല്‍ കേരള വനം വകുപ്പിന്റെ ‘വനമിത്ര’ അവാര്‍ഡ് ടീച്ചറെ തേടിയെത്തി. 2011-ല്‍ ഓയിസ്ക ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്റെ മികച്ച അധ്യാപികയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. രണ്ടുവര്‍ഷം മുമ്പ് അധ്യാപന രംഗത്തു നിന്ന് ടീച്ചര്‍ വിരമിച്ചു. ഇടപ്പള്ളി സ്വദേശിയാണ് ടീച്ചര്‍. എം. സുധാകരനാണ് ഭര്‍ത്താവ്. അരുണ്‍ കുമാര്‍, മൃദുല എസ്. മേനോന് എന്നിവരാണ് മക്കള്‍.
പ്ലാസ്റ്റിക് സംസ്കരിക്കാന്‍ പ്ലാന്റുമായി മരട് നഗരസഭ
മരട് നഗരസഭാ പരിധിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള പ്ലാന്റ് ഈമാസം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ സുനില സിബി പറയുന്നു. പ്ലാന്റിന്റെ 90 ശതമാനം പണികളും പൂര്‍ത്തിയായിക്കഴിഞ്ഞു.
നഗരസഭയുടെ നേതൃത്വത്തില്‍ ‘ഹരിത കര്‍മസേന’ രൂപവത്കരിച്ചു. ഇവര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. ഓരോ ഡിവിഷനുകളില്‍ നിന്നുമായി രണ്ടുപേരെ വീതം ഹരിതകര്‍മസേനയിൽ എടുത്തിട്ടുണ്ട്. ഇവര്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ച്, വേര്‍തിരിച്ച് സൂക്ഷിക്കും. ഇവ നഗരസഭയുടെ വാഹനങ്ങളിലാക്കി പ്ലാന്റിലെത്തിക്കും. 40 ലക്ഷം രൂപയുടെ പദ്ധതിയാണ്. പ്ലാന്റിന് മാത്രം 10 ലക്ഷം രൂപ ചെലവുണ്ട്.
കൊച്ചിക്കായലില്‍ പ്ലാസ്റ്റിക് മാലിന്യം എത്തുന്നത് തടയണം
ഡോ. സി.എം. ജോയി, പരിസ്ഥിതി ശാസ്ത്രജ്ഞന്
കൊച്ചിക്കായലിലേക്ക് പ്ലാസ്റ്റിക് എത്തുന്നത് ജനങ്ങള്‍ തടയണം. ഇതിന് നമ്മള് കൂട്ടായി മുന്നേറണം. റസിഡന്റ്സ് അസോസിയേഷനുകളുടെയും വിവിധ ക്ലബ്ബുകളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ അവരവരുടെ പ്രദേശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കണം. ഇത്തരത്തില്‍ ശേഖരിക്കാനായാല് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കായലിലെത്താതെ തടയാം.
കായലിന്റെ അടിത്തട്ടില്‍ പ്ലാസ്റ്റിക് എത്താന്‍ തുടങ്ങിയതോടെ മത്സ്യത്തിന്റെ അളവില്‍ വലിയ തോതില്‍ കുറവു വന്നിട്ടുണ്ട്. വ്യാപാരി -വ്യവസായികള്‍ അവരവരുടെ വ്യാപാര ആവശ്യങ്ങള്‍ക്കു ശേഷം ബാക്കിയാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യന്ത്രത്തിന്റെ സഹായത്തോടെ ചെറിയ കഷ്ണങ്ങളാക്കി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയാല്‍ അത് വലിയ സഹായകമാകും.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഓടയില്‍ കുടുങ്ങി വെള്ളപ്പൊക്കം വരെ നഗരത്തില്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ ലോകത്ത് പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. ആ പാഠം നാം ഉള്‍ക്കൊള്ളണം. ഇനിമുതല്‍ നാം കരുതലോടെ പ്രവര്‍ത്തിക്കണം എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരണം
രംഗദാസ പ്രഭു, ‘എഡ്രാക്’ പ്രസിഡന്റ്
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഭാഗത്തുനിന്ന് ശ്രമങ്ങള്‍ വേണമെന്നും വ്യാപാരി-വ്യവസായികളും ഇതിനൊടൊപ്പം സഹകരിക്കണമെന്നും പ്ലാസ്റ്റിക് വലിച്ചെറിയരുത്, അവ വീട്ടില്‍ സൂക്ഷിച്ചുവെച്ച് അതാത് തദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറണമെന്നും ഉള്ള സന്ദേശം ‘എഡ്രാക്’ നല്‍കാറുണ്ട്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഡ്രാക്കിന് കീഴിലുള്ള 38 മേഖലകളിലും പ്ലാസ്റ്റിക്കിനെതിരായ സന്ദേശം നല്‍കും. പ്ലാസ്റ്റിക് വലിച്ചെറിയുകവഴി വലിയ ആപത്ത് നമ്മള് വിളിച്ചുവരുത്തുകയാണ്. ഇതിനെല്ലാം പ്രതിവിധി കാണണമെങ്കില്‍ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.