ചാലക്കുടിപ്പുഴയും പെരിയാറും സന്ധിക്കുന്ന പുത്തന്‍വേലിക്കരയിലെ ചൗക്കക്കടവില്‍ എം.പി. ഷാജന്‍. കാട്, പുഴ, പിന്നെ കടല്‍... കാടിന്റെ പച്ചപ്പിലൂടെ തെളിനീര് ഒഴുകിയൊഴുകി ചാലക്കുടിപ്പുഴയിലൂടെ പെരിയാറിലെ ഉപ്പുജലാശയത്തില്‍ ലയിക്കുന്നത് പുത്തന്‍വേലിക്കരയില്‍.

പുത്തന്‍വേലിക്കരക്കാരന്‍ എം.പി. ഷാജന്‍ എന്ന പ്രകൃതിസ്നേഹിയുടെ, കാടിനും പുഴയ്ക്കും കുടിനീരിനും വേണ്ടിയുള്ള യാത്ര തുടങ്ങിയിവിടെയാണ്. അതിപ്പോള്‍ കാല്‍നൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു.

നാട്ടുകാര്‍ക്ക് ശുദ്ധമായ കുടിവെള്ളം കിട്ടുന്നതിനു വേണ്ടിയുള്ള സമരത്തിന്റെ മുന്‍നിരയില്‍ നിന്നായിരുന്നു തുടക്കം... പഞ്ചായത്തിലെ ഒരു സ്ഥലത്തിന്റെ പേരുതന്നെ ‘വെള്ളോട്ടുംപുറം’ (നല്ല വെള്ളം ഒട്ടുമില്ലാത്ത സ്ഥലം) എന്നാണ്. കുടിവെള്ളത്തിനായി വേനലിലും മഴയത്തും ക്ലേശിക്കുന്ന ജനത.

1991-92 കാലഘട്ടത്തില്‍ കണക്കന്‍കടവ് ‘തുരുത്തേത്തോട്ടി’ല്‍ നെല്‍പ്പാടങ്ങളില്‍ നിന്ന്‌ ഒഴുകിയെത്തുന്ന മാലിന്യം വന്നടിയുന്ന സ്ഥലത്തു നിന്നായിരുന്നു ഇവിടെ കുടിവെള്ള പമ്പിങ്. അശാസ്ത്രീയമായ ശുചീകരണ രീതിയാണ് അവലംബിച്ചിരുന്നത്.

1993 ജനുവരി 30-ന് ഗാന്ധിരക്തസാക്ഷി ദിനത്തില്‍ ഷാജനും ബി.ആര്‍. ആന്റണിയും ഭാരവാഹികളായ ‘ശുദ്ധജല ഉപഭോക്തൃ സമിതി’, വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ ശുദ്ധജലത്തിനായി നിരാഹാര സമരത്തിന് തുടക്കമിട്ടു. പിന്നീട് നിരന്തര സമരങ്ങളിലൂടെ ‘പുത്തന്‍വേലിക്കര കുടിവെള്ള ശുചീകരണ വിപുലീകരണ പദ്ധതി’ പ്രാവര്‍ത്തികമാക്കുംവരെ അത് തുടര്‍ന്നു.

കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍ ‘മോറത്തോട് സി.സി.ഡി.പി. പദ്ധതി’ വരുന്നതിനും അശ്രാന്ത പരിശ്രമം നടത്തി. കാര്‍ഷിക ഗ്രാമമായ പുത്തന്‍വേലിക്കരയിലെ ജലപദ്ധതികള്‍, അതിന്റെ അവസ്ഥകൾ ഉള്‍പ്പെടുത്തി 23 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി തയ്യാറാക്കിയത് ഷാജന്റെ നേതൃത്വത്തിലാണ്. ഇതേക്കുറിച്ച് ‘വാട്ടര്‍ കോണ്‍ഫ്ലിക്ട്സ് ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

പൂര്‍ണ ശുദ്ധജല സ്രോതസ്സായ ചാലക്കുടിപ്പുഴയില്‍ നടത്തിയ പഠനയാത്രാ സംഘത്തിലും സജീവസാന്നിധ്യമായി. കാല്‍നടയായും വഞ്ചിയിലും വാഹനത്തിലും ഒക്കെയായി പുഴയുടെ ഉത്ഭവ കേന്ദ്രങ്ങളും വൃഷ്ടിപ്രദേശങ്ങളും കണ്ടുപഠിക്കാന്‍ ദിവസങ്ങള്‍ ചെലവഴിച്ചു.

പശ്ചിമഘട്ട മലനിരകളിലെ ആനമല, നെല്ലിയാമ്പതി, വെങ്കോലിമല, പറമ്പിക്കുളം, ഷോളയാര്‍, വാഴച്ചാല്‍ എന്നിവിടങ്ങളിലും പഠനസംഘത്തോടൊപ്പം എത്തി.

പരിസ്ഥിതി പ്രവര്‍ത്തകരായ ഡോ. അമിതാഭ് ബച്ചന്‍, ഡോ. ലത, എസ്. ഉണ്ണികൃഷ്ണന്‍, സി.ജി. മധുസൂദനന്‍, ഫാസില എന്നിവരോടൊപ്പമായിരുന്നു യാത്രകള്‍.

ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയുടെ നീണ്ട സമരങ്ങളിലും അതിരപ്പിള്ളി പദ്ധതിക്ക് എതിരെയുള്ള സമരത്തിലും ഷാജനും കണ്ണിചേര്‍ന്നു.

‘പശ്ചിമഘട്ട വേഴാമ്പല്‍ ഫൗണ്ടേഷന്‍’ എന്ന പ്രകൃതിസംഘടനയുടെ സെക്രട്ടറി കൂടിയാണ് ഷാജന്‍. ‘വനം സംരക്ഷിക്കപ്പെട്ടാൽ പുഴയും ശുദ്ധജലവും ശുദ്ധവായുവും ഉണ്ടാകും’ അതിനായുള്ള പഠനയാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

വന്യജീവി, വനം, ജൈവവൈവിധ്യ സംരക്ഷണം, ജലസ്രോതസ്സുകളുടെയും പരിസ്ഥിതിലോല മേഖലകളുടെയും സംരക്ഷണം തുടങ്ങിയവ ലക്ഷ്യമിട്ട് ഡോ. അമിതാഭ് ബച്ചന്‍, മായ മോഹന്‍, ടിന്റു കുര്യന്‍, പി.സി. രശ്മി എന്നിവരും എം.പി. ഷാജനും ചേര്‍ന്ന് ‘വനാവകാശ നിയമവും സാമൂഹിക വനവിഭവ പരിപാലനവും’ എന്ന വിഷയത്തില്‍ ഒരു പഠനഗ്രന്ഥം തന്നെ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ശാസ്ത്രീയമായ വനസംരക്ഷണവും വന പരിപാലനവും പുഴയുടെയും ആദിവാസി-ഗോത്രവര്‍ഗ നിലനില്‍പ്പിനും ആവശ്യമാണെന്ന് ഈ പുസ്തകം ചൂണ്ടിക്കാട്ടുന്നു. തേനും സസ്യങ്ങളും പച്ചമരുന്നും വിത്തുകളും ശേഖരിക്കാനുള്ള ആദിവാസികളുടെ അവകാശങ്ങളെ വനാവകാശ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ഈ പുസ്തകത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നു.

കൂടാതെ, കുട്ടികള്‍ക്കായി ‘കാട് എന്റെ നാട്, എന്റെ വീട്’ എന്നിങ്ങിനെയുള്ള പുസ്തകങ്ങളും പിശ്ചിമഘട്ട വേഴാമ്പല്‍ ഫൗണ്ടേഷനും കാടര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്നതിലും മുഖ്യ പങ്കാളിയായി.

‘പുഴയുടെ അവകാശികള്‍’ എന്ന നാടകത്തിലും ഷാജന്‍ ഒരു കഥാപാത്രമായി. ‘ജലം ജീവന്റെ നിലനില്‍പ്പ്‌’ എന്ന വിഷയത്തില്‍ ഒരു ഡോക്യുമെന്ററി തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഈ പ്രകൃതിസ്നേഹി.